ഭാവനയുടെ വിവാഹമാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം. ഭാവനയുടെ വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും മെയ്ക്കപ്പുമെല്ലാം ഇഴകീറി പരിശോധിക്കുകയാണ് ഫാഷന്‍പ്രേമികള്‍. കാരണം അത്ര സുന്ദരിയായാണ് അവര്‍ വിവാഹ മണ്ഡപത്തില്‍ എത്തിയത്. ഒറ്റവാക്കില്‍ സിംപിള്‍ ആന്റ് എലഗന്റ്! ആ സൗന്ദര്യത്തിന് പിന്നിലെ കൈകള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റേതാണ്. ഭാവനയെ ഒരുക്കിയതിന്റെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് രഞ്ജു.

ഭാവനയെകുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ഒരേസമയം വിഷമവും ബഹുമാനവും തോന്നാറുണ്ട്. കാരണം അവള്‍ ഒരുപാട് വിഷമങ്ങളിലൂടെ കടന്നുപോയ പെണ്‍കുട്ടിയാണ്. വിവാഹസമയത്ത് പോലും പലരും അവളെ വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും വിഷമിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.  അതിനാല്‍  വിവാഹസമയത്ത് ആവള്‍ക്ക് ഒരുപാട് ടെന്‍ഷനുകള്‍ ഉണ്ടായിരുന്നു. സാധാരണ മേക്കപ്പ് സമയത്ത് പോലും കളിയും ചിരിയും പാട്ടുമൊക്കെയായി വളരെ ഊര്‍ജസ്വലയായാണ് ഭാവന ഇരിക്കാറുള്ളത്. എന്നാല്‍ വിവാഹം അടുത്ത സമയങ്ങളില്‍ അവള്‍ക്ക് ഫ്രീയായി ചിരിക്കാന്‍ പോലും സാധിച്ചിരുന്നില്ല.

bhavana wedding
Photo Courtesy: facebook/ranjurajimar

ഭാവനക്ക് മേക്കപ്പ് ചെയ്യുമ്പോള്‍ എന്റെ മനസിലെത്തിയത് ഐശ്വര്യ റായിയുടെ മുഖമാണ്. എന്നാല്‍ വിവാഹദിനത്തില്‍ അവളെ പദ്മാവതിലെ ദീപിക പദുക്കോണിന്റെ ലുക്കില്‍ അണിയിച്ചൊരുക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അവളെനിക്ക് മകളെ പോലെയാണ്. ഒരുപക്ഷേ ആ അമ്മ മനസ് കാരണമായിരുക്കും മേക്കപ്പ് ഇത്ര മനോഹരമായത്. എനിക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ദീപിക പദുക്കോണ്‍. ദീപികയെ സ്ഥിരമായി ഞാന്‍ ഫോളോ ചെയ്യാറുമുണ്ട്. ദീപികയുടെ പദ്മാവതാണ് ഇപ്പോള്‍ മേക്കപ്പിലെ ട്രെന്‍ഡ്. അതുകൊണ്ടാണ് ഭാവനയെയും പദ്മവതിലെ ദീപികയെപ്പോലെ ഒരുക്കാന്‍ ശ്രമിച്ചതും.

വിവാഹദിനത്തില്‍ ഭാവന അണിഞ്ഞ ആഭരണങ്ങളെ കുറിച്ച് ഞങ്ങള്‍ നേരത്തെ സംസാരിച്ചിരുന്നു. എന്നാല്‍ അവള്‍ എന്റെയടുത്ത് ഒരു തരത്തിലുള്ള നിര്‍ദേശങ്ങളും വെച്ചിരുന്നില്ല. നെറ്റിച്ചുട്ടി ഞാനാണ് തിരഞ്ഞെടുത്തത്. വിവാഹദിനത്തിന് മുമ്പ് അത് ഭാവനയെ കാണിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. അതിനാല്‍ രണ്ട് നെറ്റിച്ചുട്ടികള്‍ ഞാന്‍ ഭാവനക്കായി വാങ്ങിയിരുന്നു. അണിഞ്ഞു നോക്കിയപ്പോള്‍ രണ്ടാമത്തേതാണ് അവള്‍ക്ക് കൂടുതല്‍ ചേര്‍ന്നത്. അത് അവള്‍ അണിഞ്ഞ ആഭരണങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു.

വിവാഹദിനത്തില്‍ ഭാവന മൂക്കുത്തി അണിയണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിനായി മൂക്കുത്തിയും വാങ്ങി. എന്നാല്‍ അത് എത്രത്തോളം ചേരും എന്ന കാര്യത്തില്‍ ഭാവനക്ക് ആശങ്ക ഉണ്ടായിരുന്നു. അതിനാലാണ് മൂക്കുത്തി ഒഴിവാക്കിയത്. ഗോള്‍ഡന്‍ സ്‌മോക്കി ഐ ആണ് കണ്ണുകളില്‍ ചെയ്തത്. സാധാരണ സ്‌മോക്ക് ചെയ്യുക എന്നാല്‍ കണ്ണുകളെ കറുപ്പിക്കുക എന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ അത് ശരിയല്ല. ഏതെങ്കിലും ഒരു കളറിന്റെ ലൈറ്റ് ഷേഡ് മുതല്‍ ഡാര്‍ക്ക് ഷേഡു വരെ ചെയ്യുക എന്നതിനാണ് സ്‌മോക്കി എന്ന് പറയുന്നത്. ഗോള്‍ഡന്‍ നിറമാണ് ഭാവനക്കായി തിരഞ്ഞെടുത്തത്. ചുണ്ടുകള്‍ക്ക് ന്യൂഡ് ഓറഞ്ച് ഷേഡാണ് നല്‍കിയത്. സാധാരണ മുടി ബണ്‍ ചെയ്ത് ചുറ്റും മുല്ലപ്പൂ വെക്കുകയാണ് ചെയ്യാറുള്ളത് എന്നാല്‍ ഇവിടെ ഫ്‌ളവര്‍ ബണ്ണായാണ് മുടി ഒരുക്കിയത്. 

ലേബല്‍എം ഒരുക്കിയ വസ്ത്രങ്ങളും ടെമ്പിള്‍ ഡിസൈനിലുള്ള ആഭരണങ്ങളും മേക്കപ്പും എല്ലാം ചേര്‍ന്ന് വിവാഹദിനത്തില്‍ അവള്‍ അതി സുന്ദരിയായതായി ഒരുപാട് ആളുകള്‍ പറഞ്ഞു. ഭാവനയുടേതു പോലെ മേക്കപ്പ് ചെയ്തു തരണമെന്ന് പറഞ്ഞ് പല പെണ്‍കുട്ടികളും ഇപ്പോള്‍ വിളിക്കാറുണ്ട്.

Content Highlights: Bhavana Wedding Malayalam Actress Celeberity Wedding Bhavana MakeUp Ranju Ranjimar