ഞ്ജു വാര്യരും അമലയും പ്രധാന വേഷത്തിലെത്തുന്ന  C/O  സൈറാബാനു എന്ന സിനിമ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്. എന്റെ സൂര്യപുത്രി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന അമല 25 വര്‍ഷത്തെ ഇടവേളക്കുശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നത് വളരെ കൗതുകമുണര്‍ത്തുന്നതാണ്. അതും മലയാള സിനിമയിലെ നടന വിസ്മയമായ മഞ്ജുവിനൊപ്പം. 

മാതൃഭൂമി ക്ലബ് എഫ് എമിന്റെ യുഎഇയിലെ ക്രിയേറ്റീവ് ഹെഡായ ആര്‍ ജെ ഷാന്‍ കഥയും തിരക്കഥയും ഒരുക്കുന്ന C/O സൈറാബാനു സംവിധാനം ചെയ്യുന്നത് ആന്റണി സോണിയാണ്. കിസ്മത്തിലെ നായകനും നടന്‍ അബിയുടെ മകനുമായ ഷെയ്ന്‍ നിഗമാണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. ഇറോസ് ഇന്റര്‍നാഷണലും മാക്ട്രോഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമുമായി തിരക്കഥാകൃത്ത് ആര്‍.ജെ ഷാന്‍ പങ്കുവയക്കുന്നു.

ആരാണ് സൈറാ ബാനു?

സൈറാബാനു നമുക്കിടയില്‍ ജീവിക്കുന്ന ഒരു സാധാരണ സ്ത്രീയാണ്. നിരവധി പ്രാരാബ്ധങ്ങളുള്ള ഒരു പോസ്റ്റ് വുമണ്‍. ഒരു വാടക വീട്ടില്‍ ഇല്ലായാമയകള്‍ക്കിടയിലും സന്തുഷ്ട ജീവിതം നയിക്കുന്ന സ്ത്രീ. മഞ്ജു വാര്യരാണ് സൈറാബാനുവിനെ അവതരിപ്പിക്കുന്നത്. 

തിരക്കഥ എഴുതുമ്പോള്‍ തന്നെ സൈറാബാനു മഞ്ജു ചേച്ചിയാണെന്ന് മനസില്‍ ഞാന്‍ ഉറപ്പിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ചിത്രത്തിന്റെ സംവിധായകന്‍ ആന്റണി സോണി മഞ്ജു ചേച്ചിയുമായി ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. കഥകേട്ടപ്പോള്‍ മഞ്ജു ചേച്ചിക്ക് വളരെയേറെ ഇഷ്ടമായി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സൈറാബാനുവിനെ അവതരിപ്പിക്കാന്‍ സമ്മതമാണെന്നറിയിച്ച് ഞങ്ങളെ വിളിക്കുകയായിരുന്നു. കഥാപാത്രത്തെ തനിക്കു തന്നെ ചെയ്യണമെന്ന മഞ്ജു ചേച്ചിയുടെ പ്രതികരണം ഞങ്ങളെ അത്ഭുതപ്പെടുത്തി. 

രണ്ട് വ്യക്തികളുടെ അതിജീവനത്തിന്റെ കഥപറയുന്ന ഒരു ഇമോഷണല്‍ ത്രില്ലറാണ്  C/O  സൈറാ ബാനു. ഈ സിനിമയിലെ രംഗങ്ങള്‍ കുറച്ചു നാളുകളായി നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളുമായി പ്രേക്ഷകര്‍ക്ക് ബന്ധിപ്പിക്കാന്‍ സാധിക്കും. ഒരുപാട് സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങള്‍ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. 

ആനി ജോണ്‍ തറവാടി, സൈറാബാനു എന്നിലരിലൂടെ സിനിമ സഞ്ചരിക്കുന്നു. ആനി ജോണ്‍ തറവാടിയെ അവതരിപ്പിക്കുന്നത് അമലയാണ്. ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം കൈകാര്യം ചെയ്യുന്നത് ഷെയ്ന്‍ നിഗമാണ്. ജോഷ്വാ എന്ന ലോകോളേജ് വിദ്യര്‍ത്ഥിയായാണ് ഷൈന്‍ എത്തുന്നത്.

എന്തുകൊണ്ട് അമല?

ആനി ജോണ്‍ തറവാടി ഒരു വക്കീലാണ്. ഒരുപാട് ആത്മവിശ്വാസമുള്ള, വളരെക്കുറച്ച് മാത്രം സംസാരിക്കുന്ന വ്യക്തിയാണ് ആനി ജോണ്‍. സൈറാബാനുവിനെപ്പോലെ തന്നെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണിത്. 

നിരവധി അഭിനയ മുഹൂര്‍ത്തങ്ങളുള്ളതിനാല്‍ ആനി ജോണിനെ അവതരിപ്പിക്കാന്‍ മികച്ച ഒരു അഭിനേത്രി വേണമായിരുന്നു. അധികം പ്രതീക്ഷയില്ലാതെയാണ് ഞങ്ങള്‍ അമലയെ സമീപിച്ചത്. സിനിമയില്‍ അത്രയധികം സജീവമല്ലാത്തതിനാല്‍ അമല അഭിനയിക്കാന്‍ തയ്യാറാകുമോയെന്ന് ഞങ്ങള്‍ ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ അമലയുടെ പ്രതികരണം ഞങ്ങളെ അത്ഭുതപ്പെടുത്തി. കഥ മുഴുവന്‍ കേട്ടു കഴിഞ്ഞപ്പോള്‍ വളരെ സന്തോഷത്തോടെയാണ് അഭിനയിക്കാമെന്ന് സമ്മതിച്ചത്. 

സൗഹൃദത്തില്‍ വിരിഞ്ഞ സ്വപ്നം 

എന്നെ സംബന്ധിച്ച് ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. എന്റെ കഥ കേട്ടപ്പോള്‍ സിനിമ ചെയ്യാനായി എനിക്കൊപ്പം നില്‍ക്കാന്‍ തയ്യാറായ ഒരുപാട് സുഹൃത്തുക്കളുണ്ട്. രണ്ട് വര്‍ഷമായി യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ഈ സിനിമക്ക് പിറകില്‍ ഓടിയ ഒരുപാട് സുഹൃത്തുക്കളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് ചിത്രത്തിനുവേണ്ടി സംഭാഷണമെഴുതുന്ന ബിപിന്‍ ചന്ദ്രന്‍. 1983, പാവാട, കിങ് ലയര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള അദ്ദേഹം എന്റെ കഥക്ക് സംഭാഷണമെഴുതുകയെന്നത് വലിയ അംഗീകാരമാണ്. 

എഴുത്തില്‍ മൂന്നാമിടം എന്ന ഹ്രസ്വചിത്രവും, ദുല്‍ഖറിനെ നായകനാക്കി ക്ലബ് എഫ് എം റേഡിയോയ്ക്കു വേണ്ടി എഴുതിയ പരസ്യങ്ങളും കുറച്ചു ഫെയ്സ്ബുക്ക് കുറിപ്പുകളും മാത്രമാണ് അനുഭവ സമ്പാദ്യം. മൂന്നാമിടം നിര്‍മിച്ചത് ജയസൂര്യയാണ്. ആന്റണി സോണി തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍.