ക്കള്‍ തിലകം എം.ജി. ആറുമായാണ് പലപ്പോഴും സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെ താരതമ്യം ചെയ്യാറുള്ളത്. ഉലകനായകന്‍ കമല്‍ഹാസനെ നടികര്‍ തിലകം ശിവാജി ഗണേശനോടും. ഒന്നിച്ച് വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങുകയും ഒന്നിച്ചു തന്നെ രാഷ്ട്രീയത്തിന്റെ പകിട്ടിലേയ്ക്ക് എടുത്തുചാടുകയും ചെയ്തവരാണ് എം.ജി.ആറും ശിവാജിയും. എം.ജി.ആര്‍ തമിഴക രാഷ്ട്രീയത്തില്‍ മുടിചൂടാമന്നനായപ്പോള്‍ ശിവാജിക്ക് അഭിനയത്തിലെ മേല്‍ക്കൈ രാഷ്ട്രീയത്തില്‍ ലഭിച്ചില്ല. തമിഴ് രാഷ്ട്രീയത്തില്‍ എം.ജി. ആര്‍ ഒരു സൂപ്പര്‍ഹിറ്റും ശിവാജി ഒരു വമ്പന്‍ ഫ്ളോപ്പുമായി.

വെള്ളിത്തിരയില്‍ രണ്ട് ധാരകളുടെ പ്രതിനിധികളായ രജനിയും കമലും ഒന്നിച്ചുതന്നെ രാഷ്ട്രീയക്കുപ്പായത്തിലേയ്ക്ക് വേഷപ്പകര്‍ച്ച നടത്താന്‍ ഒരുങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നുവോ എന്ന് സംശയിക്കുന്നത് സ്വാഭാവികം. രണ്ട് ഹിറ്റുകള്‍ക്കുള്ള സ്‌ക്രീന്‍ സ്പേസ് തത്കാലം ജയലളിതയുടെ മരണശേഷം കലങ്ങിമറിഞ്ഞ തമിഴ് രാഷ്ട്രീയത്തിലില്ല. അതുകൊണ്ട് ഒരാളുടെ തോല്‍വി സുനിശ്ചിതം. രജനിയുടെ രാഷ്ട്രീയ രംഗപ്രവേശം ഇപ്പോഴും തര്‍ക്കങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാണ്. സ്റ്റൈല്‍ മന്നന്‍ ഇതുവരെ ഉറപ്പിച്ചൊരു വാക്ക് പറഞ്ഞിട്ടില്ല. പ്രവര്‍ത്തിയില്‍ നിന്ന് ഉറപ്പുള്ള ഒരു സൂചനയും ഇതുവരെ വീണുകിട്ടിയിട്ടില്ല. 

എന്നാല്‍ കമലിന്റെ കഥയിതല്ല. പറഞ്ഞും മാറ്റിപ്പറഞ്ഞും കമല്‍ തന്റെ രാഷ്ട്രീയ മോഹം പരസ്യമാക്കിക്കഴിഞ്ഞു. ശുഭമുഹൂര്‍ത്തം എന്നാണെന്നു മാത്രമേ ഇനി അറിയേണ്ടതുള്ളു. ഏതാണ്ട് സമാനമായിരുന്നു എഴുാപതുകളിലും എണ്‍പതുകളിലും എം.ജി. ആറിന്റെയും ശിവാജിയുടെയും കഥ.

വെള്ളിത്തിരയില്‍ തോളോടു തോള്‍ ചേര്‍ന്ന് മത്സരിച്ചവരായിരുന്നു ഇരുവരും. അഭിനയശേഷിയുടെ കാര്യത്തില്‍ എം.ജി.ആറിന് മുകളിലായിരുന്നു ശിവാജി. എന്നിട്ടും എം.ജി.ആര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി പൊരുതുന്നവനായി ആരാധകരുടെ ഇടയില്‍ ദൈവതുല്ല്യനായി മാറി. എന്നാല്‍ അഭിനയത്തില്‍ കരുത്തിന്റെ പ്രതീകമായി മാറിയ ശിവാജിക്ക് പക്ഷേ, സ്‌ക്രീനിലും പുറത്തും ഇങ്ങനെ ഒരു ഇമേജോ ഇതുപോലൊരു ആരാധകവൃന്ദത്തെയോ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.

mgr
എം.ജി.ആര്‍

ഇതുതന്നെയാണ് ഇരുവരുടെയും പൊളിറ്റിക്കല്‍ ഗ്രാഫിലെ വ്യതിയാനത്തിന്റെ കാരണവും. അമ്പതുകളുടെ അവസാനത്തിലാണ് എം.ജി. ആറും ശിവാജിയും രാഷ്ട്രീയത്തിലിറങ്ങിയത്. കോണ്‍ഗ്രസിലായിരുന്നു തുടക്കം. എം.ജി. ആര്‍ പെട്ടന്നു തന്നെ അണ്ണാദുരൈയുടെ ശിഷ്യനായി ദ്രാവിഡ രാഷ്ട്രീയത്തിന്റെ കൊടിക്കീഴിലേയ്ക്ക് കൂറുമാറി. ഏഴൈതോഴന്റെ സ്‌ക്രീന്‍ ഇമേജില്‍ ഡി.എം.കെ പെട്ടന്നു തന്നെ കോണ്‍ഗ്രസിനെ നിഴലിലാക്കി തമിഴകത്തിന്റെ ഹൃദയം കവര്‍ന്നു. അമ്പതാം വയസ്സില്‍ ആദ്യമായി നിയമസഭയിലെത്തിയ എം.ജി. ആര്‍. രാഷ്ട്രീയ ഗുരു അണ്ണാദുരൈയുടെ മരണത്തോടെ പാര്‍ട്ടിയുടെ മുഖ്യ പ്രചാരകനായി. എഴുപതുകളുടെ തുടക്കത്തില്‍ തന്റെ ജനപ്രിയ ഡയലോഗുകളുടെ സൃഷ്ടാവായ കരുണാനിധിയുമായി പിരിഞ്ഞ് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാര്‍ട്ടിയും രൂപവത്കരിച്ചു. നേട്രു ഇന്‍ട്രു നാളൈ, ഇദയകനി, ഇന്‍ട്രു പോല്‍ എന്‍ട്രും വാഴികെ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ രാഷ്ട്രീയ അടിത്തറ ശക്തമാക്കി മുഖ്യമന്തിപദവും അതുവഴി തമിഴ് രാഷ്ട്രീയത്തില്‍ മുടിചൂടാമന്നനുമായി.

വിവാദങ്ങളും കോളിളക്കങ്ങളും ഒരു വധശ്രമവും ഉണ്ടായിട്ടും മരണം വരെ തമിഴകത്തിന്റെ ഏഴൈതോഴന്‍ എന്ന ബഹുമതി കാത്തുപോയു എം.ജി. ആര്‍. അമ്പതുകളില്‍ തന്നെയായിരുന്നു ശിവാജിയുടെയും രാഷ്ട്രീയ രംഗപ്രവേശം. ഒരു വ്യത്യാസം മാത്രം. എം.ജി.ആര്‍ കോണ്‍ഗ്രസുകാരനായി തുടങ്ങി ദ്രാവിഡ രാഷ്ട്രീയത്തിലെത്തിയതാണെങ്കില്‍ ശിവാജി ഡി.എം.കെ.യില്‍ തുടങ്ങി കോണ്‍ഗ്രസിലെത്തുകയായിരുന്നു. ഡി.എം.കെക്കാരനായിരിക്കെ തിരുപ്പതിയില്‍ ദര്‍ശനം നടത്തിയതിന് പാര്‍ട്ടിക്കാരില്‍ നിന്ന് പഴികേട്ട ചരിത്രം വരെയുണ്ട് ശിവാജിക്ക്.  

എന്നാല്‍ രാഷ്ട്രീയത്തില്‍ എം.ജി.ആറിനോളം പോന്നൊരു സൂപ്പര്‍ഹിറ്റ് കരിയര്‍ കെട്ടിപ്പടുക്കാന്‍ ശിവാജിക്ക് കഴിഞ്ഞില്ല. കാമരാജിന്റെ പ്രേരണയില്‍ ഡി. എം.കെയില്‍നിന്ന് കോണ്‍ഗ്രസില്‍ എത്തിയെങ്കിലും അവിടെ വേണ്ടത്ര പച്ചപിടക്കാനായില്ല. ശിവാജിയുടെ ജനപ്രിയത തുണയാക്കാനായിരുന്നു കാമരാജിന്റെ പദ്ധതി. ഇന്ദിരാഗാന്ധിയുടെ നിര്‍ബന്ധത്തിന് ഒരിക്കല്‍ രാജ്യസഭാംഗമായതു മാത്രമായിരുന്നു മെച്ചം. ഇന്ദിരയുടെ മരണത്തോടെ ശിവാജിയുടെ കോണ്‍ഗ്രസ് പ്രവത്തനത്തിനും തിരശ്ശീല വീണു. 1989ല്‍ കോണ്‍ഗ്രസ് വിട്ട് തമിഴക മുന്നേട്ര മുന്നണി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചെങ്കിലും അതും പച്ചതൊട്ടില്ല. ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ എം.ജി. ആറിനെപ്പോലൊരു ആരാധക വൃന്ദം ഉണ്ടായിരുന്നില്ല എന്നതു തന്നെ കാരണം. സിനിമയിലായാലും രാഷ്ട്രീയമായാലും ഫാന്‍സ് തന്നെ കാര്യം.

സംഭവബഹുലമായ ഈയൊരു അധ്യായത്തിന്റ റീമേക്കിന് തന്നെയാണ് തമിഴക രാഷ്ട്രീയത്തില്‍ വീണ്ടും കളമൊരുങ്ങുന്നത്. ഫാന്‍സിന്റെ കരുത്താണ് വിധിയെഴുതുന്നതെങ്കില്‍ രജനി തന്നെയാവും ഹിറ്റ്. കമലിനെ കാത്തിരിക്കുന്നത് ശിവാജിയുടെ രാഷ്ട്രീയ വേഷത്തിന്റെ ക്ലൈമാക്സാവും.

ഈ ഉത്തമബോധ്യമുണ്ട് ഉത്തമവില്ലനിലെ നായകന്. സിനിമാ ജീവിതത്തിന്റെ കയറ്റിറങ്ങള്‍ക്കിടയില്‍ ഈയിടെയാണ് കമലിന്റെ രാഷ്ട്രീയമോഹം പ്രകടമായി തുടങ്ങിയത്. പക്ഷേ, തിരഞ്ഞെടുക്കേണ്ടത് ഏത് വേഷമാണ്, സ്വീകരിക്കേണ്ടത് ഏത് ട്രാക്കാണ് എന്നതില്‍ തുടക്കം മുതല്‍ തന്നെ കണ്‍ഫ്യൂഷനിലാണ് വേറിട്ട വേഷങ്ങള്‍ ഏറെ ചെയ്തിട്ടുള്ള ഉലകനായകന്‍. രജനിയെപ്പോലെ അത്രയ്ക്കും ജനപ്രിയനല്ലെന്നും അതുപോലൊരു അടിയുറച്ച അനുയായി, ആരാധകവൃന്ദത്തിന്റെ സ്ഥിരനിക്ഷേപവുമില്ല എന്ന ഉറച്ച ബോധ്യം കമലിനുണ്ട്. ഈ ബോധ്യം തന്നെയാണ് രാഷ്ട്രീയത്തിലേയ്ക്കുള്ള കളംമാറ്റലിന്റെ തുടക്കം മുതല്‍ പ്രകടമായ കണ്‍ഫ്യൂഷന്റെ കാരണവും.

ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ വിവിധ വിഷയങ്ങളില്‍ കമല്‍ കൈക്കൊണ്ടിട്ടുള്ള നിലപാടുകളിലൂടെ ഒന്ന് കണ്ണോടിക്കുകയോ വേണ്ടു ഇത് ബോധ്യപ്പെടാന്‍.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ അനുകൂലിച്ച് ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കി. മെയ് മാസത്തില്‍ തന്റെ നിരീശ്വരവാദം അരക്കിട്ടുറപ്പിച്ച് ഡി.എം.കെ.യിലേയ്ക്കുള്ള ഒരു പാലമിട്ടു. പിന്നെ ജൂണില്‍ എ.ഐ.എ.ഡി. എം.കെ. സര്‍ക്കാരുമായുള്ള നേരിട്ടുള്ള അങ്കമായി. അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധം പ്രഖ്യാപിച്ചു. ജൂണില്‍ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കി. ജൂലൈയില്‍ അത് പാതി നിഷേധിച്ചു. ഓഗസ്റ്റില്‍ ബിഗ് ബോസിന്റെ വേദിയില്‍ പല രാഷ്ട്രീയ പ്രസ്താവനകളും നടത്തി. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു.  സെപ്റ്റംബറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കാവിയല്ല തന്റെ നിറമെന്ന് പ്രഖ്യപിച്ചു. ഡി.വൈ.എഫ്.ഐ.യുടെ സംഗമത്തില്‍ എത്തുമെന്ന് വാര്‍ത്ത പ്രചരിച്ചു. പിന്നെ അതു നിഷേധിച്ചു. സെപ്റ്റംബറില്‍ തന്നെ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. സെപ്റ്റംബര്‍ അസാനം സംസ്ഥാനത്തിന്റെ ഗുണത്തിനാണെങ്കില്‍ ബി.ജെ.പിയുമായി സഹകരിക്കാന്‍ ഒരുക്കമാണെന്ന് പറഞ്ഞു. കഴിഞ്ഞ മാസം നോട്ട് നിരോധനത്തെ ശക്തമായി വിമര്‍ശിച്ചു. പണ്ട് പിന്തുണച്ചതിന് അനന്ദ വികടനിലെ കോളത്തില്‍ ക്ഷമാപണവും നടത്തി. കഴിഞ്ഞയാഴ്ച രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് അതേ കോളത്തില്‍ എഴുതി വലിയ കോളിളക്കത്തിന് തുടക്കം കുറിച്ചു.

കമല്‍ അഭിപ്രായങ്ങള്‍ മാറ്റുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസമില്ലായ്മയായി വ്യാഖ്യാനിക്കുന്നവരുണ്ട്. പ്രത്യേകിച്ച് രജനി തന്റെ നിലപാട് ഇതുവരെ പരസ്യമായി പ്രഖ്യാപിക്കാത്ത സ്ഥിതിക്ക്. ഡി.എം.കെ.യുടെ മുഖപത്രമായ മുരശൊലിയുടെ ഒരു ചടങ്ങില്‍ വച്ച് ഇരുവരും ഒളിയമ്പുകളെയ്യുകയും ചെയ്തു.

ഒന്നുറപ്പ്, രജനി ഏത് പക്ഷത്താണോ അതിന്റെ എതിര്‍ ചേരിയില്‍ മാത്രമേ കമലിന് നിലനില്‍പുള്ളൂ. രജനിയാണെങ്കില്‍ ഒരു വലിയ പുകമയ്ക്കുള്ളിലാണ് താനും. രജനി ബി.ജെ.പി. പക്ഷത്താണെന്ന പരസ്യമായ രഹസ്യം മനസ്സലാക്കുകയും എ. ഐ. എ.ഡി. എം.കെയിലോ ഡി. എം.കെയിലോ വലിയ സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പാവുകയും ചെയ്തതോടെ ഒരു നാലാം ചേരിയില്‍ മാത്രമേ തനിക്ക് സ്‌കോപ്പുള്ളൂവെന്ന് കമല്‍ തിരിച്ചറിയുന്നുണ്ടാവണം. 

sivaji
ശിവാജി ഗണേശന്‍

അപ്പോഴും കമലിന്റെ തലയ്ക്കു മുകളില്‍ ശിവാജിയുടെ ഗതി തൂങ്ങിനില്‍പുണ്ട്. ആരാധകരുടെ പിന്തുണ മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിലെ ജാതി സമവാക്യങ്ങളും കമലിന് അനുകൂലമല്ല. ശിവാജി പ്രബലമായ തേവര്‍ സമുദായക്കാരനായിരുന്നു. അവരുടെ പിന്തുണയുമുണ്ടായിരുന്നു. എന്നിട്ടും നിലംതൊട്ടില്ല. കമലാവട്ടെ ജയലളിതയെപ്പോലെ അയ്യങ്കാര്‍ ബ്രാഹ്മണനാണ്. എന്നാല്‍, ഇതിനെ വോട്ടാക്കി മാറ്റാന്‍ എ.ഐ.ഡി. എം.കെയെപ്പോലെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ഒരു വലിയ സംഘടനയുടെ പിന്തുണയില്ല. എം.ജി. ആറിനെപ്പോലെയല്ല, ശിവാജിയെപ്പോലെ എല്ലാം പൂജ്യത്തില്‍ നിന്നു തന്നെ തുടങ്ങേണ്ടിവരും കമലിന് എന്നര്‍ഥം.

മറ്റ് പലരെയും പോലെ തന്റെ ഫാന്‍സ് അസോസിയേഷനെ ശക്തമാക്കി നിര്‍ത്താന്‍ കമലിന് കഴിഞ്ഞിട്ടില്ല. തുടക്കം മുതല്‍ തന്നെ ഫാന്‍സ് അസോസിയേഷനെ എതിര്‍ക്കുന്ന ആളായിരുന്നു കമല്‍. തന്റെ ആരാധകര്‍ക്കായി വെല്‍ഫയര്‍ അസോസസിയേഷനാണ് കമല്‍ തുടങ്ങിയത്. അതുകൊണ്ട് വിജയകാന്തിനെപ്പോലെ അവരെയും തന്റെ രാഷ്ട്രീയത്തിനായി കമലിന് ഉപയോഗിക്കാനാവില്ല എന്ന് സാരം.

തന്റെ സിനിമാ കരിയര്‍ എം.ജി. ആറിനെപ്പോലെ രാഷ്ട്രീയത്തിന്‌പാകമാകും വിധം പരുവപ്പെടുത്താനും കമല്‍ മറന്നുപോയിരുന്നു. നായകനും മഹാനദിയും തേവര്‍ മകനും ഒഴിച്ചുനിര്‍ത്തിയാല്‍ തന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളൊന്നും തന്നെ രാഷ്ട്രീയം സംസാരിക്കുന്നില്ല. വരുമായിന്‍ നിറം സിവപ്പ്, ഉന്നാല്‍ മുടിയും തമ്പി എന്നിവ അത്രയ്ക്ക് ചര്‍ച്ചാവിഷയമായതുമില്ല. തേവര്‍ മകന്റെ പേരിലാവട്ടെ, ജാത്യാഭിമാനം പ്രോത്സാഹിപ്പിച്ചു എന്ന പേരില്‍ വലിയി വിമര്‍ശനം നേരിടേണ്ടിയും വന്നു. വിശ്വരൂപം ഭീഷണിക്ക് വഴങ്ങി വെട്ടിത്തുണ്ടമാക്കിയാണ് തിയേറ്ററില്‍ എത്തിയത്.

സിനിമയിലെ പെരുമ പോര രാഷ്ട്രീയത്തിനെന്ന് മുരശൊലിയുടെ ചടങ്ങില്‍ രജനികാന്ത് പറഞ്ഞത് കമലിനെ ഉദ്ദേശിച്ചു തന്നെയാണെന്ന് വ്യക്തമാണ്. വേദിയില്‍ കമലിനെ ഇരുത്തിക്കൊണ്ടു തന്നെയായിരുന്നു രജനിയുടെ ഈ കുറിക്കുകൊള്ളുന്ന പ്രസംഗം. ഇതേറ്റതുകൊണ്ടാവണം. പിന്നീട് പൊതുരംഗത്ത് സജീവമായിരുന്നു കമല്‍. ഡെങ്കിപ്പനി വിഷയത്തിലും അതിന്റെ മരുന്നിന്റെ വിതരണത്തിന്റെ കാര്യമായാലും ഇപ്പോഴത്തെ ചെന്നൈയിലെ മഴയുടെ ദുരിതത്തിന്റെ കാര്യത്തിലായാലും എവിടെയും ഓടിയെത്തുന്നുണ്ട് കമല്‍. പിറന്നാളിന് ആഘോഷങ്ങളില്ല, മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് താന്‍ എന്നതും ഒരു രാഷ്ട്രീയമുനയുള്ള പ്രഖ്യാപനമാണ്.

അപ്പോള്‍ എന്തു കണ്ടാണ് കമല്‍ രാഷ്ട്രീയത്തില്‍ രണ്ടു കല്‍പിച്ച് ഇറങ്ങുന്നത് എന്ന ചോദ്യം ബാക്കിയാണ്. ജയലളിതയുടെ മരണവും കരുണാനിധിയുടെ അസുഖവും സൃഷ്ടിച്ച ശൂന്യത നല്ലൊരു വളക്കൂറുള്ള മണ്ണാണ് കമലിനെയും രജനിയെയും പോലുള്ള താരങ്ങള്‍ക്ക്. എന്നാല്‍, രാഷ്ട്രീയ പ്രവേശനത്തെ കമല്‍ അത്ര ഗൗരവത്തോടെയല്ല കാണുന്നത് എന്നൊരു അഭിപ്രായവും തമിഴ്നാട്ടില്‍ ഉയരുന്നുണ്ട്. അടിമുടി അഴിമതി ആരോപണത്തില്‍  കുളിച്ചുനിന്ന ജയലളിയ സര്‍ക്കാരിനെ ഒരിക്കല്‍പ്പോലും വിമര്‍ശിക്കാന്‍ കമല്‍ ഒരുക്കമായിരുന്നില്ല. ഇപ്പോള്‍ പെട്ടന്ന് എല്ലാ വിഷയങ്ങളിലും  അഭിപ്രായങ്ങള്‍ പറയുന്നത് രാഷ്ട്രീയ കുപ്പായത്തിന് നിറം പകരാനല്ല, മറിച്ച് താന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസിന്റെ ടി.ആര്‍.പി. റേറ്റിങ് ക കൂട്ടാന്‍ വേണ്ടി മാത്മാണെന്നാണ് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡിസിലെ സി. ലക്ഷ്മണ്‍ സ്‌കോള്‍ ഡോട്ട് ഇന്നില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. അപ്പോള്‍ ഈ പിറന്നാളിന് മാത്രമല്ല, അതിന് അപ്പുറത്തും നമ്മള്‍ കാത്തിരിക്കേണ്ടിവരും എന്നര്‍ഥം.

Content Highlights: Kamal Haasan, Rajanikanth, Kamal Haasan Birthday, MGR, Sivaji Ganeshan