സാമൂഹ്യ വിരുദ്ധരാല്‍ ആക്രമിക്കപ്പെട്ട നായികയ്ക്ക് ശക്തമായി പിന്തുണ നല്‍കി അഭിനയത്തിന്റെ ലോകത്തേക്ക് കൈപ്പിടിച്ചു കൊണ്ടുവരിക മാത്രമല്ല തന്റെ സിനിമയില്‍ ഇനി സ്ത്രീവിരുദ്ധ നിലപാടുകളുണ്ടാവില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്ത പൃഥ്വിരാജ് സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താനൊരു നായകനാണെന്ന് തെളിയിച്ചു.

നമ്മുടെ സിനിമയില്‍ സൂപ്പര്‍ താരങ്ങളും സൂപ്പര്‍ തിരക്കഥാകൃത്തുക്കളും സൃഷ്ടിച്ച ഒരുപാട് സ്ത്രീ വിരുദ്ധസന്ദേശങ്ങളും കഥയും കഥാപാത്രങ്ങളും ഇന്ന് ചര്‍ച്ചാവിഷയമാണ്. നന്മയുടെ പ്രതിരൂപമായി തിന്‍മയെ ഇല്ലാതാക്കുന്ന വീരനായകന്‍മാര്‍ക്ക് പലപ്പോഴും സ്ത്രീകളെ അടിച്ചമര്‍ത്തുമ്പോഴും നാം കയ്യടിച്ച് ആവേശം നല്‍കിയിട്ടുണ്ട്. ഇത് ഒരു സാമൂഹികാന്തരീക്ഷത്തില്‍ അറിഞ്ഞോ അറിയാതെയോ വലിയ സ്വാധീനശക്തിയായിട്ടുണ്ടെന്നതും നിഷേധിക്കാനാവാത്ത ഒരു സത്യമാണ്. ഇവിടെയാണ് പൃഥ്വിരാജിന്റെ തീരുമാനം യഥാര്‍ഥ നായക പ്രാധാന്യമുള്ളതായി മാറുന്നത്. ഇത്തരം സീനുകളെ ഇനി കൂവിതോല്‍പ്പിക്കുമെന്ന തീരുമാനം സത്യത്തില്‍ പ്രേക്ഷകപക്ഷത്തു നിന്നും ഉണ്ടാവേണ്ടതാണ്.

കാലങ്ങളായി സിനിമകളിലും നാടകങ്ങളിലും സാഹിത്യകൃതികളിലും നല്‍കിയ അബലയുടെ മുഖം, മാനം നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ നഷ്ടപ്പെട്ടെന്ന രീതിയില്‍ വിലപിക്കുന്ന കുടുംബങ്ങളുടെ ചിത്രം. സൂര്യനെല്ലി പെണ്‍കുട്ടിക്കും വിതുര പെണ്‍കുട്ടിക്കുമെല്ലാം മുഖം നഷ്ടപ്പെട്ടതിന് കാരണം മറ്റൊന്നുമല്ല. 

ഇത്തരം കൃതികള്‍ക്കും സിനിമകള്‍ക്കും ഇടയില്‍ വല്ലപ്പോഴുമാണ് ഒരു സ്ത്രീശക്തി നാം കാണാറുള്ളത്. ശക്തി പ്രാപിച്ച് വരുന്ന കഥാപാത്രത്തെപ്പോലും ഒറ്റയടികൊണ്ട് നിശ്ശബ്ദരാക്കുമ്പോഴും കഥാപാത്രത്തെ തന്നെ രംഗത്ത് നിന്ന് നിഷ്‌കാസിതരാക്കുമ്പോഴുമാണ് നമ്മുടെ സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും സമാധാനമാവുകയുള്ളൂ.

കഥ എഴുതുന്നവരും സംവിധായകരുമാണ് ഇതിന് ഉത്തരവാദികളെന്ന് പറഞ്ഞ് താരങ്ങള്‍ക്ക് കൈയൊഴിയാനാവുമോ? പറ്റില്ലെന്നു തന്നെയാണ് ഇത്തരം കഥാപാത്രങ്ങളെ അധികം അവതരിപ്പിച്ചിട്ടില്ലാത്ത പൃഥ്വിരാജിന്റെ പ്രഖ്യാപനത്തിലൂടെ വ്യക്തമാവുന്നത്. മറ്റ് താരങ്ങളും സംവിധായകരും തിരക്കഥാകൃത്തുക്കളും ഇനി ഈ വഴിക്ക് വരുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.