കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ക്ഷനിലൂടെ നടന്നു പോകുമ്പോള്‍ എന്തോ ശരീരത്തില്‍ വന്നിടിച്ചതേ ഓര്‍മ്മയുള്ളൂ. ചീറിപ്പാഞ്ഞുവന്ന ഒരു ബസ്സായിരുന്നു അതെന്ന് പിന്നീടാരോ പറഞ്ഞറിഞ്ഞു. ബോധം വന്നപ്പോള്‍ ആശുപത്രിക്കിടക്കയിലാണ്. കാഴ്ചക്ക് ആകെ ഒരു മങ്ങല്‍. ശരീരമാസകലം കൊത്തിപ്പറിക്കുന്ന വേദന. ആരൊക്കെയോ ചുറ്റും കൂടി നിന്ന് പരസ്പരം സംസാരിക്കുന്ന ശബ്ദം മാത്രം കേള്‍ക്കാം. ഇടയ്ക്ക് അവരില്‍ ഒരാള്‍ തലതാഴ്ത്തി കാതില്‍ ചോദിച്ചു: ''നിങ്ങള്‍ ഏതു നാട്ടുകാരനാ ? ഏതെങ്കിലും ബന്ധുവിന്റെ പേര് ഓര്‍മ്മയുണ്ടോ?''

ഒന്നും ഓര്‍മ്മ വരുന്നുണ്ടായിരുന്നില്ല കുഞ്ഞിമൂസയ്ക്ക്. മനസ്സ് നിറയെ ശൂന്യത മാത്രം. ചുറ്റും ചിതറിവീണുകിടന്ന ഓര്‍മ്മത്തുണ്ടുകള്‍ പെറുക്കിയെടുത്തു കൂട്ടിവെക്കാന്‍ പറ്റാതെ കുറെ നേരം വെറുതെ മുകളിലേക്ക് നോക്കിക്കിടന്നപ്പോള്‍ ഒരു രൂപം മനസ്സില്‍ തെളിഞ്ഞുവന്നു. എണ്ണമയമുള്ള തലമുടി കൈകൊണ്ടു മാടിയൊതുക്കി ഉറച്ച കാല്‍വെപ്പുകളോടെ ദൂരെ നിന്ന് നടന്നു വരുന്ന ഒരാള്‍. കസവു മുണ്ടും കൈകള്‍ മുകളിലേക്ക് തെറുത്തുവച്ച തൂവെള്ള ജൂബയും വേഷം. മുഖത്ത് മായാത്ത പുഞ്ചിരി. ഒരു നിമിഷം കുഞ്ഞിമൂസയുടെ മനസ്സ് പഴയൊരീണം മൂളി. ചുണ്ടുകള്‍ പതുക്കെ മന്ത്രിച്ചു രാഘവന്‍ മാഷ്. ''എന്ത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന്റെ പേര് അപ്പോള്‍ പറഞ്ഞത് എന്നെനിക്കറിയില്ല. മറ്റാരുടെയും പേര് ഓര്‍മ്മ വന്നില്ല എന്നതാണ് സത്യം സ്വന്തം മക്കളുടെ പോലും. ആ പേരിന്റെ ഉടമ എത്രത്തോളം എന്റെ ജീവിതത്തെ, എന്റെ ശ്വാസോഛ്വാസത്തെ പോലും സ്വാധീനിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയത് അന്നാണ്.'' കുഞ്ഞിമൂസ പറഞ്ഞു.

ആശുപത്രിക്കിടക്കയില്‍ അര്‍ദ്ധബോധാവസ്ഥയില്‍ അവശനായി കിടക്കുന്ന ചുമട്ടു തൊഴിലാളിയുടെ ചുണ്ടുകള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന്റെ പേര് ഉരുവിട്ടപ്പോള്‍ അത്ഭുതം തോന്നിയിരിക്കണം ചുറ്റും കൂടിനിന്നവര്‍ക്ക്. ഉടനടി രാഘവന്‍ മാഷെ തേടി ആകാശവാണി നിലയത്തിലേക്ക് ആളു പോയി. അധികം കാത്തിരിക്കേണ്ടി വന്നില്ല. ബീച്ചാശുപത്രിയില്‍ കുഞ്ഞിമൂസയുടെ കിടക്കയ്ക്ക് അരികെ മാസ്റ്റര്‍ എത്തി. ഒപ്പം അക്കിത്തവും തിക്കോടിയനും കക്കാടും ഉള്‍പ്പെടെ ആകാശവാണിക്കാരുടെ ഒരു വന്‍ സംഘവും. കട്ടിലിന്റെ തലയ്ക്കലിരുന്നു തന്നെ സാവധാനം തലോടിയ മാസ്റ്ററുടെ ബലിഷ്ടമായ കൈകള്‍ കുഞ്ഞിമൂസ മുറുക്കെ പിടിച്ചു. ''ജീവിതത്തിലേക്ക് ഞാന്‍ തിരിച്ചു വന്നു എന്ന് എന്നെ ബോധ്യപ്പെടുത്തിയത് ആ തലോടലാണ്. അതുവരെ മരണം ഉറപ്പിച്ചു കിടക്കുകയായിരുന്നു ഞാന്‍. മാസ്റ്ററുടെ സാമീപ്യം, വിദൂരതയില്‍ നിന്ന് ഫോണിലൂടെ വരുന്ന ആ ശബ്ദം പോലും പറഞ്ഞറിയിക്കാന്‍ ആവാത്ത ഒരു സുരക്ഷിതത്വ ബോധം എന്നും എനിക്ക് നല്കിയിരുന്നു. ഇനി അത് ഉണ്ടാവില്ല എന്നോര്‍ക്കുമ്പോള്‍....'' കുഞ്ഞിമൂസ നിശബ്ദനാകുന്നു.

kunjimoosa and k.raghavan

പഴയൊരു പാട്ടിനു പിന്നാലെയുള്ള അലച്ചിലിന് ഒടുവിലാണ് കുഞ്ഞിമൂസയില്‍ എത്തിച്ചേരുന്നത്. പാട്ടിന്റെ പല്ലവിയും അതിന്റെ ഈണവും മാത്രമേ ഉണ്ടായിരുന്നുള്ളൂ ഓര്‍മ്മയില്‍. കുട്ടിക്കാലത്ത് റേഡിയോയില്‍ കേട്ട് മനസ്സില്‍ പതിഞ്ഞതാണ്: ''കരിനീല രജനി തന്‍ കവിളത്തു മിന്നുന്ന കണ്ണുനീര്‍ പൂമുത്തു പോലെ....'' വെറുതെയിരിക്കുമ്പോള്‍ പോലും മനസ്സ് മൂളിക്കൊണ്ടിരുന്ന ഈണം. ആരാണത് പാടിയതെന്ന് അറിയില്ല; സിനിമാപ്പാട്ടോ ലളിതഗാനമോ അതോ നാടകഗാനമോ? അതും പിടിയില്ല. ഏതോ ഒരു ഏകാന്ത നിമിഷത്തില്‍ അടുത്തിടെ ആ ഗാനം വീണ്ടും വന്നു മനസ്സിനെ തഴുകിയപ്പോള്‍, മുഴക്കമുള്ള, വികാരദീപ്തമായ ആ ശബ്ദം ആരുടേതെന്നറിയാന്‍ കൗതുകം തോന്നി. ചെറിയ ഒരന്വേഷണത്തിനൊടുവില്‍ പഴയ ലളിതഗാനങ്ങളുടെ ആരാധകനായ സുഹൃത്താണ് ആ പാട്ടും ഗായകന്റെ പേരും തേടിയെടുത്തു തന്നത് എം.കുഞ്ഞിമൂസ. കോഴിക്കോട് ആകാശവാണിയിലൂടെ 1960 കളിലും 70 കളിലും നിത്യേന ശ്രോതാക്കളെ തേടിയെത്തിക്കൊണ്ടിരുന്ന ശബ്ദം. സിനിമ സ്വന്തം ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യഘടകമാകുന്നത് വരെ, മലയാളി ഹൃദയത്തോട് ചേര്‍ത്തുവെച്ചിരുന്നത് റേഡിയോയിലൂടെ ഒഴുകിവന്നിരുന്ന ഇത്തരം ലളിതഗാനങ്ങളാണ് എന്നറിയുക. ഇന്നത്തെ സൂപ്പര്‍ ഹിറ്റ് സിനിമാ ഗാനങ്ങളോളം, ഒരു പക്ഷെ അവയേക്കാള്‍, ജനപ്രീതിയുണ്ടായിരുന്നു ആ പാട്ടുകള്‍ക്കും അവയ്ക്ക് പിന്നിലെ ശബ്ദങ്ങള്‍ക്കും. സി എ അബൂബക്കര്‍, എ കെ സുകുമാരന്‍, കോഴിക്കോട് അബ്ദുള്‍ഖാദര്‍, കെ.ആര്‍.ബാലകൃഷ്ണന്‍, ഗായത്രി ശ്രീകൃഷ്ണന്‍, മായാ നാരായണന്‍... അറിയപ്പെടുന്നവരും അല്ലാത്തവരുമായി അങ്ങനെ എത്രയെത്ര പാട്ടുകാര്‍. ആ നിരയിലെ തിളങ്ങുന്ന താരമായിരുന്നു മൂലക്കാല്‍ കുഞ്ഞിമൂസ.

കുഞ്ഞിമൂസയെ പുതിയ തലമുറ അറിയുക ഒരു പക്ഷേ താജുദ്ദീന്‍ വടകര എന്ന ഗായകന്റെ പിതാവായിട്ടാകും ''നെഞ്ചിനുള്ളില്‍ നീയാണ്, കണ്ണിന്‍ മുന്നില്‍ നീയാണ്, കണ്ണടച്ചാല്‍ നീയാണ് ഫാത്തിമ'' എന്ന ഒരൊറ്റ പാട്ടിലൂടെ യുവഹൃദയങ്ങള്‍ കീഴടക്കിയ പാട്ടുകാരന്റെ. പരിഭവമൊന്നുമില്ല കുഞ്ഞിമൂസയ്ക്ക്; മകന്റെ നേട്ടത്തില്‍ അഭിമാനം മാത്രം. ''ഓരോ പാട്ടുകാര്‍ക്കും ഓരോ കാലമുണ്ട്. അപൂര്‍വം ചിലര്‍ മാത്രം ആ കാലത്തിന് അപ്പുറത്തേക്കു വളരുന്നു. മറ്റുള്ളവര്‍ മറവിയുടെ തിരശീലക്കപ്പുറത്തു മറയുന്നു. എന്നെ മറന്നവര്‍ പോലും എന്റെ പാട്ടുകള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നു എന്നറിയുമ്പോള്‍ സന്തോഷം തോന്നും. ആ പാട്ടുകള്‍ പലതും എന്റേത് മാത്രമായിരുന്നില്ലല്ലോ. പി ടി അബ്ദുറഹ്മാനെയും രാഘവന്‍ മാഷെയും പോലുള്ള അപൂര്‍വ പ്രതിഭകള്‍ക്ക് കൂടി അവകാശപ്പെട്ടതാണവ.'' ഓര്‍മയില്‍ നിന്ന് കരിനീല രജനിതന്‍ എന്ന പാട്ടിന്റെ പല്ലവി എനിക്ക് മൂളിത്തരുന്നു കുഞ്ഞിമൂസ. ''എത്ര വര്‍ഷമായി ഈ പാട്ടൊന്നു പാടിയിട്ട്. ഞാന്‍ പോലും മറന്നു പോയിരുന്നു. രാഘവന്‍ മാഷിന്റെ ട്യൂണ്‍ ആണ്. ആരെഴുതിയെന്ന് ഓര്‍മ്മയില്ല. വയസ്സ് എണ്‍പത്തഞ്ചായില്ലേ?'' ഒരു നിമിഷത്തെ മൗനം. പിന്നെ മൃദുവായ ഒരു പുഞ്ചിരി. ''നിങ്ങളുടെ പ്രായക്കാര്‍ ഈ പഴംപാട്ടുകളൊക്കെ ഓര്‍ത്തിരിക്കുന്നു എന്നത് തന്നെ വലിയ കാര്യം. ആര്‍ക്കുണ്ട് ഇതൊക്കെ ശ്രദ്ധിക്കാന്‍ സമയം?'' 

ജീവിതഭാരം
 
പാട്ടിലേക്ക് വഴിതെറ്റി വന്നതല്ല കുഞ്ഞിമൂസ. ഉമ്മയും ഉമ്മയുടെ സഹോദരിമാരും നന്നായി പാടിയിരുന്നു. തലശേരിയിലെ മാപ്പിളപ്പാട്ട് വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു അവര്‍ പലരും. പെണ്‍കുട്ടികള്‍ പ്രണയഗാനങ്ങള്‍ പൊതുവേദികളില്‍ പാടുന്നത് പ്രോല്‍സാഹിപ്പിക്കപ്പെട്ടിരുന്നില്ലാത്ത കാലമാണെന്നോര്‍ക്കണം. കുഞ്ഞിമൂസയുടെ ബാപ്പ അബ്ദുള്ളയെ ''ഗാന്ധി അബ്ദുള്ള'' എന്ന് പറഞ്ഞാലേ നാട്ടുകാര്‍ അറിയൂ. സ്വാതന്ത്ര്യ സമരത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും എല്ലാം ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചയാള്‍. മോശമല്ലാത്ത സാമ്പത്തിക സ്ഥിതിയും ഉണ്ടായിരുന്നു വീട്ടില്‍. കപ്പലില്‍ നിന്ന് സേട്ടുമാര്‍ക്ക് വേണ്ടി അരിച്ചാക്ക് ഇറക്കുന്നതിന്റെ ചുമതലയായിരുന്നു ബാപ്പയ്ക്ക്. മൂന്നു മക്കളും പഠിച്ചു നല്ല ഉദ്യോഗം നേടണം എന്നാഗ്രഹിച്ചു അദ്ദേഹം. അല്ലലും അലട്ടും അറിയാതെ കടന്നുപോയ ബാല്യമായിരുന്നു ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം എന്നു പറയും കുഞ്ഞിമൂസ. പിന്നെയെപ്പോഴോ നിനച്ചിരിക്കാതെ ആ കാലത്തിന് തിരശ്ശീല വീഴുന്നു മധുരോദാരമായ ഒരു ഗാനം ഇടയ്ക്ക് വെച്ച് മുറിഞ്ഞു പോയപോലത്തെ അനുഭവം. വിധി അകാലത്തില്‍ ബാപ്പയെ തട്ടിയെടുക്കുകയായിരുന്നു. അബ്ദുള്ള മരിക്കുമ്പോള്‍ മൂത്ത മകന്‍ കുഞ്ഞിമൂസയ്ക്ക് പ്രായം പത്തു വയസ്സ്.പറക്കമുറ്റാത്ത മക്കളെ പാട്ടു പാടി ഒറ്റയ്ക്ക് വളര്‍ത്തിക്കൊണ്ടു വരാവുന്ന അവസ്ഥയിലായിരുന്നില്ല കുഞ്ഞിമൂസയുടെ ഉമ്മ. ബന്ധുക്കളും കൈവിട്ടതോടെ ജീവിതം ശരിക്കും വഴിമുട്ടി. കുടുംബത്തിന്റെ പട്ടിണിയകറ്റാന്‍ എന്തെങ്കിലും ജോലി ചെയ്‌തേ പറ്റൂ എന്ന സ്ഥിതിയെത്തി. അങ്ങനെയാണ് പതിനാലാം വയസ്സില്‍ കുഞ്ഞിമൂസ ചുമടെടുത്തു തുടങ്ങുന്നത്. ''ഇഷ്ടമുണ്ടായിട്ടല്ല. വേറെ വരുമാന മാര്‍ഗ്ഗം ഒന്നുമുണ്ടായിരുന്നില്ല. ആദ്യമാദ്യം വലിയ ചാക്കുകള്‍ തലയില്‍ കയറ്റിവെക്കാന്‍ പ്രയാസമായിരുന്നു. പിന്നെ അത് ശീലമായി. അരിച്ചാക്കും പഞ്ചസാരച്ചാക്കും കുരുമുളക് ചാക്കുമൊക്കെ കിലോമീറ്ററുകളോളം തലയിലേറ്റി നടക്കാന്‍ പഠിച്ചു. കാലമേറെ കഴിഞ്ഞപ്പോള്‍ ചുമട്ടു തൊഴിലാളികളുടെ 'മൂപ്പനാ'യി. കുടുംബം പച്ചപിടിച്ചു തുടങ്ങിയത് അതോടെയാണ്. എന്നും ജീവിത പ്രാരാബ്ധങ്ങള്‍ മറക്കാന്‍ സഹായിച്ചത് സംഗീതമായിരുന്നു. എല്ലാ ദുഖങ്ങളും പാട്ടില്‍ അലിയിച്ചു കളയാന്‍ പഠിച്ചു ഞാന്‍.''
തലശ്ശേരിയില്‍ അന്നൊരു ക്ലബ്ബുണ്ട്  ജനത സംഗീത സഭ. 1957 ല്‍ ആദ്യ സംസ്ഥാന മന്ത്രിസഭയിലെ അംഗമായിരുന്ന വി.ആര്‍.കൃഷ്ണയ്യര്‍ ഉത്ഘാടനം ചെയ്തതാണ്. നാട്ടിലെ സംഗീത പ്രേമികളെല്ലാം വൈകുന്നേരങ്ങളില്‍ അവിടെ ഒത്തുകൂടും. ക്ലബ്ബിന്റെ നേതൃത്വം ടി സി ഉമ്മര്‍ക്ക എന്ന ഹാര്‍മോണിസ്റ്റിനായിരുന്നു. പാടാന്‍ കഴിവും വാസനയുമുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നത് ഒരു ഹോബിയായിരുന്നു ഉമ്മര്‍ക്കയ്ക്ക്. താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ ഉമ്മര്‍ കുട്ടികളെ പഠിപ്പിക്കും. മലയാളത്തില്‍ സിനിമകള്‍ അപൂര്‍വമായി മാത്രം പുറത്തിറങ്ങിയിരുന്ന 1950 കളുടെ തുടക്കമാണ്. സ്വാഭാവികമായും ലളിത ഗാനങ്ങള്‍ക്കും മാപ്പിളപ്പാട്ടുകള്‍ക്കുമായിരുന്നു ആവശ്യക്കാര്‍ ഏറെ. ഗുരുവിന്റെ ശിക്ഷണത്തില്‍ സ്റ്റേജില്‍ അത്തരം പാട്ടുകള്‍ പാടി കുഞ്ഞിമൂസ സദസ്സിന്റെ കയ്യടി നേടിത്തുടങ്ങുന്നു. ''അന്നൊക്കെ വേദിയില്‍ നിലത്തിരുന്നാണ് പാടുക. വലിയൊരു മൈക്കുണ്ടാകും മുന്നില്‍. പിന്നണിയില്‍ തബലയും ഹാര്‍മോണിയവുംനിര്‍ബന്ധം. അപൂര്‍വമായി വയലിനും ഗിത്താറും കാണും. വയലിന്‍ വായിക്കാന്‍ സുകുമാരനേയും ഗിത്താറിന് ആര്‍ച്ചീ ഹട്ടനെയും കോഴിക്കോട് നിന്ന് പ്രത്യേകം കൊണ്ടുവരികയാണ് ചെയ്യുക.''

നീലക്കുയില്‍ എന്ന സിനിമ പുറത്തിറങ്ങുന്നത് ആയിടയ്ക്കാണ്. മലയാളിയുടെ സംഗീതാസ്വാദനശീലങ്ങള്‍ തന്നെ മാറ്റിമറിച്ച പടം. എവിടെ ചെന്നാലും നീലക്കുയിലിലെ പാട്ടുകളെ കുറിച്ചേ കേള്‍ക്കാനുള്ളൂ. കായലരികത്ത്, കുയിലിനെ തേടി, മാനെന്നും വിളിക്കില്ല തുടങ്ങിയ ഗാനങ്ങള്‍ കല്യാണ വീടുകളിലെ പാട്ടുകോളാമ്പികളില്‍ നിന്ന് നിലയ്ക്കാതെ പ്രവഹിച്ച കാലം. തലശേരിക്കാരനായ രാഘവന്‍ എന്നൊരാളാണ് ആ പാട്ടുകള്‍ക്ക് പിന്നിലെന്ന് ആരോ പറഞ്ഞറിഞ്ഞപ്പോള്‍ വല്ലാത്തൊരു സന്തോഷം തോന്നി; ആരാധനയും. എന്നെങ്കിലും അദ്ദേഹത്തെ നേരില്‍ കാണണം എന്ന മോഹം ഉള്ളില്‍ വളര്‍ന്നു. ഇന്നത്തെ പോലെ ടി വിയും ഇന്റര്‍നെറ്റും ഒന്നും ഇല്ലാത്ത കാലമല്ലേ? റേഡിയോ പോലും ഒരു ആഡംബര വസ്തു. ഒരു ദിവസം മുടിവെട്ടാന്‍ ടൗണിലെ ബാര്‍ബര്‍ ഷാപ്പില്‍ ചെന്നപ്പോള്‍ അവിടെ വായിക്കാന്‍ ഇട്ടിരുന്ന പഴയൊരു വാരികയിലാണ് രാഘവന്‍ മാഷിന്റെ പടം ആദ്യം കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ സൌമ്യമായ ആ മുഖവും വിടര്‍ന്ന ചിരിയും മനസ്സില്‍ പതിഞ്ഞു. 

ആദ്യ കൂടിക്കാഴ്ച

പിന്നീട് ഏറെ കഴിഞ്ഞായിരുന്നു മാഷുമായുള്ള കുഞ്ഞിമൂസയുടെ ആദ്യ കൂടിക്കാഴ്ച. അത് രസകരമായ മറ്റൊരു അനുഭവം. തലശ്ശേരി ടൌണില്‍ വാധ്യാര്‍ പീടികയ്ക്കടുത്ത് ചുമടെടുത്തു നില്ക്കുമ്പോഴാണ് മൂന്നുനാലു പേര്‍ ബസ് കാത്തു നില്ക്കുന്നത് കുഞ്ഞിമൂസയുടെ കണ്ണില്‍ പെട്ടത്. അവരില്‍ ഒരാളെ എവിടെയോ കണ്ടു മറന്ന പോലെ. അധികനേരം ആലോചിച്ചു നില്‍ക്കേണ്ടി വന്നില്ല. പിടികിട്ടി. ആള്‍ രാഘവന്‍ മാഷ് തന്നെ. ഒരിക്കലെങ്കിലും നേരില്‍ കാണണമെന്ന് മോഹിച്ച വ്യക്തി ഇതാ കണ്‍വെട്ടത്ത്. കുഞ്ഞിമൂസ പിന്നെ സംശയിച്ചുനിന്നില്ല. തലയിലെ ഗോതമ്പ് ചാക്ക് താഴെയിറക്കി വെച്ച് നേരെ മുന്നിലേക്ക് ഓടിച്ചെന്നു. ''മുടിയിലും മുഖത്തും അണിഞ്ഞിരുന്ന ബനിയനിലും മുഴുവന്‍ ഗോതമ്പുപൊടിയുമായി വിയര്‍പ്പില്‍ കുളിച്ചു നിന്ന എന്നെ കണ്ടു മാഷ് അന്തം വിട്ടിരിക്കണം. കൈകൂപ്പി തൊഴുതുകൊണ്ട് ഒറ്റ ശ്വാസത്തില്‍ ഞാന്‍ സ്വയം പരിചയപ്പെടുത്തി: കുഞ്ഞിമൂസ എന്നാണു പേര്. അത്യാവശ്യം പാടും. ഇവിടത്തെ ക്ലബ്ബിലൊക്കെ പാടുന്നുണ്ട്. പക്ഷെ പാട്ട് പഠിച്ചിട്ടില്ല. ആകാശവാണിയില്‍ പാടണം എന്നാണു ആഗ്രഹം. മാഷ് വിചാരിച്ചാല്‍.....''


ഒരു നിമിഷം അപരിചിതന്റെ മുഖത്തു നോക്കി അമ്പരന്നു നിന്നു മാസ്റ്റര്‍. പിന്നെ അമ്പരപ്പ് പൊട്ടിച്ചിരിക്ക് വഴിമാറി: ''അതിനെന്താ. ഒരു ദിവസം കോഴിക്കോട് സ്റ്റേഷനില്‍ വരൂ. ആദ്യം ഓഡിഷന്‍ ടെസ്റ്റ് പാസാകണം. എന്നാല്‍ റേഡിയോയില്‍ പാടാം. വിദ്യാഭ്യാസ യോഗ്യതയൊന്നും പ്രശ്‌നമല്ല. നന്നായി പാടിയാല്‍ മതി.'' ലോകം പിടിച്ചടക്കിയ സന്തോഷമാണ് അപ്പോള്‍ തോന്നിയതെന്ന് കുഞ്ഞിമൂസ. ''എന്റെ ജീവിതം മാറ്റിമറിച്ച നിമിഷമായിരുന്നു അത്. റേഡിയോയില്‍ പാടുന്നതിനെ കുറിച്ചൊക്കെ എന്നെ പോലൊരാള്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല അന്ന്. ഇന്നത്തെ കാലത്ത് സിനിമയില്‍ അവസരം നേടുന്നതിനേക്കാള്‍ ദുഷ്‌കരം. '' മാഷോട് യാത്ര പറഞ്ഞു തലയില്‍ ചുമടുമായി തിരിച്ചു നടക്കുമ്പോള്‍ കഴിഞ്ഞതൊന്നും സ്വപ്നമല്ലെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെടുകയായിരുന്നു കുഞ്ഞിമൂസ. വീട്ടിലെത്തിയ ഉടന്‍ ഉമ്മര്‍ക്കയുടെ സഹായത്തോടെ അപേക്ഷ പൂരിപ്പിച്ചു അയച്ചു. ശബ്ദ പരീക്ഷയ്ക്ക് ഒരു ദിവസം ആകാശവാണി നിലയത്തില്‍ എത്തിച്ചേരണം എന്ന് പറഞ്ഞു മറുപടിക്കത്തും വന്നു. ഒരിക്കലും അവസാനിക്കതേ ഈ സുന്ദരമായ സ്വപ്നം എന്ന് ഈശ്വരനോട് പ്രാര്‍ഥിക്കുകയായിരുന്നു അപ്പോഴും കുഞ്ഞിമൂസ.

ആകാശവാണി ഒരു അത്ഭുത ലോകമായിരുന്നു കുഞ്ഞിമൂസയ്ക്ക്. കേട്ടറിഞ്ഞു മാത്രം പരിചയമുള്ള കലാകാരന്മാരും സാഹിത്യകാരന്മാരും തൊട്ടു മുന്നിലൂടെ തലങ്ങും വിലങ്ങും നടന്നു പോകുന്നത് അന്തം വിട്ടു നോക്കി നിന്നു ആ പാവം ചുമട്ടുതൊഴിലാളി. ''ശബ്ദ പരീക്ഷക്ക് വന്നവരെ കണ്ടതോടെ എന്റെ ധൈര്യം ചോര്‍ന്നു എന്നതാണ് സത്യം. എല്ലാവരും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചവര്‍. ഞാന്‍ മാത്രമേയുള്ളൂ അക്കൂട്ടത്തില്‍ പാട്ട് പഠിക്കാത്തവനായി. പോരാത്തതിന് നല്ല ജലദോഷവും ഉണ്ട്. ഏതായാലും സകല ധൈര്യവും സംഭരിച്ചു ഞാന്‍ പാടി.'' കണ്ണാടിച്ചില്ലിനപ്പുറത്തു നിന്ന് പാട്ട് തുടങ്ങാന്‍ ആംഗ്യം കാണിക്കുന്ന രാഘവന്‍ മാസ്റ്ററെ കണ്ടപ്പോള്‍ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചു കിട്ടിയ പോലെ തോന്നിയെന്ന് കുഞ്ഞിമൂസ. പാടിത്തീര്‍ന്നപ്പോള്‍ മാസ്റ്റര്‍ ഒന്നും പറഞ്ഞില്ല എന്നൊരു നിരാശ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറെ ദിവസം കഴിഞ്ഞു ആകാശവാണിയില്‍ നിന്ന് കത്ത് വന്നു. ആകാംക്ഷയയോടെയാണ് അത് പൊട്ടിച്ചു വായിച്ചത്. അത്ഭുതം കുഞ്ഞിമൂസയെ ഗായകനായി അംഗീകരിച്ചിരിക്കുന്നു അവര്‍. ''അന്നനുഭവിച്ച ആഹ്ലാദം എത്രയെന്ന് നിങ്ങള്‍ക്ക് വിശദീകരിച്ചു തരാനാവില്ല എനിക്ക്. ജീവിതത്തിനു അര്‍ത്ഥമുണ്ടായി എന്ന് തോന്നിത്തുടങ്ങിയ ഘട്ടം.''
പിന്നെ അധികം കാത്തിരിക്കേണ്ടി വന്നില്ല. രണ്ടാഴ്ചക്കകം തന്നെ ആകാശവാണിയില്‍ ആദ്യത്തെ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ ക്ഷണം വരുന്നു. ചെന്നപ്പോള്‍ രാഘവന്‍ മാസ്റ്റര്‍ ഡല്‍ഹിയിലേക്ക് പോകാനുള്ള തിരക്കിലാണ്. ചെറിയൊരു ഭയം തോന്നി അപ്പോള്‍. ആദ്യമായാണ് സ്റ്റുഡിയോയിലെ മൈക്കിനു മുന്നില്‍ ചെന്ന് നില്ക്കാന്‍ പോകുന്നത്. പരിചയമുള്ള ഒരാളെന്ന് പറയാന്‍ രാഘവന്‍ മാഷ് മാത്രം. മാഷില്ലെങ്കില്‍ ശബ്ദം പുറത്തുവന്നില്ലെങ്കിലോ? എന്റെ പരിഭ്രമം മുഖത്തു നിന്ന് വായിച്ചെടുത്തിരിക്കണം മാഷ്. കുറെ നല്ല വാക്കുകള്‍ പറഞ്ഞ് ആശ്വസിപ്പിച്ച ശേഷം അദ്ദേഹം എന്നെ മറ്റൊരാളുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ''കുഞ്ഞിമൂസ പേടിക്കേണ്ട. ഇത് എന്റെ അസിസ്റ്റന്റ് ആണ്. ചിദംബരനാഥ്. ഇദ്ദേഹമാണ് നിങ്ങളുടെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുക. '' എന്നിട്ട് തിരിഞ്ഞ് ചിദംബരനാഥിനെ നോക്കി മാഷ് പറഞ്ഞു. ''ഇയാള്‍ പുതിയ ആളാണ്. ശ്രദ്ധിച്ചുകൊള്ളണം.''

തിക്കോടിയന്‍ എഴുതിയ ''മഞ്ഞവെയിലിന്‍ മയിലാട്ടം കണ്ടു'' എന്ന പാട്ടാണ് ആദ്യം പാടി റെക്കോര്‍ഡ് ചെയ്തത്. അത് കഴിഞ്ഞു നാല് പാട്ട് കൂടി. വിജയശ്രീലാളിതനെ പോലെയാണ് അന്ന് നാട്ടില്‍ തിരിച്ചെത്തിയത് എന്നോര്‍ക്കുന്നു കുഞ്ഞിമൂസ. റേഡിയോ ആര്‍ട്ടിസ്റ്റ് ആയിട്ടുള്ള വരവല്ലേ? രാജകീയമായ സ്വീകരണമായിരുന്നു നാട്ടുകാരുടെ വക. പാട്ടുകള്‍ റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്ന ദിവസത്തിനായുള്ള കാത്തിരിപ്പായി പിന്നെ. അക്ഷമമായ കാത്തിരിപ്പ്. ഒടുവില്‍ ആ ദിവസവും എത്തി. അന്ന് തലശ്ശേരിയില്‍ അപൂര്‍വ്വം വീടുകളിലേ റേഡിയോ ഉള്ളൂ. എല്ലാം സമ്പന്നഭവനങ്ങള്‍. അവിടങ്ങളില്‍ ചെന്ന് പാട്ട് കേള്‍ക്കുക അചിന്ത്യം. ആകെയുള്ള ആശ്രയം പാരീസ് ഹോട്ടലാണ്. അവിടെ നാട്ടുകാര്‍ക്ക് വേണ്ടി സ്ഥിരമായി പാടിക്കൊണ്ടിരുന്ന ഒരു റേഡിയോ ഉണ്ടായിരുന്നു. കൃത്യ സമയത്ത് തന്നെ കുഞ്ഞിമൂസയും കൂട്ടുകാരും ഹോട്ടലിനു മുന്നില്‍ ഹാജര്‍. ഭഅടുത്ത ഗാനം പാടിയത് എം കുഞ്ഞിമൂസ' എന്ന് റേഡിയോയിലൂടെ കേട്ടപ്പോള്‍ ഉണ്ടായ കോരിത്തരിപ്പ് ഇന്നും മറന്നിട്ടില്ല അദ്ദേഹം; ചുറ്റും ഉയര്‍ന്ന ആരവവും. 

ചുമട്ടു തൊഴിലാളിയായ കുഞ്ഞിമൂസ റേഡിയോ സ്റ്റാര്‍ കുഞ്ഞിമൂസയായി അറിയപ്പെട്ടു തുടങ്ങിയത് അന്നുമുതലാണ്. റേഡിയോയില്‍ പാടിയതോടെ സ്റ്റേജ് പരിപാടികളിലും കുഞ്ഞിമൂസക്ക് താരപരിവേഷമായി. നാടെങ്ങും ഗാനമേളകള്‍; ഇടയ്ക്കിടെ ആകാശവാണിയില്‍ പാടാന്‍ അവസരങ്ങള്‍. ലളിതഗാനങ്ങളും റേഡിയോ ഫീച്ചറുകളും സംഗീത ശില്പ്പങ്ങളും എല്ലാം ഉണ്ടായിരുന്നു അവയില്‍. പ്രതിഭകളുടെ സംഗമകേന്ദ്രമായിരുന്ന അന്നത്തെ കോഴിക്കോട് ആകാശവാണിയെ കുറിച്ച് രോമാഞ്ചത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ കുഞ്ഞിമൂസയ്ക്ക്. അക്കിത്തം, പി ഭാസ്‌കരന്‍, എന്‍ എന്‍ കക്കാട്, തിക്കോടിയന്‍, പദ്മനാഭന്‍ നായര്‍, ശാന്ത പി നായര്‍, ഉദയഭാനു എന്നിവരൊക്കെയുണ്ട് അന്നവിടെ. ഒരു കുടുംബം പോലെ കഴിഞ്ഞവര്‍. അന്ന് പാടി റെക്കോര്‍ഡ് ചെയ്ത നൂറു കണക്കിന് പാട്ടുകളില്‍ കുറച്ചെണ്ണമേ ഇപ്പോള്‍ ഓര്‍മ്മയില്‍ അവശേഷിക്കുന്നുള്ളൂ എന്നതാണ് ദുഃഖം. എന്‍ എന്‍ കക്കാട് എഴുതിയ ഉണരൂ കവിമാതേ, ആരു നീ ചാരേ, അക്കിത്തത്തിന്റെ പണ്ടൊരു വൈശാഖ മാസപ്പുലരിയില്‍ (ഗായത്രി ശ്രീകൃഷ്ണനൊപ്പം), ഭുവനേശ്വരനെ തീര്‍ത്തുതരിക, ശ്രീധരനുണ്ണി രചിച്ച ലോകത്തിന്‍ മടിത്തട്ടില്‍, പി.ടി.അബ്ദുറഹ്മാന്റെ ഓലോലം കുന്നിന്മേല്‍..പിന്നെ ആരെഴുതിയെന്ന് ഓര്‍മ്മയില്ലാത്ത ചില മനോഹരമായ പാട്ടുകള്‍  വെണ്ണിലാവു മാഞ്ഞുപോയി, അമ്പിളിമ്മാമന്റെ നാട്ടില്‍ ഉള്ളൊരു, കണ്ണുണ്ടെങ്കില്‍ കാണ്മിന്‍, വിസ്തൃതമീ ലോകത്തില്‍, പൂവായ പൂവൊക്കെ, ഈ വഴിത്താരയില്‍ കത്തിച്ച സ്‌നേഹത്തിന്‍, ഭാരതാഭിമാനതിന്റെ നവയുഗ..... ഏറ്റവും കൂടുതല്‍ പാടിയത് പി ടി അബ്ദുറഹ്മാന്റെ രചനകളാണ്. ഓ വി അബ്ദുള്ള, എസ് വി ഉസ്മാന്‍ എന്നിവരും മനോഹര ഗാനങ്ങള്‍ എഴുതിയിരുന്നു. കൊച്ചോമലേ നിന്റെ പൂന്തേന്‍ ഒഴുകിടും ചെഞ്ചുണ്ടില്‍ എന്ന ഗാനം ഭാസ്‌കരന്‍ മാഷെ പോലും വിസ്മയിപ്പിച്ചിട്ടുണ്ട്. അറുപതുകളില്‍ മലബാറിലെങ്ങും കോളേജ് കുമാരിമാര്‍ മൂളിനടന്നിരുന്ന പാട്ടാണത്. ഭഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ പൊന്മണി പൂങ്കുയിലെവിടെ' മറക്കാനാവില്ല. ശരിക്കും ഒരു ഗസല്‍ ആയിരുന്നു കുഞ്ഞിമൂസ ഈണമിട്ടു പാടിയ ആ ഗാനം. ''ചെറുപ്പത്തില്‍ എനിക്കൊരു നിശബ്ദപ്രണയമുണ്ടായിരുന്ന കാലത്ത് ഉണ്ടാക്കിയ പാട്ടാണ്. ആ പാട്ടില്‍ എന്റെ ഹൃദയമുണ്ട്; യുവതലമുറ ആവേശത്തോടെ ആ വരികള്‍ ഏറ്റുപാടിയിരുന്നു ഒരുകാലത്ത്.'' കുഞ്ഞിമൂസ ഓര്‍ക്കുന്നു. അടുത്തിടെ ചില ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോ കളിലും മുഴങ്ങിക്കേട്ടു ആ ഗാനം. 

1957 ലായിരുന്നു ആകാശവാണിയില്‍ കുഞ്ഞിമൂസയുടെ അരങ്ങേറ്റം. ആദ്യമാദ്യം കോഴിക്കോട് അബ്ദുള്‍ഖാദറിനെ അനുകരിച്ച് വിഷാദ സാന്ദ്രമായ ഗാനങ്ങള്‍ പാടിയിരുന്ന മൂസയെ വ്യക്തിത്വമാര്‍ന്ന ആലാപന ശൈലി രൂപപ്പെടുത്താന്‍ പ്രേരിപ്പിച്ചത് രാഘവന്‍ മാഷ് തന്നെ. ആലാപനത്തിലും സംഗീത സംവിധാനത്തിലും മാഷായിരുന്നു എക്കാലവും മൂസയുടെ മാതൃകാ പുരുഷന്‍. ''എന്നോട് പ്രത്യേകിച്ചൊരു വാത്സല്യമുണ്ടായിരുന്നു അദ്ദേഹത്തിന്. എന്റെ ശബ്ദത്തിലെയോ ആലാപനത്തിലെയോ എന്തെങ്കിലും ഒരു അംശം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരിക്കാം. കൂടെക്കൂടെ എന്നെ പാടാന്‍ വിളിക്കും. മാഷ് പാടി പഠിപ്പിച്ചുതരുന്നത് തന്നെ വല്ലാത്ത ഒരു അനുഭവമാണ്. ഹാര്‍മോണിയതില്‍ വിരലുകള്‍ അമര്‍ത്തി പാട്ടിന്റെ വരികളിലൂടെ അങ്ങനെ ഒഴുകിപ്പോകും അദ്ദേഹം. പാട്ട് പഠിപ്പിക്കുക മാത്രമല്ല ചെയ്യുക; ശബ്ദനിയന്ത്രണം, ശ്രുതിശുദ്ധി; ഉച്ചാരണം, ഭാവം, ശാസ്ത്രീയ സംഗീതത്തിലെ ബൃഗപ്രയോഗങ്ങള്‍... സംഗീതത്തിന്റെ എല്ലാ മേഖലകളിലൂടെയും നമ്മെ കൂട്ടിക്കൊണ്ടു പോകും അദ്ദേഹം. ആലാപനത്തിന്റെ വളവും തിരിവുമെല്ലാം പറഞ്ഞും പാടിയും പഠിപ്പിക്കും. നമുക്ക് അതേ പടി അത് ഒപ്പിയെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ ക്ഷമയോടെ വീണ്ടും പാടിത്തരും...അര്‍ദ്ധശാസ്ത്രീയഗാനങ്ങള്‍, പ്രണയ ഗാനങ്ങള്‍, ഭക്തി ഗാനങ്ങള്‍, മാപ്പിളപ്പാട്ടുകള്‍, കെസ്സ് പാട്ടുകള്‍....മാഷില്‍ നിന്ന് ഞാന്‍ കേട്ട് പഠിച്ച പാട്ടുകള്‍ അങ്ങനെ എത്രയെത്ര. ഗായകര്‍ ഏറെ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് കുഞ്ഞിമൂസയെ മാത്രം ഇടയ്ക്കിടെ വിളിച്ചു പാടിക്കുന്നതെന്ന് പരിഭവിച്ചവരോട് മാഷ് ഇത്ര മാത്രം പറഞ്ഞു: അയാള് നന്നായി പാടും; കഴിവുണ്ട്. വ്യത്യസ്തമായ ശബ്ദമാണ്. അങ്ങനെയുള്ളവരെയല്ലേ പ്രോത്സാഹിപ്പിക്കേണ്ടത്? പാടിപ്പതിഞ്ഞ ശബ്ദങ്ങള്‍ തേടി പോകുന്നത് എന്റെ രീതിയല്ല...''

വാശിയുടെ കഥ

അവസാന നാളുകളിലെ കൂടിക്കാഴ്ചകളിലൊന്നില്‍ ഇതേ സംശയം മാഷിന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട് ഞാനും. എന്തുകൊണ്ട് പുത്തന്‍ ശബ്ദങ്ങളെ അവതരിപ്പിക്കാന്‍ മാഷ് ഇത്രയേറെ ഉത്സാഹം കാട്ടുന്നു? ഉദയഭാനു, ബ്രഹ്മാനന്ദന്‍, എം.ജി.രാധാകൃഷ്ണന്‍, വി.ടി.മുരളി, നിലമ്പൂര്‍ ഷാജി, ഗായത്രി ശ്രീകൃഷ്ണന്‍...മലയാളത്തിലെ ജനപ്രിയ സംഗീത ശാഖയ്ക്ക് രാഘവന്‍ മാഷ് സംഭാവന ചെയ്ത പുതുശബ്ദങ്ങളുടെ നിര ഇവിടെയെങ്ങും നില്‍ക്കില്ല. യേശുദാസിന്റെ ഗന്ധര്‍വ ശബ്ദം പോലും സമകാലീനരായ മറ്റു സംഗീത സംവിധായകരോളം സ്വന്തം ഗാനങ്ങളില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല അദ്ദേഹം. എന്റെ ചോദ്യത്തിന് മറുപടിയായി മാഷ് അധികമാര്‍ക്കും അറിയാത്ത ഒരു കഥ പറഞ്ഞു. പഴയൊരു വാശിയുടെ കഥ.
 
''1952ലാണ് എന്നാണു ഓര്‍മ്മ. ആകാശവാണിയില്‍ ജോലി ചെയ്തുവരവേ ഭാസ്‌കരന്‍ മാഷ് പറഞ്ഞത് അനുസരിച്ച് സിനിമയില്‍ ഒരു പാട്ട് പാടാന്‍ ഞാന്‍ മദ്രാസില്‍ ചെല്ലുന്നു. അമ്മ എന്ന ചിത്രം. ദക്ഷിണാമൂര്‍ത്തി ആണ് സംഗീതം. നിര്‍മാതാവായ ടി ഇ വാസുദേവനോട് എന്റെ കാര്യം മാസ്റ്റര്‍ പ്രത്യേകം പറഞ്ഞിരുന്നത് കൊണ്ട് ഒരു പാട്ട് എന്തായാലും തരാതിരിക്കില്ല എന്നായിരുന്നു വിശ്വാസം. എത്തിയതിന്റെ പിറ്റേന്ന് കാലത്ത് തന്നെ വാഹിനി സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി ദക്ഷിണാമൂര്‍ത്തിഎന്നെ പാട്ട് പഠിപ്പിച്ചു  ആ വരികള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്: ''അരുതേ പൈങ്കിളിയെ കൂടിതിനെ വെടിയരുതേ ബാലേ, ചിറകു വന്നൊരു ചെറുകിളിയേ നീ മായുകയോ വാനില്‍..'' നന്നായി പാടി എന്നാണു എന്റെ വിശ്വാസം. പ്രതീക്ഷയോടെ റെക്കോര്‍ഡിംഗ് തിയ്യതിക്കായി കാത്തിരിക്കുമ്പോഴാണ് പ്രൊഡക്ഷനില്‍ നിന്നൊരാള്‍ വന്നു പറയുന്നത് : നിങ്ങളുടെ പാട്ട് സ്വാമിക്ക് ഇഷ്ടപ്പെട്ടില്ല. അത്ര പോരെന്നാണ് പറഞ്ഞത്..''

നിരാശയും ആത്മരോഷവും ഒരുമിച്ചു വന്നു രാഘവന്. ''നാട്ടില്‍ പാട്ട് പാടി സാമാന്യം പേരുള്ള കാലമാണ്. സ്വന്തം പാട്ട് അത്ര മോശമല്ലെന്ന് അതുകൊണ്ട് തന്നെ ബോധ്യവും ഉണ്ടായിരുന്നു. പിന്നെ ഭാസ്‌കരന്‍ മാസ്റ്ററെ പോലെ ഈ വിഷയങ്ങളില്‍ നല്ല ഗ്രാഹ്യമുള്ള ഒരാള്‍ക്ക് എന്റെ പാട്ട് ഇഷ്ടപ്പെട്ടതുകൊണ്ടാവുമല്ലോ സിനിമയില്‍ പാടിക്കാന്‍ ആഗ്രഹിച്ചത്. സ്വാഭാവികമായും സ്വാമിയുടെ പ്രതികരണം എന്നെ തളര്‍ത്തി. നല്ലൊരു പാട്ട് മോഹിച്ചെത്തിയ എനിക്ക് ഒടുവില്‍ അതേ സിനിമയില്‍ ഒരു കോറസില്‍ പാടി തിരിച്ചു പോരേണ്ടിവന്നു. എന്റെ പാട്ട് പിന്നെ മറ്റാരോ പാടി റെക്കോര്‍ഡ് ചെയ്തത്രേ.'' ഈ കഥ അധികമാരോടും പറഞ്ഞിട്ടില്ല രാഘവന്‍ മാഷ്. ദക്ഷിണാമൂര്‍ത്തിക്കോ ടി ഇ വാസുദേവനോ അന്ന് പാടാന്‍ വന്നു നിരാശനായി മടങ്ങിയ പുതുമുഖ ഗായകനെ ഓര്‍മ്മയുണ്ടാകാനും ഇടയില്ല. ''എങ്കിലും എന്റെ മനസ്സില്‍ മായാത്ത മുറിപ്പാടായി അത് അങ്ങനെ കിടന്നു. അന്ന് തിരിച്ചുപോരുമ്പോള്‍ ഉറച്ചതാണ് പാടാന്‍ അവസരം ചോദിച്ചു വരുന്നവരെ നിരാശരാക്കി മടക്കരുതെന്ന്. വല്ല സാധ്യതയും ഉണ്ടെങ്കില്‍ അരപ്പാട്ടോ മുറിപ്പാട്ടോ എങ്കിലും അവര്‍ക്ക് പാടാന്‍ നല്‍കും. സംഗീത സംവിധായകനായി മാറിയ ശേഷം ഈ പതിവ് ഇന്നുവരെ തെറ്റിച്ചിട്ടില്ല ഞാന്‍.'' 

കുഞ്ഞിമൂസയുടെ ഓര്‍മ്മയിലും ഉണ്ട് സമാനമായ ഒരു ദുരനുഭവം. ''സിനിമയില്‍ പാടാന്‍ ഒരിക്കല്‍ മോഹിച്ചിട്ടുണ്ട്. ഒന്നുരണ്ടു തവണ ആ സ്വപ്ന സാഫല്യത്തിന് തൊട്ടടുത്തു വരെ എത്തുകയും ചെയ്തു. പക്ഷെ വിധി എതിരായിരുന്നു. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അനുഭവങ്ങളാണ് പലതും. ഒരിക്കല്‍ സുഹൃത്ത് ബാബുരാജ് ഫാദര്‍ ഡാമിയന്‍ എന്ന സിനിമയില്‍ പാടിക്കാന്‍ മദ്രാസില്‍ കൂട്ടിക്കൊണ്ടുപോയി. എന്റെ കഴിവുകളെ കുറിച്ച് മറ്റാരെക്കാള്‍ നന്നായി അറിയാം ബാബുവിന്. ഞങ്ങള്‍ ഒരുമിച്ചു നിരവധി വേദികളില്‍ പാടിയിട്ടുണ്ട്. ഒരു സംഘഗാനമാണ് സിനിമയില്‍ എനിക്ക് പാടാന്‍ വെച്ചിരുന്നത്  ഉദയഭാനു, ശാന്ത പി നായര്‍, ജാനകി എന്നിവര്‍ക്ക് ഒപ്പം. ഗുരു ഗോപിനാഥിന്റെ ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ആറു ദിവസം നീണ്ട റിഹേഴ്‌സല്‍. പക്ഷെ റെക്കോര്‍ഡിംഗിന്റെ തലേന്ന് എന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായി. ബാബുരാജുമായുള്ള ബന്ധം അതോടെ ഉലഞ്ഞു. അഭിമാനം പണയപ്പെടുത്തി പാട്ട് പാടാന്‍ നില്‍ക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു ഞാന്‍. അപ്പോള്‍ ഒരു പ്രശ്‌നം. മടങ്ങാന്‍ വണ്ടിക്കൂലിക്ക് പണമില്ല. അവിടെയും എന്നെ തുണച്ചത് രാഘവന്‍ മാഷ് തന്നെ. അടുത്തൊരു സ്റ്റുഡിയോയില്‍ മാഷ് സംഗീതം ചെയ്യുന്ന ആദ്യകിരണങ്ങളുടെ റെക്കോര്‍ഡിംഗ് നടക്കുന്നുണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ എന്ന പാട്ടിന്റെ കോറസ്സില്‍ പാടാന്‍ മാഷ് അവസരം നല്‍കി. അതിനു കിട്ടിയ പ്രതിഫലം കൊണ്ട് ടിക്കറ്റ് വാങ്ങിയാണ് ഞാന്‍ നാട്ടിലേക്ക് മടങ്ങിയത്. പിന്നെ സിനിമാപ്പാട്ടിനു പിന്നാലെ പോയിട്ടില്ല.'' സ്വന്തം തട്ടകം ലളിതഗാനങ്ങള്‍ ആണെന്ന് തിരിച്ചറിയുകയായിരുന്നു കുഞ്ഞിമൂസ.
 
കുഞ്ഞിമൂസയെ സിനിമയില്‍ പാടിക്കാന്‍ കഴിയാതിരുന്നതില്‍ പരിതപിച്ചു കേട്ടിട്ടുണ്ട് രാഘവന്‍ മാസ്റ്റര്‍. ''ഞാന്‍ ആഗ്രഹിക്കാഞ്ഞിട്ടല്ല. ഒന്നു രണ്ടു തവണ എല്ലാം ഒത്തുവന്നതുമാണ്. അപ്പോഴെല്ലാം തടസ്സങ്ങളുണ്ടായി. എന്റെ നിയന്ത്രണത്തിനു അപ്പുറത്തുള്ള പ്രതിബന്ധങ്ങള്‍. ചില പാട്ടുകള്‍ അവസാന നിമിഷം ഒഴിഞ്ഞുപോയിട്ടുണ്ട്. അന്നൊന്നും കുഞ്ഞിമൂസ എന്നോട് പരിഭവിച്ചിട്ടേയില്ല. തനിക്ക് പറഞ്ഞിട്ടുള്ള പാട്ടല്ല അതെന്നു സ്വയം സമാധാനിക്കുക മാത്രമേ ചെയ്യൂ അയാള്‍. സിനിമ കുഞ്ഞിമൂസയെ പോലുള്ള നിഷ്‌കളങ്കര്‍ക്ക് പറ്റിയ മേഖലയല്ലെന്ന് തോന്നും അപ്പോള്‍.'' കമ്പോസിംഗ് സെഷനുകള്‍ക്കിടയില്‍ പല പ്രശസ്ത പിന്നണി ഗായകരെയും രാഘവന്‍ മാഷിന്റെ നിര്‍ദേശപ്രകാരം പാട്ട് പാടി പഠിപ്പിച്ചിട്ടുണ്ട് കുഞ്ഞിമൂസ. ''കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. മലയാളത്തിലെ ഏറ്റവും പ്രശസ്തനായ ഒരു ഗായകനെ പാട്ട് പഠിപ്പിക്കുമ്പോള്‍, കുഞ്ഞിമൂസയുടെ സ്‌റ്റൈലില്‍ പാടി നോക്കാന്‍ മാഷ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.,'' മകന്‍ താജുദ്ദീന്‍ വടകര പറയുന്നു. 

ധാരാളം മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ക്കു ഈണമിടുകയും ശബ്ദം പകരുകയും ചെയ്തു കുഞ്ഞിമൂസ. മാപ്പിളപ്പാട്ട് രംഗത്തെ അതികായനായ എസ്.എം.കോയ ഉള്‍പ്പെടെ നിരവധി പ്രഗല്‍ഭരായ ഗായകരാണ് ഈ ആല്‍ബങ്ങള്‍ക്കു വേണ്ടി പാടിയത്. ഭാസ്‌കരന്‍ മാസ്റ്ററുടെ ഒറ്റക്കമ്പിയുള്ള തംബുരുവും ടാഗോറിന്റെ ഗീതാഞ്ജലിയും ഉള്‍പ്പെടെ പല പ്രശസ്ത കവിതകള്‍ക്കും സംഗീതാവിഷ്‌കാരം നല്കിയത് മറ്റൊരു മറക്കാനാവാത്ത അനുഭവം. ഭാസകരനെയും പി.കുഞ്ഞിരാമന്‍ നായരെയും വി.ടി,.കുമാരനെയും പോലുള്ള കവികള്‍ നേരിട്ട് അഭിനന്ദിച്ചിട്ടുണ്ട്. കമുകറ പുരുഷോത്തമന്‍, ഗോകുലപാലന്‍, ബ്രഹ്മാനന്ദന്‍, പി.ലീല തുടങ്ങി എത്രയോ പ്രഗല്‍ഭര്‍ക്കൊപ്പം ഓണം പരിപാടികളില്‍ പാടാന്‍ ഭാഗ്യം ലഭിച്ചു. ''ഇതൊക്കെ പോരെ ഒരു ചുമട്ടു തൊഴിലാളിയുടെ സംഗീത ജീവിതം സാര്‍ത്ഥകമാകാന്‍?'' ചിരിച്ചുകൊണ്ട് കുഞ്ഞിമൂസ ചോദിക്കുന്നു. ആഹ്ലാദങ്ങള്‍ക്കൊപ്പം ചില കൊച്ചു കൊച്ചു ദുഖങ്ങളും തന്നു സംഗീതലോകം. വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ മറന്നുകളയുകയാണ് പതിവ്. ചിലതൊക്കെ ഓര്‍ക്കുമ്പോള്‍ കരച്ചില്‍ വരും. താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ മറ്റൊരു പ്രശസ്ത സംഗീത സംവിധായകന്റെ പേരില്‍ പുറത്തു വന്നതാണ് അവയില്‍ ഒന്ന്. നാം നേരില്‍ കാണുന്നതിനപ്പുറമൊരു ഇരുണ്ട ലോകം സംഗീതത്തില്‍ ഉണ്ടെന്നു മനസ്സിലാക്കിത്തന്നത് ആ അനുഭവമാണ്. ഇന്നും ആ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സ്വന്തം മക്കളെ കൈവിട്ടുപോയ ഒരച്ഛന്റെ ദുഃഖം തോന്നും കുഞ്ഞിമൂസക്ക്.

ആത്മബന്ധം 

Thajudheen Vadakara
താജുദ്ദീൻ

എട്ടു മക്കളാണ് കുഞ്ഞിമൂസയ്ക്ക്. ഭാര്യ നേരത്തെ മരിച്ചു. മക്കളെല്ലാം നന്നായി പാടും. കൂടുതല്‍ പേരെടുത്തത് താജുദ്ദീന്‍ ആണെന്ന് മാത്രം. ''ഉപ്പയാണ് സംഗീതത്തിലും ജീവിതത്തിലും എന്റെ മാതൃക. ഫാത്തിമ എന്ന പാട്ടിലൂടെ എനിക്ക് കൈവന്ന പ്രശസ്തി പോലും ഉപ്പയ്ക്ക് ലഭിക്കാതെ പോയ അംഗീകാരങ്ങള്‍ക്കുള്ള വിധിയുടെ പ്രായശ്ചിത്തമായാണ് തോന്നിയിട്ടുള്ളത്,'' മാപ്പിളപ്പാട്ട് രംഗത്ത് ഇന്ത്യയിലെയും വിദേശത്തെയും മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായ താജുദ്ദീന്റെ വാക്കുകള്‍. തൊണ്ണൂറ്റി ഒമ്പതാമത്തെ വിദേശ പര്യടനം കഴിഞ്ഞ് അടുത്ത ദിവസം വടകരയിലെ വീട്ടില്‍ തിരിച്ചെത്തിയതേയുള്ളൂ താജുദ്ദീന്‍. ''രാഘവന്‍ മാഷില്ലെങ്കില്‍ ഉപ്പയില്ല. മാഷും ഉപ്പയും തമ്മിലുള്ള ആത്മബന്ധം പലപ്പോഴും അവിശ്വസനീയമായി തോന്നിയിട്ടുണ്ട് എനിക്ക്. ഓരോ തവണയും മാഷുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ ബാപ്പ കൊച്ചു കുട്ടിയായി മാറും. ഫോണ്‍ അദ്ദേഹത്തിന്റെ കയ്യിലിരുന്നു വിറക്കുന്നത് കാണാം. ഒരു ദിവസം കൗതുകത്തോടെ ഞാന്‍ ചോദിച്ചിട്ടുണ്ട്: മാഷുമായി സംസാരിക്കുമ്പോള്‍ ഉപ്പയ്ക്ക് ഈ പ്രായത്തിലും എന്തിനാണ് ഇത്ര വേവലാതി? ഗൌരവത്തോടെ ഉപ്പ പറഞ്ഞ മറുപടി ഇതായിരുന്നു: അതങ്ങനെയേ വരൂ. എനിക്ക് ഒരു ജീവിതം തന്ന ആളല്ലേ? മാഷില്ലെങ്കില്‍ ഞാനില്ല. ആ ബോധം മരണം വരെ ഉണ്ടാകും എന്റെ മനസ്സില്‍.''

യൂട്യൂബിന്റെ പിന്തുണയില്ലാതെ തന്നെ വിസ്മയകരമാം വിധം മലയാളികള്‍ക്കിടയില്‍ ''വൈറല്‍'' ആയി മാറിയ ഗാനമായിരുന്നു താജുദ്ദീന്റെത്. ഫാത്തിമ കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിച്ചുകൊണ്ടിരുന്ന കാലത്ത് ഒരു ദിവസം രാഘവന്‍ മാഷിനെ കണ്ട് അനുഗ്രഹം വാങ്ങാനായി മകനെ 'ശരവണ'ത്തിലേക്ക് പറഞ്ഞയക്കുന്നു കുഞ്ഞിമൂസ. വിനയപൂര്‍വം താജുദ്ദീന്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ മാഷ് പൊട്ടിച്ചിരിച്ചുകൊണ്ട് ഒരു മുഖവുരയും കൂടാതെ പറഞ്ഞു. വാ, പാത്തുമ്മ കയറിയിരിക്ക്. വാത്സല്യത്തോടെ എന്നെ അടുത്തു പിടിച്ചിരുത്തി ഏറെ നേരം സംസാരിച്ചു അന്ന് സ്വന്തം മകനോടെന്ന പോലെ. ''നിന്റെ പാട്ട് ഞാന്‍ കേട്ടു. ഉപ്പയെ പോലെ ആരെയും അനുകരിക്കാതെ പാടി നീ. അതാണ് മോനെ വലിയ കാര്യം,'' മാഷ് പറഞ്ഞു. ആ വലിയ മനസ്സിന് മുന്നില്‍ നമ്മളൊക്കെ എത്ര ചെറിയവര്‍ എന്ന് തിരിച്ചറിഞ്ഞത് അന്നാണ്.
 
രാഘവന്‍ മാഷിന്റെ മരണവാര്‍ത്തയറിഞ്ഞ്, അനാരോഗ്യം വകവെക്കാതെ ''ശരവണ''ത്തില്‍ പോയിരുന്നു കുഞ്ഞിമൂസ. ആള്‍ത്തിരക്കിനും ടി വി ക്യാമറകളുടെ ബഹളത്തിനും ഇടയിലൂടെ നെഞ്ചത്ത് കൈവച്ച് വേച്ചു വേച്ചു നടന്നു നീങ്ങിയ വൃദ്ധനെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കൊച്ചു കുട്ടിയെ പോലെ മുറ്റത്ത് നീണ്ടു നിവര്‍ന്നു കിടന്നുറങ്ങുന്ന ഗുരുവിനു മുന്നില്‍ നിറകണ്ണുകളോടെ നമ്രശീര്‍ഷനായി നിന്നു ശിഷ്യന്‍. മാഷ് പാടിപ്പഠിപ്പിച്ച നൂറു നൂറു ഈണങ്ങള്‍ മനസ്സില്‍ വന്നു നിറഞ്ഞു അപ്പോള്‍. ഒരു നിമിഷം പഴയ ചുമട്ടു തൊഴിലാളിയായി മാറി അയാള്‍. മേലാസകലം പൊടിയുമായി വിയര്‍ത്തൊലിച്ചു നില്‍ക്കുന്ന കുഞ്ഞിമൂസയോട് മാഷ് കൈ ഉയര്‍ത്തി പതുക്കെ പറയുന്നു ചെറുചിരിയോടെ: ''വിഷമിക്കേണ്ട; നമുക്കിനിയും കാണാം. അല്ലെങ്കില്‍ തന്നെ സംഗീതത്തിനെന്ത് മരണം?''.