ച്ചവെയിലില്‍ തിളച്ചു മറിയുന്ന നഗരത്തിന്റെ ചുടുനിശ്വാസങ്ങള്‍ക്ക് മുകളിലൂടെ, സുഖമുള്ള ഈറന്‍ കാറ്റ് പോലെ ഒരു ഗാനം ഒഴുകിവരുന്നു അറുപതുകളിലെ യേശുദാസിന്റെ മുഗ്ദമധുരശബ്ദത്തില്‍ അനശ്വരമായ യൂസഫലി കേച്ചേരി  ബാബുരാജ് സഖ്യത്തിന്റെ ഗാനം: 'ജാലകത്തിരശ്ശീല നീക്കി ജാലമെറിയുവതെന്തിനോ, തേന്‍ പുരട്ടിയ മുള്ളുകള്‍ നീ കരളിലെറിയുവതെന്തിനോ, സുറുമയെഴുതിയ മിഴികളേ പ്രണയമധുരത്തേന്‍ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ... ''  

സംസാരം നിര്‍ത്തി ഹോട്ടല്‍ മുറിയുടെ ജനാലയിലൂടെ വെറുതെ പുറത്തേക്ക് നോക്കിയിരുന്നു റെക്‌സ് ഐസക്‌സ്. നിരത്തിലെ വാഹനത്തിരക്കും പൊടിപടലങ്ങളും കാതടപ്പിക്കുന്ന ശബ്ദഘോഷവും ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല അദ്ദേഹം. മനസ്സു നിറയെ ബാബുരാജ് മാത്രം;  ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ വിരലുകളാല്‍ നാദവിസ്മയം തീര്‍ക്കുന്ന ബാബുരാജ്; ചെന്നൈയിലെ ലോഡ്ജ് മുറിയിലെ തണുത്തുറഞ്ഞ നിലത്തിരുന്ന്   യുവാവായ യേശുദാസിനെ പാട്ട് പാടിപ്പഠിപ്പിക്കുന്ന ബാബുരാജ്. ഓര്‍മയില്‍ നിന്ന് ഒരിക്കലും മാഞ്ഞു പോകാന്‍ കൂട്ടാക്കാത്ത മിഴിവാര്‍ന്ന ചിത്രങ്ങള്‍.  പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആ കാഴ്ചകള്‍ ആവേശപൂര്‍വം കണ്ടുനിന്ന പതിനെട്ടുകാരനിലേക്ക് അറിയാതെ മടങ്ങിപ്പോകുന്നു റെക്‌സിന്റെ മനസ്സ്.  ''അറിയുമോ? ഖദീജയിലെ ഈ ഗാനത്തിന്റെ പിന്നണിയില്‍ എന്റെ വയലിനുണ്ട്; പിന്നെ ജ്യേഷ്ഠന്‍ എമില്‍ ഐസക്‌സിന്റെ ഗിറ്റാറും ഗുണസിംഗിന്റെ ഫ്ലൂട്ടും,'' ഒരു നിമിഷത്തെ മൌനത്തിനു ശേഷം റെക്‌സ് തുടരുന്നു: ''പഴയ പല പാട്ടുകളും കേള്‍ക്കുമ്പോള്‍ മനസ്സ് നിറയെ സംഗീത സ്വപ്നങ്ങളുമായി നടന്ന കൗമാരകാലം ഓര്‍മ വരും.ഒരിക്കലും തിരിച്ചുവരാത്ത കാലം...''
                 
യേശുദാസ് അന്ന് ചെന്നൈ അഭിരാമപുരത്തെ ഒറ്റ മുറി ഫ്ലാറ്റിലാണ് താമസം. റെക്‌സും എമിലും എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ വിദ്യാര്‍ഥികളും. യേശുദാസിന്റെ ഗാനമേളകളില്‍ അതിനകം പതിവുകാരായി കഴിഞ്ഞിരുന്നു ഇരുവരും. വേനലവധിക്കാലത്ത് ചെന്നൈയില്‍ ചെല്ലുമ്പോള്‍ ദാസിന്റെ ഫ്ലാറ്റിലാണ് എമിലും റെക്‌സും തങ്ങുക. റെക്കോര്‍ഡിംഗിന് പോകുമ്പോള്‍ നാട്ടുകാരായ കുട്ടിക്കൂട്ടുകാരെയും ഒപ്പം കൂട്ടും ദാസ്.  അവിസ്മരണീയമായ പല ഗാനസൃഷ്ടികളുടെയും ഭാഗമാവാന്‍ കഴിഞ്ഞത് അങ്ങനെയാണ്.  റേഡിയോയിലൂടെ ഒഴുകിവരുന്ന ശബ്ദങ്ങളിലൂടെ മാത്രം പരിചയപ്പെട്ട ഗായകരെയും പ്രിയ സംഗീത സംവിധായകരെയും ഒക്കെ നേരില്‍ കാണാനുള്ള അവസരമല്ലേ? ''ഖദീജയിലെ എല്ലാ പാട്ടുകളുടെയും പിന്നണിയില്‍ എന്റെ വയലിനും എമിലിന്റെ ഗിറ്റാറുമുണ്ട്.'' റെക്‌സ് ഓര്‍ക്കുന്നു. ''45 രൂപയാണ് ഞങ്ങള്‍ക്ക് കിട്ടിയ പ്രതിഫലം. അന്ന് അതത്ര മോശം തുകയല്ല. റെക്കോര്‍ഡിംഗ് കഴിഞ്ഞു യേശുദാസ് അദ്ദേഹത്തിന്റെ വെള്ള മോറിസ് മൈനര്‍ കാറില്‍ കയറ്റി ഞങ്ങളെ ബുഹാരി ഹോട്ടലില്‍ കൊണ്ടുപോകും. ദാസിന്റെ അനിയന്‍ മണിയാണ് കാറോടിക്കുക. ബുഹാരിയിലെ പ്രശസ്തമായ ബിരിയാണി കഴിച്ചു സ്റ്റെല്ലാ മാരിസ് കോളെജിനു മുന്നിലൂടെ ഒന്ന് രണ്ടു വട്ടം കറങ്ങിയാണ് ഫ്‌ളാറ്റില്‍ തിരിച്ചെത്തുക. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.'' അവധി കഴിഞ്ഞു കൊച്ചിയിലേക്ക് തിരിച്ചു പോകും വരെ സിനിമാ പാട്ടുകളുടെ ലോകത്താവും എമിലും റെക്‌സും. അന്ന് പിന്നണിയില്‍ വായിച്ച പാട്ടുകള്‍ പലതും എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും ജനം ഓര്‍ക്കുന്നു എന്നത് സന്തോഷമുള്ള കാര്യം. മനസ്വിനിയിലെ പാതിരാവായില്ല പൌര്‍ണമികന്യക്ക് പതിനേഴോ പതിനെട്ടോ പ്രായം എന്ന യുഗ്മഗാനം ഓര്‍മയില്ലേ? ആ മനോഹര ഗാനത്തിന്റെ പശ്ചാത്തലത്തില്‍ വി.എസ് നരസിംഹന്‍, എല്‍.വൈദ്യനാഥന്‍ എന്നീ ലജന്‍ഡുകള്‍ക്ക് ഒപ്പം ഇരുന്നു വയലിന്‍ വായിച്ചതാണ് റെക്‌സിന്റെ കൗമാര സ്മരണകളിലെ ഏറ്റവും ഹൃദ്യമായ അനുഭവം.

emil issacs

സിനിമയെ ഉപജീവനമാര്‍ഗമായി കാണണം എന്ന മോഹമൊന്നും അന്നില്ല. എല്ലാം ഒരു രസമായിരുന്നു. എന്നിട്ടും വിധി ഈ കൊച്ചിക്കാരനെ സിനിമയുടെ ഭാഗമാക്കിത്തീര്‍ത്തു. പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമാഗാനങ്ങളുടെ പിന്നണിയില്‍ റെക്‌സിന്റെ വയലിന്‍ നാദമുണ്ട്. മഹാനായ നൗഷാദ് മുതല്‍ പുതിയ തലമുറയിലെ ശങ്കര്‍ എഹ്‌സാന്‍ലോയ് വരെയുള്ള സംഗീത സംവിധായകര്‍ക്ക് വേണ്ടി വായിച്ചു. ജോണ്‍സണുമായിട്ടായിരിക്കണം ഏറ്റവുമധികം സഹകരിച്ചിരിക്കുക. റോജ മുതല്‍ ഇങ്ങോട്ട് എആര്‍ റഹ്മാന്റെ മിക്ക ചിത്രങ്ങളിലും ഉണ്ട് റെക്‌സിന്റെ സാന്നിധ്യം. ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍, അര്‍ജുനന്‍, ചിദംബരനാഥ്, എംഎസ് വിശ്വനാഥന്‍, എം ബി ശ്രീനിവാസന്‍, ഇളയരാജ, ശ്യാം, കെജെ ജോയ്, രവീന്ദ്രന്‍, എംജി രാധാകൃഷ്ണന്‍, ജെറി അമല്‍ദേവ്, വിദ്യാസാഗര്‍, ബോംബെ രവി, രവീന്ദ്ര ജെയിന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, ഹംസലേഖ, കീരവാണി,എം ജയചന്ദ്രന്‍, ദീപക് ദേവ്, ഷാന്‍ റഹ്മാന്‍. ... റെക്‌സിന്റെ വയലിന്‍ വൈദഗ്ദ്യം സ്വന്തം ഗാനങ്ങള്‍ക്കോ സിനിമയുടെ പശ്ചാത്തല സംഗീതത്തികവിനോ വേണ്ടി ഒരിക്കലെങ്കിലും കടമെടുക്കാത്ത സംഗീതസംവിധായകര്‍ കുറവ്.

ഏറ്റവും വിസ്മയിപ്പിച്ച സംഗീത സംവിധായകന്‍ എം എസ് ബാബുരാജ് തന്നെ. ''ഞാന്‍ ആദ്യമായി ചെന്നൈയില്‍ ചെല്ലുന്ന കാലത്ത് തിരക്കേറിയ കംപോസറാണ് അദ്ദേഹം. താമസം സ്വാമീസ് ലോഡ്ജില്‍. ഒഴിവു കിട്ടുമ്പോള്‍ ഞാനും എമിലും സുഹൃത്ത് മണിയും (യേശുദാസിന്റെ സഹോദരന്‍) ബാബുരാജിന്റെ മുറിയുടെ വാതിലില്‍ ചെന്ന് മുട്ടും. ''എന്താ മക്കളെ എന്ന് ചോദിച്ചു ബാബുക്ക വാതില്‍ തുറക്കുമ്പോള്‍ കോറസ് പോലെ ഞങ്ങള്‍ പയ്യന്മാര്‍ പറയും. ബാബുക്കയുടെ പെട്ടി വായന കാണാന്‍ വന്നതാണ്. കാണുക എന്ന് പറഞ്ഞതില്‍ തെറ്റില്ല. കാരണം കേള്‍വിയില്‍ മാത്രമല്ല കാഴ്ചയിലും ഒരു അത്ഭുതമായിരുന്നു അദ്ദേഹത്തിന്റെ ഹാര്‍മോണിയം വായന. എന്ത് തിരക്കുണ്ടെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി ക്ഷമയോടെ പെട്ടി വായിക്കും അദ്ദേഹം.. കൂട്ടത്തില്‍ കുസൃതിക്കാരനായ മണി ഒരിക്കല്‍ ചോദിച്ചു: ബാബുക്ക വെസ്റ്റേണ്‍ നോട്ട്‌സ് വായിക്കുമോ ഹാര്‍മോണിയത്തില്‍? വെല്ലുവിളിയുടെ ധ്വനി ഉണ്ടായിരുന്നു ആ ചോദ്യത്തില്‍. കര്‍ണ്ണാട്ടിക്കിനും ഹിന്ദുസ്ഥാനിക്കും വായിക്കുന്ന പോലെയല്ല പാശ്ചാത്യ സംഗീതം വായിക്കേണ്ടത്. കൈയുടെ  പൊസിഷനിംഗ് പോലും വ്യത്യസ്തമാണ് അവിടെ. പക്ഷെ ആ വെല്ലുവിളിയും ബാബുരാജ് അനായാസം ഏറ്റെടുത്തു വിജയിപ്പിക്കുന്നത് കണ്ണിമ ചിമ്മാതെ നോക്കി നിന്നു ഞങ്ങള്‍ . ഏതു പാശ്ചാത്യ സംഗീതജ്ഞനോടും കിടപിടിക്കുന്നതയിരുന്നു അദ്ദേഹത്തിന്റെ ഹാര്‍മോണിയം വായന. ശരിക്കും ഒരു ജീനിയസ്.''

റെക്‌സിനെക്കാള്‍ മുന്‍പേ ജ്യേഷ്ഠന്‍ എമില്‍ ഐസക്‌സിനെ കുറിച്ചാണ് കേട്ടറിവ്. യേശുദാസിന്റെ ആദ്യകാല ഗാനമേളകളിലെ സ്ഥിരം ഗിറ്റാറിസ്റ്റ്. ഉഷാ ഉതുപ്പിന്റെ സന്തത സഹചാരി. കൊച്ചിയുടെ മണ്ണില്‍ റോക്ക്, പോപ് ബാന്‍ഡ് സംസ്‌കാരത്തിന് വിത്തു പാകിയവരില്‍ പ്രധാനി. എഴുപതുകളിലെയും എണ്‍പതുകളിലെയും യുവതലമുറയുടെ ആവേശമായിരുന്ന എമില്‍ എന്നും ആരവങ്ങള്‍ക്ക് നടുവിലായിരുന്നു. റെക്‌സ് ആകട്ടെ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് അകലെയും. പ്രശസ്ത വയലിനിസ്റ്റ് കൂടിയായ പിതാവ് ജോ ഐസക്‌സും കൂട്ടുകാരന്‍ ആല്‍ഫി (ആല്‍ഫ്രെഡ് ഡിസൂസ)യും വീട്ടിന്റെ പൂമുഖത്ത് ഒരുമിച്ചിരുന്ന് വയലിന്‍ മീട്ടുമ്പോള്‍ വിസ്മിതനേത്രരായി അത് കേട്ടിരിക്കും റെക്‌സും എമിലും. പതിനൊന്നു മക്കളാണ് ജോ-എമില്‍ഡ ദമ്പതിമാര്‍ക്ക്. മൂത്തയാള്‍ എമില്‍. രണ്ടാമത് റെക്‌സ്. പിന്നീടങ്ങോട്ട് യൂജിന്‍, ആന്റണി, എലോയ്, എല്‍ഡ്രിച്ച് തുടങ്ങി സംഗീതജ്ഞരുടെ ഒരു നിര. സംഗീത ബന്ധമൊന്നുമില്ലെങ്കിലും സഹോദരിമാര്‍ രണ്ടു പേരും  മികച്ച ആസ്വാദകര്‍; വിമര്‍ശകരും.  അറിയപ്പെടുന്ന വയലിനിസ്റ്റും സംഗീതാധ്യാപകനും ആയിട്ടും മക്കളെ ആരെയും സംഗീതജ്ഞരായി കാണാന്‍ ആഗ്രഹിച്ചില്ല  ജോ ഐസക്‌സ്. ''എന്തുവന്നാലും ഞങ്ങളെ വയലിന്‍ പഠിപ്പിക്കില്ല എന്ന വാശിയായിരുന്നു അദ്ദേഹത്തിന്.'' റെക്‌സ് പറയുന്നു. ഡാഡിയും ആല്‍ഫി അങ്കിളും ചേര്‍ന്ന് വയലിനില്‍ സൃഷ്ടിക്കുന്ന മായികലോകം വാതില്‍ മറഞ്ഞുനിന്ന്  കൗതുകത്തോടെ ആസ്വദിക്കുമ്പോള്‍, എന്നെങ്കിലും അവരെ പോലെ വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് മോഹിച്ചിട്ടുണ്ട് റെക്‌സ്. ആ മോഹം ആദ്യം തിരിച്ചറിഞ്ഞത് ഡാഡിയല്ല, അച്ഛമ്മയാണെന്ന് മാത്രം. നല്ലൊരു പിയാനിസ്റ്റ് കൂടിയായ അച്ഛമ്മ മോണിക്കയാണ്  ഹണിമാന്‍സ് വയലിന്‍ ട്യൂട്ടര്‍ എന്ന ഗൈഡിന്റെ സഹായത്തോടെ എമിലിനേയും റെക്‌സിനേയും വയലിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചത്. ''വയലിന്‍ പഠിച്ചെടുക്കുക എളുപ്പമല്ല. ചിട്ടയോടെയുള്ള  ഏകാഗ്രമായ പരിശീലനം അനിവാര്യമാണ് അതിന്; ഒപ്പം അളവറ്റ ക്ഷമയും. എമിലിന് ക്ഷമ കുറവായിരുന്നു. ഇടയ്‌ക്കെങ്ങോ വെച്ച് വയലിനോട് വിടവാങ്ങി ഗിറ്റാറിന്റെ പിറകെ പോയത് അതുകൊണ്ട് തന്നെ.'' പക്ഷെ റെക്‌സിന്റെ വയലിന്‍ പ്രണയം തീവ്രമായിരുന്നു; അഗാധവും. സ്വന്തം ആത്മാവിന്റെ ഭാഗമായി തന്നെ വയലിനെയും കണ്ടു റെക്‌സ്.

emil issacs

എമില്‍ തിരഞ്ഞെടുത്ത വഴികള്‍ വ്യത്യസ്തമായിരുന്നു; അസാധാരണവും. ഒരു വര്‍ഷം നീണ്ട സെമിനാരി വാസം അവയിലൊന്ന് മാത്രം.  ആത്മീയജീവിതം അവസാനിപ്പിച്ച് കൊച്ചിയില്‍ തിരിച്ചെത്തിയ എമില്‍ ഗിറ്റാര്‍ പഠിക്കണം എന്ന മോഹവുമായി ആദ്യം ചെന്ന് കണ്ടത് സുഹൃത്തും സംഗീതജ്ഞനുമായ ഡഡ്‌ലി റൊസാറിയോയെ. ഊട്ടി ലോറന്‍സ് സ്‌കൂളില്‍ പഠിച്ചു വന്ന  റൊസാരിയോയുടെ ഗിറ്റാര്‍ ആയിരുന്നു പിന്നീട് എമിലിന്റെ പരിശീലനവേദി. എല്‍വിസ് പ്രെസ്ലിയും ബീറ്റില്‍സും റോളിംഗ് സ്റ്റോണ്‍സും ക്ലിഫ് റിച്ചാര്‍ഡുമൊക്കെ ലോകമെങ്ങുമുള്ള യുവതയുടെ ഹരമായി ജ്വലിച്ചു നില്ക്കുന്ന കാലം. ഇറുകിയ ജീന്‍സും കൂര്‍ത്ത ഷൂസുമണിഞ്ഞ് വേദിയില്‍ പ്രത്യക്ഷപ്പെട്ട എമില്‍ കൊച്ചിയിലെ യുവ തലമുറയുടെ ശ്രദ്ധാകേന്ദ്രമായി മാറാന്‍ അധികകാലമെടുത്തില്ല. പോപ് ഗായകനായ സോജന്‍ സെബാസ്റ്റ്യന്‍ മുന്‍കയ്യെടുത്തു രൂപം നൽകിയ  'ലാ ഫ്ലമിംഗോസ്' എന്ന പാശ്ചാത്യ ബാന്‍ഡിലൂടെ ആയിരുന്നു തുടക്കം. ബാന്‍ഡിലെ മുഖ്യ ഗായകന്‍ സോജന്‍ തന്നെ; ഡ്രമ്മറുടെ റോളില്‍ യൂജിന്‍ ഐസക്‌സ്. ഇടയ്‌ക്കൊക്കെ റെക്‌സും ഉണ്ടാകും പരിപാടി കൊഴുപ്പിക്കാന്‍. കൊച്ചിയില്‍ അന്നൊരു അപൂര്‍വതയായിരുന്ന ഇലക്റ്റ്രിക് ഗിറ്റാര്‍ ആയിരുന്നു ലാ ഫ്ലമിംഗോസ് ഷോകളുടെ മുഖ്യ ആകര്‍ഷണം. ''മാനുവല്‍ ഇന്‍ഡസ്ട്രീസില്‍ നിന്ന്  വാടകക്കെടുത്ത പിക്കപ്പ്, സെല്ലോടേപ്പ് വെച്ച് ഒട്ടിച്ച് സാധാരണ അക്കോസ്റ്റിക്ക് ഗിറ്റാറിനെ ഇലക്റ്റ്രിക് ഗിറ്റാര്‍ ആക്കി മാറ്റുന്ന വിദ്യ എമിലാണ് ആദ്യം കൊച്ചിയില്‍ പരീക്ഷിച്ചത്. ആ ഗിറ്റാറില്‍ ഷാഡോസിന്റെയും  വെഞ്ചേഴ്‌സിന്റെയും ഹിറ്റ് നമ്പറുകള്‍ വായിച്ചു സദസ്സിനെ ഹരം കൊള്ളിക്കും എമില്‍. സിറിയന്‍ ക്രിസ്ത്യന്‍ കല്യാണങ്ങള്‍ക്കാണ് അന്ന്  ഞങ്ങള്‍ അധികവും പെര്‍ഫോം ചെയ്തിരുന്നത്.'' റെക്‌സ് ഓര്‍ക്കുന്നു.

കൊച്ചിയുടെ സിരകളില്‍ അലിഞ്ഞു ചേര്‍ന്നതാണ് പാശ്ചാത്യസംഗീത പ്രണയം. 1934 ല്‍ പീറ്റര്‍ ലോബോ രൂപം നല്കിയ ''ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിംഗ്ഒപ്ലേറ്റ്‌സ്'' ആയിരുന്നു  നഗരത്തിലെ ആദ്യ 'ഔദ്യോഗിക' വെസ്റ്റേണ്‍ ബാന്‍ഡ് എന്ന് ചരിത്രം പറയുന്നു.  സ്ട്രിംഗ്  ബോര്‍ഡ്, വയലിന്‍, ഡബിള്‍ ബാസ്, ബോംഗോസ്  ഇത്രയും ഉപകരണങ്ങള്‍ അണിനിരത്തി പഴയ യൂറോപ്യന്‍ ക്ലബ്ബിലെ (പില്‍ക്കാലത്തെ കൊച്ചിന്‍  ക്ലബ്) വെള്ളക്കാര്‍ മാത്രമടങ്ങിയ   സദസ്സിനെ ഹരം കൊള്ളിച്ചിരുന്ന ''ബ്ലാക്ക് ആന്‍ഡ് വൈറ്റ്'', രണ്ടാം  ലോക മഹായുദ്ധത്തോടെ കഥാവശേഷമായി.   വൈപ്പിനിലെ ഐവന്‍ ഡിക്രൂസിന്റെ ''സ്വീറ്റ് മുച്ചാച്ചോസ്'',  റാല്‍ഫ് റ്റൈറനും ടോണിയും ചേര്‍ന്ന് രൂപം കൊടുത്ത  ''സൂപ്പര്‍സോണിക്‌സ്'' തുടങ്ങി നിരവധി ബാന്‍ഡുകള്‍ പിന്നാലെ വന്നു.   ആ ശൃംഖലയിലെ ഏറ്റവും പുതിയ കണ്ണിയായിരുന്നു  'ലാ ഫ്‌ളമിംഗോസ്'.  ബാന്‍ഡിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ എമിലിന്റെയും റെക്‌സിന്റെയും രാശി തെളിഞ്ഞു.  വര്‍ഷം  1965 ആണെന്നോര്‍ക്കണം. സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുകയാണ് അന്ന് റെക്‌സ്. എമില്‍ ഡിഗ്രിക്കും. കൊച്ചു കൊച്ചു ഗാനമേളകളും വിവാഹരാവുകളിലെ സംഗീതസദിരുകളുമായി പതുക്കെ പ്രശസ്തിയുടെ  പടവുകള്‍ കയറുകയായിരുന്ന കോളേജ് കുമാരന്മാരെ തേടി ഒരു നാള്‍ രണ്ടു അപ്രതീക്ഷിത അതിഥികള്‍ എത്തുന്നു.  ഫോര്‍ട്ട് കൊച്ചിക്കാരനായ ഗായകന്‍ യേശുദാസും സുഹൃത്ത് പോളും. അതിനകം സിനിമയില്‍ പാടിത്തുടങ്ങിയിരുന്നു യേശുദാസ്. ഇനി  ഒരു സ്ഥിരം ഗാനമേള ട്രൂപ്പ് വേണം. ഓര്‍ക്കസ്ട്രയില്‍ യുവപ്രതിഭകളായ എമിലിന്റെയും റെക്‌സിന്റെയും സാന്നിധ്യം ഉണ്ടാവണം എന്നായിരുന്നു ദാസിന്റെ മോഹം. അതിനുള്ള അനുമതി തേടിയാണ് വീട്ടിലേക്കുള്ള വരവ്. ''അടുത്ത ബന്ധുവായ  ടോബി മെന്‍ഡസ് ആണ് ഇരുവരെയും വീട്ടില്‍ കൂട്ടിക്കൊണ്ടു വന്നത് എന്നാണു ഓര്‍മ. അക്കാലത്തെ അറിയപ്പെടുന്ന പാട്ടുകാരനാണ് ടോബി അങ്കിള്‍. ദാസ് വരുമ്പോള്‍ ഞാന്‍  വീട്ടിലില്ല.  ചികിത്സയിലായിരുന്ന അനിയനെ കാണാന്‍ അടുത്തൊരു ആശുപത്രിയില്‍ പോയതാണ്.  വന്ന കാര്യം പോള്‍ വിനയപൂര്‍വ്വം ഡാഡിയെ അറിയിച്ചു. കുട്ടികളെ വിട്ടു തരാന്‍  സാധ്യമല്ല എന്ന്  ഡാഡിയുടെ മറുപടി.  കുട്ടികളുടെ പഠിത്തം മുടക്കിയുള്ള ഒരു കലാപ്രവര്‍ത്തനവും വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഭാഗ്യത്തിന് ആ ഘട്ടത്തില്‍  ടോബി അങ്കിള്‍ ഇടപെട്ടു.  യേശുദാസ് വലിയ ഭാവിയുള്ള ഗായകനാണെന്നും അദ്ദേഹവുമായി സഹകരിക്കുന്നതു ഗുണം ചെയ്യുകയേ ഉള്ളു എന്നൊക്കെ വാദിച്ചു അങ്കിള്‍. സമ്മര്‍ദതന്ത്രം ഫലം ചെയ്തു എന്നു വേണം കരുതാന്‍. മനസ്സില്ലാമനസ്സോടെ ആണെങ്കിലും ഞങ്ങളെ ഗാനമേളക്ക് വിട്ടുകൊടുക്കാന്‍ ഒടുവില്‍  ഡാഡി തയ്യാറായി. ആ സന്തോഷ വാര്‍ത്തയുമായി   യേശുദാസും പോളും നേരെ വന്നത്  അനിയന്‍ കിടക്കുന്ന ആശുപത്രിമുറിയിലേക്കാണ് എന്നെ നേരിട്ട് കണ്ട് കാര്യം പറയാന്‍. വെളുത്ത മുണ്ടും ഷര്‍ട്ടും കറുത്ത കൂളിംഗ് ഗ്ലാസും അണിഞ്ഞു മുറിയില്‍ കയറിവന്ന അന്നത്തെ യേശുദാസിന്റെ രൂപം ഇന്നുമുണ്ട് ഓര്‍മയില്‍.'' ആലുവയിലെ  ടാസ് ഹാളില്‍ നടക്കുന്ന  ഗാനമേളയില്‍ വയലിന്‍ വായിക്കാനുള്ള ക്ഷണം സ്വീകരിക്കാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ റെക്‌സിന്. 

യേശുദാസിന്റെ  രണ്ടാമത്തെയോ മൂന്നാമത്തെയോ ഗാനമേള ആയിരിക്കണം അത്. സഹഗായിക ഹേമലതയുടെ വീട്ടില്‍ വെച്ചാണ്  റിഹേഴ്‌സല്‍. റെക്‌സിന് പുറമേ രണ്ടു പേര്‍ കൂടി ഉണ്ട് ട്രൂപ്പില്‍ വയലിനിസ്റ്റുകളായി ടെറന്‍സും  അനസും.  ഗിറ്റാറിസ്റ്റുകള്‍ രണ്ടു പേര്‍: എമിലും മാച്ചി ലോറന്‍സും. ക്ലാരനറ്റില്‍ പാപ്പു; ഹാര്‍മോണിയത്തില്‍ എ എം ജോസ്; തബലയില്‍ എ എം പോള്‍ (സംവിധായകനും നടനുമായ ലാലിന്റെയും സംഗീത സംവിധായകന്‍ അലക്‌സ് പോളിന്റെയും പിതാവ്); ബോംഗോസില്‍ ജിമ്മി ലൂയീസ്.  ഇന്നത്തെ  പ്രശസ്ത മെയ്ക്കപ്പ് കലാകാരന്‍ പട്ടണം റഷീദിന്റെ പിതാവ് ഹുസൈനായിരുന്നു പെര്‍ക്കഷന്‍ വിഭാഗത്തിന്റെ ചുമതല . അന്നൊക്കെ ഗായകനും ഗായികയും നിലത്തിരുന്നാണ് പാടുക. വാദ്യ കലാകാരന്മാര്‍ ചുറ്റുമുള്ള  കസേരകളില്‍ നിരന്നിരിക്കും.  സ്വന്തം സിനിമാ ഗാനങ്ങള്‍ക്ക് പുറമേ മുഹമ്മദ് റഫി, പി ബി ശ്രീനിവാസ്, എ എം രാജ എന്നിവരുടെ ഹിറ്റുകളും യേശുദാസ് പാടി. സ്വഛസുന്ദരമായ ആ നാദപ്രവാഹം കേട്ട് കൊരിത്തരിച്ചിരുന്നു ടാസ് ഹാളിലെ നിറഞ്ഞ സദസ്സ്.

അതായിരുന്നു തുടക്കം. യേശുദാസ് സിനിമയില്‍ പ്രശസ്തനായിത്തുടങ്ങിയതോടെ ഗാനമേളകളുടെ എണ്ണവും കൂടി. ''ആദ്യമാദ്യം ദൂരദേശങ്ങളില്‍ പരിപാടി അവതരിപ്പിക്കേണ്ടി വരുമ്പോള്‍ ദാസ് ഉള്‍പ്പെടെ ഞങ്ങള്‍ എല്ലാം ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലാണ്  പോകുക. തോപ്പുംപടി  സ്റ്റാന്‍ഡില്‍ നിന്ന്  ബസ് കയറും. തിരക്കില്‍ തൂങ്ങിപ്പിടിച്ചു വരെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. തിരുവനന്തപുരത്തേക്കാണ് പോകേണ്ടതെങ്കില്‍ പാസഞ്ചര്‍ ട്രെയിന്‍ തന്നെ ശരണം. മൂന്നാം ക്ലാസ് കമ്പാര്‍ട്ട്‌മെന്റിലാണ് കയറുക.  സൌണ്ട് സിസ്റ്റം ഒക്കെ കൊണ്ട് പോകേണ്ടി വന്നപ്പോള്‍ അംബാസഡര്‍  കാര്‍ വാടകയ്ക്ക് എടുത്തു തുടങ്ങി. കാറിനകത്ത് ചിലപ്പോള്‍ തിക്കിത്തിരക്കി  ഇരിക്കേണ്ടി  വരും. എന്നാലും ആര്‍ക്കും പരാതികള്‍ ഉണ്ടായിരുന്നില്ല. ഒരു കുടുംബം പോലെ കഴിഞ്ഞു എല്ലാവരും; പരസ്പരം സ്‌നേഹിക്കുകയും കലഹിക്കുകയും ഒക്കെ ചെയ്യുമെങ്കിലും  സ്റ്റേജില്‍ കയറിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഒന്നായിരുന്നു. അന്നത്തെ ഗാനമേളകള്‍ വിജയമായി മാറിയതിനു പിന്നില്‍ ഈ ഒത്തിണക്കവുമുണ്ട്.'' കോളേജ് പഠനവും സംഗീത യാത്രകളും ഒരുമിച്ചു   കൊണ്ടു നടന്ന ആ നാളുകളില്‍ തന്നെയാണ് ദാസിന്റെ പ്രേരണയോടെ ചെന്നൈയില്‍ ചില റെക്കോര്‍ഡിംഗുകളില്‍ പങ്കെടുത്തതും.

രസകരമായ അനുഭവങ്ങളാണ് ഗാനമേളകള്‍ക്കായുള്ള ഓരോ യാത്രയും പകര്‍ന്നു തന്നതെന്ന് പറയും റെക്‌സ്. ''തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള ഒരു തീവണ്ടി യാത്രഓര്‍മയുണ്ട്. തേഡ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റിലെ മരം കൊണ്ടുള്ള ഇരിപ്പിടത്തില്‍ ചമ്രം പടിഞ്ഞിരുന്ന് പാടുകയാണ് യേശുദാസ്  ആയിടയ്ക്ക് ഇറങ്ങിയ  'റബേക്ക' എന്ന ചിത്രത്തിലെ ആകാശത്തിലെ കുരുവികള്‍ വിതയ്ക്കുന്നില്ല എന്ന ഗാനം . ആകര്‍ഷകമായ ഒരു  റിഥം പാറ്റേണ്‍ ഉണ്ടായിരുന്നു രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട ആ പാട്ടിന്.  മലയാളം ഗാനങ്ങളില്‍ അന്നതൊരു അപൂര്‍വതയാണ്. അപ്പര്‍ ബെര്‍ത്തില്‍ ഇരുന്നുകൊണ്ട്  ജിമ്മി   ദാസിന്റെ പാട്ടിന്  ബോംഗോസില്‍ അകമ്പടി സേവിക്കുന്നു.   പശ്ചാത്തലത്തില്‍  തീവണ്ടിയുടെ താളം കൂടി ചേര്‍ന്നതോടെ ആ ഗാനാലാപനം അവിസ്മരണീയമായ ഒരു മെഹഫില്‍ ആയി  മാറി. എന്നെകിലും തിരിച്ചുവരുമോ സുന്ദരമായ ആ കാലം?'' റെക്‌സിന്റെ ആത്മഗതം.

പില്‍ക്കാലത്ത് കലാഭവനായി മാറിയ ക്രിസ്ത്യന്‍ ആര്‍ട്‌സ് ക്ലബ്ബുമായി (സി എ സി) റെക്‌സ് ബന്ധപ്പെടുന്നത് 1967 ലാണ്. ആബേല്‍ അച്ചന്‍ ആയിരുന്നു സി എ സിയുടെ എല്ലാം. അച്ചന്‍ ഭക്തിഗാനങ്ങള്‍ എഴുതും. നല്ലൊരു ഗായകന്‍ കൂടി ആയിരുന്ന റഫി ജോസ് ഈണമിട്ടു പാടും. ഗാനങ്ങളുടെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുക  എമിലും റെക്‌സും  യൂജിനും ചേര്‍ന്നാണ്. സി എ സിയില്‍ ചേര്‍ന്നതു കൊണ്ട് ഒരു ഗുണം കൂടി ഉണ്ടായി. ഗാനങ്ങളുടെ നൊട്ടേഷന്‍ എഴുതാന്‍ ശീലിച്ചു. പില്‍ക്കാല ജീവിതത്തില്‍ അത് വളരെയേറെ പ്രയോജനം ചെയ്തിട്ടുണ്ട്. താമസിയാതെ ആബേല്‍ അച്ചന്റെ ക്ഷണം സ്വീകരിച്ചു യേശുദാസും സി എ സി യില്‍ എത്തി. വന്നയുടന്‍ അദ്ദേഹം ചെയ്തത് സ്ഥാപനത്തിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെടുകയാണ്. ''കലാപ്രവര്‍ത്തനത്തില്‍ മതം വേണ്ട,'' ദാസ് പറഞ്ഞു.  മതാതീതമായ  പേര് നിര്‍ദേശിച്ചതും അദ്ദേഹം തന്നെ  കലാഭവന്‍. ജോളി എബ്രഹാം, കൊച്ചിന്‍   ഇബ്രാഹിം, ടോണി പള്ളന്‍, രാധ കുപ്പുസ്വാമി തുടങ്ങിയവരായിരുന്നു ആദ്യകാല ഗായകര്‍. എഴുപതുകളുടെ തുടക്കത്തോടെ പ്രതിഭാധനരായ കുറെ കുട്ടികളും കലാഭവനില്‍ എത്തി  സുജാത, ജെന്‍സി, ലില്ലി മേനോന്‍, ജോസഫ്... ഏറെക്കാലം ഈ കുട്ടികള്‍ പങ്കെടുത്ത ബാലഗാനമേളയുടെ ചുമതല റെക്‌സിനായിരുന്നു.

1970 കളുടെ തുടക്കം വരെ യേശുദാസിന്റെ ഗാനമേളകളില്‍ സജീവ സാന്നിധ്യമായിരുന്നു റെക്‌സ്. കേരളത്തിന് അകത്തും പുറത്തുമായി എണ്ണമറ്റ പരിപാടികള്‍. ദാസ് അതിനകം മലയാളിയുടെ പ്രിയ ഗന്ധര്‍വനായി വളര്‍ന്നു കഴിഞ്ഞിരുന്നു. കലാഭവന്‍ സംഗീത അക്കാദമിയുടെ പ്രിന്‍സിപ്പല്‍ പദവിയേറ്റതോടെ റെക്‌സിനും തിരക്കേറി. ദാസിന്റെ ഗാനമേളകളോട് വിടവാങ്ങിയത് ആ ഘട്ടത്തിലാണ്. മാത്രമല്ല, എമില്‍ മുന്‍കൈ എടുത്തു രൂപം  നല്കിയ എലീറ്റ് എയ്‌സസ് എന്ന  പാശ്ചാത്യ സംഗീത ബാന്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകേണ്ടി വന്നു റെക്‌സിന്. കൊച്ചിയുടെ സംഗീത ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായിരുന്നു എമിലും റെക്‌സും യൂജിനും  ബന്ധുവായ ഡ്രമ്മര്‍ പിന്‍സന്‍ കൊറായയും ചേര്‍ന്ന് തുടക്കമിട്ട ആ ബാന്‍ഡ്.   കാസിനോ ഹോട്ടലിലും ബാനര്‍ജി റോഡിലെ വോള്‍ഗ റസ്റ്റോറന്റിലും സീലോര്‍ഡിലും പതിവായി പരിപാടികള്‍ അവതരിപ്പിച്ച  എലീറ്റ് എയ്‌സസിന്റെ ഖ്യാതി കൊച്ചിയുടെയും കേരളത്തിന്റെ തന്നെയും അതിര്‍ത്തിക്കു അപ്പുറത്തേക്ക് വളര്‍ന്നത് പെട്ടെന്നാണ്. പ്രശസ്ത ഇന്‍ഡി  പോപ് ഗായിക ഉഷാ ഉതുപ്പിന്റെ പ്രോത്സാഹനവും പിന്തുണയുമായിരുന്നു അതിനു പിന്നില്‍. ഉഷയുടെ ശുപാര്‍ശയില്‍  എലീറ്റ് എയ്‌സസ് മുംബൈയിലെ ഒബറോയ് ഷെരാട്ടനിലും കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള ഹോട്ടല്‍ ട്രിങ്കേഴ്‌സിലും ഒക്കെ പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങുന്നു. 1979 ല്‍ എലീറ്റ് എയ്‌സസ് ചരിത്രമായ  ശേഷവും ഉഷയുടെ ഓര്‍ക്കസ്ട്രയില്‍ ബാസ് ഗിറ്റാറിസ്റ്റ് ആയി തുടര്‍ന്നു എമില്‍ ദി സൌണ്ട് എന്ന ബാന്‍ഡിന്റെ ഭാഗമായി.   റെക്‌സ് ആകട്ടെ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ നേരത്തെ തന്നെ എലീറ്റ് എയ്‌സസിനോട് വിട പറഞ്ഞിരുന്നു.

റെക്‌സിന്റെ മക്കളാരും സംഗീത ലോകത്തില്ല. മകന്‍ മൈക്കല്‍ അമേരിക്കയിലെ ഓറിഗണില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയായ മകള്‍ ഷാരോണ്‍ വിവാഹിതയായി ഇംഗ്ലണ്ടില്‍ കഴിയുന്നു. കൊച്ചിയില്‍ വരുമ്പോഴെല്ലാം  എമിലിനെ കാണാന്‍ മറക്കാറില്ല റെക്‌സ്. ഒരു പക്ഷാഘാതം ശരീരത്തിനേല്‍പ്പിച്ച ഭാഗികമായ തളര്‍ച്ച ചികിത്സയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും അതിജീവിക്കാന്‍ ശ്രമിക്കുകയാണ് പഴയ ഗിറ്റാര്‍ മാന്ത്രികന്‍.  2009 ല്‍ കൊല്‍ക്കത്തയിലെ ഒരു സംഗീത പരിപാടിക്കിടെയാണ് ഗിറ്റാറില്‍ ഇന്ദ്രജാലം വിരിയിച്ചിരുന്ന  വിരലുകള്‍ സ്വന്തം ചൊല്‍പ്പടിക്ക് നില്‍ക്കുന്നില്ല എന്ന ക്രൂരസത്യം എമില്‍ തിരിച്ചറിഞ്ഞത്. ചികിത്സയുടെയും വിശ്രമത്തിന്റെയും കാലമായിരുന്നു പിന്നെ; നീണ്ട അഞ്ചു വര്‍ഷങ്ങള്‍.  ഇന്ത്യയിലും വിദേശത്തുമുള്ള  നൂറുകണക്കിന്  വേദികളില്‍ ഗിറ്റാറുമായി പതിറ്റാണ്ടുകളോളം നിറഞ്ഞു നിന്ന  ജ്യേഷ്ഠനെ, ആള്‍ക്കൂട്ടങ്ങളില്‍ നിന്നുമകലെ  വിഷാദഭരിതനും ശയ്യാവലംബിയുമായി കാണാന്‍ വയ്യ റെക്‌സിന്. ''എന്നെ കാണുമ്പോള്‍ വികാരാധീനനാകും എമില്‍. ചിലപ്പോള്‍ വിതുമ്പും. പഴയ കഥകള്‍ അയവിറക്കാന്‍ ശ്രമിക്കും.  തലകുനിച്ച്, നിശബ്ദനായി എല്ലാം കേട്ടിരിക്കും ഞാന്‍. എമിലിന്റെ കരയുന്ന മുഖം എനിക്ക് കാണാന്‍ വയ്യ. ''

പിന്നിട്ട കാലത്തേക്ക് അധികം തിരിഞ്ഞു നോക്കാറില്ല റെക്‌സ്; നഷ്ടങ്ങളുടെ കണക്കെടുക്കാറുമില്ല. ''ഭൂതകാലം പകര്‍ന്നുതന്ന നന്മകള്‍ മാത്രമേയുള്ളൂ എന്റെ ഓര്‍മകളില്‍.  ആദ്യമായി വയലിന്‍ തന്ത്രികളില്‍ വിരല്‍  തൊടുവിച്ച അച്ഛമ്മയെ, ഗാനമേളകള്‍ക്ക് കൂടെ കൂട്ടാന്‍ സന്മനസ്സ്  കാണിച്ച  യേശുദാസിനെ, കൗമാരത്തിലെ ഓരോ സംഗീത സാഹസങ്ങളിലും ഒപ്പം നിന്ന എമിലിനെ, പ്രതിസന്ധികളില്‍  താങ്ങും തണലുമായ കുടുംബത്തെ,   സംഗീത ജീവിതം സാര്‍ത്ഥകമാക്കിത്തീര്‍ത്ത  പ്രിയ ശിഷ്യരെ .....ആരെയും മറക്കാനാവില്ല.''  നിമിഷങ്ങളുടെ മൗനത്തിനൊടുവില്‍, മടിയിലെ വയലിന്‍  വാത്സല്യത്തോടെ തഴുകി റെക്‌സ്  കൂട്ടിച്ചേര്‍ക്കുന്നു: ''പിന്നെ എന്നെ ഞാനാക്കിയ  ഈ പ്രിയപ്പെട്ട സ്‌നേഹിതനെയും..''  

(മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'പാട്ടെഴുത്ത്' കോളത്തില്‍ നിന്ന്)

Content Highlights: Emil Issacs Yesudas Rex Malayalam Movie Music