ചാലക്കുടി എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മയിലെത്തുന്ന മുഖം കലാഭവന്‍മണിയുടേതാണ്. പണവും പ്രശസ്തിയും വന്നു ചേര്‍ന്നപ്പോള്‍ മണി നഗരത്തിലേക്ക് കുടിയേറിയില്ല. വന്ന വഴി മറക്കാതെയായിരുന്നു ആ ജീവിതം നടന്നു കയറിയത്. എന്നെക്കുറിച്ച് അറിയാന്‍ വെബ് സൈറ്റ് നോക്കേണ്ടതില്ല  ഈ കൈ പിടിച്ച് നോക്കിയാല്‍ മതിയെന്ന് ആദ്യമായി പരിചയപ്പെടുന്നവരോട് മണി പറയാറുണ്ട്. സിനിമയില്‍ കാണുന്ന  ഈ ശരീരം സിനിമ തന്ന സമ്പത്തല്ല, പൊരി വെയിലത്ത് പണി ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണി ചങ്കൂറ്റത്തോടെ പറയാറുണ്ട്.

സിനിമയില്‍ വരുന്നതിന് മുമ്പ് മണി ജീവിതം പഠിച്ചത് ചാലക്കുടിയില്‍ നിന്നായിരുന്നു. ചാലക്കുടിപ്പുഴയില്‍ പൂഴി വാരിയും, ഓട്ടോ ഡ്രൈവറായും,മരം കയറ്റക്കാരനായും, ചുമട്ട് തൊഴിലാളിയായും അദ്ദേഹം ജീവിതം അടുത്തറിഞ്ഞു. ആ കരുത്തില്‍ നിന്നാണ് സിനിമയിലേക്കുള്ള ചുവട്മാറ്റം. അതുകൊണ്ട് തന്നെ സിനിമ സമ്മാനിച്ച സൗഭാഗ്യങ്ങളെല്ലാം ബോണസാണെന്ന് മണി പറയാറുണ്ട്.

തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെ തിരക്കുകള്‍ക്കിടയിലെ ഇടവേളകളില്‍ മണി ചാലക്കുടിയിലെത്തും.കാവി മുണ്ടും ഷര്‍ട്ടും ധരിച്ച് ടൗണിലിറങ്ങും. അവിടെ താരം നാട്ടുകാരിലൊരാളാകും. അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമാലോകം കണ്ട ജനപ്രിയ നായകനായിരുന്നു കലാഭവന്‍ മണി ഫോക്ക്‌ലോര്‍ സംഗീതത്തില്‍ പ്രതിഭകള്‍ ഏറെയുണ്ടെങ്കിലും  നാടന്‍പാട്ടിനെ ജനകീയമാക്കിയതില്‍ മണിക്കുള്ള പങ്ക് വലുതാണ്. കേരളത്തിലെ നാടന്‍ പാട്ടുകളും രസമുള്ള ഈണങ്ങളും കണ്ടെടുത്ത് പുനരാവിഷ്‌കരിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ മണിനടത്തിയിട്ടുണ്ട്.ഓരോ സിനിമയുടെ സെറ്റില്‍ പോകുമ്പോഴും അവിടുത്തെ നാടന്‍ പാട്ടുകാരെ, വൈകുന്നേരം മുറിയിലെത്തിക്കും. നേരം പുലരുന്നതുവരെ പാടി രസിക്കും,അതില്‍ നിന്ന് പുതിയൊരീണം പിറക്കും. അങ്ങനെയാണ് പല പാട്ടുകളും പിറന്നത്.

മലയാള സിനിമയേക്കാള്‍ ഈ താരത്തെ ഏറെ ഉപയോഗപ്പെടുത്തിയത് തമിഴ് സിനിമയാണ്. തമിഴ് സുപ്പര്‍സ്റ്റാര്‍ രജനികാന്തും,വിക്രമും മണിയുടെ ആരാധകരായിരുന്നു എന്നതാണ് മറ്റൊരു രസം ജമിനി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ വിക്രമാണ് മണിയെ വിളിച്ചത്. സെറ്റിലെ വിസ്മയതാരമായിരുന്നു മണി. പിന്നീട് ആ ചിത്രത്തിന്റെ തമിഴ്, ഹിന്ദി പതിപ്പില്‍  അവസരം കിട്ടി. ഈ യാത്രയില്‍ ഭാഷ മാത്രമായിരുന്നു പ്രശ്‌നം, ഇല്ലെങ്കില്‍ ഈ നടന്റെ വളര്‍ച്ച മറ്റൊരു തലത്തില്‍ എത്തിയേനെ.

ശങ്കറിന്റെ യന്തിരനില്‍ അഭിനയിക്കാന്‍ രജനികാന്താണ് മണിയെ വിളിച്ചത്. കോള്‍ വന്നപ്പോള്‍ വിശ്വാസം വന്നില്ല. ഒടുവില്‍ സംവിധായകന്‍ ശങ്കറിനെ വിളിച്ച് കാര്യം തിരക്കി. അടുത്ത ദിവസം രാവിലെ തന്നെ ഗോവയില്‍ എത്താന്‍ ശങ്കര്‍ പറഞ്ഞു. ഫൈഌ് മിസ്സായതിനാല്‍ സ്വന്തമായി വണ്ടി ഓടിച്ചാണ് മണി ഗോവയിലെത്തിയത്. ഷൂട്ടിങ് ഇടവേളകളില്‍ മണിയുടെ നമ്പറുകള്‍ക്ക് മുന്നില്‍ രജനി മതിമറന്ന് പൊട്ടിച്ചിരിച്ചു.ആ പ്രകടനം കണ്ട് രജനി പറഞ്ഞു അണ്ണ നിങ്കള്‍ പെരിയ ആള്‍-ആ അഭിനന്ദനവാക്ക് മണിക്ക് ഓസ്‌ക്കര്‍ അവാര്‍ഡിനേക്കാള്‍ വിലയേറിയതായിരുന്നു. അന്യഭാഷ ചിത്രങ്ങളില്‍ നിന്ന് കിട്ടുന്ന പ്രതിഫലമാണ് മണി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചത്. ആയിരങ്ങള്‍ക്ക് ഈ താരം കരുത്തും താങ്ങുമായിരുന്നു.

പാവങ്ങളായ രോഗികള്‍ക്ക് മരുന്ന്,ചികിത്സ,ചാലക്കുടിയില്‍ വായനശാല, സ്‌കൂള്‍ ബസ്,ഓണത്തിനും ക്രിസ്മസിനും 150 കുടുംബങ്ങള്‍ക്ക് 5 കിലോ സൗജന്യ അരി,പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹം ചെയ്യാനുള്ള സഹായം.അടിമാലിയിലെ ഒരു യുവാവിന്റെ കിഡ്‌നി മാറ്റിവെക്കാന്‍ സഹായിക്കാന്‍ മണി അവിടെ ഒരു പ്രോഗ്രാം പെട്ടെന്ന് നടത്തി 10 ലക്ഷം സ്വരൂപിച്ചു.. അങ്ങനെ എണ്ണിയാല്‍ തീരാത്ത കാരുണ്യം...

കൈനീട്ടി മുന്നിലെത്തുന്നവനെ ഒരിക്കലും മടക്കി അയച്ചില്ല. അതുകൊണ്ട് തന്നെ എന്നും ചാലക്കുടിയിലെ മണികൂടാരം എന്ന വീടിനുമുന്നില്‍ പാവങ്ങളുടെ നീണ്ടനിരയുണ്ടാകും.അതിനിടയിലാണ് എല്ലാം ഇട്ടെറിഞ്ഞ്, ആരോടും  യാത്ര പറയാതെ ഈ ജനപ്രിയനായകന്‍ വിണ്ണിലെ താരങ്കണത്തിലേക്ക് കടന്നുകളഞ്ഞത്.

ആ വിയോഗത്തിന്റെ ഒരു വയസ്സ്.
ഇന്നും ആ വീടിന് മുന്നില്‍ ആളുകളെത്തുന്നു...
നെഞ്ചില്‍ കനിവു നിറച്ച ആ നല്ല മനുഷ്യന്റെ ശവകുടീരത്തിനു മുന്നില്‍ മുട്ട് കുത്തി പ്രാര്‍ഥിക്കാന്‍,നന്ദി പറയാന്‍, ഒന്ന്  പൊട്ടിക്കരയാന്‍...
നല്ല മനുഷ്യരെ ദൈവം നേരത്തെ വിളിക്കും എന്ന ന്യായം  മാത്രമാണ് അവരുടെ ആശ്വാസം....