മലയാളത്തിന്റെ പ്രിയനടന്‍ സത്യന്‍ ഓര്‍മ്മയായിട്ട് 44വര്‍ഷം. മലയാളസിനിമയില്‍ ഒരു കാലഘട്ടത്തിന്റെ പേര്...ശക്തിയും പൗരുഷവും നിറഞ്ഞ കഥാപാത്രങ്ങളിലൂടെ ജനമനസ്സുകളിലിടംപിടിച്ച നടന്‍...സഹപ്രവര്‍ത്തകര്‍ക്ക് താങ്ങായിരുന്ന മനുഷ്യസ്‌നേഹി... അതൊക്കെയായിരുന്നു സത്യന്‍...

സിനിമയെന്ന മാധ്യമം വേണ്ടത്ര ജനപ്രീതി നേടാത്ത കാലഘട്ടത്തിലാണ് സത്യന്‍ മലയാളചലച്ചിത്രലോകത്തേക്ക് കടന്നുവന്നത്. പ്രതിഫലം തീരെ ആകര്‍ഷകമല്ലാത്ത കാലം. പട്ടാളജീവിതത്തിനുശേഷം തിരുവിതാംകൂര്‍ പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായിരിക്കെയാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. നാട്ടിലെ നാടകക്കളരിയിലായിരുന്നു ആദ്യകാലങ്ങളില്‍ അഭിനയപരിശീലനം. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതരാണ് സത്യനിലെ കലാകാരനെ കണ്ടെത്തിയത്. സിനിമാരംഗത്തുള്ളവരെ അദ്ദേഹം സത്യന് പരിചയപ്പെടുത്തി.

കൗമുദി പത്രാധിപരായിരുന്ന കെ.ബാലകൃഷ്ണന്‍ നിര്‍മ്മിച്ച 'ത്യാഗസീമ'യെന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാരംഗത്തെ സത്യന്റെ രംഗപ്രവേശം. ആദ്യസിനിമ പക്ഷേ വെളിച്ചം കണ്ടില്ല. നാടകവേദികളില്‍ സത്യനേശനെന്ന് അറിയപ്പെട്ടിരുന്ന സത്യന്‍ 1952-ല്‍ പുറത്തിറങ്ങിയ 'ആത്മസഖി'യിലൂടെ ചലച്ചിത്രരംഗത്ത് ചുവടുറപ്പിച്ചു. മലയാളസിനിമയ്ക്ക് ദേശീയ അംഗീകാരം നേടിക്കൊടുത്ത നീലക്കുയിലിലൂടെ സത്യന്‍ താരമായി വളര്‍ന്നു.

സ്വന്തം കഴിവുകളിലൂടെയാണ് അദ്ദേഹം സിനിമാരംഗത്ത് ഉയര്‍ന്നുവന്നത്. താരപദവിക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. സൗന്ദര്യവും രൂപവും ഉയരവുമെല്ലാം അളവുകോലായിരുന്നെങ്കില്‍ അഭിനയമികവാണ് സത്യനെ മുന്നിലെത്തിച്ചത്. 

കെ.സേതുമാധവന്‍, എ.വിന്‍സെന്റ്, രാമു കാര്യാട്ട് തുടങ്ങിയ പ്രമുഖരോടൊപ്പമായിരുന്നു സത്യന്റെ ആദ്യകാല സിനിമാജീവിതം. ഓടയില്‍നിന്ന് എന്ന ചിത്രത്തിലെ പപ്പുവും ചെമ്മീനിലെ പളനിയും ദാഹത്തിലെ ജയരാജനുമെല്ലാം സത്യനെ മലയാളസിനിമയിലെ അവിഭാജ്യഘടകമാക്കി. ഭാവാഭിനയത്തില്‍ സത്യന്റെ സൂക്ഷ്മത ഏറെ പ്രശംസിക്കപ്പെട്ടു. പൊതുവേ പരുക്കനായി എല്ലാവരും കരുതിയിരുന്ന അദ്ദേഹം സിനിമാരംഗത്തെ സഹപ്രവര്‍ത്തകരെ സഹായിക്കാന്‍ എന്നും മുന്നില്‍നിന്നു.

വില്ലനായ പോലീസുകാരനില്‍നിന്ന് സഹൃദയനായ കലാകാരനിലേക്കായിരുന്നു സത്യന്റെ ശ്രദ്ധേയമായ ചുവടുമാറ്റങ്ങള്‍. ഒരുകാലഘട്ടത്തില്‍ പുറത്തിറങ്ങിയ ചലച്ചിത്രങ്ങളിലെല്ലാം സത്യന്‍ നിറഞ്ഞുനിന്നു. പഴശ്ശിരാജ, പാലാട്ടുകോമന്‍, തച്ചോളി ഒതേനന്‍, യക്ഷി, ചെമ്മീന്‍, കാട്ടുതുളസി, മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, കടല്‍പ്പാലം, മുടിയനായ പുത്രന്‍ തുടങ്ങി സത്യന്റെ അഭിനയമികവ് പ്രകടമായ മലയാളചിത്രങ്ങള്‍ നൂറ്റമ്പതിലേറെ.


അക്കാലത്തെ ചില തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. നാടകത്തില്‍നിന്നാണ് കടന്നുവരവെങ്കിലും നാടകത്തിന്റെ സ്വാധീനം സത്യന്റെ കഥാപാത്രങ്ങളില്‍ തെല്ലുമുണ്ടായിരുന്നില്ല. തച്ചോളി ഒതേനനെപ്പോലെ വടക്കന്‍പാട്ടിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ സത്യന്‍ അസാമാന്യമികവ് പ്രകടിപ്പിച്ചു. അസുഖബാധിതനായിരിക്കുമ്പോഴും അഭിനയം അദ്ദേഹത്തിന് അടങ്ങാത്ത ആവേശം പകര്‍ന്നു.

മലയാളത്തിലെ മികച്ച എഴുത്തുകാരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. പ്രമുഖരായ സംവിധായകരോടും എഴുത്തുകാരോടുമെല്ലാമൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായി. പെരുമാറ്റത്തിലെ സൗമ്യത അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കി. അനുഭവങ്ങള്‍ പാളിച്ചകള്‍ ആയിരുന്നു സത്യന്റെ അവസാനചിത്രം. ലഭിച്ച കഥാപാത്രങ്ങളെല്ലാം പുതുമയുള്ളവ. തനിമയുള്ള അഭിനയംകൊണ്ട് അവയെ മികച്ചതാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.

അധ്യാപകനായും പട്ടാളക്കാരനായും പോലീസ് ഇന്‍സ്‌പെക്ടറായും ജീവിതവേഷങ്ങളില്‍ നിറഞ്ഞുനിന്ന സത്യന് കഥാപാത്രങ്ങളെ അനശ്വരമാക്കാന്‍ ജീവിതാനുഭവങ്ങള്‍ തന്നെ ധാരാളം. ജീവിതത്തില്‍ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ സിനിമയിലും അദ്ദേഹത്തിന് അവതരിപ്പിക്കേണ്ടതായി വരികയും ചെയ്തു.

ചിത്രങ്ങള്‍: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌