bharathan
ഫോട്ടോ: ഹരി ഗുരുവായൂർ

തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ മലയാളിക്ക് ഭരതനെ ഓര്‍ക്കാതെ വയ്യ. കര്‍ക്കടകത്തിലെ മഴ പോലെ ഭരതന്റെ സിനിമകള്‍ വികാരങ്ങളുടെ മലവെള്ളപ്പാച്ചിലൊരുക്കി. അവയിലൂടെ പ്രണയവും കാമവും പ്രതികാരവും വഞ്ചനയും സ്‌നേഹവും വൈരാഗ്യവും കുത്തിയൊലിച്ചു വന്നു. തകര, ചാമരം, വൈശാലി, അമരം, നിദ്ര, ചാട്ട, വെങ്കലം, പാഥേയം, ഓര്‍മയ്ക്കായി, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ... ഓര്‍മകള്‍ അവസാനിക്കുന്നതേയില്ല.

ഒരിക്കല്‍കൂടി ജൂലായ് 30. ഓര്‍മകളുടെ ഗോപുരത്തില്‍ ഒളിമങ്ങാതെ ഭരതന്‍ ജ്വലിച്ച് നില്‍ക്കുന്നു.

പച്ച പിടിച്ച ചിത്രങ്ങള്‍

ചിത്രകാരനായിരുന്നു ഭരതന്‍. അദ്ദേഹത്തിന്റെ സിനിമകളും നിറക്കൂട്ടുകളായിരുന്നു. 'അമര'ത്തിലെ കടലും 'പാള'ങ്ങളിലെ റെയില്‍വേ പാളവും 'വൈശാലി'യിലെ മഴയും 'മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട' ത്തിലെ പുഴയും ഈ ചിത്രങ്ങളില്‍ വര്‍ണം പകര്‍ന്നു.

ഓരോ ദൃശ്യവും ഓരോ പെയിന്റിങ് പോലെ. തന്റെ സിനിമകളുടെ പോസ്റ്ററുകളും അദ്ദേഹം തന്നെ വരച്ചൊരുക്കി. സംവിധായകന്റെ മനസ്സില്‍ തെളിഞ്ഞ വരകളായിരുന്നു ഭരതന്റെ ഓരോ സിനിമയും.


 

ഗ്രാമീണതയുടെ കലാകാരന്‍

ഗ്രാമീണതയോട് അടങ്ങാത്ത ആസക്തിയായിരുന്നു ഭരതന്. പുഴയും പാടവും മലകളും പച്ചപ്പും ഓരോ ഫ്രെയിമിലും അദ്ദേഹം ഒരുക്കിവച്ചു. ശരീരങ്ങളുടെ ആസക്തിയും വെറുക്കപ്പെടേണ്ട വിഷയമല്ലെന്ന് അദ്ദേഹം വിശ്വസിച്ചു.

കാമവും പ്രണയവും തീപോലെ പടരുന്ന രംഗങ്ങള്‍ കയ്യടക്കത്തോടെ എങ്ങനെ ഒരുക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. ശരീരം അശ്ലീലമല്ലെന്നും സൗന്ദര്യമാണെന്നും പറഞ്ഞുതന്നു.



വടക്കാഞ്ചേരിയില്‍ നിന്ന്

വടക്കാഞ്ചേരി എങ്കക്കാട് ജനിച്ച ഭരതന്‍ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് ഡിപ്ലോമ നേടിയാണ് സിനിമയുടെ മാന്ത്രികലോകത്തേക്ക് കാലെടുത്തുവച്ചത്. കലാസംവിധാനവും പരസ്യ ചിത്രീകരണവുമായിരുന്നു തുടക്കം. പിന്നീട് സംവിധായകനായി. അമ്പതു സിനിമകളുടെ സ്രഷ്ടാവായി. പ്രശസ്ത നടി കെ.പി.എ.സി. ലളിതയെ ജീവിതസഖിയാക്കി. 1998 ജൂലായ് 30-ന് അരങ്ങൊഴിയും വരെയും സംവിധായകനായും ഗാനരചയിതാവായും സംഗീത സംവിധായകനായും സിനിമയുടെ സമസ്ത മേഖലകളിലും സ്വന്തം കയ്യൊപ്പ് പതിപ്പിച്ചു.