'ചെമ്മീനി'ല്‍ കറുത്തമ്മയെക്കുറിച്ച് കൊള്ളിവാക്ക് പറയുന്ന കഥാപാത്രം. പിന്നീട് ഒരു സീനില്‍ 'പളനി വള്ളത്തില്‍ ഉണ്ടെങ്കില്‍ ഞങ്ങളാ വള്ളത്തിലേക്കില്ല' എന്നു പറഞ്ഞ് കലിതുള്ളി പോകുന്ന കാഴ്ച. പറവൂര്‍ ഭരതന്‍ വിടപറയുന്നത് 'ചെമ്മീന്‍' റിലീസ് ചെയ്ത് അമ്പതു വര്‍ഷം തികയുന്ന ദിവസമാണ്.

തെമ്മാടി വേലപ്പനില്‍ ചിഞ്ചിലം പാശു, ആരോമലുണ്ണിയില്‍ പട്ടരുസ്വാമി, അള്‍ത്താരയില്‍ കടുവാ തോമ... ഭരതന്‍ വേഷമിട്ട കഥാപാത്രങ്ങള്‍ പ്രേഷക മനസ്സുകളില്‍ ചിരിയും ചിന്തയും പടര്‍ത്തി തങ്ങിനില്‍ക്കുന്നവയാണ്.

മുണ്ട് മടക്കിക്കുത്തി നില്കുന്ന പഴയകാല റൗഡിയില്‍ നിന്ന്, മുഖത്തെ കപ്പടാമീശ കൊണ്ട് ചിരിപ്പിക്കുന്ന കാര്യസ്ഥനിലേക്കുള്ള വേഷപ്പകര്‍ച്ചയിലുണ്ട് പറവൂര്‍ ഭരതന്‍ താണ്ടിയ ദൂരം. കാര്യസ്ഥനും കമ്പനി മാനേജരും തെമ്മാടിയും വാടക ഗുണ്ടയും തൊഴിലാളിയും മുതലാളിയും ഗുമസ്തനും ഒക്കെയായി നൂറു നൂറ് കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവനേകി. മലയാളത്തിലെ പതിനഞ്ചാമത്തെ ശബ്ദചിത്രം മുതല്‍ പറവൂര്‍ ഭരതന്‍ അഭ്രപാളികളില്‍ ആറ് പതിറ്റാണ്ട് നിറഞ്ഞുനിന്നു. 'മേലേപ്പറമ്പില്‍ ആണ്‍വീടി'ല്‍ പവിഴത്തിന് പിറകേ കൂടുന്ന കാര്യസ്ഥന്‍: 'നിക്കൂ പവിഴം, ഞാനിവിടത്തെ കാര്യസ്ഥന്‍, നീ വേലക്കാരി, നമ്മള്‍ ഒരുമിച്ച് ഒരു പശുവിനെ കറന്നെന്നു വച്ച് ഇവിടെ ഒന്നും സംഭവിക്കില്ല, ആരും അറിയാന്‍ പോകുന്നില്ല...' ഭരതന്റെ അവതരണം ആരെയാണ് ചിരിപ്പിക്കാതിരിക്കുക. 1964ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയ 'കറുത്ത കൈ'യില്‍ ഖാദര്‍ എന്ന വില്ലന്റെ വേഷമായിരുന്നു ഭരതന്റേത്. 'പഞ്ചവര്‍ണ തത്തപോലെ കൊഞ്ചിവന്ന പെണ്ണേ...' എന്ന ഗാനം ഇദ്ദേഹം അവതരിപ്പിച്ചതും ജനപ്രീതി നേടിയിരുന്നു. ഗോഡ്ഫാദറിലെ പരമശിവനും ജൂനിയര്‍ മാന്‍ഡ്രേക്കിലെ പട്ടി മേനോനും അരമനവീടും അഞ്ഞൂറേക്കറും എന്ന സിനിമയിലെ ഫല്‍ഗുനന്‍ പിള്ളയും ഭരത കഥാപാത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നവയാണ്.


കഥാവശേഷന്‍


സലിംകുമാര്‍


മൂത്ത പെങ്ങള്‍ക്ക് കല്യാണം. ചെറുക്കന്റെ വീടിന്റെ അടയാളമായി പറഞ്ഞത് പറവൂര്‍ ഭരതന്റെ വീടിന്റെ മൂന്നാമത്തെ വീടെന്നാണ്. കല്യാണം പെങ്ങളുടേതാണെങ്കിലും അഹങ്കരിച്ചത് ഞാനാണ്. അളിയന്‍ പറവൂര്‍ ഭരതന്റെ അടുത്ത വീട്ടുകാരനാണല്ലോ!!അതോടെ കൂട്ടുകാര്‍ക്കിടയിലും ഞാന്‍ ഹീറോ ആയി.


പെങ്ങളുടെ വീട്ടില്‍ പോകുമ്പോഴൊക്കെ ഭരതേട്ടന്റെ വീടിന്റെ പടിക്കല്‍ പോയി നില്‍ക്കും. മദിരാശിയിലായിരുന്നു അദ്ദേഹം പലപ്പോഴും. അതുകൊണ്ട് കാണാനൊത്തില്ല. ഒരു ദിവസം കണ്ടു. വീടിന്റെ മുന്നിലിരുന്ന് പത്രം വായിക്കുകയാണ്. എന്റെ നില്പു കണ്ട് കുറേക്കഴിഞ്ഞപ്പോള്‍ അദ്ദേഹം കണ്ണുകൊണ്ട് 'എന്താ' എന്നു ചോദിച്ചു. 'ഒന്നൂല്ലെ'ന്ന് കണ്ണുകൊണ്ടുതന്നെ ഞാനും പറഞ്ഞു.
ഞാന്‍ സിനിമയിലെത്തിയത് ഭരതേട്ടന്‍ കാരണമാണ്. ഇത്, അദ്ദേഹം മരിച്ചുകിടക്കുമ്പോള്‍ പതിവ് അനുസ്മരണമായി പറയുന്നതല്ല. പറവൂരിലെ ഒരു സാധാരണക്കാരന്റെ മകന് സിനിമയിലെത്താമെങ്കില്‍ എന്തുകൊണ്ട് നിനക്ക് എത്തിക്കൂടാ എന്ന് എന്നിലെ പറവൂരുകാരനോട് സ്വന്തം സിനിമകളിലൂടെ ചോദിക്കാതെ ചോദിക്കുകയായിരുന്നു പറവൂര്‍ ഭരതന്‍. അദ്ദേഹമായിരുന്നു എന്റെ പ്രചോദനം. പറവൂരില്‍ നിന്ന് മലയാളസിനിമയിലേക്ക് അധികം ദൂരമില്ലെന്ന് പഠിപ്പിച്ച പാഠപുസ്തകം.

ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. രണ്ടു പേരുമുള്ള സിനിമകള്‍ കുറേയുണ്ട്. പക്ഷേ, കോമ്പിനേഷന്‍ സീന്‍ എന്തുകൊണ്ടോ ഒരിക്കലും സംഭവിച്ചില്ല. ഒരു സിനിമയില്‍ ഞങ്ങളൊരുമിച്ചുള്ള സീന്‍ ഉണ്ടായിരുന്നു. പക്ഷേ, ആ സിനിമ പുറത്തിറങ്ങിയില്ല. ഇനി പുറത്തിറങ്ങുകയുമില്ല. സിനിമയില്‍ രണ്ട് പറവൂരുകാര്‍ തമ്മില്‍ കാണേണ്ടെന്നും അങ്ങനെയൊന്ന് നാട്ടുകാര്‍ കാണേണ്ടെന്നും ഈശ്വരന്‍ നിശ്ചയിച്ചിരിക്കണം.

സിനിമയിലെത്തിയപ്പോഴും ഭരതേട്ടന്‍ ഐന്ന സ്വാധീനിച്ചുകൊണ്ടേയിരുന്നു. പറവൂര്‍ ഭരതന് പേരുദോഷമുണ്ടാക്കാന്‍ വന്ന മറ്റൊരു പറവൂരുകാരന്‍ എന്ന് പറയിപ്പിക്കരുതെന്ന നിര്‍ബന്ധം അഭിനയിക്കുമ്പോഴൊക്കെ മുന്നറിയിപ്പായി ഉള്ളിലുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്.
ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ വീട്ടിലെ തിരക്കിനിടയിലും ഞാന്‍ ഭരതേട്ടനെ കാണാനാണ് ആദ്യം പോയത്. അവിടെ ചെന്നപ്പോള്‍ മകന്‍ പറഞ്ഞു, വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ എന്നെ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന്. ഭരതേട്ടന്‍ എന്നോട് പറഞ്ഞു: ''നീ വന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു...'' ഞാന്‍ പറഞ്ഞു: ''!ഞാന്‍ ഇവിടെ വരാതെ എവിടെപ്പോകാന്‍ ഭരതേട്ടാ...'' കഥകള്‍ പറഞ്ഞൊരു നാടാണ് ഞങ്ങളുടെ പറവൂര്‍. അതിനെ പേരില്‍ സൂക്ഷിച്ച ഒരാള്‍ കഥാവശേഷനാകുന്നു. വല്ലാതെ ഹൃദയത്തെ സ്പര്‍ശിച്ചുപോകുന്നു ഈ യാത്ര.


കണ്ണുകള്‍ നിറയുന്നു...നടി ശാരദ പറവൂര്‍ ഭരതന്റെ വീട്ടിലെത്തി സൗഹൃദം
പങ്കുവെക്കുന്നു. ഭാര്യ തങ്കമണി സമീപം


ശാരദ


അന്ന് ഭരതന്‍ചേട്ടന്റെ കണ്ണുകള്‍ നിറഞ്ഞു, സന്തോഷം കൊണ്ട്. ഇന്ന് എന്റെ കണ്ണുകള്‍ നിറയുന്നു, സങ്കടം കൊണ്ട്...
'ചിത്രഭൂമി'യില്‍ ഭരതന്‍േചട്ടനുമായുള്ള മുഖാമുഖം വായിച്ചപ്പോഴാണ് എന്റെ ഓര്‍മകളും കാലങ്ങള്‍ക്ക് പിറകിലേക്കോടിയത്. വില്ലനായി എന്നെ ഉപദ്രവിക്കുന്ന കഥാപാത്രമായിരുന്നെങ്കിലും ജീവിതത്തില്‍ ഭരതന്‍ചേട്ടന്‍ നേരെ മറിച്ചായിരുന്നു. എപ്പോഴും ബഹുമാനം നല്‍കുന്ന, നല്ല പെരുമാറ്റം കൊണ്ട് നമുക്ക് പ്രിയപ്പെട്ടവനാകുന്ന, കഥാപാത്രങ്ങളെ തികച്ചും സ്വാഭാവികമായി അവതരിപ്പിക്കുന്ന നല്ല നടനും നല്ല മനുഷ്യനും. മുഖാമുഖം വായിക്കുമ്പോള്‍ ഞാന്‍ തൃശ്ശൂരിലുണ്ടായിരുന്നു. അപ്പോ തന്നെ ഞാന്‍ പറവൂരിലേക്ക് പോയി.

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സമാഗമം വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലില്‍, രോഗാതുരകളുടെ അസ്വസ്ഥതകള്‍ക്കിടയില്‍, എന്നെ കണ്ടപ്പോള്‍ ആ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറയുന്നത് ഞാന്‍ കണ്ടു. അവശതകളെല്ലാം മറന്ന് ആ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. സാമ്പത്തിക സഹായമോ പണമോ അല്ല, ഇത്തരം കലാകാരന്മാരെ സാന്നിധ്യം കൊണ്ടെങ്കിലും സന്തോഷിപ്പിക്കാന്‍ കഴിഞ്ഞത് വലിയ പുണ്യമാെണന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിച്ചിഞ്ഞത്. ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നു. കലാകാരന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.