ട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്ന മില്ല്യണ്‍ ഡോളര്‍ വിലയുള്ള ചോദ്യത്തിന്റെ ഉത്തരം വിരലിലെണ്ണാവുന്നവര്‍ക്കേ അറിയൂ. അതിലൊരു മലയാളിയുമുണ്ട്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ വിസ്മയത്തിലെ പാല്‍വാള്‍ ദേവന്‍ എന്ന റാണ ദഗ്ഗുബട്ടിക്ക് അവതരിപ്പിച്ച കഥാപാത്രത്തിന് മലയാളത്തില്‍ ശബ്ദം നല്‍കിയ ഷോബി തിലകന്‍. ബാഹുബലിയുടെ രണ്ടാം ഭാഗത്തിലും റാണയ്ക്ക് ശബ്ദം നല്‍കിയത് ഷോബി തന്നെ. ക്ലബ് എഫ്.എം. ദുബായിയുടെ ആര്‍.ജെ. ഷാന് നല്‍കിയ അഭിമുഖത്തില്‍ ഷോബിയോടുള്ള ആദ്യ ചോദ്യവും അതു തന്നെയായിരുന്നു. കട്ടപ്പ ബാഹുബലിയെ കൊന്നതിന്റെ കാരണം ഷോബിക്ക് അറിയുമോ എന്ന്.

ആ രഹസ്യം

എന്നോട് ഒരുപാട് പേര്‍ ചോദിച്ച ചോദ്യമാണിത്. ബാഹുബലി കട്ടപ്പയെ കൊന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ എനിക്ക് അറിയാമായിരിക്കും. അറിയാമോ എന്നു ചോദിച്ചാല്‍ എനിക്കറിയാം. അറിയില്ലെ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. മലയാളത്തില്‍ ഒന്നുരണ്ടു പേര്‍ക്ക് മാത്രമേ ഈ രഹസ്യം അറിയൂ. അതില്‍ ഒരാളാണ് ഞാന്‍ എന്നറിയുന്നതില്‍ന്‍ അതിങ്ങിനെ പറഞ്ഞു കേള്‍ക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. അതിലൊരു ത്രില്ലുണ്ട്. എങ്കിലും ആ രഹസ്യം ഞാന്‍ പറയില്ല. എന്റെ ഒരു എത്തിക്‌സുണ്ട്. സസ്‌പെന്‍സ് പുറത്തുപറയുന്നത് ശരിയല്ലല്ലോ. ആ സസ്‌പെന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ തിയേറ്ററിലെത്തുകയുള്ളൂ.

രണ്ടാം ഭാഗം

ബാഹുബലിയുടെ രണ്ടാം ഭാഗം ഒന്നാം ഭാഗത്തേക്കാള്‍ അല്‍പം കൂടി മികച്ചു നില്‍ക്കും എന്നാണ് എന്റെ അഭിപ്രായം. ഒന്നാം ഭാഗത്തിലെ അനുഭവം തന്നെ ഇപ്പോഴും മറക്കാനാവില്ല. അതിലും റാണയ്ക്കുവേണ്ടി തന്നെയാണ് ഡബ്ബ് ചെയ്തത്. അതില്‍ ആദ്യം ചെയ്യുന്നത് കാളയുമായുള്ള ഒരു ഫൈറ്റാണ്. രാജമൗലിയുടെ തന്നെ ഈച്ചയില്‍ സുദീപിനുവേണ്ടിയും ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ട്. അതില്‍ നമ്മള്‍ കാണുമ്പോള്‍ ഈച്ചയില്ല. എല്ലാം ഗ്രാഫിക്‌സാണ്. സുദീപ് ചെയ്തതെല്ലാം ഞാനും ചെയ്യണം.

ബാഹുബലിയുടെ അനുഭവം

ഒന്നാം ഭാഗത്തില്‍ ഡബ്ബ് ചെയ്തപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയ ഒരു സംഭവമുണ്ട്. കൊട്ടാരത്തില്‍ നിന്ന് എന്തോ രേഖകള്‍  എടുത്ത് ഒരാള്‍ ഓടുന്ന ഒരു രംഗമുണ്ട്. ബാഹുബലിയും പല്‍വാള്‍ ദേവനും ഇയാളെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ മല മുകളില്‍ നിന്ന് ചാടുകയാണ്. ഇയാളെ പിടിക്കാന്‍ ബാഹുബലിയും ചാടും. അപ്പോള്‍ പല്‍വാള്‍ ദേവന്‍ ബാഹുബലിക്ക് ഒരു കയര്‍ ഇട്ടുകൊടുക്കും. ഈ കയറില്‍  പിടിച്ചാണ് ബാഹുബലി നില്‍ക്കുന്നത്. ഡബ്ബ് ചെയ്യുമ്പോള്‍ ഞാന്‍ കണ്ടത് ഇരുമ്പിന്റെ കുറെ ഫ്രെയിമുകള്‍. അടുക്കിവച്ച് അതില്‍ ക്രെയിനില്‍ റാണയും പ്രഭാസും മറ്റൊരാളും തൂങ്ങിക്കിടക്കുന്നു. മലയും കുന്നുമൊന്നുംു അവിടെയില്ല. സിനിമ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവരുടെ ഗ്രാഫിക്‌സിന്റെ പൂര്‍ണത സമ്മതിക്കണം.

പ്രസാദ് ലാബിലായിരുന്നു രണ്ടാം ഭാഗത്തിന്റെ ഡബ്ബിങ്. കാര്യങ്ങള്‍ തുറന്നു പറയാന്‍ പറ്റില്ലെങ്കിലും ഒന്നാം ഭാഗത്തേക്കാള്‍ മെച്ചമായിരിക്കും രണ്ടാം ഭാഗമെന്ന് ഉറപ്പാണ്.

പണിയില്ലാതാവുന്ന ഡബ്ബിങ്ങുകാര്‍

ന്യൂജെന്‍ സിനിമകള്‍ വന്നപ്പോള്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരം കുറഞ്ഞു. ഇപ്പോള്‍ ആര്‍ക്കും അഭിനയിക്കാം. ആര്‍ക്കും ഡബ്ബ് ചെയ്യാം എന്നതാണ് അവസ്ഥ. മറുനാടന്‍ നടന്മാര്‍ വന്നാല്‍ മാത്രമേ ഇപ്പോള്‍ അവസരം കിട്ടുകയുള്ളൂ. അന്യഭാഷാ നടന്മാര്‍ വന്നാല്‍ മാത്രമേ എനിക്ക് ഇനി രക്ഷയുള്ളൂ.    

മലയാളം മിണ്ടുന്ന ഹോളിവുഡ്

ഹോളിവുഡ് സിനിമകള്‍ ഡബ്ബ് ചെയ്ത് മലയാളത്തില്‍ വരുന്നത് നല്ലതാണ്.  എന്നാല്‍, നമ്മള്‍ ഇപ്പോള്‍ ടി.വിയില്‍ കാണുന്ന ശൈലിയിലേയ്ക്ക് പോകാതിരുന്നാല്‍ നന്ന്.

സ്വന്തം ശബ്ദം

എന്റെ ശബ്ദം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇത്രയും കാലം ഞാന്‍ ഉപജീവനം കഴിച്ചത് ഈ ശബ്ദം കെണ്ടാണ്. എന്റെ അച്ഛന്റെ ശബ്ദവും എനിക്കിഷ്ടമാണ്. അതിന്റെ ഒരു അംശമെങ്കിലും കിട്ടിയാല്‍ അത് ഇഷ്ടപ്പെട്ടല്ലേ പറ്റൂ-ഷോബി പറഞ്ഞു.