സിനിമയോട് മുഖംതിരിച്ചു നിന്ന പ്രേക്ഷകര്‍ ഓണക്കാലത്ത് കുടുംബത്തോടെ തിയേറ്ററിലേക്ക് തിരിച്ചെത്തുമെന്ന സിനിമാക്കാരുടെ കണക്കുകൂട്ടല്‍തെറ്റി. കൊട്ടിഗ്‌ഘോഷിച്ചെത്തിയ സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും ചിത്രങ്ങള്‍ക്കൊന്നുംതന്നെ അവധിക്കാലത്ത് പ്രതീക്ഷയ്‌ക്കൊത്ത നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. നോട്ടുനിരോധനസമയത്തും നോമ്പുകാലങ്ങളിലും തിയേറ്ററുകള്‍ നേരിടുന്നതിനു സമാനമായ ആളില്ലാപ്രതിസന്ധിയാണ് ഈ ഓണക്കാലത്തും ഉണ്ടായതെന്ന് തിയേറ്റര്‍ ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാളത്തിലെ സൂപ്പര്‍താരം ജയിലിലടയ്ക്കപ്പെട്ടതില്‍ നിന്നാണ് മലയാള സിനിമയില്‍ പുതിയ പ്രതിസന്ധി രൂപംകൊള്ളുന്നത്. കഥാപാത്രങ്ങളുടെ കരുത്തില്‍ പ്രേക്ഷകര്‍ മനസ്സില്‍ കുടിയിരുത്തിയ പലരുടെയും മുഖംമൂടികള്‍ ചാനല്‍ ചര്‍ച്ചകളിലൂടെ പൊളിഞ്ഞുവീഴുകയായിരുന്നു. സിനിമാക്കാര്‍തന്നെ ചേരിതിരിഞ്ഞ് സിനിമയ്ക്കുള്ളില്‍ നടന്നുവരുന്ന കൊള്ളരുതായ്മകള്‍ വിളിച്ചുപറഞ്ഞപ്പോള്‍ അതില്‍ പലതും പ്രേക്ഷകര്‍ക്ക് പുതിയ അറിവായിരുന്നു.

ഫാന്‍സ് അസോസിയേഷനുകളെ ഉപയോഗിച്ച് ചില നടന്മാരും അവരുമായി ചേര്‍ന്നുനില്‍ക്കുന്നവരും സ്വന്തം സിനിമയ്ക്ക് കൈയടിപ്പിക്കുകയും തനിക്കു ഭീഷണിയായി വളരുന്ന മറ്റു നടന്റെ ചിത്രങ്ങള്‍ക്കുനേരെ കൂവിപ്പിക്കുകയും ചെയ്യുന്ന കഥകള്‍ ഉദാഹരണസഹിതമാണ് പലരും വിവരിച്ചത്.
 
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പുരോഗമിക്കുന്നവേളയില്‍ മുതിര്‍ന്ന താരങ്ങളില്‍ പലരും കുറ്റാരോപിതനെ പരസ്യമായി ന്യായീകരിക്കുകയും അയാള്‍ക്ക് പരസ്യപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത് വലിയ തോതിലുള്ള ജനരോഷമാണ് ഉയര്‍ത്തിയത്. കുറ്റാരോപിതനെ ന്യായീകരിച്ചുകൊണ്ട് സിനിമാക്കാരില്‍ ചിലര്‍തന്നെ നിര്‍മിച്ചുപുറത്തുവിട്ട വാട്‌സ് അപ്പ് മെസേജുകള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം പൊതുജനവികാരത്തെ മാറ്റി സ്ഥാപിക്കാന്‍ കഴിയാതെ വന്നു.

തങ്ങള്‍ ഇതുവരെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച താരങ്ങളും മനസ്സില്‍ കൊണ്ടുനടന്ന് ആരാധിച്ചവരും ചില്ലറക്കാരല്ലെന്ന ബോധ്യമാണ് പുതിയ സംഭവങ്ങള്‍ ജനങ്ങളിലുണ്ടാക്കിയത്. സിനിമാക്കാര്‍ കുഴപ്പക്കാരാണെന്നും ക്യാമറയ്ക്കു മുന്നിലെന്നപോലെ പൊതുവേദികളില്‍പോലും അവര്‍ കപടനാട്യത്തോടെയാണ് തങ്ങളെ അഭിസംബോധന ചെയ്തതെന്നുമുള്ള തിരിച്ചറിവാണ് പ്രേക്ഷകനെ ഇന്ന് സിനിമയില്‍നിന്ന് അകറ്റിയത്.

പ്രേക്ഷകര്‍ സിനിമയോട് മുഖംതിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തിയേറ്റര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വലിയ പ്രതീക്ഷ നല്‍കി ഓണക്കാലത്ത് തീയേറ്ററിലെത്തിയ ചിത്രങ്ങള്‍ക്കൊന്നും തന്നെ ഇളക്കം സൃഷ്ടിക്കാനായില്ല. ട്രാഫിക്ക്, സാള്‍ട്ട് ആന്റ് പെപ്പര്‍, മഹേഷിന്റെ പ്രതികാരം, ആക്ഷന്‍ ഹീറോ ബിജു, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളൊരുക്കിയ സിനിമകള്‍ മലയാള സിനിമയില്‍ വിപ്ലവം സൃഷ്ടിച്ചുവരുമ്പോഴാണ് കണ്ടുമടുത്ത കാഴ്ച്ചകളുമായി സൂപ്പര്‍താരങ്ങള്‍ വീണ്ടുമെത്തിയത്. നായകന്റെ ഒറ്റയാള്‍ പോരാട്ടവും മുണ്ടുമാടികുത്തിയുള്ള ഡയലോഗുകളുമെല്ലാം പ്രേക്ഷകന്‍ പാടെ നിരസിക്കുകയായിരുന്നു. സാറ്റലൈറ്റ് വിപണിയിലൂടെ താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കും പണം കൊയ്യാനുള്ള മാര്‍ഗമായിമാത്രം മലയാള സിനിമ മാറുമ്പോള്‍ പ്രേക്ഷന്‍ തിയേറ്ററില്‍ നിന്ന് അകലുന്നതിന് അവരെ കുറ്റപ്പെടുത്താനാകില്ല.

സിനിമ കാണാനെത്തുന്ന കുടുംബപ്രേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നിട്ടുണ്ടെന്ന് തിയേറ്റര്‍ മാനേജര്‍മാര്‍ പറയുന്നു. സിനിമയിലെ പുതിയ പ്രശ്‌നങ്ങളെക്കുറിച്ച് പരസ്യപ്രസ്താവനയ്ക്ക് തിയേറ്റര്‍ ഉടമകളാരും തയ്യാറാകുന്നില്ലെങ്കിലും ഓണക്കാലത്തെ കളക്ഷനില്‍ മുന്‍പൊന്നുമില്ലാത്ത ഇടിവുവന്നിട്ടുണ്ടെന്ന് അവരെല്ലാം തുറന്നുസമ്മതിക്കുന്നു.

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം, പൃഥ്വിരാജിന്റെ ആദം ജോണ്‍, നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവയാണ് ഇത്തവണ ഓണക്കാലത്ത് പ്രദര്‍ശനത്തിന് എത്തിയത്. കൂടുതല്‍ തിയേറ്ററുകള്‍ നേടി ഒരുദിവസം മുന്‍പേ പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ചിത്രത്തിന് തുണയായത് ആദ്യദിന കളക്ഷന്‍ മാത്രമാണ്. മോഹന്‍ലാല്‍ സിനിമയ്ക്കുനേരെ പോലും മുന്‍പൊന്നുമില്ലാത്ത അവഗണനയാണ് പ്രേക്ഷകരില്‍ നിന്നും ഇത്തവണ ലഭിച്ചത്. പ്രദര്‍ശനത്തിനെത്തിയ ആദ്യദിവസം പോലും ചിത്രം ഹൗസ്ഫുള്‍ ആയിരുന്നില്ല.

മമ്മൂട്ടിച്ചിത്രം നേട്ടമാണെന്നു കാണിക്കാന്‍ ഫാന്‍സ് അസോസിയഷന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പലരും ചേര്‍ന്ന് ചിത്രത്തെ താഴ്ത്തിക്കെട്ടിയെന്ന വാദവുമായി സംവിധായകന്‍ തന്നെ രംഗത്തെത്തി. കളക്ഷന്‍ കണക്കുകളിലെ തള്ളല്‍ ട്രോളന്‍മാര്‍ക്ക് ചാകരതന്നെ നല്‍കി.

വിവാദങ്ങളില്‍ പൃഥ്വിരാജ് കൈക്കൊണ്ട നിലപാടുകള്‍ അദ്ദേഹത്തിന്  ഗുണം ചെയ്തിരുന്നു. എന്നാല്‍ ഒരു പുതുമയുമില്ലാത്ത കഥ പറഞ്ഞ ആദം ജോണ്‍ പ്രേക്ഷകരെ അമ്പേ വെറുപ്പിച്ചു. മലയാള സിനിമ വലിയൊരു മാറ്റത്തിലേക്ക് ചേക്കേറുമ്പോള്‍ നെഞ്ചില്‍ ആഴ്ന്നിറങ്ങിയ കത്തി വലിച്ചൂരി പത്തുപതിനാറ് വില്ലന്‍മാരെ അടിച്ചുമലര്‍ത്തുന്ന ക്ലൈമാക്‌സിലെ നായകന്റെ ഒറ്റയാള്‍ പോരാട്ടം കൂകിവിളികളാണ് തിയേറ്ററില്‍ സൃഷ്ടിച്ചത്. ഓണച്ചിത്രങ്ങളില്‍ സമ്മിശ്ര അഭിപ്രായത്തിലൂടെ മുന്നേറിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മാത്രമാണ് ചെറുതായെങ്കിലും ഒരു ചലനം ഉണ്ടാക്കിയത്.

നിവിന്‍ പോളി ചിത്രമായി വന്ന സിനിമ ലാലിന്റെയും ശാന്തികൃഷ്ണയുടെയും പ്രകടനംകൊണ്ട് കൈയടി നേടുകയായിരുന്നു. ഓണം റിലീസുകളുടെ അവസാന കളക്ഷന്‍ റിപ്പോര്‍ട്ടില്‍ ഞണ്ടുകള്‍ മുന്‍പിലേക്കെത്തുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. താരങ്ങളെ സന്തോഷിപ്പി ക്കാനും ആരാധകരുടെ കണ്ണില്‍ പൊടിയിടാനും കോടികളുടെ കണക്കുവിളിച്ചു പറഞ്ഞ്  പോസ്റ്ററടിക്കുമ്പോഴും തിയേറ്ററുകളില്‍ നിന്ന് പ്രേക്ഷകര്‍ അകലുന്ന അവസ്ഥ തുടരുകയാണ്.