ണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ കമാല്‍ ആര്‍ ഖാന്‍ എന്ന വ്യക്തിയെ മലയാളികള്‍ക്ക് അത്ര പരിചയമില്ലായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍മാരില്‍ എന്നും മുന്‍നിരയില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെ ചീത്ത വിളിച്ചതിലൂടെ അയാളുടെ കുപ്രശസ്തി തെന്നിന്ത്യയിലേക്ക് പരന്നൊഴുകി. കമാല്‍ ആര്‍ ഖാന്‍ വലിയ ചര്‍ച്ചായി, ട്രോളുകളിലെ താരമായി.

രജനികാന്തിന്റെ കൊച്ചടയാന്‍ എന്ന ചിത്രത്തെ കളിയാക്കി നേരത്തേ രജനി ആരാധകരുടെ അപ്രീതിക്ക് പാത്രമായിട്ടുണ്ടെങ്കിലും പരിഹസിക്കാന്‍ മോഹന്‍ലാലിനെ തിരഞ്ഞെടുത്തപ്പോള്‍ കെആര്‍കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സിനിമാ നിരൂപകന്‍ ഉദ്ദേശിച്ചത് നേടി എന്ന് വേണം കരുതാന്‍. 

ബോളിവുഡിലെ തുടക്കകാലത്ത് നടനെന്ന പേരിലാണ് കെആര്‍കെ പ്രശസ്തനാകാന്‍ നോക്കിയത്. എന്നാല്‍ അയാളുടെ അതി 'ഗംഭീര' ഭാവാഭിനയവും വേഷപ്പകര്‍ച്ചയും കണ്ട് പ്രേക്ഷകര്‍ ഞെട്ടിത്തരിച്ചു പോയി എന്ന് വേണം പറയാന്‍. ആ ഉദ്യമം പാളിപ്പോയപ്പോഴാണ് സിനിമാ നിരൂപകന്‍ എന്ന പട്ടം സ്വയം ചാര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ സിനിമകള്‍ക്കെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടത്. ഒരു സിനിമ ഇറങ്ങുന്നതിന് മുന്‍പെ തന്നെ അത് വിജയിക്കുമോ പരാജപ്പെടുമോ എന്ന് വിധി എഴുതി കളയും കെആര്‍കെ.

ഒരുദാഹരണം 2016 ഒക്ടോബറില്‍ ഉണ്ടായ സംഭവമാണ്. അജയ് ദേവ്ഗണിന്റെ ശിവായ് എന്ന ചിത്രവും കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹെ മുഷ്‌കിലും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. ഇരു ചിത്രങ്ങളുടെയും ട്രെയിലര്‍ പുറത്തിറങ്ങിയപ്പോഴേക്കും ശിവായെ മോശമാക്കി കെആര്‍കെ ട്വിറ്ററില്‍ കുറിപ്പെഴുതി.

തുടര്‍ന്ന് കരണ്‍ ജോഹറിനെതിരെയും കെആര്‍കെയ്‌ക്കെതിരെയും അജയ് ദേവ്ഗണ്‍ രംഗത്തെത്തി. ശിവായെക്കുറിച്ച് മോശം അഭിപ്രായം പ്രചരിപ്പിക്കാന്‍ കരണ്‍ ജോഹര്‍ കെആര്‍കെയ്ക്ക് പണം നല്‍കി എന്നായിരുന്നു അജയിന്റെ ആരോപണം. തെളിവിനായി അജയ്, കെആര്‍കെയും ശിവായുടെ നിര്‍മാതാവും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണവും പുറത്തുവിട്ടു. സംഭവം കരണ്‍ നിഷേധിച്ചുവെങ്കിലും കെആര്‍കെ പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.

സിനിമാ നിരൂപണത്തിന് പുറമെ ബോളിവുഡ് താരങ്ങള്‍ പ്രത്യേകിച്ച് നടിമാര്‍ എല്ലായ്‌പ്പോഴും കെആര്‍കെയുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. ജാതീയവും വംശീയവുമായ അധിക്ഷേപങ്ങള്‍ക്ക് പുറമെ നടിമാരുടെ ശരീരഭാഗങ്ങളെ ഇകഴ്ത്തിയുള്ള പരാമര്‍ശങ്ങള്‍  കെആര്‍കെയുടെ വിനോദമാണ്. വിദ്യബാലന്‍, പരിണീതി ചോപ്ര, സ്വര ഭാസ്‌കര്‍, സൊണാക്ഷി സിന്‍ഹ, സണ്ണി ലിയോണ്‍, പ്രിയങ്ക ചോപ്ര എന്നിങ്ങനെ പോകുന്നു കെആര്‍കെയുടെ അധിക്ഷേപത്തിന് പാത്രമായവര്‍. 

kamal R Khan

kamal R Khan

 

kamal R Khan

നരേന്ദ്രമോദി തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇന്ത്യ വിട്ട് പോകുമെന്ന് കെആര്‍കെ പ്രഖ്യാപിച്ചിരുന്നു. മോദി ജയിച്ചപ്പോള്‍ കെആര്‍കെ ചെയ്‌തൊരു ട്വീറ്റ് ഏറ്റവും കുടുതല്‍ തലവേദന സൃഷ്ടിച്ചത് ഷാരൂഖ് ഖാനാണ്.

'ഞാന്‍ ഇന്ത്യവിട്ട് പോകുന്നു. എന്നാല്‍ എന്നെപ്പോലെ ഷാരൂഖും മറ്റുള്ളവരും അവരുടെ വാക്കുകള്‍ പാലിക്കുമോ?' ഇതായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. 

മോദി ജയിച്ചാല്‍ രാജ്യം വിട്ട് പോകുമെന്ന് ഷാരൂഖ് പരാമര്‍ശം നടത്തിയിട്ടില്ലായിരുന്നു. എന്നാല്‍ കെആര്‍കെയുടെ ഈ ട്വീറ്റ് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്തത്. ഗതികെട്ട് ഷാരൂഖിന് കെആര്‍കെയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കേണ്ടി വന്നിരുന്നു.

kamal r khan

ബിഗ്‌ബോസിന്റെ മൂന്നാം സീസണില്‍ പങ്കെടുത്ത കെആര്‍കെ അവിടെയും വില്ലനായി. മറ്റു മത്സരാര്‍ത്ഥിള്‍ക്ക് നേരെ അക്രമ സ്വഭാവത്തോടു കൂടി പെരുമാറിയ ഇദ്ദേഹം ഫാഷന്‍ ഡിസൈനറായ രോഹിത് വെര്‍മയുടെ നേരെ കുപ്പിവലിച്ചെറിയുകയും പിന്നീട് മത്സരത്തില് നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. 

ചീത്തവിളിയോ മോശം വാക്കുകളോ ഒന്നും കമാല്‍ ആര്‍ ഖാനെ ഒരിക്കലും തളര്‍ത്താന്‍ പോകുന്നില്ല. വിവാദങ്ങള്‍ സൃഷ്ടിച്ച് പ്രശസ്തനാകുക എന്ന ഇയാളുടെ ഗൂഢതന്ത്രത്തിന് മോഹന്‍ലാലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൂടുതല്‍ ഇന്ധനം നല്‍കും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.