ലയാളത്തിന്റെ മനസ്സില്‍ കൂട്ടുകൂടിയ പാട്ടുകളില്‍ പലതിനും വെള്ളിത്തിരയില്‍ ഉടലുകൊണ്ട് ഉയിരു നല്‍കിയത് ഷീലയാണ്. ഏഴു സുന്ദരരാത്രികളും താഴമ്പൂമണവും അനുപമേ അഴകും സ്വപ്‌നങ്ങളും വെള്ളത്താമര മൊട്ടും സീമന്തിനിയുമെല്ലാം കേട്ട് കണ്ണടച്ചിരുന്നാല്‍ തെളിയുന്നത് ഷീലയുടെ അംഗലാവണ്യം മാത്രമായിരിക്കും. എന്നാല്‍, ഈ നിത്യഹരിത ഗാനങ്ങളില്‍ പലതിനും അതിലെ നായിക ഷീലയുടെ കണ്ണീരിന്റെ നനവു കൂടി ഉണ്ടായിരുന്നു എന്നത് പലര്‍ക്കും അറിയാത്ത സത്യം. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ രവി മേനോന്റെ പാട്ടെഴുത്ത് എന്ന കോളത്തിലാണ് ഷീല പാട്ടിന്റെ പകിട്ടിന് പിറകിലെ കേള്‍ക്കാത്ത കഥകള്‍ പങ്കിട്ടത്.

Mathrubhumi Weekly
പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

അശ്വമേധത്തിലെ ഏഴു സന്ദരരാത്രികള്‍, ഏകാന്ത സുന്ദരരാത്രികള്‍ എന്ന ഗാനം അഭിനയിക്കുമ്പോള്‍ മൂത്ത സഹോദരി അസുഖം വന്ന് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയിലായിരുന്നെന്ന് ഷീല ഓര്‍മിക്കുന്നു. 'ചിത്രീകരണം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍മാതാക്കള്‍ തയ്യാറായില്ല. ഓരോ ഷോട്ടും കഴിഞ്ഞാല്‍ അസ്വസ്ഥമായ മനസ്സോടെ സെറ്റിന്റെ ഒരു കോണില്‍ ഒറ്റയ്ക്ക് ചെന്നിരിക്കും. ഷോട്ട് റെഡി എന്ന അറിയിപ്പ് വന്നാല്‍ മുഖം തുടച്ചു പ്രസന്നവദയനായി വീണ്ടും ക്യാമറയ്ക്ക് മുന്നിലേയ്ക്ക്. അങ്ങനെ അഭിനയിച്ചു തീര്‍ത്ത രംഗമാണെന്ന് അത് കണ്ടാല്‍ പറയുമോ'  ഷീല ചോദിക്കുന്ന. ഷൂട്ടിങ് കഴിഞ്ഞ് നേരെ ആസ്പത്രിയിലെത്തിയ തന്നെ വരവേറ്റത് സഹോദരിയുടെ മരണവാര്‍ത്തയായിരുന്നെന്നും ഷീല ഓര്‍ക്കുന്നു.

'തിരിച്ചടി'യിലെ വെള്ളത്താമര മൊട്ടുപോലെയിലെ വെണ്ണക്കല്‍ പ്രതിമ പോലെയ്ക്കുമുണ്ട് ഇതുപോലെ ഷീലയുടെ വേദന നിറഞ്ഞൊരു അനുഭവകഥ പറയാന്‍. തേക്കടിയിലെ കൊടുംതണുപ്പില്‍ ഐസ് പോലെ തണുത്ത തടാകത്തില്‍ നേര്‍ത്ത ഒരു സാരി മാത്രം ഉടുത്താണ് താന്‍ ആ പാട്ട് സീന്‍ അഭിനയിച്ചു തീര്‍ത്തതെന്ന് ഷീല  പറയുന്നു. പ്രേമം പോയിട്ട് ഒരു വികാരവും തോന്നാത്ത അവസ്ഥയിലായിരുന്നു താനെന്നും ഷീല പറഞ്ഞു. അട്ടയുടെ കടിയേറ്റാണ ഒരു  പെണ്ണിന്റെ കഥയിലെ പൂന്തേനരുവി എന്ന ഗാനം അഭിനയിച്ചതെന്നും കാവ്യമേളയിലെ സ്വപ്നങ്ങള്‍ പാടി അഭിനയിച്ചത് പൊള്ളുന്ന മണലിലിരുന്നായിരുന്നെന്നും ഷീല അനുസ്മരിക്കുന്നു.

ചെമ്മീനിലെ പെണ്ണാളെ പെണ്ണാളെ എന്ന ഗാനരംഗത്തില്‍ താന്‍ ദേഷ്യം വന്നതായി അഭിനയിക്കുകയായിരുന്നില്ലെന്നും പറയുന്നു ഷീല. ക്യാമറാമാന്‍ മാര്‍ക്കസ് ബാര്‍ട്‌ലിയുടെ നിര്‍ദേശാനുസരണം മുഖത്തെ മേക്കപ്പ് പൂര്‍ണമായി തുടച്ചുകളഞ്ഞതിലുള്ള രോഷവും പ്രതിഷേധവുമാണ് ആ പാട്ടുസീനിലുടനീളം തന്റെ മുഖത്ത് പ്രതിഫലിച്ചതെന്നും ഷീല പറഞ്ഞു. ഈ മൂഡ് കളയരുതെന്ന് സംവിധായന്‍ രാമു കാര്യാട്ട് പിന്നീട് വന്നു പറഞ്ഞ കാര്യവും ഷീല ഓര്‍ക്കുന്നു.

പുതിയ ലക്കം മാതൃഭൂമി ആഴ്ചതപ്പതിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു