ടുത്ത മാസം കുറച്ചു ദിവസം നീ തൃശ്ശൂരില്‍ ഉണ്ടാവണം. തൃശ്ശൂര്‍ ഭാഷയില്‍ ഒരു സിനിമ അലക്കാന്‍ പൂവ്വാ... അതില്‍ ഒരു റോളും ചെയ്യണം. കൂടുതല്‍ സ്റ്റേജ് പരിപാടി പിടിക്കണ്ടാ ട്ടാ...''2010 ഏപ്രില്‍ മാസത്തിലായിരുന്നു ഈ വിളി. വിളിച്ചത് എന്റെ സുഹൃത്തും ചലച്ചിത്രകാരനുമായ രഞ്ജിത്ത്.  

തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന കാലം മുതല്‍ രഞ്ജിത്തിനെ എനിക്കറിയാം. അദ്ദേഹത്തിന്റെ സീനിയറായി പഠിച്ച ജോസ് ചിറമ്മലിന്റെ നാടകസംഘത്തിലെ നടനായിരുന്നു ഞാന്‍. ലോകപ്രശസ്തരായ പല നാടക സംവിധായകരും എഴുത്തുകാരും അന്ന് സ്‌കൂള്‍ ഓഫ് ഡ്രാമാ ക്യാമ്പുകളില്‍ നാടകങ്ങള്‍ ഒരുക്കുമായിരുന്നു. മാത്രവുമല്ല, സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥികള്‍ പഠനവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചിരുന്ന നാടകങ്ങള്‍ കാണാനും ഞാന്‍ സ്ഥിരമായി പോയിരുന്നു. എന്റെ പ്രിയ ചങ്ങാതിയും നാടകപ്രവര്‍ത്തകനുമായ എം.ആര്‍. ബാലചന്ദ്രനുമൊത്ത് നാടകം കാണാന്‍ പോയ വര്‍ഷങ്ങള്‍. ബാലചന്ദ്രന്‍ (ബാലേട്ടന്‍), വി.കെ. പ്രകാശ്, മുരളിമേനോന്‍, പരമേശ്വരന്‍, രഞ്ജിത്ത്, അലക്സ് കടവില്‍, വി.എം. വിനു തുടങ്ങിയവരൊക്കെ ബാലചന്ദ്രന്റെ ഉറ്റ മിത്രങ്ങള്‍. ഞാനും അവരുടെ ചങ്ങാതിയായി മാറി. അലക്സ് കടവില്‍ ഇന്ന് നമ്മോടൊപ്പമില്ല. രഞ്ജിത്ത് ആദ്യമായി എഴുതിയ 'ഒരു മെയ്മാസപ്പുലരിയില്‍' നിര്‍മിച്ചത് അലക്സായിരുന്നു. അലക്സ് കടവില്‍ ആരോടും ചേര്‍ന്ന് പോകുന്ന സ്വഭാവക്കാരനായിരുന്നു. രഞ്ജിത്ത് അന്ന് വ്യത്യസ്തമായ ചിന്തകള്‍ ഉള്ള ചെറുപ്പക്കാരന്‍. ധീരമായി തന്റെ അഭിപ്രായങ്ങള്‍ പറയുകയും വിയോജിപ്പുകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നയാള്‍. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അന്തരീക്ഷവും രഞ്ജിത്ത് എന്ന പ്രതിഭയെ വളര്‍ത്തിയെടുത്തു. ഒരു മെയ്മാസപ്പുലരിക്കുശേഷം രഞ്ജിത്ത് എഴുതിയ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടല്ലോ.

ദേവാസുരം എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാകൃത്ത് എന്നതിലുപരിയായി രഞ്ജിത്ത് മലയാള സിനിമയുടെ പ്രധാന ഭാഗമായി മാറിയത് ചരിത്രം. ആറാം തമ്പുരാന്‍, മായാമയൂരം, സമ്മര്‍ ഇന്‍ ബത്‌ലഹേം, നരസിംഹം, വല്ല്യേട്ടന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥകള്‍ ആ ചലച്ചിത്രങ്ങളെ പ്രേക്ഷകരുടെ ഹരമാക്കി മാറ്റി. 'രാവണപ്രഭു'വിലൂടെ രഞ്ജിത്ത് സംവിധായകനായപ്പോള്‍ മലയാളസിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു സംവിധായകനും പിറന്നു. നന്ദനം, കയ്യൊപ്പ്, പാലേരി മാണിക്യം, ഇന്ത്യന്‍ റുപ്പി, തിരക്കഥ, സ്പിരിറ്റ് എന്നീ വ്യത്യസ്ത സിനിമകള്‍ നമുക്കിന്നും ഹരമാണ്. ഈ സിനിമകളില്‍നിന്നും വ്യത്യസ്തമായ സൃഷ്ടിയാണ് പ്രാഞ്ചിയേട്ടന്‍ ല്ക്ക ദ സെയിന്റ്. ആക്ഷേപഹാസ്യം പ്രമേയമായ ചലച്ചിത്രങ്ങളില്‍ ഒന്നാമതാണ് പ്രാഞ്ചിയേട്ടന്റെ സ്ഥാനം (പഞ്ചവടിപ്പാലം എന്ന കെ.ജി. ജോര്‍ജ്‌സിനിമയെ മറന്നിട്ടല്ല പറയുന്നത്).  പരിപൂര്‍ണമായും തൃശ്ശൂര്‍ ഭാഷയില്‍ പിറവികൊണ്ട പ്രാഞ്ചിയേട്ടന്‍ ഇന്നും മസ്തകമഹിമയോടെ തല ഉയര്‍ത്തി നില്ക്കുന്നു.

തൃശ്ശൂര്‍ ഭാഷയില്‍ പ്രാഞ്ചിയേട്ടന് മുന്‍പ് പിറന്ന ചലച്ചിത്രങ്ങളൊന്നും ബോക്സോഫീസില്‍ വിജയിച്ചിട്ടില്ല. കാക്കനാടന്‍ രചിച്ച് ഭരതേട്ടന്‍ സംവിധാനം ചെയ്ത പറങ്കിമലയിലാണ് തൃശ്ശൂര്‍ഭാഷ ആദ്യമായി രേഖപ്പെടുത്തുന്നത്. തൃശ്ശൂരിന്റെ പ്രിയനടനും ജ്യേഷ്ഠസഹോദരനുമായ ടി.ജി. രവിയേട്ടന്‍ തൃശ്ശൂര്‍ ഭാഷയെ സ്‌ക്രീനില്‍ മനോഹരമായി അവതരിപ്പിച്ചു. പല ചിത്രങ്ങളിലും ഫിലോമിനചേച്ചി തൃശ്ശൂര്‍ഭാഷയെ അനശ്വരമാക്കിയതും നമുക്കറിയാം. ഇവരെ പിന്തുടര്‍ന്നാണ് നമ്മുടെ ഇന്നസെന്റ് ചേട്ടന്‍ സ്‌ക്രീനില്‍ തൃശ്ശൂര്‍ ഭാഷയെ ജനപ്രിയമാക്കുന്നത്. തൃശ്ശൂര്‍ ഭാഷയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത്. പത്മരാജന്‍ സാറിന്റെ തൂവാനത്തുമ്പികള്‍ (1980) അതിമനോഹരമായ ചലച്ചിത്രമായിരുന്നു. ഇന്നും പുതിയ തലമുറയെ വെല്ലുവിളിക്കുന്ന ചലച്ചിത്രമാണ് തൂവാനത്തുമ്പികള്‍. ജയകൃഷ്ണനും ക്ലാരയും രാധയും തങ്ങളും ഉജ്ജ്വല പാത്രസൃഷ്ടികള്‍ തന്നെയാണ്. മലയാളത്തിന്റെ പുണ്യമായ മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷയില്‍ സംഭാഷണം ഉരുവിട്ടത് എല്ലാവരും കൈയടിയോടെ സ്വീകരിച്ചു.

പുതുമയുള്ള ഇതിവൃത്തവും മികച്ച ഗാനങ്ങളുംകൊണ്ടു സമ്പന്നമായ ചിത്രമായിരുന്നു തൂവാനത്തുമ്പികള്‍. പ്രേക്ഷകര്‍ക്ക് മുമ്പേ സഞ്ചരിച്ച ചലച്ചിത്രം. പക്ഷേ... നമ്മുടെ പ്രേക്ഷകര്‍ ഓടി എത്തിയത് ഈ അടുത്ത കാലത്താണ്. മികച്ച കലാസൃഷ്ടിയുടെ ഔന്നത്യമാണ് നാം കാണുന്നത്. വര്‍ഷങ്ങള്‍ കഴിയുംതോറും പ്രസക്തിയേറുന്ന ചലച്ചിത്രങ്ങളില്‍ തൂവാനത്തുമ്പികളും ഇടം തേടുന്നത് നാമിന്നും കാണുന്നു. പ്രാഞ്ചിയേട്ടനും അങ്ങനെത്തന്നെയാണ്. തൃശ്ശൂര്‍ ഭാഷ നീട്ടലോടെ... താളാത്മകമായി സംഗീതംപോലെ ആഘോഷിച്ച ചലച്ചിത്രം. തൃശ്ശൂര്‍ നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ക്രിസ്ത്യന്‍ സമുദായക്കാര്‍ സംസാരിക്കുന്ന ഭാഷയെയാണ് തൃശ്ശൂര്‍ ഭാഷയായി കൊണ്ടാടുന്നത്.

എന്റെ ഗുരുവും വഴികാട്ടിയുമായ അന്തരിച്ചനാടക സംവിധായകന്‍ ജോസ് ചിറമ്മല്‍ എന്ന കലാകാരന്റെ വീട്ടുപേരാണ് പ്രാഞ്ചിയേട്ടന് രഞ്ജിത്ത് ചാര്‍ത്തികൊടുത്തത്. ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസ്. നല്ലവരില്‍ നല്ലവനായ പ്രാഞ്ചിയായി നമ്മുടെ മമ്മൂക്ക തിളങ്ങി. 'അരിപ്രാഞ്ചി' യുടെ ജീവിതത്തിലേറ്റ പരിഹാസങ്ങളും തോല്‍വികളും ചെറിയ വിജയങ്ങളും പുണ്യാളനോട് ഏറ്റു പറയുന്ന വ്യത്യസ്ഥമായ ശൈലിയില്‍ കഥയൊരുക്കി രഞ്ജിത്ത് പുതിയൊരു കഥ പറച്ചിലിന്ന് തുടക്കമിട്ടു.

പണക്കാരനാണെങ്കിലും നിഷ്‌കളങ്കനും, മനുഷ്യസ്നേഹിയും ദയാലുവുമായ മികച്ച കഥാപാത്രമായിരുന്നു  മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍. ആകാര ഭംഗികൊണ്ടും, വസ്ത്രധാരണത്തിലെ ആകര്‍ഷണീയതകൊണ്ടും മമ്മൂക്കയുടെ 'പ്രാഞ്ചിയേട്ടന്‍' ഇന്നും വേറിട്ടു നില്ക്കുന്നു. തൃശ്ശൂര്‍ ഭാഷ ഏറ്റവും നന്നായി വഴങ്ങിയ നടനാണ് മമ്മൂക്ക. ഭാഷയുടെ താളവും പ്രയോഗവും മമ്മൂക്ക എളുപ്പം സ്വായത്തമാക്കി.

കളറ് പരിപാടിയാവും ട്ടാ... സംഗതി ക്ലാസായിട്ടുണ്ട് ട്ടാ... കേഷ് എറക്കാലോ... അതിനല്ലേ കേഷ്... എന്ന ഭാഷാപ്രയോഗങ്ങളില്‍ തൃശ്ശൂരിന്റെ 'വാമൊഴി ചന്തം' നിറച്ച് മമ്മൂക്ക പ്രേക്ഷകരെ ഹരം കൊള്ളിച്ചു. ശ്രീ വടക്കുന്നാഥന്റെ പ്രധാന നടയായ ശ്രീമൂലസ്ഥാനത്തായിരുന്നു ഷൂട്ടിങ് ആരംഭിച്ചത്. സിനിമയുടെ ആദ്യത്തെ 'ഷോട്ടില്‍' അഭിനയിച്ചത് ഞാനായിരുന്നു. വടക്കുന്നാഥനില്‍ തൊഴുതു വരുന്ന സുരേഷ് ബാബു എന്ന രാഷ്ട്രീയക്കാരന്റെ റോള്‍. രഞ്ജിത്ത് - മമ്മൂട്ടി ചിത്രത്തില്‍ ആദ്യ ഷോട്ടില്‍ അഭിനയിച്ചത് മഹാഭാഗ്യം. ദേവസ്വം ജീവനക്കാരും ചില കമ്മിറ്റി അംഗങ്ങളും ഷൂട്ടിങ്ങിന് അനുമതിയുടെ രേഖകള്‍ ഇല്ലെന്ന് പറഞ്ഞ് ന്യായങ്ങള്‍ നിരത്തി ബഹളമുണ്ടാക്കി. ഷൂട്ടിങ് നടക്കില്ല എന്നായപ്പോള്‍ രഞ്ജിത്ത് പറഞ്ഞു: ''ഷൂട്ട് ചെയ്തിട്ടേ പോകൂ. ബഹളം നടക്കട്ടെ. നീ ക്ഷേത്ര നടയില്‍ നിന്നു നടന്നു വാ'' സംവിധായകന്‍ രഞ്ജിത്തിന്റെ സമയോചിതമായ നിര്‍ദേശവും ക്യാമറാമാന്‍ വേണുവിന്റെ തന്ത്രപരമായ ഇടപെടലും അനുസരിച്ച് ഞങ്ങള്‍ ഷൂട്ട് ചെയ്തു. എതിര്‍ത്തവരൊന്നും ഇതറിഞ്ഞില്ല.

ശ്രീ വടക്കുന്നാഥന്റെ അനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയായി. പിന്നീട് റീജന്‍സി ക്ലബ്ബിലും ചേര്‍പ്പ് പ്രദേശങ്ങളും നഗരത്തിലെ വലിയ വീടുകളുമായി പ്രാഞ്ചിയേട്ടന്‍ അണിഞ്ഞൊരുങ്ങി. ഈ ചിത്രം വന്നതിനുശേഷം കേരളത്തില്‍ പൊങ്ങച്ചക്കാര്‍ക്ക് ഒരു പേരും വീണു. പ്രാഞ്ചിയേട്ടന്‍. ഒന്നരക്കോടി മുടക്കി ഒരു 'പത്മശ്രീ' സംഘടിപ്പിച്ചാലോ എന്ന് പലര്‍ക്കും മോഹം തുടങ്ങി. ഉറക്കം നഷ്ടപ്പെട്ടവരും നിരവധിയാണ്. അവരുടെ ചിന്തകളിലും സ്വപ്നങ്ങളിലും പ്രഞ്ചിയേട്ടന്‍ ഇക്കിളിയിട്ടു.

ദുബായില്‍ വെച്ച് കേരളത്തിലെ രണ്ടു വലിയ ബിസിനസ്സുകാരുമായി സംസാരിച്ചപ്പോള്‍ അവരും പ്രാഞ്ചിയെ ആവാഹിച്ചവരായി എനിക്കു തോന്നി. ഒന്നരക്കോടി പോര, ഇപ്പോള്‍ മൂന്ന് കോടിയാണ് മുടക്കേണ്ടതെന്ന് ഒരു വന്‍ മുതലാളി പറഞ്ഞതായി ഞാനറിഞ്ഞു. 'പ്രാഞ്ചി' മോഹം ഉറക്കം കെടുത്തുമ്പോള്‍, ചിലര്‍ പ്രാഞ്ചിയേട്ടന്റെ സി.ഡി.യിട്ട് കണ്ട് മോഹത്തെ ശമിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു കേട്ടു. സിനിമ കാണാത്ത പല പുതുപ്പണക്കാരും പ്രാഞ്ചിയേട്ടന്റെ ഡി.വി.ഡി. വാങ്ങി ഷെല്‍ഫില്‍ വെച്ചിട്ടുണ്ടത്രെ. പ്രാഞ്ചിയേട്ടന്‍ ദിവസവും മൂന്നുനേരം കണ്ട് 'പത്മശ്രീ' നേടാനുള്ള കുറുക്കുവഴികള്‍ സ്വായത്തമാക്കിയവരും ഉണ്ടെന്ന് പറയപ്പെടുന്നു. 'പത്മശ്രീ' നേടിയവരും അക്കൂട്ടത്തില്‍ ഉണ്ടെന്ന് മലയാളികള്‍ അടക്കം പറയുന്നു. ഇതിനേയും മറ്റൊരു ആക്ഷേപ ഹാസ്യമായി കാണാം അല്ലേ?

വര്‍ഷങ്ങളോളമുള്ള തൃശ്ശൂര്‍ ബന്ധവും തൃശ്ശൂര്‍ക്കാരായ സുഹൃത്തുക്കളുമായുള്ള സൗഹൃദവും കഥാകാരന്‍ എന്ന നിലയിലുള്ള നിരീക്ഷണ പാടവവുമാണ് രഞ്ജിത്തിന്റെ വിജയം. തൃശ്ശൂര്‍ ഭാഷയെ നിഷ്പ്രയാസം സ്വായത്തമാക്കിയ മികവാണ് മമ്മൂക്കയുടെ മാജിക്ക്.  ഈ അടുത്ത ദിവസം മെട്രോമാന്‍ ഇ. ശ്രീധരന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ കൈയടി ചരിത്ര സംഭവമാണ്. അര്‍ഹതയ്ക്കുള്ള കൈയടി. വീടുകളിലിരുന്ന് ടി.വി കണ്ടവരും കൈയടിച്ചു. നമ്മുടെ അഭിമാനതാരങ്ങളായ മോഹന്‍ലാലും ജഗതി ശ്രീകുമാറും ശ്രീനിവാസനും തുടര്‍ന്നു വന്ന താരങ്ങളും ബുദ്ധിപരമായ ഫലിതങ്ങള്‍ പ്രയോഗിച്ച് നേടിയ കൈയടികള്‍ക്ക് വര്‍ഷങ്ങളായി നാം സാക്ഷികളാണ്. ഗായകരായ പത്മവിഭൂഷണ്‍ യേശുദാസും ഭാവ ഗായകന്‍ ജയചന്ദ്രനും പത്മശ്രീ കെ.എസ്. ചിത്രയും ഇന്നും കൈയടി നേടുന്നു.

പ്രാഞ്ചിയേട്ടനിലെ മമ്മൂക്കയുടെ ഉജ്ജ്വല പ്രകടനവും, രഞ്ജിത്തിന്റെ സുഭദ്രമായ തിരക്കഥയും, സംവിധായക മികവും കണ്ട് കേരളത്തിലെ തിയേറ്ററുകളില്‍ ജനങ്ങള്‍ എണീറ്റു നിന്ന് കൈയടിക്കുന്നതിന്റെ ശബ്ദം ഇപ്പോഴും എനിക്ക് കാതുകളില്‍ കേള്‍ക്കാം. മൗലികമായ ചലച്ചിത്ര സൃഷ്ടികള്‍ ഇനിയും ഉണ്ടാവട്ടെ. പ്രദര്‍ശന ശാലകളില്‍ കൈയടികളും. ആരവങ്ങളും മുഴങ്ങട്ടെ.