ഗായിക എസ് ജാനകിക്ക് 77 വയസ് തികഞ്ഞു. മാതൃഭൂമി ആഴ്ചപതിപ്പില്‍ രവി മേനോന്‍ ജാനകിയമ്മയെക്കുറിച്ച് എഴുതിയ പാട്ടെഴുത്തിലെ കുറിപ്പ്



വടക്കിന്റെയും തെക്കിന്റെയും വാനമ്പാടികള്‍ ഹൃദയംകൊണ്ട് ഒന്നായ മുഹൂര്‍ത്തം. 'ലതാജിക്കൊപ്പം' താന്‍ പാടി റെക്കോഡ് ചെയ്ത പാട്ടുകളുടെ ശേഖരം, പതിനഞ്ചു വര്‍ഷം മുന്‍പ് ചെന്നൈ നീലാങ്കരയിലെ വീട്ടില്‍വെച്ച് സ്‌നേഹപൂര്‍വം സമ്മാനിക്കെ, എസ്. ജാനകിയുടെ മുഖത്ത് വിരിഞ്ഞ തെല്ലു സങ്കോചംകലര്‍ന്ന പുഞ്ചിരി ഓര്‍മയുണ്ട്. ''പഴയ കുറെ ഹിന്ദി പാട്ടുകളാണ്; ഞാന്‍ പാടിയത്. അത്ര നന്നായിട്ടൊന്നുമില്ല. അധികമാരേയും കേള്‍പ്പിക്കാതിരുന്നാല്‍ നന്ന്...'' ജാനകിയമ്മ പറഞ്ഞു. അദ്ഭുതമായിരുന്നു എനിക്ക്. ലതാജിയും ജാനകിയമ്മയും ചേര്‍ന്ന് ഏതെങ്കിലും ഭാഷയില്‍ യുഗ്മ ഗാനം പാടി റെക്കോഡ് ചെയ്തതായി അറിവില്ല. പിന്നെങ്ങനെ സംഭവിച്ചു ഈ അപൂര്‍വസംഗമം?

''ഞങ്ങള്‍ ഒരുമിച്ചു പാടിയതല്ല,'' എന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം ജാനകി ചിരിച്ചു. ''ലതാജി പാടിയത് മുംബൈയിലെ ഏതോ സ്റ്റുഡിയോയില്‍വെച്ച്; ഞാന്‍ എന്റെ വീട്ടിലെ കിടപ്പുമുറിയിലും...'' കാസറ്റിനു പിന്നിലെ കൗതുകമുള്ള കഥ ജാനകിയുടെ വാക്കുകളില്‍ തന്നെ കേള്‍ക്കുക: ''1965-ലോ 66-ലോ ആണെന്നാണ് ഓര്‍മ. ഞാന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്നതേയുള്ളൂ. ലതാജിയോട് കടുത്ത ആരാധനയാണന്ന്. അവരുടെ എല്ലാ പാട്ടുകളും എനിക്ക് മനഃപാഠം. എകാന്തതയില്‍ ആ പാട്ടുകളില്‍ മുഴുകി സ്വപ്നം കണ്ടിരിക്കുകയായിരുന്നു പ്രധാന ഹോബി. അക്കാലത്ത് ഉള്ളില്‍ത്തോന്നിയ മോഹമാണ് ലതയുടെ പാട്ടുകള്‍ സ്വയം പാടി റെക്കോഡ് ചെയ്യണമെന്ന്; അതും പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ. ഇന്നത്തെപോലെ കരോക്കെ സംവിധാനമൊന്നും ഇല്ല അന്ന്. പിന്നെന്തു ചെയ്യും?''

പെട്ടെന്നാണ് ഒരു പോംവഴി മനസ്സില്‍ തടഞ്ഞത് ''വീട്ടില്‍ എച്ച്.എം.വി.യുടെ ഗ്രാമഫോണ്‍ ഉണ്ടായിരുന്നു; ഒരു കൊച്ചു ടേപ്പ് റെക്കോഡറും. ആദ്യം ഗ്രാമഫോണില്‍ ലതാജിയുടെ ഹിറ്റ് ഗാനങ്ങളുടെ എല്‍ പി റെക്കോഡ് വെച്ചു. പിന്നെ ടേപ്പ് ഓണ്‍ ചെയ്തു. പാട്ടില്‍ ലതാജി പാടുന്ന ഭാഗം എത്തുമ്പോള്‍ ഗ്രാമഫോണിന്റെ ശബ്ദം കുറയ്ക്കും. പകരം അതേ വരികള്‍ ഞാന്‍ ഏറ്റു പാടും. ഉപകരണ സംഗീതത്തിന്റെ ഭാഗം എത്തുമ്പോള്‍ വോള്യം കൂട്ടും. പിന്നെയും ലതാജിയുടെ ശബ്ദം വരുമ്പോള്‍ പകരം എന്റെ പാട്ട്... പശ്ചാത്തല സംഗീതം ഒറിജിനല്‍ തന്നെ; ശബ്ദം മാത്രം എന്റേത്. ഒന്നും രണ്ടുമല്ല 26 പാട്ടുകളാണ് അങ്ങനെ ഞാന്‍ റെക്കോഡ് ചെയ്തത്.

അത്ര പെര്‍ഫെക്റ്റ് ഒന്നുമല്ല. ശ്രദ്ധിച്ചാല്‍ ചിലപ്പോള്‍ ലതാജിയുടെ ശബ്ദവും കേള്‍ക്കാം. നല്ല ജാള്യത ഉണ്ടായിരുന്നതുകൊണ്ട് അധികമാരെയും കേള്‍പ്പിച്ചില്ല. പത്തു മുപ്പത്തഞ്ചു കൊല്ലത്തിനുശേഷം അടുത്തൊരു ദിവസം വെറുതെ പഴയ കാസറ്റ് എടുത്തു കേട്ട് നോക്കിയപ്പോള്‍ രസം തോന്നി അത്ര മോശമൊന്നുമായില്ലല്ലോ എന്നൊരു തോന്നല്‍. എന്തായാലും കേട്ട് അഭിപ്രായം പറയണം...''
ഒന്നല്ല, ഒരു നൂറു തവണയെങ്കിലും കേട്ടിട്ടുണ്ടാകും ആ പാട്ടുകള്‍... എന്റെ സംഗീതശേഖരത്തിലെ അമൂല്യ നിധികളില്‍ ഒന്ന്. 1950-കളിലും 60-കളുടെ തുടക്കത്തിലുമായി ലതാജി ശബ്ദം നല്‍കി അനശ്വരമാക്കിയ ഗാനങ്ങള്‍ ജാനകി അതേ സ്വരമാധുരിയോടെ, ഭാവാര്‍ദ്രതയോടെ പുനരാവിഷ്‌കരിക്കുന്നു: ജ്യോതി കലശ്, മേരെ മെഹബൂബ് തുജേ, വോ ഭൂലീ ദാസ്താന്‍, കഭി തോ മിലോഗേ ജീവന്‍ സാഥി, എഹസാന്‍ തേരാ ഹോഗാ മുജ് പര്‍, തേരാ മേരാ പ്യാര്‍ അമര്‍, രംഗീലാ രേ, ഓ മേരെ പ്യാര്‍ ആജാ, സാവരെ സാവരെ, ഗുംനാം ഹേ, വോ ദില്‍ കഹാം സെ ലാവൂം, ജൂം ജൂം ഡല്‍തീ രാത്, അജീ രൂട്ട് കര്‍ അബ് കഹാം ജായേഗാ, ചന്ദന്‍ സപദന്‍ , അള്ളാ തേരോ നാം, സയനോരാ, നാ മാനു നാ മാനു നാ മാനു രേ... എല്ലാം ക്ലാസിക്കുകള്‍. അനുരാധ (1960 ) എന്ന ചിത്രത്തിനുവേണ്ടി പണ്ഡിറ്റ് രവിശങ്കറിന്റെ ഈണത്തില്‍ ലതാജി പാടിയ സാവരെ സാവരെ കാഹേ മോ സേ എന്ന മനോഹര ഗാനം ജാനകി പുനരാവിഷ്‌കരിച്ചത് കേട്ടപ്പോള്‍, സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത ഒരാളാണ് അത് പാടിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. 1960-കളിലെ ജാനകിയാണെന്ന് ഓര്‍ക്കണം. ശബ്ദത്തിന്റെ അകൃത്രിമ സൗന്ദര്യം അതിന്റെ പാരമ്യത്തില്‍ നില്ക്കുന്ന കാലം. പാടുന്നത് ലതാജിയുടെ ഗാനങ്ങളെങ്കിലും അവയില്‍ ഓരോന്നിലും സ്വന്തം ആലാപനമുദ്ര ചാര്‍ത്താന്‍ മറന്നിട്ടില്ല ജാനകി. അന്നത്തെ ജാനകിയില്‍നിന്ന് അന്നത്തെ ലതാ മങ്കേഷ്‌കറിലേക്ക് ഏറെ ദൂരമൊന്നും ഇല്ലല്ലോ എന്നാണു പെട്ടെന്ന് തോന്നിയത്. ഉച്ചാരണം പോലും കിറുകൃത്യം. അക്കാര്യം ഗായികയോട് നേരിട്ട് പറയുകയും ചെയ്തു.

അര്‍ഥഗര്‍ഭമായ ഒരു പുഞ്ചിരിയായിരുന്നു മറുപടി. ''ശരിയായിരിക്കാം. പക്ഷേ, ലതാജി വടക്കും നമ്മള്‍ ഇങ്ങ് തെക്കുമായിപ്പോയില്ലേ?'' നിരാശയുടെ നേര്‍ത്ത ലാഞ്ഛനയുണ്ടായിരുന്നോ ജാനകിയുടെ ശബ്ദത്തില്‍? ഓര്‍മ വന്നത് അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ വാക്കുകളാണ്: ''ജാനകിയെ തെക്കേ ഇന്ത്യയുടെ ലതാ മങ്കേഷ്‌കര്‍ എന്ന് പലരും വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്. അത് ഒരുതരം താഴ്ത്തിക്കെട്ടലാണ്. ലതാജിയെ വടക്കിന്റെ ജാനകി എന്ന് ആരും വിശേഷിപ്പിക്കാറില്ലല്ലോ. ഹിന്ദിയില്‍ അധികം പാടിയില്ല എന്നതുകൊണ്ട് ജാനകി ദേശീയ ഗായിക ആകാതിരിക്കുന്നില്ല. ഇത്തരം താരതമ്യങ്ങള്‍ അനാവശ്യമാണ് എന്നാണ് എന്റെ അഭിപ്രായം. ജാനകിയെ ജാനകിയായും ലതയെ ലതയായും കണ്ടാല്‍ മതി നമുക്ക്. ആരും ആര്‍ക്കും പകരമാവില്ല...'' ലതാ മങ്കേഷ്‌കറെ 1969-ല്‍ പദ്മഭൂഷന്‍ നല്‍കി ആദരിച്ച സര്‍ക്കാരിന് നാല് പതിറ്റാണ്ടിലേറെ വേണ്ടിവന്നു ജാനകിക്ക് അതേ ബഹുമതി ചാര്‍ത്തിക്കൊടുക്കാന്‍ എന്നോര്‍ക്കുമ്പോള്‍, അന്ന് കേട്ട വാക്കുകള്‍ വീണ്ടും മനസ്സില്‍ തികട്ടിവരുന്നു. 1999-ല്‍ പദ്മവിഭൂഷനും 2001-ല്‍ ഭാരതരത്‌നവും നേടി പുരസ്‌കാരലബ്ധിയുടെ പരമോന്നതിയില്‍ നില്ക്കുന്ന ലതാജി എവിടെ, പദ്മ പുരസ്‌കാരനിരയുടെ സ്റ്റാര്‍ട്ടിങ് പോയന്റില്‍ അപമാനഭാരവുമായി അന്തിച്ചുനില്ക്കുന്ന എസ്. ജാനകിയെവിടെ?

സര്‍ക്കാര്‍ കനിഞ്ഞുനല്‍കിയ പദ്മഭൂഷന്‍ അടുത്ത കാലത്ത് ജാനകി നിരസിച്ചത് വിവാദമായിരുന്നു. തെല്ലു കടുപ്പമായിപ്പോയില്ലേ ആ തീരുമാനം എന്ന് ചോദിച്ചപ്പോള്‍ മറുപടിയായി രണ്ടു കഥകള്‍ പറഞ്ഞു ജാനകിയമ്മ. ആദ്യത്തേതില്‍ നായിക പി. ലീല. ആയുഷ്‌കാലം മുഴുവന്‍ ഒരു ദേശീയ ബഹുമതി സ്വപ്നം കണ്ട് ഒടുവില്‍ അതിനു പരിഗണിക്കപ്പെടുകപോലും ചെയ്യാതെ മരണത്തിനു കീഴടങ്ങിയ ഗായിക. മരിച്ച് ഏഴാംപക്കം പരേതാത്മാവിന് പദ്മഭൂഷന്‍വെച്ച് നീട്ടുകയാണ് അധികൃതര്‍ ചെയ്തത്. ക്രൂരമായ ഒരു ഫലിതം. ''ആര്‍ക്കു വേണം അത്തരമൊരു ബഹുമതി? ഒരര്‍ഥത്തില്‍ അത് പ്രഖ്യാപിക്കാതിരിക്കുകയായിരുന്നു ലീലയോട് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നീതി...'' ജാനകി പറയുന്നു.

രണ്ടാമത്തെ കഥയില്‍ നായിക ഷംഷാദ് ബീഗം . സ്വാതന്ത്ര്യപൂര്‍വകാലം മുതലേ ഇന്ത്യന്‍ സിനിമയുടെ പിന്നണിസംഗീത ചരിത്രത്തിന്റെ ഭാഗമായിരുന്ന ഗായിക. ലതയും ആശയും ഒക്കെ കത്തിനില്ക്കുമ്പോള്‍ സ്വന്തമായ ഒരു ആലാപനശൈലിയുമായി ഹിന്ദി സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആ പാട്ടുകാരിക്ക് സര്‍ക്കാര്‍ പദ്മഭൂഷന്‍ ചാര്‍ത്തിക്കൊടുത്തത് 2009-ലാണ്. പിന്നണിഗാനരംഗത്തോട് വിടവാങ്ങി നാലര പതിറ്റാണ്ടിനുശേഷം. 90 വയസ്സ് പിന്നിട്ട ബീഗം അപ്പോഴേക്കും മറവിയുടെ ലോകത്തേക്കുള്ള സഞ്ചാരം തുടങ്ങിക്കഴിഞ്ഞിരുന്നു. വീല്‍ച്ചെയറില്‍ ഇരുന്ന് രാഷ്ടപതിയില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയ ബീഗത്തിന്റെ മുഖത്തെ നിസ്സംഗഭാവം ഇന്നും നൊമ്പരമായി ഉള്ളില്‍ കൊണ്ട് നടക്കുന്നു ജാനകി.

''ഞാനിപ്പോള്‍ കാണുന്ന പേക്കിനാവുകളില്‍ രാഷ്ട്രപതി ഭവനിലേക്ക് ആരൊക്കെയോ ചേര്‍ന്ന് ഉന്തിക്കൊണ്ടു പോകുന്ന ഒരു സ്‌ട്രെച്ചര്‍ ഉണ്ട്. പ്രായാധിക്യം ബാധിച്ച് അനങ്ങാന്‍ വയ്യാതെ കിടക്കുന്ന ആരോ ഉണ്ടതില്‍... ചിലപ്പോള്‍ ഞാനാകാം; അല്ലെങ്കില്‍ ജീവിതം മുഴുവന്‍ സംഗീതത്തിനു സമര്‍പ്പിച്ച മറ്റൊരാള്‍...'' വിവിധ ഭാഷകളിലായി സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും ആല്‍ബം ഗാനങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് പാട്ടുകള്‍ പാടുകയും നാല് ദേശീയ അവാര്‍ഡുകളും 31 സംസ്ഥാന അവാര്‍ഡുകളും അടക്കം ബഹുമതികളുടെ എണ്ണമറ്റ നിര സ്വന്തമാക്കുകയും ചെയ്ത ഗായിക ഒരു നിമിഷം നിശ്ശബ്ദയാകുന്നു.


നഷ്ടങ്ങളുടെ തുടര്‍ക്കഥ


''ബഹുമതികള്‍ ആരെയാണ് ആഹ്ലാദിപ്പിക്കാത്തത്? എങ്കിലും അവ ഒരിക്കലും എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. പ്രതീക്ഷിച്ച സമ്മാനങ്ങള്‍ നിഷേധിക്കപ്പെട്ടതിന്റെ ദുഃഖം കുട്ടിക്കാലത്തേ ആവോളം അനുഭവിച്ചതുകൊണ്ടാവാം''- ജാനകി പറയുന്നു. ആദ്യമായി ഒരു പാട്ടുമത്സരത്തില്‍ പങ്കെടുത്തത് പതിനേഴാം വയസ്സിലാണ്. ആകാശവാണി നടത്തിയ ആ അഖിലേന്ത്യാ ലളിത ശാസ്ത്രീയസംഗീത മത്സരത്തില്‍ അവസാന റൗണ്ട് വരെ എത്തി ജാനകി. ഫൈനലില്‍ ഒരു അര്‍ധ ശാസ്ത്രീയഗാനം അതി ഗംഭീരമായി പാടുകയും ചെയ്തു. നിലയ്ക്കാത്ത ഹര്‍ഷാരവത്തോടെയാണ് സദസ്സ് ആ പ്രകടനത്തെ എതിരേറ്റത് . മുഖ്യ എതിരാളിയായ മത്സരാര്‍ഥി പാടിയതാകട്ടെ ഒന്നാന്തരമൊരു കര്‍ണാടക സംഗീതകൃതി. ''ശുദ്ധ ശാസ്ത്രീയ കൃതികള്‍ പാടരുത് എന്നായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന നിര്‍ദേശം. അതുകൊണ്ട് തന്നെ ആ കുട്ടിയെ അയോഗ്യ ആയി പ്രഖ്യാപിക്കുമെന്ന് എല്ലാവരും കരുതി.

പക്ഷേ, മത്സരഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം ആ കുട്ടിക്ക്. എനിക്ക് രണ്ടാം സ്ഥാനം മാത്രം.'' ഉള്ളില്‍ അടക്കിവെച്ച തേങ്ങലോടെ രാഷ്ട്രപതി ബാബു രാജേന്ദ്രപ്രസാദിന്റെ കൈകളില്‍നിന്ന് വെള്ളിമെഡല്‍ സ്വീകരിച്ചതിന്റെ മങ്ങിയ ഓര്‍മ ഇന്നുമുണ്ട് ജാനകിയുടെ മനസ്സില്‍... അന്ന് ക്ലാസിക്കല്‍ പാടി ജാനകിയെ പിന്തള്ളിയ കൊച്ചു ഗായിക പില്ക്കാലത്ത് അറിയപ്പെടുന്ന ശാസ്ത്രീയസംഗീതജ്ഞ ആയി-ആര്‍. വേദവല്ലി.

1957-ല്‍ നടന്ന മെട്രോ മര്‍ഫി സംഗീത മത്സരം മറ്റൊരു 'നഷ്ട'സ്മരണ. പാടിപ്പതിഞ്ഞ ചലച്ചിത്ര ഗാനങ്ങളാണ് ആ മത്സരത്തില്‍ പങ്കെടുത്തവര്‍ പാടിയത്. ഇന്നത്തെ റിയാലിറ്റി ഷോകളുടെ ഒരു പഴയ പതിപ്പ്. പതിവു പോലെ ആ മത്സരത്തിലും ജാനകി കലാശ റൗണ്ടില്‍ ഇടം നേടി. പുരുഷ-വനിതാ വിഭാഗങ്ങളിലെ അന്തിമവിജയികളെ കണ്ടെത്താന്‍ വിധികര്‍ത്താക്കളായി എത്തിയത് സിനിമയിലെ വിഖ്യാതരായ അഞ്ച് സംഗീതസംവിധായകര്‍... നൗഷാദ്, മദന്‍ മോഹന്‍, അനില്‍ ബിശ്വാസ്, സി. രാമചന്ദ്ര, വസന്ത് ദേശായി.

ഒന്നാംസ്ഥാനക്കാര്‍ക്ക് ഈ സംഗീതസംവിധായകര്‍ അവരവരുടെ അടുത്ത പടങ്ങളില്‍ പാടാന്‍ അവസരം നല്കും എന്നൊരു സുവര്‍ണ വാഗ്ദാനംകൂടി ഉണ്ടായിരുന്നു. ''അവസാന റൗണ്ടില്‍ ചോരി ചോരിയിലെ രസിക് ബല്‍മാ എന്ന പാട്ടാണ് ഞാന്‍ പാടിയത് . ഏതു പാട്ടും ഒരുവട്ടം കേട്ടാല്‍ ഒപ്പിയെടുത്ത് അതേപടി പാടാനുള്ള കഴിവ് ഈശ്വരന്‍ അന്നേ എനിക്കു തന്നിട്ടുണ്ട് . നിറഞ്ഞ സദസ്സിനു മുന്നില്‍ കഴിയുന്നത്ര ഭംഗിയായിത്തന്നെ ഞാന്‍ പാടി. സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിക്കുകയും ചെയ്തു . വേദിയുടെ പിറകില്‍ എത്തി ഒന്നാംസ്ഥാനം നിനക്കുതന്നെ എന്ന് ആശംസിച്ചവര്‍ ഏറെ . പക്ഷേ, മത്സരഫലം വന്നപ്പോള്‍ എന്റെ പേരില്ല. പരിപാടിക്ക് എത്തിയ പല പ്രമുഖരും പ്രതിഷേധിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല . ജൂറിയുടെത് അന്തിമ വിധിയായിരുന്നു. സമ്മാനം നിഷേധിക്കപ്പെട്ടതിനു പിന്നിലെ യഥാര്‍ഥ കാരണം പിന്നീടാണ് അറിഞ്ഞത്. ശങ്കര്‍ ജയ്കിഷന്‍ സംഗീതം നല്കിയ ഗാനം ഫൈനലില്‍ പാടിയത് ജൂറി അംഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലത്രെ.'' നിറകണ്ണുകളോടെ വേദിയുടെപിന്നില്‍ തലതാഴ്ത്തി ഇരുന്നു ജാനകി.

സംഗീതലോകത്തെ ഈഗോ'യുദ്ധ'ങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്കിയ ആദ്യത്തെ അനുഭവം. ഇവിടെ ഒരു ഉപകഥകൂടി. അതേ മെട്രോ മര്‍ഫി മത്സരത്തിന്റെ വനിതാവിഭാഗത്തില്‍ ജാനകിയെ പിന്നിലാക്കി ഒന്നാമതെത്തിയ ആര്‍തി മുഖര്‍ജി തൊട്ടടുത്തവര്‍ഷംതന്നെ പിന്നണിഗായികയായി അരങ്ങേറ്റംകുറിച്ചെങ്കിലും സിനിമയില്‍ സ്വന്തമായ ഒരു ഇടം കണ്ടെത്താനായില്ല അവര്‍ക്ക്. ആര്‍തിയെ ഇന്ന് നാം ഓര്‍ക്കുന്നത് മാസൂം എന്ന ചിത്രത്തിനുവേണ്ടി പാടിയ ദോ നയ്‌നാ ഏക് കഹാനി എന്ന ഒരൊറ്റ പാട്ടിന്റെ പേരിലായിരിക്കും. അതേ മത്സരത്തിലെ പുരുഷവിഭാഗം ജേതാവ് പിന്നീട് ഹിന്ദി സിനിമയിലെ തിരക്കേറിയ ഗായകനായിമാറി എന്നുകൂടി അറിയുക, മഹേന്ദ്ര കപൂര്‍ .
തിരിച്ചടികള്‍ അവസാനിച്ചിരുന്നില്ല . സിനിമയിലേക്കുള്ള ജാനകിയുടെ രംഗപ്രവേശത്തിനും ഉണ്ടായിരുന്നു നിര്‍ഭാഗ്യത്തിന്റെ അകമ്പടി. ഭര്‍തൃപിതാവാണ് ശബ്ദപരിശോധനയില്‍ പങ്കെടുക്കാന്‍ അനുവാദം തേടിക്കൊണ്ട് മരുമകള്‍ക്കുവേണ്ടി എ.വി.എം. സ്റ്റുഡിയോയിലേക്ക് അപേക്ഷ അയച്ചത്. ഓഡിഷന്‍ ടെസ്റ്റ് എളുപ്പം ജയിച്ചുകയറിയെങ്കിലും ആദ്യം പാടിയത് എ.വി.എം. പടത്തിനുവേണ്ടിയല്ല . ടി. ചലപതിറാവു സംഗീതസംവിധാനം നിര്‍വഹിച്ച വിധിയിന്‍ വിളയാട്ട് എന്ന തമിഴ്ചിത്രത്തില്‍ . രണ്ട് ദുഃഖഗാനങ്ങളാണ് പാടേണ്ടത്. കാലത്ത് ഒമ്പതുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ സ്റ്റുഡിയോ ബുക്ക്‌ചെയ്തിരുന്നു. അത്രയും സമയത്തിനുള്ളില്‍ പുതിയ പാട്ടുകാരി പാട്ട് പഠിച്ച് റെക്കോഡ്‌ചെയ്യുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. തമിഴ്ഭാഷയുമായി ഒരു ബന്ധവുമില്ല അക്കാലത്ത് ജാനകിക്ക്. പാട്ടുകള്‍ എഴുതിയെടുത്തത് മാതൃഭാഷയായ തെലുങ്കിലാണ്.

ഗാനത്തിന്റെ വരികളുടെ അര്‍ഥം ചോദിച്ചറിഞ്ഞശേഷം പാടാനായി ജാനകി മൈക്കിനു മുന്നില്‍ എത്തുന്നു. ആദ്യ ടേക്ക്തന്നെ ഒ.കെ. റെക്കോഡിങ് കഴിഞ്ഞപ്പോള്‍ സൗണ്ട് എഞ്ചിനിയറും ഓര്‍ക്കസ്ട്രക്കാരും എല്ലാം വന്ന് അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയായിരുന്നു പുതിയ ഗായികയെ. ഈ ഗായികയ്ക്കുവേണ്ടിയാവും ഇനി തെന്നിന്ത്യന്‍ സിനിമാലോകം കാതോര്‍ക്കുക എന്നുവരെ പ്രവചിച്ചവര്‍ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. പക്ഷേ, വിധിയിന്‍ വിളയാട്ട് വെളിച്ചംകണ്ടതേയില്ല; ജാനകി പാടിയ പാട്ടുകളും. ജാനകിയുടെ ശബ്ദം സംഗീതാസ്വാദകര്‍ ആദ്യം കേട്ടത് എം.എല്‍.എ. എന്ന തെലുങ്ക് ചിത്രത്തിലാണ്. പെണ്ട്യാല നാഗേശ്വര റാവു ഈണമിട്ട ''നീയാസാ അടിയാസാ ചെജരേ മനിപുസാ...'' എന്ന യുഗ്മഗാനം. ഒപ്പം പാടിയത് അന്നത്തെ ഗായകചക്രവര്‍ത്തിയായിരുന്ന ഘണ്ടശാല വെങ്കടേശ്വര റാവു. ''ഇത്രയും മാധുര്യമുള്ള ശബ്ദമോ?'' റെക്കോഡിങ്ങിനുശേഷം ഘണ്ടശാല ചോദിച്ചു. അടുത്ത നാലുപതിറ്റാണ്ടുകള്‍ക്കിടെ എസ്. ജാനകി ഏറ്റവുമധികം കേട്ടുതഴമ്പിച്ച ചോദ്യവും അതായിരിക്കണം.

''ഓരോ ഗാനത്തിനും ഒരു നിയോഗമുണ്ട്. രചയിതാവോ സംഗീതശില്പിയോ, പാടിയ നമ്മളോ വിചാരിച്ചാല്‍ തിരുത്തിക്കുറിക്കാനാവാത്ത ഒന്ന്. സെന്ദൂരപ്പൂവേ എന്ന ഗാനം ആദ്യത്തെ ദേശീയ അവാര്‍ഡ് നേടിത്തരുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചതല്ല ഞാന്‍. ഗംഗൈ അമരന്‍ എഴുതി ഇളയരാജ ഈണംപകര്‍ന്ന ആ പാട്ട് മോശമായതുകൊണ്ടല്ല; അതിനെക്കാള്‍ വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു പാട്ട് അതേവര്‍ഷംതന്നെ പാടി റെക്കോഡ്‌ചെയ്തിരുന്നതുകൊണ്ടാണ്. ഹേമവതി എന്ന കന്നഡ ചിത്രത്തിലെ ശിവ ശിവ എന്നദാ നാളിലഗേ ആയിരുന്നു ആ പാട്ട്. തോടി രാഗവും ആഭോഗിയും ഇടകലര്‍ത്തി എല്‍. വൈദ്യനാഥന്‍ ചിട്ടപ്പെടുത്തിയ ഗാനം. ആലാപനത്തില്‍ അതുപോലൊരു അഗ്‌നിപരീക്ഷ അതിനു മുന്‍പോ പിന്‍പോ നേരിട്ടിട്ടില്ല ഞാന്‍... റെക്കോഡിങ്ങിന് ചെന്നപ്പോഴാണ് അറിയുന്നത് കടുപ്പമുള്ള ശാസ്ത്രീയഗാനമാണെന്ന്. വയലിന്‍ ഇതിഹാസം എം.എസ്. ഗോപാലകൃഷ്ണനും മൃദംഗവിദ്വാന്‍ ചീനാക്കുട്ടിയും (മധുരൈ ടി. ശ്രീനിവാസന്‍) ആണ് അകമ്പടിസേവിക്കുന്നത്.

എന്നെ കണ്ടപ്പോഴേ എം.എസ്.ജി. സംശയം പ്രകടിപ്പിച്ചു. ഈ പാട്ട് ക്ലാസിക്കാ. നന്നായി അറിയുന്ന മറ്റാരെങ്കിലും പാടുകയാവില്ലേ നല്ലത് എന്ന്. മനസ്സ് നൊന്തു എന്നത് സത്യം. അത്തരം സന്ദര്‍ഭങ്ങളിലാണ് ഈശ്വരന്‍ എന്നെ ഏറ്റവും തുണച്ചിട്ടുള്ളത്. നിമിഷങ്ങള്‍ക്കുള്ളില്‍ പാട്ട് പഠിച്ചെടുത്ത് ഒറ്റ ടേക്കില്‍തന്നെ ഒ.കെ. ആക്കാന്‍കഴിഞ്ഞു എനിക്ക്. കൂടെ വായിച്ചവരും സംഗീതസംവിധായകനും എല്ലാം നേരില്‍ വന്ന് അഭിനന്ദിച്ചത് ഓര്‍മയുണ്ട് . അത്തവണത്തെ ദേശീയ അവാര്‍ഡ് ആ പാട്ടിന്റെപേരില്‍ എനിക്ക് ലഭിക്കും എന്നായിരുന്നു എല്ലാവരുടെയും പ്രവചനം. ഭാഗികമായി അത് ശരിയായി വന്നു. ബഹുമതി എനിക്കായിരുന്നെങ്കിലും പാട്ട് വേറൊന്നായിപ്പോയി...'' ജാനകി ചിരിക്കുന്നു. സെന്ദൂരപ്പൂവേ എന്ന പാട്ടിന്റെപേരില്‍ ലഭിച്ച ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഡെല്‍ഹിയില്‍ ചെന്നപ്പോള്‍ മറ്റൊരു അവിസ്മരണീയ അനുഭവംകൂടി ഉണ്ടായി. ഇഷ്ടഗായകനായ മുഹമ്മദ് റഫിക്കൊപ്പം വേദിപങ്കിടുക എന്ന അസുലഭ സൗഭാഗ്യം. ആ വര്‍ഷത്തെ മികച്ച പിന്നണിഗായകനുള്ള പുരസ്‌കാരം റഫിക്കായിരുന്നു ക്യാ ഹുവാ തേരാ വാദാ എന്ന പാട്ടിന്. ഏത് അവാര്‍ഡിനെക്കാള്‍ വിലമതിക്കുന്നു ഞാന്‍ ഇത്തരം അപൂര്‍വ നിമിഷങ്ങള്‍.''


റഫിയോടൊപ്പം


''റഫിസാഹിബിനെ ഒരിക്കലെങ്കിലും നേരില്‍ കാണാന്‍ കൊതിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്. കാണാന്‍ മാത്രമല്ല അദ്ദേഹത്തോടൊപ്പം ഒരേ മൈക്കിനു മുന്നില്‍ നിന്ന് പാടാനും ഈശ്വരന്‍ എനിക്ക് അവസരം തന്നു. ആദ്യം അദ്ദേഹത്തോടൊപ്പം പാടിയത് 1960-ലാണ്. ശിവാജിയും എന്‍.ടി.ആറും പദ്മിനിയും അഭിനയിച്ച തമിഴിലെ സമ്പൂര്‍ണ രാമായണത്തിന്റെ ഹിന്ദി പതിപ്പില്‍..., പക്ഷേ, അന്ന് റഫിയെ നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായില്ല . എന്റെ ഭാഗം ചെന്നൈയില്‍ ഭരണി സ്റ്റുഡിയോയിലാണ് റെക്കോഡ്‌ചെയ്തത്. അദ്ദേഹത്തിന്റേത് മുംബൈയില്‍ വെച്ചും. ഇന്നത്തെപോലെ പഞ്ചിങ് ഒന്നും ഇല്ല അക്കാലത്ത്. ഏച്ചുകൂട്ടല്‍ ജോയിനിങ് മാത്രം. എങ്കിലും ആ പാട്ട് കേള്‍ക്കുമ്പോള്‍ ഒരുമിച്ചു നിന്ന് പാടിയതല്ലെന്ന് ആരും പറയില്ല. അന്നത്തെ സൗണ്ട് എഞ്ചിനിയര്‍മാരുടെ കഴിവ്.''



റഫിയെ ജാനകി ആദ്യം നേരില്‍ കണ്ടത് 1969-ല്‍ 'തല്ല പെല്ലാമ' എന്ന തെലുങ്ക്ചിത്രത്തില്‍ പാടാന്‍ ചെന്നൈയില്‍ എത്തിയപ്പോഴാണ്. ടി.വി. രാജുവിന്റെ സംഗീതത്തില്‍ 'നുവ്വു നവ്വു തുണ്ണാവു' എന്നൊരു യുഗ്മഗാനം ആ ചിത്രത്തിനുവേണ്ടി ഒരുമിച്ചു പാടി റഫിയും ജാനകിയും. അതു കഴിഞ്ഞ് 1975-ല്‍ ആരാധന എന്ന സിനിമയ്ക്കുവേണ്ടി നേദെ തെലിസിന്തി എന്ന പാട്ടും. പാട്ടുകള്‍ പാടിത്തീര്‍ത്ത് നിഷ്‌കളങ്കനായ ഒരു കുട്ടിയെപ്പോലെ മുന്നില്‍ വന്നു നിന്ന് തെറ്റ് വല്ലതും പറ്റിപ്പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണേ എന്നു പറഞ്ഞ് കൈ കൂപ്പുന്ന റഫിയുടെ രൂപം മറക്കാനാവില്ല. നമ്മുടെ എല്ലാ അഹങ്കാരവും ഉരുകിയൊലിച്ചുപോകും ആ വിനയത്തിനു മുന്നില്‍... നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം പിറക്കുന്ന അദ്ഭുതപ്രതിഭാസമായിരുന്നു റഫി. ജീവിച്ചിരുന്നകാലത്ത് നാം അദ്ദേഹത്തെ വേണ്ടവിധത്തില്‍ ആദരിച്ചുവോ എന്ന് സംശയം. വെറുമൊരു പദ്മശ്രീയില്‍ ഒതുക്കാവുന്നതാണോ റഫിയുടെ മഹത്തായ സംഭാവനകള്‍ക്കുള്ള അംഗീകാരം?''

എന്തുകൊണ്ട് ഹിന്ദിയില്‍ കൂടുതല്‍ പാടിയില്ല എന്ന് ചോദിച്ചിട്ടുണ്ട് റഫി ഉള്‍പ്പെടെ പലരും. ആ വഴിക്ക് ചിന്തിക്കാന്‍ അവസരം ഉണ്ടായില്ല എന്നാണ് അന്നും ഇന്നും ജാനകിയുടെ ഉത്തരം. തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്വാസംവിടാന്‍പോലുമാകാത്ത തിരക്കായിരുന്നു അക്കാലത്ത്. പിന്നീട് 1980-കളോടെ ഹിന്ദിയില്‍ സജീവമായിത്തുടങ്ങിയപ്പോഴേക്കും ഹിന്ദി ചലച്ചിത്രഗാനങ്ങളുടെ സുവര്‍ണകാലം അസ്തമിച്ചുതുടങ്ങിയിരുന്നു. നൗഷാദിനും മദന്‍ മോഹനും ശങ്കര്‍ ജയ്കിഷനും ഒന്നും വേണ്ടി പാടാനായില്ല എന്നത് വലിയൊരു നഷ്ടബോധമായി ഇന്നും മനസ്സിലുണ്ട്. എന്നാല്‍ പ്രിയസംഗീത സംവിധായകനായ ഒ.പി. നയ്യാറിനുവേണ്ടി തെലുങ്കില്‍ പാടാന്‍ അവസരമുണ്ടായി ഒരിക്കല്‍... റെക്കോഡിങ്ങിനുശേഷം നയ്യാര്‍ ആവേശത്തോടെ പറഞ്ഞ വാക്കുകള്‍ മറന്നിട്ടില്ല ജാനകി: ''ഏറെ വൈകിപ്പോയി നമ്മുടെ കൂടിക്കാഴ്ച. നേരത്തേ കണ്ടുമുട്ടിയിരുന്നെങ്കില്‍ എന്റെ എല്ലാ പാട്ടുകളും നിന്നെക്കൊണ്ട് പാടിച്ചേനെ...'' എങ്ങനെ നന്ദിപറയണം എന്നറിയാതെ നിറഞ്ഞ കണ്ണുകളോടെ തരിച്ചുനിന്നു ജാനകി.

ആശാ ഭോസ്ലെയ്ക്കു പകരം എസ്. ജാനകിയായിരുന്നു നയ്യാറിന്റെ ജനപ്രിയഗാനങ്ങള്‍ ആലപിച്ചിരുന്നതെങ്കില്‍ എന്നോര്‍ത്തു നോക്കുക. ജാനകിക്ക് മികച്ച പിന്നണിഗായികയ്ക്കുള്ള 1994-ലെ ആന്ധ്ര സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ഒരു ഗാനമുണ്ട് മാധവപെഡ്ഡി സുരേഷ് ഈണംപകര്‍ന്ന 'നരുടാ ഓ നരുടാ' . പടം ഹിന്ദിയിലേക്ക് മൊഴിമാറ്റംചെയ്തപ്പോള്‍ ഈ ഗാനം പാടാന്‍ നിയോഗിക്കപ്പെട്ടത് ആശാ ഭോസ്ലെ ആയിരുന്നു. പക്ഷേ, ജാനകിയുടെ പാട്ടു കേട്ടപ്പോള്‍ ആശയ്ക്ക് സംശയം ഇത് തനിക്ക് പാടിഫലിപ്പിക്കാനാകുമോ എന്ന്. ആശ പിന്മാറിയതോടെ ജാനകിതന്നെ ഹിന്ദിപതിപ്പിലും പാടേണ്ടിവന്നു എന്നതാണ് കഥയുടെ രത്‌നച്ചുരുക്കം.

ഹിന്ദിയില്‍ പാടിയാലേ ദേശീയഗായികയായി അംഗീകരിക്കപ്പെടൂ എന്ന അവസ്ഥയായിരുന്നു അന്നും. ദേശീയ അവാര്‍ഡ് എത്രതവണ ലഭിച്ചാലും ഫിലിം ഫെയര്‍ അവാര്‍ഡോളം എത്തില്ല അവിടെ. ഹിന്ദിയിലെ മൂന്നാംകിട ഗായകര്‍ക്കും സംഗീതസംവിധായകര്‍ക്കുംവരെ ലഭിച്ചുകഴിഞ്ഞ പദ്മ ബഹുമതി എം.എസ്. വിശ്വനാഥനെപ്പോലൊരു ജീനിയസ്സിനെ ഇനിയും തേടിവരാത്തത് അദ്ദേഹം തെക്കേ ഇന്ത്യയില്‍ ജനിച്ചുപോയി എന്നതുകൊണ്ടു മാത്രമല്ലേ എന്നാണ് ജാനകിയുടെ ചോദ്യം. മലയാളത്തില്‍ ദേവരാജന്‍മാസ്റ്റര്‍ ആണ് പദ്മ ബഹുമതി ലഭിക്കാത്ത മറ്റൊരു പ്രതിഭ. ''ഹിന്ദിയില്‍ കൂടുതല്‍ പാടാത്തതില്‍ ദുഃഖമൊന്നുമില്ല. പാടിയിരുന്നെങ്കില്‍ , മലയാളത്തില്‍ ഞാന്‍ പാടിയ എത്രയോ ഗാനങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടേനെ. നൗഷാദിന്റെയും മദന്‍മോഹന്റെയുമൊക്കെ സൃഷ്ടികളോട് തുലനംചെയ്യാവുന്ന പാട്ടുകളാണ് ബാബുരാജും ദക്ഷിണാമൂര്‍ത്തിയും ഉള്‍പ്പെടെയുള്ള സംഗീതസംവിധായകര്‍ ഇവിടെ എനിക്കുവേണ്ടി കാത്തുവെച്ചത്. ആ ഗാനങ്ങളില്‍ പൂര്‍ണ സംതൃപ്തയാണ് ഞാന്‍...'' ജാനകി പറയുന്നു.



മലയാളികളുടെ ജാനകി


ജാനകി സംസാരിച്ചുകൊണ്ടിരിക്കെ ആ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ ശ്രദ്ധിക്കുകയായിരുന്നു ഞാന്‍... ആഹ്ലാദവും വേദനയും ആത്മരോഷവും എല്ലാം മാറി മാറി വന്നു നിറയുന്നു അവിടെ. ഒപ്പം ഇടയ്‌ക്കൊക്കെ കണ്ണുകളില്‍ നേര്‍ത്ത നനവു പടരുന്നു. ആദ്യമായി കണ്ട നാള്‍, ജാനകിയുടെ നെറ്റിയില്‍ തെളിഞ്ഞുകിടന്ന വലിയ കുങ്കുമപ്പൊട്ട് ഇപ്പോഴില്ല. സുഹൃത്തും മാര്‍ഗദര്‍ശിയും ഏറ്റവും വലിയ പ്രചോദനകേന്ദ്രവുമായിരുന്ന പ്രിയ ഭര്‍ത്താവിനൊപ്പം ആ പൊട്ടും ജാനകിയുടെ ജീവിതത്തില്‍നിന്ന് മാഞ്ഞുപോയിട്ട് വര്‍ഷങ്ങളായി. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂള്‍ അങ്കണത്തിലെ വേദിയില്‍ നിശ്ചലയായി, ഭാവഭേദമെന്യേ നിന്നുപാടുന്ന ജാനകിയുടെ രൂപമാണ് ഓര്‍മയില്‍.

ആദ്യമായി കാണുകയായിരുന്നു കുട്ടിക്കാലത്തെ പ്രിയ ശബ്ദത്തിന്റെ ഉടമയെ. കൈയില്‍ നിവര്‍ത്തിപ്പിടിച്ച ഒരു കുഞ്ഞു പുസ്തകത്തില്‍ മുഴുകി മറ്റേതോ ലോകത്ത് സ്വയം നഷ്ടപ്പെട്ട് അങ്ങനെ നില്ക്കുകയാണെന്നേ തോന്നൂ ജാനകി. ചുണ്ടുകള്‍ അനങ്ങുന്നുണ്ടോ എന്നുപോലും സംശയം . പക്ഷേ, സ്പീക്കറുകളിലൂടെ ഒഴുകി ഇറങ്ങി വന്ന ശബ്ദത്തിന്റെ മാസ്മരികത ഒന്ന് വേറെയായിരുന്നു. ആ നാദ നിര്‍ഝരിയില്‍ മുങ്ങിക്കുളിച്ച് കോരിത്തരിച്ചിരുന്നു, നിറഞ്ഞ സദസ്സ്. സൂര്യകാന്തിയുടെ തുടക്കത്തിലെ മോഹിപ്പിക്കുന്ന ഹമ്മിങ്, കണ്മണിയെ എന്ന പാട്ടിലെ അടക്കിപ്പിടിച്ച ഗദ്ഗദം, അവിടുന്നെന്‍ ഗാനം കേള്‍ക്കാനിലെ ലജ്ജാവിവശത, തങ്കം വേഗം ഉറങ്ങിയാല്‍ എന്ന പാട്ടിലെ വാത്സല്യം, കേശാദിപാദത്തിലെ നിര്‍മലമായ ഭക്തി......

മലയാളത്തിലാണ് ജാനകിയുടെ ഏറ്റവും വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ പിറന്നതെന്നു തോന്നിയിട്ടുണ്ട്. ആ ശബ്ദത്തിന്റെ അപാര സാധ്യതകള്‍ പ്രയോജനപ്പെടുത്താത്ത ഒരൊറ്റ സംഗീത സംവിധായകനും ഉണ്ടാവില്ല നമ്മുടെ ഭാഷയില്‍ . ജാനകിയുടെ ശബ്ദവും ആലാപന ശൈലിയും തന്റെ സംഗീത സങ്കല്‍പ്പങ്ങള്‍ക്ക് ഇണങ്ങുന്നതല്ലെന്നു പ്രഖ്യാപിച്ചിട്ടുള്ള സാക്ഷാല്‍ ദേവരാജന്‍ മാസ്റ്റര്‍ പോലും അതീവഹൃദ്യമായ പാട്ടുകള്‍ സൃഷ്ടിച്ചു നല്‍കി അവര്‍ക്ക്. പൂമണി മാരന്റെ കോവിലില്‍, അമ്പാടി പൈതലേ (മിണ്ടാപ്പെണ്ണ്), ദേവകുമാരാ (തിലോത്തമ), പൂത്തു പൂത്തു പൂത്തു നില്ക്കും പൊന്നശോകം (കരുണ), മണിച്ചിലമ്പൊലി കേട്ടുണരൂ (ശകുന്തള), കാണാന്‍ നല്ല കിനാവുകള്‍ കൊണ്ടൊരു (ഭാര്യ) തുടങ്ങിയ സോളോകള്‍; അരുവീ തേനരുവീ (അന്ന), പ്രഭാത ഗോപുര വാതില്‍ തുറന്നു (തുലാഭാരം) തുടങ്ങിയ യുഗ്മഗാനങ്ങള്‍..... ദേവരാജനുവേണ്ടി അധികം പാട്ടുകള്‍ പാടാനായില്ല എന്നതാണ് സംഗീത ജീവിതത്തില്‍ തന്റെ ഏറ്റവും വലിയ ദുഃഖങ്ങളില്‍ ഒന്ന് എന്ന് ജാനകി പറഞ്ഞുകേട്ടതോര്‍ക്കുന്നു.

''പൂജ എന്ന സിനിമയിലെ മാനസസാരസ മലര്‍മഞ്ജരിയില്‍ എത്ര സുന്ദരമായ പാട്ടായിരുന്നു! മലയാളത്തില്‍ ഞാന്‍ പാടിയവയില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളില്‍ ഒന്നാണത്. മാസ്റ്റര്‍ക്കും അത് ഇഷ്ടമായിട്ടുണ്ടാവണം, എന്നിട്ടും എന്റെ മലയാള ഉച്ചാരണത്തില്‍ മാസ്റ്റര്‍ തൃപ്തനായിരുന്നില്ല എന്ന് പറഞ്ഞുകേട്ടപ്പോള്‍ വേദന തോന്നി. ഉച്ചാരണം ഇത്രയും മോശമായിരുന്നെങ്കില്‍ പിന്നെ എന്തുകൊണ്ടാവണം മലയാളികള്‍ എന്നെ ഇത്ര കാലം സഹിച്ചത്?''

നേരിട്ടുതന്നെ മാസ്റ്ററോട് ചോദിച്ചു നോക്കിയിട്ടുണ്ട് അക്കാര്യം . മറുപടി ഇതായിരുന്നു: ആലാപനത്തെ ക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ക്കു നിരക്കുന്നതായിരുന്നില്ല അവരുടെ ശബ്ദം. ആ സങ്കല്പത്തോട് കൂടുതല്‍ ഇണങ്ങി നിന്നത് സുശീലയുടെയും മാധുരിയുടെയും ശബ്ദങ്ങളാണ് എങ്കിലും ജാനകി ബാബുരാജിനുവേണ്ടി പാടിയ പാട്ടുകള്‍ പലതും എനിക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് അഞ്ജനക്കണ്ണെഴുതി, വാസന്തപഞ്ചമി നാളില്‍ എന്നിവ.... എനിക്കു വേണ്ടി ജാനകി പാടിയ പാട്ടുകളില്‍ ഏറ്റവും സംതൃപ്തി നല്‍കിയത് മിണ്ടാപ്പെണ്ണിലെ പൂമണിമാരന്റെ കോവിലില്‍ ആണ്. ''ഒരു കാര്യം കൂടി പറഞ്ഞു മാസ്റ്റര്‍: സിനിമാലോകത്ത് ഹൃദയവിശുദ്ധിയും വിനയവും ഒരു പോലെ കാത്തു സൂക്ഷിക്കുന്ന അപൂര്‍വം വ്യക്തികളെയേ കണ്ടിട്ടുള്ളൂ. അവരില്‍ ഒരാള്‍ ജാനകിയാണ്. പി.ബി.ശ്രീനിവാസ്, എസ്.പി.ബാലസുബ്രഹ്മണ്യം എന്നിവരെയും പെടുത്താം ആ ഗണത്തില്‍. മറ്റുള്ളവരില്‍ ഏറെയും കള്ളനാണയങ്ങളാണ്. ആത്മാര്‍ഥത തൊട്ടു തെറിച്ചിട്ടില്ലാത്തവര്‍.''

ബാബുരാജ് ആയിരുന്നു മലയാളത്തില്‍ എക്കാലവും ജാനകിയുടെ ഗോഡ്ഫാദര്‍.'
മദന്‍മോഹന് ലത എന്ന പോലെ, നൗഷാദിനു റഫി എന്ന പോലെ, സ്വന്തം സംഗീത പ്രപഞ്ചത്തിലെ അനിവാര്യമായ സാന്നിധ്യമായിരുന്നു ബാബുരാജിന് ജാനകി. ഓരോ ഹിന്ദുസ്ഥാനി രാഗത്തില്‍ നിന്നും പ്രിയഗായികയ്ക്ക് പാടാന്‍ അപൂര്‍വസുന്ദര ഈണങ്ങള്‍ സൃഷ്ടിച്ചു ബാബുരാജ്. പഹാഡി (അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍, വാസന്ത പഞ്ചമി), രാഗേശ്രി (തേടുന്നതാരെ ഈ ശൂന്യതയില്‍, താനേ തിരിഞ്ഞും മറിഞ്ഞും), ബീംപ്ലാസ് (താമരക്കുമ്പിളല്ലോ), യമന്‍ കല്യാണ്‍ (തളിരിട്ട കിനാക്കള്‍, ആരാധികയുടെ പൂജാകുസുമം), മിശ്ര കലാവതി (അഞ്ജന കണ്ണെഴുതി), ബിഹാഗ് (എന്‍പ്രാണനായകനെ), കേദാര്‍ (കവിളത്തെ കണ്ണീര്‍ കണ്ട്), ജോന്‍പുരി (ഇരു കണ്ണീര്‍ തുള്ളികള്‍)... അങ്ങനെയങ്ങനെ . ജാനകിയുടെ ശബ്ദത്തിലെ ഫോക് അംശമാണ് രാഘവന്‍ മാസ്റ്റര്‍ സ്വന്തം ഗാനങ്ങളില്‍ പ്രയോജനപ്പെടുത്തിയത്. മഞ്ഞണി പൂനിലാവ് (നഗരമേ നന്ദി), കൊന്നപ്പൂവേ, ഉണരുണരൂ (അമ്മയെ കാണാന്‍), വീണക്കമ്പി തകര്‍ന്നാലെന്നുടെ (ഉമ്മാച്ചു), ഉത്രട്ടാതിയില്‍ ഉച്ച തിരിഞ്ഞപ്പോള്‍ (കാക്കത്തമ്പുരാട്ടി) എന്നീ പാട്ടുകള്‍ എങ്ങനെ മറക്കാന്‍? മാസ്റ്ററുടെ ഈണത്തില്‍ ഭദ്രദീപം കരിന്തിരി കത്തീ (കൊടുങ്ങല്ലൂരമ്മ) എന്ന പാട്ടിനു ജാനകി പകര്‍ന്നു നല്‍കുന്ന വിഷാദ ഭാവത്തിനു പകരംവെക്കാന്‍ ഏറെ പാട്ടുകളുണ്ടോ മലയാളത്തില്‍? ദക്ഷിണാമൂര്‍ത്തി (ഇന്നലെ നീയൊരു, കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍, വടക്കിനിത്തളത്തിലെ, നീരദലതാഗൃഹം, ഗോവര്‍ധനഗിരി കൈയിലുയര്‍ത്തി, ഇനിയുറങ്ങൂ, അനുരാഗ നര്‍ത്തനത്തിന്‍), അര്‍ജുനന്‍ (മാനത്തിന്‍ മുറ്റത്ത്, കായല്ക്കരയില്‍ തനിച്ചു വന്നത്, മാനത്തു നിന്നൊരു നക്ഷത്രം), എം.എസ്.വിശ്വനാഥന്‍ (ആ നിമിഷത്തിന്റെ, വീണ പൂവേ, നിശീഥിനി), എ.ടി.ഉമ്മര്‍ (നീല ജലാശയത്തില്‍, സ്വര്‍ണ മുകിലുകള്‍ സ്വപ്നം കാണും , മഴമുകിലൊളി വര്‍ണന്‍, ഒരു മയില്‍പീലിയായ്, മധുമക്ഷികേ , ഏകാന്തതയില്‍ ഒരാത്മാവ് മാത്രം, ജലശംഖുപുഷ്പം), ചിദംബരനാഥ് (കേശാദിപാദം, നിദ്ര തന്‍ നീരാഴി, കുന്നിന്മേലെ നീയെനിക്കു, കര്‍പ്പൂരത്തേന്മാവില്‍, മാനത്തെ മണ്ണാത്തിക്കൊരു), പുകഴേന്തി (ഗോപുര മുകളില്‍, സുന്ദര രാവില്‍, ലോകം മുഴുവന്‍), സലില്‍ ചൗധരി (മലര്‍ക്കൊടി പോലെ, ശാരികേ, മഴവില്‍ക്കൊടി, യാമിനി ദേവീ) കെ.ജെ.ജോയ് (ലളിതാസഹസ്രനാമം), ഉഷാ ഖന്ന (ഉണരൂ വേഗം നീ, മാനസ മണിവേണുവില്‍, മുകിലേ), എം.ജി. രാധാകൃഷ്ണന്‍ (നാഥാ നീ വരും, മൗനമേ), ജോണ്‍സന്‍ (സ്വര്‍ണമുകിലേ, എന്നിട്ടും നീയെന്നെ, ഗോപികേ നിന്‍ വിരല്‍, മോഹം കൊണ്ട് ഞാന്‍)), ജെറി അമല്‍ദേവ് (മിഴിയോരം, പ്രകാശ നാളം ചുണ്ടില്‍ മാത്രം), രവീന്ദ്രന്‍ (തേനും വയമ്പും, രാവില്‍ രാഗനിലാവില്‍, ഓമന തിങ്കള്‍ കിടാവോ)... ജാനകിയുടെ ശബ്ദ മാധുരിയില്‍ നിന്ന് ഹിറ്റുകള്‍ മെനഞ്ഞെടുത്ത സംഗീത സംവിധായകരുടെ നിര ഇവിടെയെങ്ങും നില്ക്കില്ല.

''സംഗീത സംവിധായകന്റെ സങ്കല്പങ്ങള്‍ക്ക് അപ്പുറത്തേക്ക് ഗാനത്തെ ഉയര്‍ത്താന്‍ കഴിവുള്ള ഗായികയാണ് ജാനകി'' പുകഴേന്തിയുടെ വാക്കുകള്‍. കൊച്ചനിയത്തി എന്ന സിനിമയിലെ സുന്ദര രാവില്‍ എന്ന ഗാനത്തിന്റെ പല്ലവിയിലെ 'അനുരാഗത്തിന്‍ ആദ്യ നൊമ്പരം' എന്ന വരിക്ക് ജാനകി പകര്‍ന്നു നല്‍കിയ ഭാവസ്പര്‍ശം അവിശ്വസനീയമായിരുന്നു പുകഴേന്തിക്ക്. 'ആദ്യ' എന്ന രണ്ടക്ഷരങ്ങളില്‍ മറ്റാരും അത്രയും പ്രണയം നിറച്ചു കേട്ടിട്ടില്ല ഞാന്‍. പുകഴേന്തി പറഞ്ഞു. സമാനമായ ഒരനുഭവം എ. ടി. ഉമ്മറും വിവരിച്ചു കേട്ടിട്ടുണ്ട്.

സൂത്രക്കാരിയിലെ ''എകാന്തതയില്‍ ഒരാത്മാവ് മാത്രം എന്ന പാട്ടിന്റെ റെക്കോര്‍ഡിങ്. പാട്ടിന്റെ അവസാനം പല്ലവി ആവര്‍ത്തിക്കപ്പെടുന്ന ഭാഗത്ത് ഏകാന്തത എന്ന വാക്ക് കുറച്ചു കൂടി ഫീല്‍ കൊടുത്ത് അവതരിപ്പിക്കട്ടെ എന്നേ ജാനകി ചോദിച്ചുള്ളൂ. ഉമ്മറിന് പൂര്‍ണ സമ്മതം. ഒരു ദീര്‍ഘ നിശ്വാസത്തിന്റെ അകമ്പടിയോടെ അവര്‍ ആവാക്ക് ഉച്ചരിച്ചത് കേട്ടപ്പോള്‍ കണ്‍സോളില്‍ ഇരുന്ന് ശരിക്കും രോമാഞ്ചമണിഞ്ഞു ഞാന്‍.'' ഈ രണ്ടു സംഗീത സംവിധായകരുടെയും ഭൂരിഭാഗം ഗാനങ്ങളും ആലപിച്ചത് ജാനകി ആയിരുന്നു എന്നോര്‍ക്കുക.

പി.സുശീലയുടെ ശബ്ദത്തെ പെരിയാറിന്റെ മാദകത്വത്തോട് ഉപമിക്കും ഗായകന്‍ ജയചന്ദ്രന്‍. ജ