കലരും എഞ്ചിനീയറിങ് സ്വപ്നം കണ്ടുനടക്കുമ്പോൾ തമിഴ്നാട്ടിൽ ഒരു ചെറുപ്പക്കാരൻ മെക്കാനിക്കൽ എഞ്ചിനീയറിങ് ക്ലാസിൽ നിന്ന് ഒരു ദിവസം ഒരൊറ്റ മുങ്ങൽ. അവൻ പിന്നെ പൊങ്ങുന്നത് ഡിഗ്രി സർട്ടിഫിക്കറ്റോ ജോലിയോ ഒന്നും കൊണ്ടല്ല. എല്ലാവരെയും ഞെട്ടിച്ച ഒരു ലക്ഷണമൊത്ത ത്രില്ലർ സിനിമയും കൊണ്ടാണ്. അതും ഇരുപത്തിരണ്ടാം വയസിൽ. അത്രയ്ക്കും അഭിനിവേശമായിരുന്നു സിനിമയോട്. ഒരു വർഷത്തെ അധ്വാനം കൊണ്ടാണ് പഠിക്കാൻ മിടുക്കനായിട്ടും പഠനം പാതിവഴി ഉപേക്ഷിച്ച കാർത്തിക് നരേൻ റഹ്മാനെ നായകനാക്കി ധ്രുവങ്ങൾ പതിനാറ് എന്ന ത്രില്ലർ ചിത്രമെടുത്തത്.

ഒരു ഇരുപത്തിരണ്ടുകാരന്റെ പരീക്ഷണമായേ എല്ലാവരും ആദ്യം കണ്ടുള്ളൂ. എന്നാൽ, ചിത്രം ഇറങ്ങിയതോടെ സകലും ഞെട്ടി. നല്ല ഒന്നാന്തരം ലക്ഷണമൊത്ത ത്രില്ലർ. അവസാന ഷോട്ട് വരെ ഉദ്വേഗം. പരിചയസമ്പന്നനായ ഒരു സംവിധായകന്റെ കൈയടക്കം ഓരോ സീനിലും ഷോട്ടിലും വ്യക്തം. സിനിമ കണ്ടവർ ആദ്യം അന്വേഷിച്ചത് സംവിധായകനെക്കുറിച്ച്. ഇരുപത്തിരണ്ടുകാരനാണെന്ന് അറിഞ്ഞപ്പോൾ അതിശയം ഇരട്ടിയായി. കാർത്തിക് നരേൻ ഇന്ന് പരീക്ഷണങ്ങളുടെ വിളനിലമായ തമിഴ് സിനിമയുടെ പുതിയ മുഖം മാത്രമല്ല, പുതിയൊരു സെൻസേഷനാണ്. നവസിനിമയുടെ പുതിയൊരു വായന കൂടിയാണ്. മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സ് തുറക്കുകയാണ് കാർത്തിക് നരേൻ.

സിനിമയിലേയ്ക്ക്

സിനിമയോടുള്ള ആഗ്രഹം തന്നെയാണ് എന്നെ ഇവിടെ എത്തിച്ചത്. കുമാരപുരത്ത് മെക്കാനിക്കല്‍ എഞ്ചിനീയറിംങ് വിദ്യാര്‍ഥിയായിരുന്നു ഞാന്‍. സിനിമയോടുള്ള ആഗ്രഹം കടുത്തപ്പോള്‍ പഠനം അവസാനിപ്പിച്ചു. ഇതിനിടയില്‍ ഷോര്‍ട്ട് ഫിലിമുകൾ എടുക്കാറുണ്ടായിരുന്നു. എന്റെ സിനിമാമോഹത്തെ കുടുംബവും പിന്തുണച്ചു.

22 വയസ്സില്‍ ഒരു സിനിമ, വെല്ലുവിളികള്‍

വെല്ലുവിളികള്‍ ഒരുപാടുണ്ടായിരുന്നു. എന്റെ മനസ്സിലെ ആശയത്തെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. നിര്‍മാതാവിനെ കിട്ടുകയായിരുന്നു എറ്റവും വലിയ തലവേദന. ഒരു തുടക്കക്കാരനെ വിശ്വസിക്കാന്‍ എല്ലാവര്‍ക്കും കുറച്ചു പേടിയുണ്ടാകും. അതിനുവേണ്ടി കുറച്ചുകാലം അലഞ്ഞു. ഒടുവില്‍ അച്ഛന്റെ സഹായത്തോടെ ഞാന്‍ തന്നെ ചിത്രം നിര്‍മിക്കുകയായിരുന്നു. 

ധ്രുവങ്ങള്‍ 16 ലേക്ക്

ഞാന്‍ ഒരുപാട് സിനിമകള്‍ കാണാറുണ്ട്, അത്യാവശ്യം വായിക്കാറുമുണ്ട്. എന്റെ ജീവിതത്തില്‍ കണ്ട ചില വ്യക്തികള്‍, അവര്‍ ഞാനുമായി പങ്കുവച്ച അനുഭങ്ങള്‍ എല്ലാം ധ്രുവങ്ങള്‍ 16 ലേക്ക് എന്നെ കൊണ്ടെത്തിച്ചു. 

റഹ്മാനും പുതുമുഖങ്ങളും

karthick narein

 

എന്റെ കഥാപാത്രത്തിന് വേണ്ട സവിശേഷതകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റേത് ഷാര്‍പ്പ് ഫീച്ചേഴ്‌സ് ആണ്. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തുടക്കത്തില്‍ അദ്ദേഹത്തിന് ആശങ്കകളുണ്ടായിരുന്നു. ഞാനൊരു ചെറിയ പയ്യന്‍. പോരാത്തതിന് പുതിയ ആളും. ഞാന്‍ വിട്ടില്ല, അദ്ദേഹത്തിനെ തിരക്കഥ മുഴുവന്‍ പറഞ്ഞു കേള്‍പ്പിച്ചു. ക്രമേണ അദ്ദേഹത്തിന് എന്നില്‍ വിശ്വാസം ജനിച്ചു. തുടര്‍ന്ന് അഭിനയിക്കാമെന്നേറ്റു. അദ്ദേഹം എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. റഹ്മാന്‍ സാറും ഡല്‍ഹി ഗണേഷ് സാറും ഒഴികെ ചിത്രത്തില്‍ മറ്റെല്ലാവരും പുതുമുഖങ്ങളാണ്. 

റോള്‍ മോഡല്‍സ്

karthik narein

 

എന്റെ റോള്‍ മോഡല്‍സ് മണിരത്‌നം സാറും ഗൗതം സാറുമാണ്. അവരുടെ സിനിമകള്‍ എന്നെ ആകര്‍ഷിച്ചു കൊണ്ടേയിരിക്കുന്നു. സിനിമ കണ്ടതിന് ശേഷം ഗൗതം സാര്‍ എന്നെ വിളിച്ചിരുന്നു. ഇത്രയും വലിയ ഒരു സംവിധായകന് എന്നെപ്പോലെ ഒരു തുടക്കക്കാരനെ വിളിക്കേണ്ട ആവശ്യമൊന്നുമില്ല. എന്നാല്‍ അദ്ദേഹം ഡൗണ്‍ ടു എര്‍ത്താണ്. എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഏറെ പ്രചോദനം നല്‍കുന്നതാണ്. 

നല്ല വാക്കുകള്‍ക്ക് നന്ദി

സിനിമ കണ്ടതിനുശേഷം നിരവധി ആളുകള്‍ ഫോണ്‍ വിളിച്ചും നേരിട്ടും അഭിനന്ദിച്ചു. നിവിന്‍ പോളി സാര്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്‌. ടൊവീനോ തോമസിന്റെ നല്ല വാക്കുകള്‍ക്കും നന്ദിയുണ്ട്. 

ഹോബികൾ

സിനിമ കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടം യാത്രയാണ്. പുതിയ സ്ഥലങ്ങളില്‍ പോകുക. പുതിയ ആളുകളെ പരിചയപ്പെടുക ഇതൊക്കെ ആസ്വദിക്കാറുണ്ട്. 

സൂപ്പർഹിറ്റ് നൽകിയ ഉത്തരവാദിത്തം

karthick narein

 

ഉത്തരവാദിത്തങ്ങൾ കൂടിയിട്ടുണ്ട്. പ്രേക്ഷകർ ധ്രുവങ്ങൾ പതിനാറിനേക്കാൾ മെച്ചപ്പെട്ട ഒരു ചിത്രമാവും ഇനി എന്നിൽ നിന്ന് പ്രതീക്ഷിക്കുക. അരവിന്ദ് സ്വാമിയും നാഗാർജുനും അഭിനയിക്കുന്ന നരകാസുരനാണ് വരാനിരിക്കുന്ന ചിത്രം.

കുടുംബം

അപ്പ എംഎന്‍ജി മണി. ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള എന്‍ജിഒ കളില്‍ പ്രവര്‍ത്തിക്കുന്നു. അമ്മ ഡോ. ശാരദ കെമിസ്ട്രി പ്രൊഫസറായി ജോലി ചെയ്യുന്നു. ഒരു സഹോദരിയുണ്ട് നിവേദിത. എല്ലാവരും മികച്ച പിന്തുണയാണ് നല്‍കുന്നത്.

ചിത്രങ്ങള്‍: കാര്‍ത്തിക് നരേന്‍/ ഫെയ്‌സ്ബുക്ക്