കുച്ചിപ്പുടിയില്‍ പകരം വെയ്ക്കാനില്ലാത്ത പേരിന് ഉടമയായ സന്ധ്യാ രാജു വി.കെ. പ്രകാശിന്റെ കെയര്‍ഫുള്‍ എന്ന മലയാള സിനിമയിലൂടെ മുഖ്യധാരാ അഭിനയരംഗത്തേയ്ക്കും കടക്കുകയാണ്. സിനിമയിലേക്ക് വഴിതെറ്റി എത്തിയതല്ല അവര്‍. കലാരംഗത്ത് എപ്പോഴും പുതുവഴികള്‍ തേടിയിറങ്ങിയതിന്റെ ഫലമായി വന്നുചേര്‍ന്ന സൗഭാഗ്യമാണിത്.

ഡോക്യുമെന്ററികള്‍ക്ക് വേണ്ടി നൃത്തം അവതരിപ്പിച്ചതും മൂന്നു ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചതുമാണ് സന്ധ്യയുടെ ക്യാമറയ്ക്ക് മുന്നിലുള്ള പരിചയം. ഇതിലൊരു ഷോര്‍ട്ട് ഫിലിം ഏറെ ജനശ്രദ്ധ നേടുകയും ഫീച്ചര്‍ സിനിമാ അഭിനയത്തിലേക്ക് സന്ധ്യയെ കൈപിടിച്ച് നടത്തുകയുമായിരുന്നു. കുച്ചിപ്പുടി നൃത്തം പ്രമേയമാക്കി ഒരുക്കിയ നാട്യ ഹിറ്റായെന്ന് മാത്രമല്ല സന്ധ്യ എന്ന അഭിനേത്രിയെക്കുറിച്ച് പുറംലോകത്തെ അറിയിക്കുകയും ചെയ്തു. 

മലയാള സിനിമയെക്കുറിച്ചോ കലാകാരന്മാരെക്കുറിച്ചോ ഒരു വര്‍ഷം മുന്‍പു വരെ സന്ധ്യയ്ക്ക് യാതൊരു ധാരണയുമില്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിരമായി മലയാളം സിനിമകള്‍ കാണുകയാണ് അവര്‍. ഇന്‍ഡസ്ട്രിയുടെ പ്രത്യേകതകളും സ്‌റ്റൈലും മനസ്സിലാക്കി എടുത്ത് അത് തന്റെ കഥാപാത്രത്തിലും പ്രതിഫലിപ്പിക്കുക എന്നതാണ് നിരന്തരമായി മലയാള സിനിമകള്‍ കാണുന്നതിലൂടെ സന്ധ്യ ശ്രമിക്കുന്നത്. മലയാള ഭാഷ വശമില്ലാത്ത സന്ധ്യ ഷൂട്ടിംഗ് സമയത്ത് തിരക്കഥയിലെ സംഭാഷണങ്ങള്‍ കാണാതെ പഠിച്ച് അതിന്റെ അര്‍ഥം ചോദിച്ചു മനസ്സിലാക്കിയാണ് അഭിനയിച്ചിരുന്നത്. 

'രണ്ടോ മൂന്നോ മാസങ്ങള്‍ കൊണ്ട് ഒരു ഭാഷയെ അതിന്റെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് സ്വായത്തമാക്കാന്‍ സാധിക്കില്ല. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നതിനാല്‍ മലയാളത്തിന്റെ അവിടെയും ഇവിടെയും മനസ്സിലാക്കാന്‍ എനിക്ക് സാധിക്കുന്നുണ്ട്. പിന്നെ ഷൂട്ടിങ് സെറ്റില്‍ എന്നെ സഹായിക്കാന്‍ ഒരുപാട് സ്ത്രീകളുണ്ടായിരുന്നു. വി.കെ.പി സാറിന്റെ സെറ്റിലെ ആര്‍ട്ട് ഡിസൈനര്‍, കോസ്റ്റ്യൂം ഡിസൈനര്‍, മൂന്നോ നാലോ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഇവരെല്ലാം സ്ത്രീകളായിരുന്നു. തിരക്കഥയിലെ ഭാഷാപരമായ സംശയനിവാരണങ്ങള്‍ക്ക് എന്നെ കൂടുതലായും സഹായിച്ചിരുന്നത് ഇവരായിരുന്നു. സംസാരിക്കാന്‍ മാത്രമല്ല, എനിക്ക് ബൈക്ക് ഓടിക്കാന്‍ അറിയില്ല. അത്തരമൊരു സീനിലും എന്നെ എല്ലാവരും സഹായിച്ചു. ഒരുപാട് നല്ല ഓര്‍മകളാണ് എനിക്ക് ആ സെറ്റുകളില്‍നിന്ന് ലഭിച്ചത്.

നൃത്തമാണ് എന്റെ മേഖലയെങ്കിലും ഈ സിനിമയില്‍ ഒരിടത്തും നൃത്തം വരുന്നില്ല. ഞാനൊരു മാധ്യമ പ്രവര്‍ത്തകയായിട്ടാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. തന്റെ ജോലി നിലനിര്‍ത്തുന്നതിനായി ഒരു ലേഖനം വേണം. അതിനുള്ള അന്വേഷണത്തിന് ഇറങ്ങിത്തിരിക്കുന്ന കഥാപാത്രം പിന്നീട് കാണുന്ന കാഴ്ച്ചകളും സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം'-സന്ധ്യ പറഞ്ഞു. 

അഭിനയത്തിലേക്കുള്ള വഴി തെളിഞ്ഞതെങ്ങനെയെന്ന് സന്ധ്യ വിശദീകരിക്കുന്നു:

'സിനിമയിലെ അഭിനയത്തെ വെല്ലുവിളിയായി കാണുന്നില്ല. എനിക്ക് വലിയ താല്പര്യമുള്ളതും എക്‌സൈറ്റിങ്ങുമായ ഒന്നാണിത്. ഷോര്‍ട്ട് ഫിലിമുകള്‍ക്കും ഡോക്യുമെന്ററിക്കും മുന്‍പ് സ്റ്റേജ് ഡ്രാമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സ്റ്റേജില്‍ നൃത്തം ചെയ്യുന്നതും നാടകത്തില്‍ അഭിനയിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സന്ദര്‍ഭത്തിനും സംഭാഷണങ്ങള്‍ക്കുമനുസരിച്ച് ശബ്ദക്രമീകരണങ്ങള്‍ നടത്തണം. കൂടെ അഭിനയിക്കുന്ന ആള്‍ക്ക് ഊര്‍ജം കൊടുക്കുകയും അയാളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളുകയും വേണം. ഒരു ടെന്നീസ് മത്സരത്തിലെന്ന പോലെ ഇതൊരു തുടര്‍ പ്രക്രിയയായിരിക്കണം. ഇടയ്ക്കുവെച്ച് മുറിഞ്ഞുപോയാല്‍ അഭിനയവും നാടകവും തകരും. ഓരോ മീഡിയവും എനിക്ക് നല്‍കുന്നത് ഊര്‍ജവും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള കരുത്തും ഉള്‍ക്കാഴ്ച്ചയുമാണ്'-സന്ധ്യ പറഞ്ഞു. 

ജീവിതസാഹചര്യങ്ങള്‍ കൊണ്ട് കലയോട് വിടപറയേണ്ടി വന്ന ആര്‍ട്ടിസ്റ്റുകളുടെ ദു:ഖം തിരശ്ശീലയില്‍ പകര്‍ത്തിയ ചിത്രമായിരുന്നു നാട്യ. സ്ത്രീ ശാക്തീകരണം, ഇഷ്ടങ്ങള്‍ക്ക് പിന്നാലെ പോകാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കല്‍ തുടങ്ങിയ ഘടകങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ അഭിനയിച്ചതിന് നിരവധി അഭിനന്ദനങ്ങള്‍ സന്ധ്യയെ തേടിയെത്തി. കൂടുതലായും സന്ധ്യയോട് ഇ മെയിലുകളിലൂടെയും മെസേജുകളിലൂടെയും സംസാരിച്ചത് കല ഉപേക്ഷിക്കേണ്ടി വന്ന പെണ്‍കുട്ടികളായിരുന്നുവെന്നും സന്ധ്യ ഓര്‍ക്കുന്നു. 

'ജോലി, സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടുംബം ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് കല ഉപേക്ഷിക്കേണ്ടി വരുന്ന ആളുകള്‍ നിരവധിയായുള്ള ഒരു സമൂഹമാണ് നമ്മുടേത്. അത്തരക്കാരോട് നേരിട്ട് സംവദിക്കുന്നൊരു ചിത്രമായിരുന്നു നാട്യ. ഹ്രസ്വചിത്രമായിരുന്നുവെങ്കിലും അത് നല്‍കിയ സന്ദേശത്തിന്റെ ആഴം വളരെ വലുതായിരുന്നു. സാമൂഹികമായും സാംസ്‌ക്കാരികമായും പലയിടങ്ങളിലും തൊട്ടുപോകുന്നൊരു കഥാപശ്ചാത്തലമായിരുന്നു. അതുവരെ ഒരു ഡാന്‍സര്‍ മാത്രമായിരുന്ന എന്നിലേക്ക് ആക്ടിംഗ് എന്ന ആഗ്രഹവും പാഷനും കടന്നു വരുന്നത് ഈ ഷോര്‍ട്ട് ഫിലിമിലൂടെയാണ്. സ്വാഭാവികമായ അഭിനയം എന്താണെന്ന ബോധ്യപ്പെടുത്തല്‍ കൂടിയായിരുന്നു എനിക്ക് നാട്യ. നല്ലൊരു സംവിധായകന്റെ കൈയില്‍വന്ന്‌പ്പെട്ടു എന്നതാണ് എന്നെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ആഗ്രഹം. നാട്യയില്‍ അഭിനയിച്ചു എന്നത് മാത്രമല്ല അതിലെ നൃത്തം കൊറിയോഗ്രാഫ് ചെയ്യാന്‍ സാധിച്ചു എന്നതും എനിക്ക് പുതിയൊരു ഉണര്‍വായിരുന്നു. മറ്റുള്ളവര്‍ പറഞ്ഞു തന്നിട്ടുള്ള ചുവടുകള്‍ വെച്ചു എന്നല്ലാതെ ഞാനാദ്യമായി കൊറിയോഗ്രാഫ് ചെയ്തത് നാട്യയിലായിരുന്നു. അതൊരു പുതിയ അനുഭവവുമായിരുന്നു' 

കലാകാരിയായത് കൊണ്ടു തന്നെ ഓരോ പ്രകടനം കഴിയുമ്പോഴും സ്വയം വിലയിരുത്തലുകള്‍ നടത്തുമ്പോള്‍ അല്‍പംകൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന തോന്നലാണ് എപ്പോഴും ഉണ്ടാകുന്നത്. ഒരിക്കലും ചെയ്ത പ്രകടനം കൊണ്ട് തൃപ്തിപ്പെടുന്ന ആളല്ല ഞാന്‍. ഓരോ തവണയും കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്.