ktc Abdullaകോഴിക്കോടിന്റെ സിനിമാ-നാടകരംഗത്ത്‌ നിറസാന്നിധ്യമാണ്‌ കെ. അബ്ദുള്ളയെന്ന കെ.ടി.സി. അബ്ദുള്ള. സ്കൂളിൽ പഠിക്കുന്ന കാലത്ത് നാടകങ്ങൾ എഴുതി, അഭിനയിച്ചാണ് തുടക്കം. പിന്നെ കാണാക്കിനാവിലെ അധ്യാപകൻ, കാറ്റത്തെ കിളിക്കൂടിലെ റിക്ഷക്കാരൻ, അറബിക്കഥയിലെ അബ്ദുക്ക, യെസ് യുവർ ഓണറിലെ കുഞ്ഞമ്പു, ഗദ്ദാമയില ഗൾഫുകാരൻ...തുടങ്ങി ശ്രദ്ധേയമായ വേഷങ്ങൾ അബ്ദുള്ള അവതരിപ്പിച്ചിട്ടുണ്ട്. കേരള ട്രാൻസ്പോർട്ട് കമ്പനി (കെ.ടി.സി.)യിൽ ചേർന്നതിന് ശേഷമാണ് ഇദ്ദേഹം കെ.ടി.സി. അബ്ദുള്ളയായത്. 1959-ലാണ് അബ്ദുള്ള കെ.ടി.സി. യിൽ ജോലിയിൽ പ്രവേശിച്ചത്. കലയിൽ തത്‌പരരായ കെ.ടി.സി.യുടെ ഉടമകൾ നാടകപ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും നൽകി. 

റേഡിയോനാടകരംഗത്ത് ‘എ ഗ്രേഡ്’ ആർട്ടിസ്റ്റാണിദ്ദേഹം. പാളയം കിഴക്കെക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചത്. ഡ്രൈവർ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936-ലാണ് ജനനം. ബൈരായിക്കുളം, ഹിമായത്തുൽ ഇസ്‌ലാം സ്കൂൾ, ഗണപത് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പഠനം. നാടകഭ്രമം മൂത്ത് എട്ടാംക്ലാസിൽ പഠനം നിർത്തി കലാരംഗത്ത് സജീവമായി. ആദ്യനാടകത്തിൽ സ്ത്രീവേഷമാണവതരിപ്പിച്ചത്. എ.കെ. പുതിയങ്ങാടിയുടെ ‘കണ്ണുകൾക്ക് ഭാഷയുണ്ട്’ എന്ന നാടകം മലബാർ നാടകോത്സവത്തിൽ അവതരിപ്പിച്ചപ്പോൾ നടി വരാതിരുന്നതോടെയാണതിൽ  പെൺവേഷമണിയേണ്ടി വന്നത്. പിന്നീട് പി.എൻ.എം. ആലിക്കോയയുടെ ‘വമ്പത്തി നീയാണ് പെണ്ണ്’ എന്ന നാടകത്തിലും സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചു. 

സംഗമം, സുജാത, മനസാവാചാകർമണ, അങ്ങാടി, അഹിംസ, ചിരിയോചിരി, ഇത്തിരിപ്പൂവേ ചുവന്നേ പൂവേ, വാർത്ത, എന്നും നന്മകൾ,  കവി ഉദ്ദേശിച്ചത് തുടങ്ങി 35-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എം.ടി. വാസുദേവൻ നായർ, സത്യൻ അന്തിക്കാട്, ഹരിഹരൻ, ടി. ദാമോദരൻ, ഐ.വി. ശശി, ഭരതൻ തുടങ്ങിയവരുടെയൊക്കെ സിനിമകളിൽ അബ്ദുള്ള അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ എം 80 മൂസ എന്ന സീരിയലിലും അഭിനയിച്ചുവരുന്നു. മലയാളചലച്ചിത്ര സഹൃദയവേദിയുടെ പ്രേംനസീർ അവാർഡ് ലഭിച്ചിട്ടുണ്ട്.

ktc abdulla
പി.വി.ഗംഗാധരൻ, മോഹൻലാൽ, ഹരിഹരൻ എന്നിവർക്കൊപ്പം

പഠിക്കുന്ന കാലത്തുതന്നെ യു.ഡി.എ. (യുെണെറ്റഡ് ഡ്രമാറ്റിക് അക്കാദമി) എന്ന നാടകസംഘടനയുടെ രൂപവത്‌കരണത്തിന് പ്രധാനപങ്ക് വഹിച്ചു. സംഘടനയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾവഹിച്ചു. ഇപ്പോൾ യു.ഡി.എ.യുടെ ജനറൽ സെക്രട്ടറിയാണ്.

KTC Abdulla
ഹരിഹരൻ, എം.ടി. എന്നിവർക്കൊപ്പം

എം.ഇ.എസ്., സിയസ്‌കോ, മുഹമ്മദ് റഫി ഫൗണ്ടേഷൻ, കാലിക്കറ്റ് മ്യൂസിക് ക്ലബ്ബ്‌, മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് എന്നീ സംഘടനകളിലും സജീവപ്രവർത്തകനാണ്. ഇരുപത്തഞ്ചോളം നാടകങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അബ്ദുള്ള അവതരിപ്പിച്ചിട്ടുണ്ട്. ഗൃഹലക്ഷ്മിയെന്ന പേരിൽ കെ.ടി.സി. ഗ്രൂപ്പ് സിനിമാനിർമാണ കമ്പനി തുടങ്ങിയതോടെ അബ്ദുള്ള സിനിമയിലുമെത്തി. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ 1977- ലെ സുജാത മുതൽ നോട്ട്ബുക്ക് വരെയുള്ള എല്ലാ ചിത്രങ്ങളുടെയും അണിയറയിൽ അബ്ദുള്ളയുണ്ട്. ചിലതിൽ വേഷമിടുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ എല്ലാ കലാസാംസ്കാരികപ്രവർത്തനങ്ങളിലും നിറസാന്നിധ്യമാണ് ഈ എൺപതുകാരൻ.