ലോകമാകെ പടര്‍ന്ന സ്വരമാണ് ബോംബെ ജയശ്രീയുടേത്. എന്നാല്‍, അവരുടെ വേരുകള്‍ പടര്‍ന്നുകിടക്കുന്നത് തളിയിലെ ക്ഷേത്രവീഥികളിലാണ്. ഓരോ തവണയും കോഴിക്കോട് കച്ചേരിക്ക് വരുമ്പോള്‍ അവര്‍ സ്വന്തം വേരുകളിലേക്ക് തിരിച്ചുപോകുന്നു. ഇത്തവണയും... ഇന്ത്യന്‍ സംഗീതത്തിലെ കുലീനവും പ്രൗഢവുമായ സ്വരത്തിനുടമായ ബോംബെ ജയശ്രീയുമായി നടത്തിയ അഭിമുഖം. 

?ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂന്നിയുള്ള കച്ചേരികളാണല്ലോ ഇപ്പോള്‍ അധികവും. ഹിതം ട്രസ്റ്റ് രൂപവത്കരിക്കപ്പെടുന്നതെങ്ങനെയാണ്

ജീവകാരുണ്യം എന്നത് വലിയൊരു വാക്കാണ്. ഞാന്‍ ചെയ്യുന്നതിനെ ജീവകാരുണ്യം എന്നുപറയാനാവില്ല. ഇതെന്റെ കടമയാണ്. സംഗീതം, നൃത്തം, അഭിനയം എല്ലാം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കണം എന്നതാണ് എന്റെ വിശ്വാസം. 

നീലാംബരി രാഗത്തിലെ അളിവേണി എന്ന ഗാനം ഓട്ടിസം ഉള്ള നാലുവയസ്സുകാരിയില്‍നിന്ന് കേട്ട് പകച്ചുപോയിട്ടുണ്ട് ഞാന്‍. ഇത്രമനോഹരമായി അളിവേണി അതുവരെ ഞാന്‍ പാടിക്കേട്ടിട്ടില്ല ഇതുവരെ. ഹൃദയത്തിലേക്ക് നേരിട്ടെത്തുന്നതായിരുന്നു അത്. അവര്‍ക്ക് അത്രയും പ്രതിഭയുണ്ട്. എന്നാല്‍, പഠിക്കാനുള്ള വഴികളില്ല. അവര്‍ക്കും സംഗീതം അടുത്തറിയാനുള്ള അവകാശമുണ്ട്. അങ്ങനെയാണ് ഞാന്‍ ഹിതം ട്രസ്റ്റ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. 

കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കച്ചേരികള്‍ നടത്തുന്നു. പരിപാടികള്‍ എണ്ണത്തില്‍ കൂടുതലായപ്പോള്‍ അതിന് ഒരു സംഘടന വേണം എന്ന തോന്നലുണ്ടായി. എല്ലാം കൃത്യമായി നടത്താന്‍ അത് ആവശ്യവുമായിരുന്നു. അങ്ങനെയാണ് ഭിന്നശേഷിക്കാരായ കുട്ടികളെ മുന്‍നിര്‍ത്തി മൂന്നുവര്‍ഷം മുമ്പ് ട്രസ്റ്റ് രൂപവത്കരിച്ചത്. ഞാനും എന്റെ വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നത്. 

?ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ്

രണ്ടുതരത്തിലാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടിയുള്ള കച്ചേരികളും ക്ലാസുകളും നടത്തുന്നു. കൂടാതെ ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്കുവേണ്ടിയുള്ള ക്ലാസുകളും ഇതിന്റെ ഭാഗമാണ്. കുംഭകോണത്തിനടുത്ത് മഞ്ചക്കുടി, തിരുവയ്യാറിനടുത്ത് തില്ലൈസ്ഥാനം എന്നിവിടങ്ങളിലെല്ലാം നിരവധി കുട്ടികള്‍ക്കായി ക്ലാസ് നടത്തുന്നുണ്ട്. 

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കഴിവുകള്‍ കൂടുതലാണ്. അവരില്‍ പലരും സംഗീതത്തില്‍ പ്രതിഭകളാണ്. സംഗീതം അവരില്‍ എത്തിയാല്‍ അവര്‍ ഉയരത്തിലെത്തും. സംഗീതം, ചലച്ചിത്രം, ടി.വി., ഫോണ്‍ തുടങ്ങി സാധാരണക്കാരായ നമ്മുടെ മുമ്പില്‍ തിരഞ്ഞെടുപ്പിന് ഒരുപാട് വിഷയങ്ങളുണ്ട്. എന്നാല്‍, അവര്‍ക്ക് തിരഞ്ഞെടുപ്പിനുള്ള കഴിവില്ല. ഉള്ള കഴിവ് അതിന്റെ ഏറ്റവും ഉന്നതിയില്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്കാവും. അതിനാല്‍ത്തന്നെ അവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്. 

?ഇപ്പോള്‍ കൂടുതലായും സ്‌കൂളുകള്‍ ആണല്ലോ കച്ചേരിക്കായി തിരഞ്ഞെടുക്കുന്നത്

സ്പിക് മാകെയുമായി ചേര്‍ന്നാണ് ഇത്തരം കച്ചേരികള്‍ നടത്തുന്നത്. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രചാരണത്തിനായി 40 വര്‍ഷം മുമ്പ് സ്ഥാപിതമായ ഈ സംഘടനയുടെ നിസ്വാര്‍ഥസേവനം എന്നും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. എന്റെ ഗുരുക്കന്മാരുടെ കാലം മുതല്‍തന്നെ ഞാന്‍ ഇവര്‍ക്കൊപ്പമുണ്ട്. എനിക്ക് 18 വയസ്സുള്ള കാലത്തൊക്കെ കോഴിക്കോടും ബാംഗ്ലൂരുമെല്ലാം ഞങ്ങള്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

കുട്ടികള്‍ക്കൊപ്പം ഞാന്‍ ഒരുപാട് ആസ്വദിക്കാറുണ്ട്. രക്ഷിതാക്കള്‍ക്കൊപ്പം ആസ്വദിക്കുന്നതും അവര്‍ സ്വന്തമായി ആസ്വദിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സംഗീതവുമായി നിര്‍ബന്ധമേതുമില്ലാതെ ബന്ധിക്കപ്പെടുമ്പോള്‍ അതിന്റെ വ്യത്യാസം വേറെത്തന്നെയാണ്. കുട്ടികളുടെ ഊര്‍ജത്തില്‍ത്തന്നെ കാര്യമായ വ്യത്യാസം കാണാന്‍ സാധിക്കും. അഞ്ചുമിനിറ്റുകൊണ്ട് കുട്ടികള്‍ സംഗീതവുമായി ബന്ധം സ്ഥാപിക്കും.

ഇന്ത്യയില്‍ ഒരുപാടിടങ്ങളില്‍ എനിക്ക് പാടാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ഉള്‍ഗ്രാമങ്ങള്‍, ഹിമാചല്‍പ്രദേശ്, പോര്‍ട്ട്ബ്ലെയര്‍, നാഗാലാന്‍ഡ് തുടങ്ങിയിടങ്ങളിലെല്ലാം ഞാന്‍ കച്ചേരി നടത്തി. നാഗാലാന്‍ഡ് പോലൊരിടത്ത് എന്നിലെ കര്‍ണാടക സംഗീതജ്ഞയെ അറിയുന്നവര്‍ ആരുമില്ലായിരുന്നു. അവിടത്തെ സൈനിക സ്‌കൂളില്‍ ഉള്ളകുട്ടികള്‍ കര്‍ണാടകസംഗീതം എന്നുകേട്ടിട്ടുപോലുമുണ്ടായിരുന്നില്ല.

എന്നിട്ടുപോലും സംഗീതം അവിടത്തെ ജനതയെ ഞാനുമായി അടുപ്പിച്ചു. അവര്‍ എന്നോടൊത്തുപാടി. കുഞ്ഞുങ്ങള്‍ എന്റെ മടിയില്‍ കയറിയിരുന്ന് സംസാരിച്ചു. അതാണ് സംഗീതത്തിന്റെ  മാന്ത്രികത. ഹൃദയതാളത്തിനൊപ്പം ജനിച്ച ഓരോ മനുഷ്യനും സംഗീതം ആസ്വദിക്കുന്നവരാണ്. എല്ലാ കുട്ടികള്‍ക്കും സംഗീതം പഠിക്കാനുള്ള അവസരം ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംഗീതത്തിന് ജനഹൃദയങ്ങളെ മാറ്റിമറിക്കാന്‍ സാധിക്കും. മനുഷ്യത്വത്തെ ദിവ്യത്വത്തിലെത്തിക്കുന്ന ഒന്നാണത്.

?ശാസ്ത്രീയ സംഗീതജ്ഞര്‍ ചലച്ചിത്ര ഗാനങ്ങളില്‍ താത്പര്യം കാണിക്കാറില്ല. ലൈഫ് ഓഫ് പൈ എന്ന സിനിമയിലൂടെ ഓസ്‌കര്‍ നോമിനേഷനില്‍ വരെ എത്തിയതിനെക്കുറിച്ച്

എല്ലാ സംഗീതവും ഞാന്‍ ഇഷ്ടപ്പെടുന്നു. അത് എന്റെ അമ്മയില്‍നിന്ന് കിട്ടിയ ഗുണമാണ്. വളരെ ചെറുപ്പത്തില്‍ത്തന്നെ എന്നെയും രണ്ട് ചേട്ടന്മാരെയും അമ്മ റേഡിയോസംഗീതം കേള്‍പ്പിക്കുമായിരുന്നു. ഭാഷാവ്യത്യാസമില്ലാതെ പല ഗാനങ്ങളും കേട്ടാണ് ഞാന്‍ വളര്‍ന്നത്. എം.എസ്. ബാബുരാജും ദേവരാജന്‍ മാഷും സലില്‍ ചൗധരിയുമുള്‍പ്പെടെ പഴയതലമുറയിലെ സംഗീതസംവിധായകരെ മുഴുവന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. പാട്ടുകള്‍ അമ്മ ഞങ്ങളെ കാണാതെ പഠിപ്പിക്കുമായിരുന്നു. ഞങ്ങളെക്കൊണ്ട് പാടിക്കുകയും ചെയ്യുമായിരുന്നു. അമ്മയുടെ സംഗീത വീക്ഷണം വളരെ വലുതായിരുന്നു.

സംഗീതത്തിന് അതിര്‍വരമ്പുകള്‍ വെക്കാന്‍ അമ്മ ഒരിക്കലും ശ്രമിച്ചിരുന്നില്ല. സൗന്ദര്യമുള്ളതിനെ ഹൃദയംകൊണ്ട് സ്വീകരിക്കാനാണ് അമ്മ പഠിപ്പിച്ചത്. തുടര്‍ന്നു പഠിപ്പിച്ച ഗുരുക്കന്മാരെല്ലാം ഇതേ കാഴ്ചപ്പാടുള്ളവരായിരുന്നു എന്നതാണ് എന്റെ വിജയം. 

? വാത്സല്യം എന്ന പേരിലുള്ള താരാട്ടുപാട്ടുകള്‍ പ്രശസ്തമായിരുന്നല്ലോ

എന്റെ സുഹൃത്ത് ചാരുവാണ് ഇതിന് കാരണമായത്. 19 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. ഞാന്‍ അമ്മയായ സമയം. ഏതൊരമ്മയെയുംപോലെ മകനുവേണ്ടി ഞാന്‍ താരാട്ടുപാടുമായിരുന്നു. ഇത്രമനോഹരമായ പാട്ടുകള്‍ ഒരുമകന്‍ മാത്രം കേട്ടാല്‍പ്പോരാ എന്നും ഇത് ലോകത്തിലെ കുട്ടികള്‍ക്കെല്ലാം അവകാശപ്പെട്ടതാണെന്നും എന്നോട് പറഞ്ഞത് ചാരുവാണ്. ഏതു കമ്പനി ഇത് ഏറ്റെടുക്കുമെന്നായിരുന്നു അന്ന് എന്റെ സംശയം. അതിനും അവള്‍ ഉത്തരം കണ്ടെത്തി. ചാര്‍ സുര്‍ എന്നുപറഞ്ഞ റെക്കോഡിങ് കമ്പനി തന്നെ ഇതിനായി ഉണ്ടാക്കി. അങ്ങനെയാണ് സി.ഡി. പുറത്തിറങ്ങുന്നത്. 

?പലഭാഷകള്‍ പഠിച്ചത് ഉപകാരമായില്ലേ

മലയാളത്തിനും തമിഴിനും പുറമേ ഞാന്‍ ഏറെക്കാലം ചെലവഴിച്ച ബോംബെയിലെ ജീവിതംതന്ന മറാഠിയും ഹിന്ദിയും ഇംഗ്ലീഷും എനിക്കൊപ്പം നിന്നു. ഭര്‍ത്താവ് രാംനാഥ് പാലക്കാട്ടുകാരന്‍ ആണെങ്കിലും ജനിച്ചുവളര്‍ന്നത് കൊല്‍ക്കത്തയിലാണ്. അങ്ങനെ ബംഗാളിയും വശമായി. ഭാഷകള്‍ പഠിക്കുകയെന്നത് എനിക്ക്  എന്നും പ്രിയപ്പെട്ടതാണ്. പലപ്പോഴും പാടാനും ആശയവിനിമയത്തിനും ഇത് ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. സംഗീതത്തിന് ഭാഷയില്ല. അത് എല്ലാ ഭാഷയും സംസാരിക്കും. 

?ചലച്ചിത്ര ലോകത്തേക്കെത്തുന്നത്

തമിഴിലാണ് ആദ്യമായി പാടിയത്. എം.എസ്. വിശ്വനാഥന്‍ സാറിനൊപ്പം തമ്പാത്തികള്‍ എന്ന ചിത്രത്തിലാണ് തുടക്കം. പിന്നീട് റഹ്മാന്‍, ഇളയരാജ, ഹാരിസ് ജയരാജ് തുടങ്ങി പലര്‍ക്കൊപ്പവും പാടി. മികച്ച തമിഴ് ഗായികയ്ക്കുള്ള തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും നേടി. 

മലയാളത്തില്‍ ജോണ്‍സണ്‍ സാറാണ് ആദ്യമായി പാടാന്‍ വിളിക്കുന്നത്. ജയരാജ് സംവിധാനംചെയ്ത കുടുംബപുരാണത്തില്‍ പാഹിമാം ശ്രീ, ജഗദാനന്ദ എന്നീ ഗാനങ്ങള്‍ പാടി. പിന്നീട് എസ്.പി. വെങ്കിടേഷിന്റെ കീഴില്‍ പൈതൃകം എന്ന ചിത്രത്തില്‍ 'നീലാഞ്ജനപ്പൂവിന്‍' എന്ന ഗാനംപാടി. 2016 ലെ കാംബോജിയാണ് അവസാനം പാടിയ മലയാള ചിത്രം. 

?എം.എസ്. ബാബുരാജിന്റെ ആരാധികയാണെന്ന് കേട്ടിട്ടുണ്ട് 

അതെ. ചെറുപ്പംമുതല്‍ അമ്മ കേള്‍പ്പിച്ച പാട്ടുകളില്‍ ഇവരെല്ലാം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ബാബുരാജ് സാറിന്റെ തികഞ്ഞ ആരാധികയാണ് ഞാന്‍. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.

?ഭാരതീയാറിന്റെ വരികള്‍ക്ക് മറുഭാഷ രചിച്ചല്ലോ

ആഴത്തിലുള്ള അര്‍ഥവും മൂല്യവുമുള്ള വരികളാണ് ഭാരതീയാറിന്റേത്. കര്‍ണാടക സംഗീതക്കച്ചേരികള്‍ക്കൊടുവിലത്തെ സെഷനില്‍ ഭാരതീയാറിന്റെ വരികള്‍ പാടാറുണ്ട്. എന്നാല്‍, ഇതുകൊണ്ട് ഒന്നുമല്ല, വിശാലമായ ഒരു ലോകമാണ് അദ്ദേഹം കവിതകളിലൂടെ തുറന്നിടുന്നത്. അങ്ങനെയാണ് ആത്മ എന്നപേരില്‍ ഗാനശൃംഖല പുറത്തിറക്കിയത്.  

?മകന്‍ അമ്മയ്‌ക്കൊപ്പം തംബുരു മീട്ടുന്നുണ്ടല്ലോ

മകന് നല്ല താത്പര്യമുണ്ട്. ദൈവാനുഗ്രഹമുണ്ടെങ്കില്‍ അവന്‍ ഉയര്‍ന്ന നിലയിലെത്തും. ഇപ്പോള്‍ എനിക്കൊപ്പമുണ്ട് കച്ചേരികളില്‍.

?കോഴിക്കോടിന്റെ കൂടി അഭിമാനമാണ് ബോംബെ ജയശ്രീ എന്ന ജയശ്രീ രാംനാഥ്... 

അമ്മവഴി ഞാനൊരു മലയാളിയാണ്. കോഴിക്കോടിന്റെ പുത്രിയാണ് എന്റെ അമ്മ സീതാ സുബ്രഹ്മണ്യന്‍. തളി മഹാദേവ ക്ഷേത്രത്തിനടുത്താണ് എന്റെ അമ്മ വീട്. അമ്മയുടെ അച്ഛന്‍ വിശ്വനാഥന്‍ ചാലപ്പുറം ഗണപത് ബോയ്സ് സ്‌കൂളിന്റെ പ്രധാനാധ്യാപകനും മികച്ച ബാഡ്മിന്റണ്‍ താരവുമായിരുന്നു. അച്ഛന്‍ എന്‍.എന്‍. സുബ്രഹ്മണ്യന്‍ പാലക്കാട് സ്വദേശിയാണ്. തമിഴ്നാട്ടില്‍നിന്നുവന്ന കുടുംബമാണ് അച്ഛന്റേത്. വീട്ടില്‍ മലയാളവും തമിഴും സംസാരിക്കുമായിരുന്നു. അതുകൊണ്ട് എനിക്ക് ആ ഭാഷകള്‍ രണ്ടും അറിയാം. 

അമ്മവീട്ടില്‍ വന്ന ചെറിയ ഓര്‍മ്മകളേയുള്ളൂ. കച്ചേരികള്‍ക്കുവേണ്ടി മാത്രമാണ് എന്റെ കോഴിക്കോട് യാത്രകള്‍. ഇപ്പോള്‍ തറവാട്ടില്‍ ആരുമില്ലെങ്കിലും അങ്ങോട്ടുള്ള യാത്ര മിക്കപ്പോഴും കൊതിക്കാറുണ്ട്. 'ഇവിടെയായിരുന്നു നിന്റെ അമ്മമ്മ ജീവിച്ചിരുന്നത്' എന്ന് എന്റെ മകനെ കാണിച്ചുകൊടുക്കാന്‍വേണ്ടി.