ഐശ്വര്യറായിയും പ്രിയങ്ക ചോപ്രയും ഇര്‍ഫന്‍ ഖാനുമെല്ലാമാണ് ഇന്ന് ഹോളിവുഡിലെ ഇന്ത്യന്‍ മുഖങ്ങള്‍. എന്നാല്‍, ഇവരൊക്കെ ഇംഗ്ലീഷ് സിനിമയില്‍ മുഖം കാണിക്കും മുന്‍പല്ല, ജനിക്കുന്നതിന് മുന്‍പ് തന്നെ തന്നെ ഹോളിവുഡില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചൊരു ആളുണ്ടായിരുന്നു, ശശി കപൂര്‍. ഹോളിവുഡില്‍ തിളങ്ങിയത് അറുപതുകളിലാണ്.drug

വെറുത ഒരു ഇന്ത്യക്കാരനായി മുഖം കാണിക്കുകയല്ല, ബോംബെ ടാക്കീസ്, ഹീറ്റ് ആന്‍ഡ് ഡസ്റ്റ്, കോണ്‍റാഡ് റൂക്ക്സ്, സിദ്ധാര്‍ഥ തുടങ്ങിയവയില്‍ ശ്രദ്ധേയമായ വേഷം തന്നെയായിരുന്നു പൃഥ്വിരാജ് കപൂറിന്റെ ഈ ഇളയ മകന്. 

ഒരുതരത്തില്‍ പറഞ്ഞാല്‍ ഹോളിവുഡിലെ ആദ്യ ഇന്ത്യക്കാരന്‍ എന്ന വിശേഷണവും ചേരും ശശിക്ക്. ബോളിവുഡിലെ തന്റെ സമകാലികരായ അമിതാഭ് ബച്ചനോ ധര്‍മേന്ദ്രയ്ക്കോ കൈവരിക്കാനാവാത്ത ഒരു വലിയ നേട്ടം തന്നെയായിരുന്നു ഇത്.

ബോക്സ് ഓഫീസിലെ ലാഭക്കണക്കെടുത്താല്‍ ബച്ചനും ധര്‍മേന്ദ്രയും ശശി കപൂറിനേക്കാള്‍ വലിയ താരങ്ങളായിരുന്നു. എന്നാല്‍, ഹോളിവുഡില്‍ മുഖം കാണിച്ചതുപോലെ തന്നെ ബോളിവുഡിലും തന്റേതായ ഒരു വഴിയുണ്ടായിരുന്നു ശശിക്ക്.

ബോക്സ് ഓഫീസിലെ കോടികളുടെ കിലുക്കത്തിലായിരുന്നില്ല ശശിയുടെ കണ്ണ്. സിനിമയുടെ ഗുണനിലവാരത്തിലായിരുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ ജ്യേഷ്ഠന്മാരായ രാജ് കപൂറോ ഷമ്മി കപൂറോ ആയിരുന്നില്ല, അച്ഛന്‍ പൃഥ്വിരാജ് കപൂറായിരുന്നു ശശിയുടെ മാതൃക. അച്ഛനെപ്പോലെ നാടകത്തോടായിരുന്നു എന്നും പ്രിയം. കുട്ടിക്കാലം മുതല്‍ വര്‍ഷങ്ങളോളം അച്ഛനൊപ്പം പൃഥ്വി തിയ്യറ്ററുമായ രാജ്യമെമ്പാടും യാത്ര ചെയ്ത അനുഭവവുമുണ്ടായിരുന്ന ശശിക്ക്.

 ആറാം വയസ്സില്‍ തന്നെ വേദിയിലെത്തി. പിന്നെയും ആറു വയസ്സു കഴിഞ്ഞാണ് മൂത്ത ജ്യേഷ്ഠന്‍ രാജ്കപൂറിനൊപ്പം ആവാരയില്‍ വേഷമിടുന്നത്. നാടകങ്ങളോടും നല്ല സിനിമകളോടുമുള്ള കമ്പം ജീവിതാവസാനം വരെ കാത്തുപോരുകയും ചെയ്തു ശശി. ഈയൊരു കാരണം കൊണ്ടുതന്നെ യാഷ് ചോപ്ര പോലുള്ള മുഖ്യധാര സിനിമാക്കാരുമായി പലപ്പോഴും കലഹത്തിലായിരുന്നു ശശി.

ബച്ചനെയും ധര്‍മേന്ദ്രയെയും പോലെ കാശുവാരുന്ന വമ്പന്‍ ചിത്രങ്ങള്‍ ഏറെയൊന്നും ലഭിക്കാതിരുന്നതിനും ജനപ്രീതി കൊണ്ട് ഒരു മാസ് താരമായി മാറാതിരുന്നതിന്റെയും കാരണവും ഇതുതന്നെ. ആര്‍ത്തിരമ്പുന്ന, സിനിമകള്‍ ഉത്സവമാക്കുന്ന ഫാന്‍സായിരുന്നില്ല ശശിയുടെ കരുത്ത്. കുടുംബങ്ങളുടെ ഹൃദയത്തിലാണ് ശശി സ്ഥാനം നേടിയത്. അതി സമ്പന്നരോ തനി സാധാരണക്കാരോ അല്ല, ഇടത്തരക്കാരായിരുന്നു ആരാധകരില്‍ ഏറെയും.

ജബ് ജബ് ഫൂല്‍ കിലേയിലെയും ആഗലെ ലാഗ് ജായിലെയും കഥാപാത്രങ്ങളാണ് ശശിയെ ഇവരുടെ മനസ്സില്‍ കുടിയിരുത്തിയത്. ഇവരുടെ പിന്തുണയിലാണ് ദീവാറും ഷര്‍മിലീയും പ്യാര്‍ ക മൗസമും ഫകിരയും സുഹാഗും തൃശൂലും പോലുള്ള ഹിറ്റുകള്‍ ശശി കപൂറിന് സൃഷ്ടിക്കാനായത്. അസീം ഛാബ്ര എന്ന മാധ്യമ പ്രവര്‍ത്തകന്റെ രചിച്ച ശശിയുടെ ജീവചരിത്രത്തിന് പേരു തന്നെ ശശി കപൂര്‍ ദി ഹൗസ്ഹോള്‍ഡര്‍, ദി സ്റ്റാര്‍ എന്നാണ്. അന്വര്‍ഥമാണ് ഈ ടൈറ്റില്‍.

 എഴുപതുകളില്‍ സമാന്തര സിനിമയുടെ വക്താക്കളായ ശ്യാം ബെനഗലും അപര്‍ണ സെന്നും ഗോവിന്ദ് നിഹലാനിയും ഗിരീഷ് കര്‍ണാടുമൊക്കയായിരുന്നു ശശിയുടെ ഇഷ്ടക്കാര്‍. സിനിമ ഒരു വ്യവസായമല്ല, സമൂഹത്തിന്റെ ഉന്നമനത്തിനുള്ളതാണെന്ന യൂറോപ്പ്യന്‍ കാഴ്ചപ്പാടായിരുന്നു ശശിക്കും. ശശി കപൂര്‍ നിര്‍മിച്ച ചിത്രങ്ങളും ഇതുപോലെ സമാന്തര പാതയില്‍ സഞ്ചരിച്ചവ തന്നെയായിരുന്നു.

മുഖ്യധാരാ ബോളിവുഡ് സിനിമയുടെ ഭാഗമായ മറ്റൊരു നടനും സമാന്തര സിനിമയ്ക്ക് ഇതുപോലെ പിന്തുണച്ചിട്ടില്ല ശശി കപൂറിനെപ്പോലെ. ബോക്സ് ഓഫീസിലെ വിജയങ്ങളല്ല, അച്ഛന്റെ പ്രതിഭയുടെ ദാഹം മാറിയത് ഒരു നിര്‍മാതാവുകയും കുറേ നല്ല സിനിമകള്‍ നിര്‍മിക്കുകയു ചെയ്പ്പോഴാണെന്ന് മകന്‍ കുനാല്‍ കപൂര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

വെറുതെ സമാന്തര സിനിമകളില്‍ അഭിനയിച്ചു മേനി നടിക്കുകയല്ല, അധ്വാനിച്ചുണ്ടാക്കിയ കാശ് അതിനുവേണ്ടി യാതൊരു ലുബ്ധുമില്ലാതെ ചെലവിടുകയാണ് ശശി ചെയ്ത്. എന്നാല്‍, ഇവയെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാന്‍ ബച്ചന്റെയും ധര്‍മേന്ദ്രയുടെയും രാജേഷ് ഖന്നയുടെയുമെല്ലാം തട്ടുപൊളിപ്പന്‍ മസാലകള്‍ കണ്ടു ശീലിച്ച ബോളിവുഡിന് കഴിഞ്ഞില്ല.

ശ്യാം ബെനഗലിന്റെ കലിയുഗും അപര്‍ണ സെന്നിന്റെ 36 ചൗവ്വിംഗി ലെയ്നും ഗിരീഷ് കര്‍ണാടിന്റെ ഉത്സവും തന്റെതന്നെ കന്നിസംവിധാന സംരംഭമായ അജൂബയുമെല്ലാം വിമര്‍ശക പ്രശംസ പിടിച്ചുപറ്റിയെങ്കിലും ബോക്സ് ഓഫീസില്‍ വലിയ ചലനങ്ങളുണ്ടാക്കാതിരുന്നതിന്റെ കാരണവും ഇതാണ്.

സമാന്തര സിനിമകളെ ബോളിവുഡ് നിഷ്‌കരുണം തള്ളിയ കാലത്താണ് ശശി കപൂര്‍ വീണ്ടും അച്ഛന്റെ നാടകത്തിലേയ്ക്ക് തിരിഞ്ഞത്. അക്കാലത്ത് തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും പൃഥ്വി തിയ്യറ്ററിനുവേണ്ടിയാണ് ശശി കപൂര്‍ ചെലവിട്ടത്.

വന്‍ തുക ചെലവിട്ട് മുംബൈയിലെ ജുഹുവില്‍ പൃഥ്വി തിയ്യറ്ററിനുവേണ്ടി ഭൂമി വാങ്ങുകയും ചെയ്തിരുന്നു. അച്ഛന്റെ സമരണാര്‍ഥമാണ് ശശി കപൂര്‍ ജുഹുവില്‍ പൃഥ്വി തിയ്യേറ്റര്‍ സ്ഥാപിച്ചത്. ഇക്കാര്യത്തില്‍ ഇംഗ്ലീഷ് നാടടകവേദിയടെ പാരമ്പര്യം അവകാശപ്പെടാവുന്ന ഭാര്യ ജെന്നിഫര്‍ കെന്‍ഡലിന്റെ വലിയ പിന്തുണയും ശശി കപൂറിന് ലഭിച്ചിരുന്നു. ജെന്നിഫറിന്റെ മരണശേഷമാണ് ശശി കപൂര്‍ നാടകവേദിയില്‍ നിന്ന് അല്‍പമെങ്കിലും അകന്നു തുടങ്ങിയത്.

 ഈയൊരു അപൂര്‍ണമായ പാരമ്പര്യം ബാക്കിവച്ചാണ് ശശി കപൂര്‍ ജീവിതത്തിലെ അവസാനഭാഗവും അഭിനയിച്ചു തീര്‍ത്ത് മടങ്ങുന്നത്. എന്നാല്‍, ഈയൊരു പാരമ്പര്യം ഏറ്റെടുക്കാന്‍, ഈ പാതയില്‍ സഞ്ചരിക്കാന്‍ പുതിയകാല സൂപ്പര്‍ നായകരില്‍ എത്രപേര്‍ തയ്യാറാകുമെന്ന് കണ്ടറിയണം. ഇതാണ്, അല്ലെങ്കില്‍ ഇതുമാത്രമാണ് ബോളിവുഡിന് ശശി കപൂര്‍ എന്ന സിനിമാപ്രവര്‍ത്തകന് നല്‍കാനുള്ള ഒരേയൊരു അഞ്ജലിയും.