ചെമ്പൈ വൈദ്യനാഥ ഭാഗവതരെപ്പോലെ കേരളത്തിന് അഭിമാനിക്കാവുന്ന സംഗീതജ്ഞര്‍ ഏറെയില്ല. എന്നിട്ടും ഈ സംഗീതവിസ്മയത്തിന്റെ ജീവിതം പകര്‍ത്തിയ ഡോക്യുമെന്ററിയെ മലയാളം നിഷ്ഠൂരം തള്ളിക്കളഞ്ഞു. ഒരു വലിയ കാലത്തിന് പിറകെ ക്യാമറയുമായി അലഞ്ഞ പെണ്‍കുട്ടിയെ ക്രൂരമായി കണ്ടില്ലെന്ന് നടിച്ചു. സൗമ്യ സദാനന്ദന്റെ കാത്തിരിപ്പും പ്രയത്നവും പക്ഷേ, പാഴായില്ല. കേരളത്തിലെ ഫെസ്റ്റിവല്‍ സംഘാടകര്‍ തള്ളിക്കളഞ്ഞ ചെമ്പൈ: മൈ ഡിസ്‌ക്കവറി ഒഫ് എ ലെജന്‍ഡ് എന്ന ഡോക്യുമെന്ററി ഒടുവില്‍ ചലച്ചിത്രേതര വിഭാഗത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരിക്കുകയാണ്. ഒരു വെറും ഡോക്യുമെന്ററി എന്നതിലപ്പുറം ഒരു സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു സൗമ്യക്കിത്. ഒരു ജീവിത നിയോഗമായിരുന്നു. അവാര്‍ഡ് ലബ്ധിക്കുശേഷം മാതൃഭൂമി  ഡോട്ട് കോമുമായി അനുഭവങ്ങള്‍ പങ്കിടുകയാണ് സൗമ്യ.

ചെമ്പൈയിലേക്കുള്ള യാത്ര

യേശുദാസിന്റെ വലിയ ആരാധികയാണ് ഞാന്‍. ആകാശവാണിയിലുടെയും ദൂരദര്‍ശനിലൂടെയും അദ്ദേഹത്തിന്റെ പാട്ടുകള്‍ കണ്ടും കേട്ടുമാണ് ഞാന്‍ വളര്‍ന്നത്. സ്‌കൂളില്‍ മലയാളം പഠിക്കാന്‍ കഴിയാത്ത എന്നെ മലയാളത്തിലേയ്ക്ക് ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ഉച്ചാരണത്തിലെ അക്ഷര സ്ഫുടതയാണ്. യേശുദാസിന്റെ പാട്ടുകളുടെ പിറകെ പോയാണ് ഞാന്‍ ചെമ്പൈ സംഗീതോത്സവത്തില്‍ എത്തിയത്. എല്ലാവര്‍ക്കും ഗുരുവായൂരില്‍ നടക്കുന്ന സംഗീതോത്സവമാണ് പരിചയം. എന്നാല്‍ ഞാന്‍ ഇവിടെ പറയുന്നത് ചെമ്പൈയുടെ നാടായ പാലക്കാട് കോട്ടായിയില്‍ നടക്കുന്ന സംഗീതോത്സവത്തെപ്പറ്റിയാണ്. എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ ശിഷ്യരും ആരാധകരും ഈ ഉത്സവത്തിന് അവിടെ ഒത്തുകൂടും. 

യേശുദാസിന്റെ കച്ചേരി കേള്‍ക്കാനാണ് പോയത്. എന്നാല്‍, ഞാന്‍ അവിടെ എത്തിപ്പെട്ടത് അദ്ദേഹത്തിന്റെ കച്ചേരിക്ക് രണ്ട് ദിവസം മുന്‍പാണ്. പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ അന്തരീക്ഷം എന്നെ വല്ലാതെ ആകര്‍ഷിച്ചു. കദ്രി ഗോപാല്‍നാഥ് സാര്‍, വയലിനിസ്റ്റ് കന്യാകുമാരി എന്നിവരുടെ പ്രകടനം എന്നെ ശരിക്കും കരയിപ്പിച്ചു. ഞാന്‍ മാത്രമല്ല എല്ലാവരും ലയിച്ചാണ് അത് കേട്ടുകൊണ്ടിരിക്കുന്നത്. പണ്ടുകാലത്ത് പതിനായിരക്കണക്കിന് ആളുകള്‍ വന്നിരുന്ന സംഗീതോത്സവത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് കേട്ടത്. എന്നാല്‍ ഇന്ന് കൂടിപ്പോയാല്‍ 500 ലധികം ആളുകളെ സദസ്സില്‍ കാണാനാവില്ല. ഈ തിരിച്ചറിവാണ് ഡോക്യുമെന്ററി എന്ന ആശയത്തിലേക്ക് എന്നെ എത്തിച്ചത്. പുതിയ തലമുറക്കു വേണ്ടിയാണ് ഞാന്‍ ഇതിന് ഇറങ്ങിപ്പുറപ്പെട്ടത്. എന്റെ മനസ്സില്‍ രണ്ട് ആഗ്രഹങ്ങളാണ് ഉള്ളത്, ചെമ്പൈ ഫെസ്റ്റിവലിനെക്കുറിച്ച് ലോകം അറിയണം. പിന്നെ ഇതുമായി ബന്ധപ്പെട്ട് ഒരു സംഗീത ടൂറിസം വളര്‍ന്നുവരണം. ഈ തോന്നല്‍ ശക്തമായപ്പോള്‍ ഐ ഫോണില്‍ കുറച്ച് വിഷ്വല്‍സ് എടുത്ത് സുഹൃത്തുക്കളെ കാണിച്ചു. സുഹൃത്തുക്കളായ അജയ് രാഹുല്‍, മനു ചന്ദ്രന്‍, വിനു ജനാര്‍ദനന്‍, ഗോകുല്‍ രാജ് എന്നിവരെല്ലാമാണ് ഇതില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ല

പുരസ്‌കാരം പ്രതീക്ഷിച്ചല്ല ചെയ്തത്. ഞാന്‍ അവിടെ അനുഭവിച്ച അതേ ആനന്ദം പുതിയ തലമുറയില്‍പ്പെട്ടവരെല്ലാം തിരിച്ചറിയണം. ഒരു പരമ്പരാഗത ഡോക്യുമെന്ററിയുടെ സ്റ്റൈലിലല്ല ഇതൊരുക്കിയത്. അല്‍പം സിനിമാറ്റിക് ആണ്. കേരളത്തില്‍ ചില ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവലുകളിലേക്ക് അയച്ചെങ്കിലും അവിടെയൊന്നും ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടില്ല. അങ്ങനെ ഇരിക്കെയാണ് അലഹബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അയക്കുന്നത്. അവിടെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ലഭിച്ചു. ഒരു സുഹൃത്ത് പറഞ്ഞാണ് ദേശീയ പുരസ്‌കാരത്തിന് അയക്കുന്നത്. ഓരോ ഫെസ്റ്റിവലിനും അയക്കാന്‍ ചെലവുണ്ട്. പലപ്പോഴും പണമുണ്ടാക്കാന്‍ കഷ്ടപ്പെട്ടു. ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുന്ന ദിവസം ഓര്‍ത്തു വച്ചിരുന്നില്ല. എന്റെ ഒരു സുഹൃത്താണ് വാര്‍ത്ത വിളിച്ചറിയിച്ചത്. കേട്ടപ്പോള്‍ വിശ്വസിക്കാന്‍ തോന്നിയില്ല. 

സംഗീത പാരമ്പര്യം

എനിക്ക് സംഗീത പാരമ്പര്യമൊന്നുമില്ല. സംഗീതം ആസ്വദിക്കുന്ന ഒരു വ്യക്തി എന്നതിലപ്പുറം മറ്റൊരു യോഗ്യതയും പറയാനില്ല.

സംഗീതത്തിനപ്പുറമുള്ള ചെമ്പൈ

ചെമ്പൈയെക്കുറിച്ച് അറിയാന്‍ യേശുദാസ്, ടിവി ഗോപാലകൃഷ്ണന്‍, ജയവിജയന്മാരിലെ ജയന്‍, ചെമ്പൈയുടെ പേരക്കുട്ടി സുരേഷ് ചെമ്പൈ എന്നിവരിലൂടെയെല്ലാം ഒരു അന്വേഷണം നടത്തി. ചെമ്പൈ എന്ന സംഗീതജ്ഞനെയും ഒപ്പം ഒരു സെന്‍സ് ഓഫ് ഹ്യൂമറുള്ള വ്യക്തിയെയും അവരില്‍ നിന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു.

പഠിച്ചത് എഞ്ചിനീയറിങ്, ലക്ഷ്യം ഫിലിം മേക്കിങ്

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലാണ് ഞാന്‍ പഠിച്ചത്. ഇലക്ടിക്കല്‍ എഞ്ചിനീയറിങ് ആയിരുന്നു വിഷയം. അന്ന് എഞ്ചിനീയറിങ് ഒരു വലിയ ട്രെന്‍ഡ് ആയിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം അച്ഛനോടും അമ്മയോടും സിനിമ പഠിക്കണമെന്ന ആഗ്രഹം പറഞ്ഞു. കുറച്ചു കാലം ജോലി ചെയ്തിട്ട് മതിയെന്നായിരുന്നു അവരുടെ നിലപാട്. നാല് വര്‍ഷത്തോളം ഞാന്‍ ബെംഗളൂരുവില്‍ ജോലി ചെയ്തു. അതിനുശേഷമാണ് സിനിമയിലേക്ക് തിരിഞ്ഞത്. സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഞാനിപ്പോള്‍.

കുടുംബം

അച്ഛന്‍ വികെ സദാനന്ദന്‍, അമ്മ കെ കെ ഊര്‍മിളാദേവി. രണ്ട് പേരും സര്‍ക്കാര്‍ ജോലിക്കാരായിരുന്നു. അമ്മ ടീച്ചറായിരുന്നു. അച്ഛന്‍ കെഎസ്ആര്‍ടിസിയിലും. അവരുടെ ജോലിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്താണ് ഞാന്‍ വളര്‍ന്നത്.