ഒന്ന്, രണ്ട്, മൂന്ന്, നാല്.......

തിക്കുറിശ്ശി സുകുമാരൻ നായരുടെ നാടകങ്ങളുടെ പേരിലെ അക്ഷരങ്ങൾ ഒന്ന് എണ്ണി നോക്കൂ. സ്ത്രീ, മായ, മാതൃക, ബ്രഹ്മചാരി, ജീവിതയാത്ര...
നമ്മുടെ നാടക സ്റ്റേജിൽ നിന്ന് തമിഴ്‌ ശൈലിയെ തൂത്തെറിഞ്ഞുകൊണ്ടുള്ള ഈ മഹാ പ്രതിഭയുടെ വരവിനുമുണ്ടായിരുന്നു ഒരു പ്രത്യേകത.

കലാ കേരളത്തിന് മറക്കാനാവാത്ത തിക്കുറിശ്ശി സുകുമാരൻ നായരുടെ നൂറാം ജന്മവാർഷിക ദിനമാണ് ഞായറാഴ്ച.
പണ്ട് നാടകം തുടങ്ങുമ്പോൾ സ്റ്റേജിൽ ഹാർമോണിയക്കാരനുണ്ടാവും. സൈഡ്‌ കർട്ടന് മുന്നിൽ, ഹാർമോണിയത്തിലും സ്വന്തം ദേഹത്തും മെഡൽ മാലകളണിഞ്ഞ് മലബാർ ഗോപാലൻ നായരോ, കൊട്ടാരം ശങ്കുണ്ണി നായരോ, തിരുവട്ടാർ കൃഷ്ണപിള്ളയോ റെഡിയായിരിക്കും. പാട്ടുപാടിക്കൊണ്ട് സ്റ്റേജിലേക്കെത്തുന്ന നായകൻ, പിന്നെ ഹാർമോണിയക്കാരനുമായി ഒരു ‘മത്സര’ത്തിലാകും.

‘സ്ത്രീ’ എന്ന നാടകം അരങ്ങേറിയപ്പോൾ തിക്കുറിശ്ശി ഹാർമോണിയക്കാരനെ കർട്ടന് പിന്നിലാക്കി. തിരുവട്ടാർ കൃഷ്ണപിള്ളയ്ക്ക് തിക്കുറിശ്ശിയുടെ തീരുമാനത്തോട് യോജിക്കാനായില്ല. വലിയ പരിഭവമായി. കൃഷ്ണപിള്ള കുറേക്കാലം മിണ്ടാതെ നടന്നു. പക്ഷേ അതൊരു വലിയ മാറ്റമായിരുന്നുവെന്ന് മലയാളികൾ പിന്നീടാണ് മനസ്സിലാക്കിയത്.
ചരിത്രം തിക്കുറിശ്ശിക്ക് വഴിമാറിക്കൊണ്ടേയിരുന്നു. കവി, നാടകകൃത്ത്, നടൻ, കഥാകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ഗാന രചയിതാവ്, നിർമാതാവ്, എന്നുവേണ്ട സംഭാഷണവും സംഗീതവും വരെ ഈ സകലകലാവല്ലഭൻ കരഗതമാക്കി. ഒരാൾ തന്നെ സിനിമയിലെ എല്ലാ പണികളും ചെയ്യുന്നത് അക്കാലത്ത് അത്യപൂർവമായിരുന്നു.
1972 മുതൽ 1977 വരെ ചെന്നൈയിൽ ഒപ്പമുണ്ടായിരുന്ന കുമാരൻ നായർ തിരുവട്ടാറിനെ തങ്കൻ തിരുവട്ടാറാക്കിയത് തിക്കുറിശ്ശിയാണ്.

ഈ പേരിൽ മാത്രമല്ല തിക്കുറിശ്ശി സ്പർശമുള്ളത്. പ്രേംനസീർ, ബഹദൂർ, ജോസ് പ്രകാശ്, കുഞ്ചൻ, പ്രിയദർശൻ, ശ്രീവിദ്യ, ജയഭാരതി തുടങ്ങിയ പേരുകൾ നിശ്ചയിച്ചനുഗ്രഹിച്ചതും തിക്കുറിശ്ശിയാണ്. മോഹൻലാലിന്റെ മകന് പ്രണവ് എന്ന് പേരിട്ടതും തിക്കുറിശ്ശി തന്നെ.

കുട്ടിക്കാലം മുതൽ തിരുവട്ടാറിലെ വീട്ടിൽ തിക്കുറിശ്ശിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് തങ്കൻ തിരുവട്ടാർ ഓർക്കുന്നു. അന്ന് നാട്ടുകാരുടെ തങ്കപ്പമ്മാവനായിരന്നു അദ്ദേഹം. പറയാനൊരു ബന്ധുത്വവുമുണ്ട്. ‘ലോയ്‌ഡ്‌സ് സെയിൽസ് കോർപ്പറേഷനിൽ’ ജോലി കിട്ടി ചെന്നൈയിൽ പോയപ്പോഴാണ് തിക്കുറിശ്ശിയെ യാദൃച്ഛികമായി തങ്കൻ തിരുവട്ടാർ വീണ്ടും കണ്ടുമുട്ടുന്നത്.

അന്ന് ചെന്നൈയിൽ 30 രൂപ പ്രതിമാസ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വാടക മുറിയൊഴിഞ്ഞ് ഒപ്പം വന്ന് താമസിക്കാൻ തിക്കുറിശ്ശി ആവശ്യപ്പെട്ടു. അതോടെ താമസം തിക്കുറിശ്ശിക്കൊപ്പമായി. സിനിമാക്കാരോടൊക്കെ എന്റെ ശേഷകാരൻ (അനന്തരവൻ) എന്നാണ് തിക്കുറിശ്ശി പരിചയപ്പെടുത്തിയത്. തിക്കുറിശ്ശിയുടെ മരണം വരേയും തങ്കന്റെ ഉള്ളിൽ ആ സ്നേഹദീപം പ്രകാശിച്ചിരുന്നു.

‘ഇനി കണ്ണുനീർ മാത്രം’ എന്ന പുസ്തകം തങ്കന് നൽകിയപ്പോൾ തിക്കുറിശ്ശി ഇങ്ങനെ എഴുതി-‘എനിക്ക് ഗുരുനാഥന്റെയും അമ്മാവന്റെയും സ്ഥാനം തന്ന്, എന്റേയും എന്റെ കുടുംബത്തിന്റേയും എല്ലാ സുഖ ദുഃഖങ്ങളിലും പങ്കെടുത്ത്, എന്നെ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന എന്റെ തങ്കന്....'
അദ്ദേഹത്തിന്റെ കൃതികൾ പകർത്തിയെഴുതുക, കാണാനെത്തുന്നവർക്ക് വേണ്ട സഹായങ്ങൾ നൽകുക, അവധി നാളുകളിൽ ഷൂട്ടിംഗിന് അനുഗമിക്കുക എന്നിങ്ങനെ സംഭവ ബഹുലമായിരുന്നു ചെന്നൈയിലെ നാളുകൾ. പ്രേംനസീറുമൊന്നിച്ച് അഭിനയിക്കാനും തിക്കുറിശ്ശി തങ്കന് അവസരമൊരുക്കി.

‘ഉർവശിഭാരതി’ എന്ന സിനിമയുടെ ജോലി നടക്കുമ്പോൾ തിക്കുറിശ്ശി ആറ് ഡയറികൾ തങ്കന് മുന്നിൽ എടുത്തുെവച്ചു. ഡയറി നിറയെ പാട്ടുകളും പാരഡികളും. അതിൽ നിന്ന് നല്ല പാട്ടുകൾ തിരഞ്ഞെടുക്കാനാവശ്യപ്പെട്ടു. ‘തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ’.. ‘ഉദ്യാനപാലകാ...’ ‘എന്തുവേണം’ തുടങ്ങിയവ ഡയറിയിൽ നിന്നെടുത്ത് ആ സിനിമയിലുപയോഗിച്ചു. ഡയറിയിലുണ്ടായിരുന്ന ‘പൂമെത്തപ്പുറത്ത്’ എന്ന ശൃംഗാര രസം നിറഞ്ഞ പാട്ട് പിന്നീട് മറ്റൊരു സിനിമയിൽ ഇടം പിടിച്ചു.

തമിഴിലും തിക്കുറിശ്ശിയുടെ സാന്നിധ്യമുണ്ടായി. ‘ശിത്തി' എന്ന സിനിമ ‘അച്ഛന്റെ ഭാര്യ’ യായി തിക്കുറിശ്ശി പരിഭാഷപ്പെടുത്തി. ശിവാജി ഗണേശന്റെ 'തവപ്പുതൽവൻ' ആണ് ആദ്യ തമിഴ്‌ സിനിമ. ശിവാജിക്ക് തിക്കുറിശ്ശിയോട് ആദരവായിരുന്നു. ആശാൻ എന്ന അർത്ഥം വരുന്ന 'വാദ്ധ്യാരേ' എന്നാണ് ശിവാജി വിളിക്കുന്നത്. മീശ ഇപ്പടി വയ്ക്കണം എന്ന് പറഞ്ഞ് തിക്കുറിശ്ശിയുടെ മീശ ശിവാജി ഗണേശൻ മുകളിലേക്ക് ചുരുട്ടിക്കയറ്റുന്നതിന് തങ്കൻ സാക്ഷിയായിരുന്നു. എം.ജി.ആറും തിക്കുറിശ്ശിയും നല്ല അടുപ്പമായിരുന്നു. നടൻ സത്യൻ മരിച്ച ദിവസം ഈ രണ്ടുപേരും ദീർഘനേരം സംസാരിക്കുമ്പോൾ തങ്കനും ഒപ്പമുണ്ടായിരുന്നു.

ചെന്നൈയിലെ വീട്ടിൽ സഹായം ചോദിച്ച് വരുന്നവർ ആരൊക്കെ, അവർക്ക് എത്ര രൂപ നൽകണം തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം നിർദേശിച്ചിരുന്നു. അന്ന് 10 രൂപ വലിയ തുകയാണ്. രാവിലെ ഇതിനായി കുറച്ച് രൂപ തങ്കനെ ഏല്പിക്കും. തിക്കുറിശ്ശിയെ മുഖം കാണിച്ചിട്ട് തങ്കെന്റ അടുത്ത് പോയാൽ പണം റെഡിയെന്ന് പതിവുകാർക്കറിയാം. സിനിമയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുെവയ്ക്കുകയും ലക്ഷ്യം കാണാനാവാതെ പോവുകയും ചെയ്ത പലരും തിക്കുറിശ്ശിയെ കാണാനെത്തുമായിരുന്നു. തിക്കുറിശ്ശി വളരെ ബഹുമാനിച്ചിരുന്ന കലാകാരൻ മുതുകുളം രാഘവൻ പിള്ളയാണ്.

‘ജീവിതനൗക’യിലെ അഭിനയത്തോടെയാണ് തിക്കുറിശ്ശി മരിച്ചീനിവിളയിലെ (ഇപ്പോൾ ജവഹർ നഗർ) വീട് വയ്ക്കുന്നത്. അക്കാലത്ത് താരങ്ങളുടെ പരമാവധി പ്രതിഫലം 500 രൂപയാണ്. ‘സ്ത്രീ’ സിനിമയായപ്പോൾ തിരക്കഥയും ഗാനങ്ങളുമെഴുതി അഭിനയിക്കുകയും ചെയ്തു. 20,000 രൂപയാണ് പ്രതിഫലം കിട്ടിയത്. ജീവിതനൗക നാല് ഭാഷയിലെടുത്ത ആദ്യ സിനിമയായിരുന്നു. ജീവിതനൗകയ്ക്ക്‌ മലയാളത്തിൽ നിന്ന് 25,000 രൂപയും ഹിന്ദിയിൽ നിന്ന് 25,000 രൂപയുമായിരുന്നു പ്രതിഫലമായി കിട്ടിയത്. പ്രതിഫലത്തിന്റെ കാര്യത്തിലും അന്ന് തിക്കുറിശ്ശി സൂപ്പർ സ്റ്റാറായിരുന്നു.

പ്രേംനസീറിന് തിക്കുറിശ്ശി ഗുരുസ്ഥാനീയനാണ്. ഒരു ചലച്ചിത്ര നിരൂപകൻ നസീറിനെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതായി തിക്കുറിശ്ശിക്ക് തോന്നി. പക്ഷേ, ഉള്ളിൽ വേദനയുണ്ടായിട്ടും നസീർ അത് പുറത്ത് കാണിച്ചില്ല. ആ നിരൂപകനെ, ഒരു ലേഖനത്തിൽ മൂർച്ചയുള്ള ഭാഷയും പാരഡി കലർന്ന വിമർശനങ്ങളുമായി തിക്കുറിശ്ശി ‘കൊത്തിനുറുക്കി’. പ്രസിദ്ധീകരണമിറങ്ങിയതിന്റെ അന്ന് രാവിലെ നസീർ കാണാനെത്തി. തിക്കുറിശ്ശിയുടെ പാദങ്ങളിൽ തൊട്ട് തൊഴുതതിനു ശേഷമാണ് സംസാരം തുടങ്ങിയത്.

തിക്കുറിശ്ശിയുടെ അച്ഛൻ മങ്കാട് സി. ഗോവിന്ദപ്പിള്ള അദ്ധ്യാപകനും കവിയുമാണ്. അദ്ദേഹം പറഞ്ഞുകൊടുത്ത കവിതകളും കുറിപ്പുകളും തങ്കൻ തിരുവട്ടാറിന്റെ ശേഖരത്തിലുണ്ട്. അച്ഛന്റെ പ്രതിഭകളേറ്റു വാങ്ങിയ ഉത്തമപുത്രനാണ് തിക്കുറിശ്ശി. ബന്ധുവും പുറംലോകമറിയാത്ത കവിയുമായിരുന്ന പാലൂർ രാമൻ പിള്ളയുമായി ചേർന്ന് കുട്ടിക്കാലത്ത് തിക്കുറിശ്ശി ഒട്ടേറെ കവിതകളെഴുതിയിട്ടുണ്ട്.

തിക്കുറിശ്ശിയുടെ കവിതകൾ’ എന്ന സമാഹാരത്തിൽ 47 കവിതകളാണുള്ളത്. ‘കെടാവിളക്ക്’, ‘ഇനി കണ്ണുനീർ മാത്രം’, ജീവിതയാത്ര (നാടകം), ബ്രഹ്മഗിരി (നാടകം) എന്നിങ്ങനെ നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാള സിനിമ ആദ്യമായി പദ്മശ്രീ നേടിയത് തിക്കുറിശ്ശിയിലൂടെയാണ്. ജെ.സി. ഡാനിയൽ പുരസ്കാരം, പ്രേംനസീർ അവാർഡ് എന്നിങ്ങനെ ജവഹർ നഗറിലെ ‘കനകശ്രീവത്സം’ എന്ന വീട് മുഴുവൻ പുരസ്കാരങ്ങളാണ്. വിഭവ സമ്പന്നമാണ് ആ വീട്ടിലെ ഗ്രന്ഥശാല. ഓരോ മുറിയും ഓരോ ഗാലറിയാണ്; പ്രതിമകൾ, പെയിന്റിംഗുകൾ, ചിത്രങ്ങൾ...
തിക്കുറിശ്ശി എന്തും വെട്ടിത്തുറന്ന് പറയും. മദ്യത്തിന് വേണ്ടിയും എതിർത്തും കവിതകളെഴുതി - ‘മദ്യം സുപേയം’. മറ്റൊന്ന് ‘മദ്യം നപേയം’.

അഭിനയം സിനിമയിൽ മാത്രമേയുള്ളു. നേരേ വാ, നേരേ പോ. ഇതാണ് ഇഷ്ടം. സരസ ശ്ലോകങ്ങൾ ഇടകലർത്തിയുള്ള പ്രസംഗങ്ങൾ ഓർമിച്ചുപോകുന്നത് സ്വാഭാവികമാണ്. കാരണം, അക്ഷരങ്ങളും അഭിനയവും പോലെ ആ ശബ്ദവും ചിരഞ്ജീവിയാണ്.

ഓർമയുടെ ജാലകപ്പഴുതിലൂടെ നമ്മൾ തിക്കുറിശ്ശിയെ കാണുന്നു.    
ഇതുപോലൊരാൾ ഇന്നും നമുക്കൊപ്പമുണ്ടായിരുന്നെങ്കിൽ......
ഒ.എൻ.വി. എഴുതിയതു പോലെ, ഒരുമാത്ര വെറുതെ നിനച്ചുപോവുന്നു.