ചെന്നൈ അഡയാർ ഗാന്ധിനഗർ ഒന്നാമത് തെരുവിൽ തലയുയർത്തി നിൽക്കുന്ന 'സ്റ്റുഡിയോ എം.ഹെയർ ഡിസൈൻ ആൻഡ് സ്പാ' എന്ന സ്ഥാപനത്തിലേക്ക്‌ ചെന്നാൽ മിക്കപ്പോഴും സിനിമാ താരങ്ങളെ കാണാം. സംവിധായകരും നിർമാതാക്കളും നടീനടൻമാരും ഇവിടെയെത്തുന്നത് മുടി മിനുക്കാനും തൊലിവെളുപ്പിക്കാനും മാത്രമാണെന്ന്‌ കരുതിയാൽ തെറ്റി. കഥാപാത്രങ്ങൾക്ക് ജീവൻവെപ്പിക്കുന്ന ഇടമെന്നുവേണം ഇതിനെ വിശേഷിപ്പിക്കാൻ. തലശ്ശേരി ചിറ്റാരിപ്പറമ്പ് സ്വദേശി മനോജ്കുമാറിനെച്ചുറ്റിപ്പറ്റി സിനിമാക്കാർ ഇരിക്കുമ്പോൾ അവിടെ നടക്കുന്നത് സജീവമായ ചർച്ചയാണ്. നിർമാതാവും സംവിധായകനും ഛായാഗ്രാഹകനും മനോജിനോട് സിനിമയുടെ കഥാഗതി വിവരിക്കും. നായികാനായകൻമാരുടെ രൂപഭാവങ്ങളെപ്പറ്റി ചർച്ച നടക്കുമ്പോൾ മനോജിന്റെ മനസ്സിൽ ഇവരുടെ പുത്തൻ ഗെറ്റപ്പുകൾ തെളിയും. അതോടെ ഈ ചെറുപ്പക്കാരന്റെ തലമുടി പരീക്ഷണം തുടങ്ങും. തുടർന്നങ്ങോട്ട് നടീനടൻമാരുടെ ഹെയർസ്റ്റൈലും താടിയും മീശയും കൃതാവും അടിമുടി മാറ്റുകയാണ് മനോജ്. ഒട്ടുമിക്ക പ്രമുഖ നടന്മാരുടെ സ്റ്റെലൻ ഹെയർ സ്റ്റൈലിനു പിന്നിൽ മനോജിന്റെ കൈയൊപ്പുണ്ട്.

മനോജിൽ നിന്നും കഥാപാത്രങ്ങൾക്കാവശ്യമായ ഹെയർസ്റ്റൈൽ ഒരുക്കാൻ താത്‌പര്യം പ്രകടിപ്പിക്കുന്ന നടീനടൻമാർ നിരവധിയാണ്. ജയറാമിനുവേണ്ടി സ്റ്റൈലൻ ഹെയർക്കട്ടൊരുക്കി 20 വർഷമായി മനോജ് രംഗത്തുണ്ട്. 'സമ്മർ ഇൻ ബത്‌ലഹേമി'ലൂടെയാണ് തുടക്കം. തുടർന്നങ്ങോട്ടുള്ള സിനിമകളിൽ ജയറാമിനുവേണ്ടി ഹെയർ ഹെയര്‍സ്‌റ്റൈല്‍  ഒരുക്കുന്നത് മനോജാണ്. ജയറാമുമായി അടുത്ത സൗഹൃദബന്ധവും മനോജ് കാത്തുസൂക്ഷിക്കുന്നു.
 
ദിലീപിന്റെ മര്യാദരാമൻ, കാര്യസ്ഥൻ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ സഹകരിച്ചു. പൃഥ്വിരാജിനുവേണ്ടി ചോക്ളേറ്റ്, ക്ളാസ്‌മേറ്റ്‌സ്, എന്നും സ്വന്തം മൊയ്തീൻ തുടങ്ങി നിരവധി സിനിമകൾക്ക് ഹെയർസ്റ്റൈൽ ഒരുക്കി.  കാവ്യാമാധവൻ, നിക്കിഗിൽറാണി, പദ്മപ്രിയ തുടങ്ങിയ നടിമാരും മനോജിന്റെ ഹെയർസ്റ്റൈലിൽ താത്‌പര്യവുമായി എത്തുന്നവരിൽ ചിലരാണ്. ഹെയർസ്റ്റൈലിൽ ആര്യയുമായി സഹകരിക്കുന്നത് 'അറിന്തും അറിയാമലും' എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് നാൻ കടവുൾ, മദ്രാസിപ്പട്ടണം, ബോസ് എങ്കിറ ഭാസ്‌ക്കരൻ, വി.എസ്.ഒ.പി. തുടങ്ങി ഏറ്റവും ഒടുവിൽ കദംബനിൽ വരെ ആര്യയുടെ മുടിയഴകൊരുക്കി മനോജ് കൂടെയുണ്ട്.  ശണ്ടക്കോഴി, ചെല്ലമേ തുടങ്ങി പത്ത്‌ ചിത്രങ്ങൾക്കുവേണ്ടി വിശാലിന് ഹെയർസ്റ്റൈൽ ഒരുക്കി.
 
വേട്ടൈ, ജോഡി ബ്രേയ്ക്കർ എന്നീ ചിത്രങ്ങളിൽ മാധവന്റെ ഗെറ്റപ്പ് മാറ്റിയെടുത്തു. തമിഴ്ഹാസ്യനടനായ സന്താനം നായകവേഷത്തിലെത്തിയപ്പോൾ ഹെയര്‍സ്‌റ്റൈല്‍ ഒരുക്കാൻ സമീപിച്ചത് മനോജിനെയായിരുന്നു. നരേൻ, സിദ്ധാർഥ് തുടങ്ങി ഒട്ടനവധി നടീനടൻമാരും മനോജിന്റെ സഹായം തേടി എത്തിയിട്ടുണ്ട്. 'സെറ്റിൽ ചെന്ന് ഞാൻ ഹെയർസ്റ്റൈൽ ചെയ്യാറില്ല. എന്റെ സ്റ്റുഡിയോവിൽ എത്തിയാണ് ഇവർ മുടിയഴക് ഒരുക്കുന്നത്. നടൻമാർക്ക് ഹെയർസ്റ്റൈൽ തീരുമാനിച്ചു കഴിഞ്ഞാൽ ചമയസഹായികളോട് എങ്ങനെയാണ് മുടി ചീകി ഒതുക്കേണ്ടതെന്ന് നിർദേശം നൽകും. 
   
രണ്ടും മൂന്നും ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരണമെങ്കിൽ ഓരോ ഇടവേളയ്ക്കുശേഷവും നടീനടൻമാർ എത്തി ഹെയർസ്റ്റൈൽ കഥാപാത്രത്തിനനുയോജ്യമായ നിലയിൽ വീണ്ടുമാക്കും.' മനോജ് പറയുന്നു. ആദ്യമൊക്കെ കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്താണ് ഹെയർസ്റ്റൈൽ മോഡൽ പരീക്ഷിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ വിദേശ സിനിമകളിലെ അഭിനേതാക്കളുടെ ഫോട്ടോകളുമായി എത്തി നടൻമാർ അതേപോലെ ചെയ്തുതരാൻ ആവശ്യപ്പെട്ടു തുടങ്ങിയെന്നും മനോജ് പറയുന്നു.

അഭിനയമോഹം തീരുന്നില്ല

മനോജിന്റെ മനസ്സിലെ അഭിനയമോഹം ഇപ്പോഴും പൂത്തുലഞ്ഞുനിൽക്കുകയാണ്. 1997 തലശ്ശേരിയിൽനിന്ന് ചെന്നൈയിലെത്തുമ്പോൾ കൈയിലുണ്ടായിരുന്നത് വെറും 200 രൂപയായിരുന്നു. ഈ തുച്ഛമായ മൂലധനത്തിൽനിന്നുമാണ് മനോജ് വളർച്ചയുടെ ചവിട്ടുപടികൾ ഒന്നൊന്നായി നടന്നുകയറിയത്. സിനിമയിൽ അഭിനയിക്കാനായിരുന്നു ചെന്നൈ യാത്ര. അഞ്ച്‌ തമിഴ് ടെലിവിഷൻ സീരിയലുകളിൽ പ്രധാനവേഷത്തിൽ അഭിനയിച്ചു. തുടർന്ന് 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന സിനിമയിൽ നായകനായി. എന്നാൽ സാമ്പത്തിക പ്രതിസന്ധിമൂലം ചിത്രം പാതിവഴിയിൽ നിന്നു. അങ്ങനെയാണ് ഇഷ്ടവിഷയമായ ഹെയർസ്റ്റൈലിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
    
ചെന്നൈയിലെ സ്കൂൾ ഓഫ് ഹെയർ ആൻഡ് ബ്യൂട്ടി അക്കാദമിയിൽ (പിവോട്ട് പോയന്റ്) പഠിക്കുകയും പരിശീലനം നടത്തുകയും ചെയ്തു. 2006-ൽ സിങ്കപ്പൂരിലെ പോണി ആൻഡ് ഗൈ അക്കാദമിയിൽനിന്നും തുടർന്ന് ഹോങ്കോങിലെയും ബാങ്കോക്കിലെയും അക്കാദമികളിൽനിന്നും ഡിപ്ളോമയെടുത്തു. തിരികെ ചെന്നൈയിലെത്തി സ്വന്തമായി സ്ഥാപനം തുടങ്ങി. അഭിനയവും കൈവിട്ടില്ല.  ഹോർലിക്സ് ഓട്ട്‌സ്, എം.ടി.ആർ.ന്യൂഡിൽസ്, സൺഫീസ്റ്റ് ബിസ്‌ക്കറ്റ്, രൂപിണി കുക്കിങ് ഓയിൽ, ഇമാമി നവരത്‌ന ഓയിൽ തുടങ്ങി 600-ഓളം പരസ്യചിത്രങ്ങൾക്കുവേണ്ടി മോഡലായി. മലയാളത്തിൽ മര്യാദരാമൻ, ഭാഗ്യദേവത എന്നീചിത്രങ്ങളിലും പത്തോളം തമിഴ്‌ചിത്രങ്ങളിലും ചെറിയ വേഷത്തിൽ അഭിനയിച്ചു. ഇപ്പോഴും മനസ്സിൽ കെട്ടടങ്ങാതെ നിൽക്കുന്നതും അഭിനയിക്കണമെന്ന ആഗ്രഹമാണ്.

മലയാളികളെ സ്റ്റൈലിഷാക്കാൻ കേരളത്തിലേക്ക്

മലയാളികളുടെ സ്‌റ്റൈല്‍ അവബോധത്തിൽ കൂടുതൽ മാറ്റങ്ങളുണ്ടാക്കണമെന്ന് മനോജ് ആഗ്രഹിക്കുന്നു. കേരളത്തിലുടനീളം പ്രൊഫഷണൽ പാർലറുകൾ തുടങ്ങാനാണ് നീക്കം.

ഇതിന്റെ ആദ്യപടിയായാണ് തലശ്ശേരിയിൽ സമഗ്രമായ ബ്യൂട്ടിസ്പാ തുടങ്ങുന്നത്. വസ്ത്രധാരണത്തെപ്പോലെ സ്റ്റൈലൻ തലമുടിയും അഴകേറിയ ചർമവും പേഴ്‌സണാലിറ്റിയുടെയും ആത്മവിശ്വാസത്തിന്റെയും മുഖ്യഘടകങ്ങളാണ്.    
    
കേരളത്തിലെ വീട്ടമ്മമാരുടെയും യുവതീയുവാക്കളുടെയും മുടിയഴക് പരമ്പരാഗതരീതി കൈവിടാതെതന്നെ കൂടുതൽ മനോഹരമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. 
 
ബ്യൂട്ടി സ്പാ മേഖലയിൽ കൂടുതൽ പേർക്ക് തൊഴിലവസരം ഒരുക്കാനും സംരംഭത്തിലൂടെ സാധ്യമാകും. ഒട്ടേറെ യുവതീയുവാക്കൾ ഇത് തൊഴിലാക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട്. ഏത്‌ തൊഴിലിനും അതിന്റെതായ പ്രാധാന്യവും മാന്യതയുമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും മനോജ് പറയുന്നു. അങ്കമാലി സ്വദേശി ലതയാണ് മനോജിന്റെ ഭാര്യ. മയുക്ത, തനുഷ എന്നിവർ മക്കളാണ്.