ത്യജിത്ത് റായ് കേരളത്തില്‍ വന്നപ്പോള്‍ തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിലാണ് സംവാദത്തിനെത്തിയതെങ്കില്‍ അതില്‍ ഒരു കാവ്യഭംഗി തോന്നിയേനെ. എന്നാല്‍, റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ മുന്‍കൈയില്‍ സംഘടിപ്പിച്ച ചടങ്ങ് നടന്നത്. സിനിമമാത്രം തലയ്ക്കുപിടിച്ച് നടന്ന തലമുടിക്കാലമായതിനാല്‍ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തെത്തി ഞാന്‍ സത്യജിത്ത് റായ് ദര്‍ശനം നടത്തി. അന്ന് കാണികളില്‍ നിന്നൊരാള്‍ ഇങ്ങനെ ചോദിച്ചു-''നിങ്ങള്‍ നിലയ്ക്കല്‍ സംഭവത്തെക്കുറിച്ച് എന്തുകൊണ്ട് ഒരു സിനിമയെടുക്കുന്നില്ല?'' സത്യജിത്ത് റായ് അടൂരിന്റെ മുഖത്തേക്കുനോക്കി. അടൂരാകട്ടെ ഒന്നൂറിച്ചിരിച്ച് മുഖംതുടച്ച് വരുമ്പോഴേക്കും സത്യജിത്ത് റായ് മറുപടി പറഞ്ഞതിങ്ങനെ-''ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല.''

നിലയ്ക്കല്‍ സംഭവം കത്തിനില്‍ക്കുന്ന കാലമാണ്. ചോദ്യങ്ങള്‍ ഉണ്ടാവുന്നത് ഇപ്പോഴും സമകാലികതയുടെ അന്തരീക്ഷമര്‍ദത്തില്‍നിന്നുതന്നെയാണ്. അതില്‍ ശരിതെറ്റുകളല്ല, ചോദ്യങ്ങള്‍ തന്നെയാണ് പ്രധാനം. ഇവിടെ അടൂരിന്റെ ഊറിച്ചിരിക്കലിലേക്ക് തത്കാലം വായനക്കാരുടെ ശ്രദ്ധക്ഷണിക്കുകയാണ്. ആ ചോദ്യം, സത്യജിത്ത് റായ്ക്ക് പരിഭാഷപ്പെടുത്തിക്കൊടുക്കണമെങ്കില്‍ തീര്‍ച്ചയായും അടൂരിന്റെ സ്വന്തം കമന്റുകൂടാതെ ശുദ്ധപരാവര്‍ത്തനം നടക്കില്ല. അപ്പോള്‍ ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ലെന്ന് സത്യജിത്ത് റായ് ഉത്തരം പറയുന്നിടത്തും രണ്ടാമതൊരു ഊറിച്ചിരിയുടെ സാധ്യതകള്‍ വിടര്‍ന്നുകിടപ്പുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം അതിനെ ചുമ്മാതൊന്ന് ഏറ്റെടുത്ത് കവിളുകള്‍ കഴയ്ക്കുംവരെ ചിരിച്ചുമണ്ണുകപ്പി, കപ്പിയ മണ്ണ് വി.കെ.എന്നിനെ ഓര്‍ത്ത് തുപ്പിക്കളഞ്ഞ്, മണ്ണില്ലാത്ത കൊല്‍ക്കത്തയിലെ ഫ്ലാറ്റിലിരുന്ന് അടൂരിനെ ഊറിഊറി ഓര്‍ത്തു.
'പിന്നെയും'അദ്ദേഹത്തിന്റെ ആത്മരോദനമാകുന്നു. മരിച്ചുപോയ സുനന്ദചേച്ചി നീറിനില്‍ക്കുന്ന ആത്മകഥാപരതയുടെ പതറിച്ചിതറുന്ന കമ്പനങ്ങള്‍ കൊണ്ടിട്ടാകണം 'എനിക്ക്, അടൂരിനെ തിരിച്ചുകിട്ടിയ സിനിമ'യെന്ന് ബംഗാളി നിരൂപകനായ വിദ്യാര്‍ഥി ചാറ്റര്‍ജി പുരപ്പുറത്തുനിന്ന് സാക്ഷ്യപ്പെടുത്തുന്നത്. ന്യൂജനറേഷന്‍ ടെക്‌നിക്കുകളും സോഷ്യല്‍ മീഡിയയും സംഭവിക്കുന്നതിനുംമുന്‍പേ ശീലിച്ച കനത്ത സെല്ലുലോയ്ഡിയന്‍ തഴക്കദോഷങ്ങളാണ് ഒരു സമകാലിക സംവേദനാനുഭവത്തിന്റെ പുറമ്പോക്കുകളിലേക്ക് അടൂരിന്റെ സിനിമയെ മാറ്റിപ്പാര്‍പ്പിച്ചത് എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. എങ്കിലും അതിനുള്ളിലെ ആത്മകഥാതീവ്രമായ ഊഷ്മാവ് അവഗണിക്കാനാകില്ല. സമകാലിക യാഥാര്‍ഥ്യത്തിന്റെ ആഘാതശേഷി വിധു വിന്‍സന്റിന്റെ 'മാന്‍ഹോളി'നെ ഒരു സിനിമാസംഭവമാക്കി മാറ്റിയതുപോലെത്തന്നെ, ഉള്ളത്തെ ചീളുചീളാക്കുന്ന വേറിട്ടൊരു തത്ത്വചിന്താപരതയാണ് അടൂരിന്റെ 'പിന്നെയും'. രണ്ടും കഥകള്‍തന്നെ.

സലിംകുമാറിന്റെ 'കറുത്ത ജൂതന്‍' അതേ ചലനശേഷിയുള്ള മറ്റൊരു കഥപറയുന്നു. ഇവിടെ സലിംകുമാറിന് ഏറ്റവുംനല്ല കഥയ്ക്കുള്ള പുരസ്‌കാരം കൊടുക്കുമ്പോഴും അടൂരിന്റെ 'കഥ' കാണാതെപോകുന്നത് ആ സിനിമയുടെ ചലച്ചിത്രഭാഷയും രീതിയും ഏശാത്തതുകൊണ്ടുമാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. ശ്യാമപ്രസാദിന്റെ 'അഗ്നിസാക്ഷി'ക്ക് അവാര്‍ഡ് കൊടുത്താലും ഇല്ലെങ്കിലും ലളിതാംബിക അന്തര്‍ജനത്തിന് 'നല്ലകഥ'യ്ക്കുള്ള അവാര്‍ഡ് കൊടുക്കാം. അതേപോലെ ഒരു ഹരിഹരന്‍പടത്തിന് എം.ടി. വാസുദേവന്‍ നായര്‍ക്ക് അവാര്‍ഡ് കൊടുക്കുമ്പോഴും നമ്മുടെ ചില പാരമ്പര്യശീലങ്ങള്‍ അതിനകത്തിരുന്ന് നമ്മെ കണ്ണുരുട്ടിക്കാണിക്കുന്നുണ്ട്. സാഹിത്യതമ്പ്രാക്കളില്‍നിന്നാണ് നല്ല സിനിമ അതിന്റെ ആദ്യബീജം തേടുന്നതെന്ന പാരമ്പര്യ കിംവദന്തിയാണത്. 'കറുത്തജൂതന്‍' എന്ന സിനിമയുടെ ക്ളാപ്പ് സലിംകുമാര്‍ 'എഴുതിയ' കഥയല്ല, 'എടുത്ത കഥയാണ്. അപ്പോഴും നമ്മള്‍ വളരെ കരുതിയാണ് മനക്കരുക്കള്‍ നീക്കുന്നത്. അതിനാല്‍ ഇ. സന്തോഷ്‌കുമാര്‍ 'എഴുതിയ' കഥയ്ക്ക് നല്ല പരാമര്‍ശം നല്കി ബാലന്‍സ് ഷീറ്റ് ബാലന്‍സ് ചെയ്യുന്നു.

ഇന്ത്യന്‍ സിനിമയുടെ നൂറാംവര്‍ഷം ആലോചിക്കുന്ന വേളയില്‍ 'സിനിമയും സാഹിത്യവും' എന്ന ഒരു തീംകലണ്ടര്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ ക്ളാസിക്കുകളിലൊന്നായ അരവിന്ദന്റെ 'തമ്പ്' അതില്‍ ഇടംപിടിച്ചില്ല. നൂറാം വാര്‍ഷാഘോഷക്കലണ്ടറില്‍നിന്ന് അരവിന്ദന്‍ നിഷ്‌കാസിതനാകുന്നു. കാരണം, അരവിന്ദന്റെ 'തമ്പ്' എന്ന സിനിമ കഥതേടിയതും മെനഞ്ഞതും ഭാരതപ്പുഴയുടെ തീരത്ത് തമ്പടിച്ച കുറേ ജീവിതങ്ങളില്‍നിന്നുതന്നെയാണ്.  അങ്ങനെ നോക്കിനോക്കിപ്പോയാല്‍ കൊലകൊമ്പനായ ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഗൊദാര്‍ദിന്റെ സിനിമയില്‍ ഏത് ഉലക്കയുടെ മൂടാണ് നമ്മള്‍ കഥയ്ക്കായി തപ്പുക? പണ്ഡിറ്റ് ഭീംസെന്‍ ജോഷിയുടെ രാഗവിസ്താരങ്ങളില്‍ പാറിപ്പറന്ന് പോകുന്നതില്‍ എന്താണ് കഥയിരിക്കുന്നത്?

എല്ലാം ഒരു കഥപറച്ചിലില്‍നിന്ന് തുടങ്ങുകയും കഥപറച്ചിലായി തുടരുകയും കഥാപുരസ്‌കാരത്തില്‍ മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. സാധാരണനിലയില്‍ ഒരു നിര്‍മാതാവിനെ ചാക്കിടാന്‍ ഒരാള്‍ കഥപറയുന്നു. താരത്തെ വീഴ്ത്താന്‍ വണ്‍ലൈന്‍ കാച്ചുന്നു. ചലച്ചിത്രമേളകളില്‍ അവതാരകന്‍ സിനിമയുടെ രത്നച്ചുരുക്കം അവതരിപ്പിക്കുന്നു. പ്രസ്മീറ്റുകളില്‍ കഥപറയാന്‍ പാവം സംവിധായകരോട് മോഡറേറ്റര്‍ ആവശ്യപ്പെടുന്നു. കഥപറച്ചിലില്‍നിന്ന് തുടങ്ങി, കഥപറച്ചിലിലെത്തി സംപൂജ്യപ്പെടുന്ന കഥയുടെ പ്രസംഗം അഥവാ കഥാപ്രസംഗമല്ലല്ലോ സിനിമ. അവിടെ കഥകള്‍ അന്തരീക്ഷത്തിലാണ്. കാണുമ്പോഴുള്ള അന്തരീക്ഷമര്‍ദമാണ് സിനിമയിലെ കഥ. സംഗീതംപോലെ സിനിമയും ഒരു സമയകലയാകുന്നു.

(കൊല്‍ക്കത്ത കേന്ദ്രമാക്കിയ ചലച്ചിത്രകാരനാണ് ലേഖകന്‍)