നിശ്ശബ്ദതയാണ് സ്റ്റുഡിയോയിൽ. ദു:ഖം ഘനീഭവിച്ച അന്തരീക്ഷം. തകർന്നടിഞ്ഞ പ്രണയസ്വപ്നങ്ങളെക്കുറിച്ചുള്ള പാട്ടുമായി മൈക്കിനു മുന്നിൽ മുഹമ്മദ് റഫി: ‘ടൂട്ടേ ഹുവേ ഖ്വാബോം നേ ഹംകോ യേ സിഖായാ ഹേ...’ പുറത്ത് കൺസോളിൽ ആ ആലാപനം  കേട്ടിരുന്ന ആരുടെ മുഖത്തുമില്ല രക്തപ്രസാദം. ‘മധുമതി’യുടെ സംവിധായകൻ ബിമൽ റായ്, നായകൻ ദിലീപ് കുമാർ, സംഗീതസംവിധായകൻ സലിൽ ചൗധരി, ഗാനരചയിതാവ് ശൈലേന്ദ്ര, സൗണ്ട് എൻജിനീയർ ബദരീനാഥ് ശർമ... പാട്ടു റെക്കോഡ്ചെയ്തു പുറത്തിറങ്ങിയ റഫി സാഹിബ് ചുറ്റിലുമുള്ള വിളറിയമുഖങ്ങൾ നോക്കി അമ്പരപ്പോടെ ചോദിക്കുന്നു: ‘‘ എന്താണ് ഈ മ്ലാനതയുടെ അർഥം? എന്റെ പാട്ട് ഇഷ്ടപ്പെട്ടില്ലെന്നുണ്ടോ? പേടിക്കേണ്ട. ഒരു ടേക്ക് കൂടി എടുക്കാം നമുക്ക്...’’

വിഷാദമുദ്രിതമായ ആ മൗനം തന്നെയായിരുന്നു തന്റെ ആലാപനത്തികവിനുള്ള ഏറ്റവും വലിയ  അംഗീകാരം എന്ന് അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ റഫി സാഹിബ്. ''ഞങ്ങളെയെല്ലാം അങ്ങ് കരച്ചിലിന്റെ വക്കിലെത്തിച്ചു. ഹൃദയം നുറുങ്ങുന്ന അനുഭവമായിരുന്നു അത്.'' ശൈലേന്ദ്ര പറഞ്ഞു. മറുപടിയായി പതിവുപോലെ നിഷ്കളങ്കമായി പുഞ്ചിരിക്കുകമാത്രംചെയ്തു റഫി. എന്നിട്ട് വിനയത്തോടെ മന്ത്രിച്ചു: ''ആ വരികളിലും സംഗീതത്തിലും തങ്ങിനിന്ന  വിഷാദം എന്നെ വല്ലാതെ സ്പർശിച്ചു. അതുകൊണ്ടാവാം പാട്ട് നന്നായത്.’’ സംഗീതപ്രേമികളുടെ എത്രയോ തലമുറകൾ ഏറ്റുപാടാൻപോകുന്ന പാട്ടാണ് നിമിഷങ്ങൾ മാത്രം മുമ്പ്‌ പിറന്നുവീണതെന്ന് അന്ന് ബോംബെ സിനി ലാബിൽ കൂടിയിരുന്നവർ സങ്കല്പിച്ചിരിക്കുമോ?   കഥ അവിടെ തീർന്നില്ല. അതേദിവസം ‘മധുമതി’യിലെ മറ്റൊരു പാട്ടുകൂടി റെക്കോഡ് ചെയ്യാനുണ്ട് റഫി സാഹിബിന്: ‘ജംഗൽ മേ മോർ നാച്ചാ കിസി നേ നാ ദേഖാ’  ജോണി വാക്കർ പാടി അഭിനയിക്കേണ്ട ഒരു പരിപൂർണ ഹാസ്യ ഗാനം. തീവ്ര വിഷാദഭാവം നിറഞ്ഞുതുളുമ്പിയ 'ടൂട്ടേ ഹുവേ ഖ്വാബോം നേ’യുടെ ശീലുകൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമ്പോൾ, മദ്യലഹരിയിലുള്ള ഒരു തമാശപ്പാട്ടിനെവിടെ പ്രസക്തി? ''റഫി സാഹിബ്. ഇന്നിനി റെക്കോഡിങ്‌ വേണ്ട. ഈ മൂഡിൽനിന്ന് ഇത്ര പെട്ടെന്ന് തമാശയിലേക്കു മാറാൻ അങ്ങയോട് ആവശ്യപ്പെടുന്നത് അന്യായമാണെന്ന് എനിക്കറിയാം. അത് ശരിയാവില്ല...'' റെക്കോഡിസ്റ്റ് ശർമ പറഞ്ഞു. പക്ഷേ, റഫി അടുത്തപാട്ടിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞിരുന്നു. ‘മധുമതി’യിലെ വിഷാദ നായകനായ ദിലീപ് കുമാറിന്റെ  കുപ്പായം അഴിച്ചുവെച്ച്, ചിരിയുടെ തമ്പുരാനായ ജോണി വാക്കറായി റഫി സാഹിബ് മൈക്കിനു മുന്നിൽ പരകായപ്രവേശംനടത്തുന്നത് അമ്പരപ്പോടെ കണ്ടുനിന്നു ബിമൽ റായിയും കൂട്ടരും. ‘‘ഇതെന്റെ തൊഴിലിന്റെ ഭാഗമാണ്.’’ റഫി പിന്നീട് പറഞ്ഞു: ‘‘ഏതു മൂഡിലുള്ള പാട്ടും പാടാൻ തയ്യാറായിരിക്കണം ഒരു ഗായകൻ. നമുക്കുവേണ്ടി മാത്രമല്ലല്ലോ നാം പാടുന്നത്; ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായി നിന്നുകൊണ്ടല്ലേ?’’ റഫിയിലെ നൂറു ശതമാനം പ്രൊഫഷണൽ ആയ പാട്ടുകാരനെയാണ് അന്ന് താൻ കണ്ടതെന്ന് റെക്കോഡിസ്റ്റ് ശർമ. പഞ്ചിങ്ങും കട്ടിങ്ങും പേസ്റ്റിങ്ങുമൊന്നും സ്വപ്നത്തിൽപോലും ഇല്ലാതിരുന്ന അക്കാലത്ത്    വിഷാദഗായകനിൽനിന്ന് ഹാസ്യഗായകനിലേക്കുള്ള റഫിയുടെ  ഭാവപ്പകർച്ച എത്ര അനായാസവും ഐന്ദ്രജാലികവുമായിരുന്നു എന്ന് ആ രണ്ടു പാട്ടുകൾ കേൾക്കുമ്പോൾ ഇന്ന്  അദ്‌ഭുതത്തോടെ തിരിച്ചറിയുന്നു നാം. ആദ്യത്തെ പാട്ടിൽ നിശ്ശബ്ദ ഗദ്ഗദങ്ങളുമായി നിറഞ്ഞുനിന്നത് റഫിയിലെ നിരാശാകാമുകൻ; രണ്ടാമത്തേതിൽ കുട്ടിത്തം കൈവിടാത്ത കുസൃതിക്കാരനും.

1958-ലാണ് ‘മധുമതി’ പുറത്തുവന്നത്. ഇന്നത്തെ ജനപ്രിയ സംവിധായകൻ കരൺ ജോഹർ ജനിച്ചിട്ടുപോലുമില്ല അന്ന്.  കരണിന്റെ പിതാവ് യഷ് ജോഹർ സിനിമയിൽ പ്രൊഡക്ഷൻ അസിസ്റ്റന്റും സഹസംവിധായകനുമായി പച്ചപിടിച്ചുവരുന്ന കാലം. മുജേ ജീനേ ദോ, യേ രാസ്‌തേ ഹേ പ്യാർ കേ, ഗൈഡ്, ജ്യൂവൽ തീഫ് തുടങ്ങി യഷ് സഹകരിച്ച ചിത്രങ്ങളിലെല്ലാം ഉണ്ടായിരുന്നു മുഹമ്മദ് റഫിയുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ. സിനിമാജീവിതത്തിൽ യഷിന്റെ ആദ്യകാല സുഹൃത്തുക്കളിൽ ഒരാളായിരുന്നു റഫി. വർഷങ്ങൾക്കുശേഷം 1980-ൽ  ‘ദോസ്താന’യിലൂടെ സ്വതന്ത്ര സംവിധായനായി അരങ്ങേറുമ്പോൾ,  ചിത്രത്തിലെ  രണ്ടു പ്രധാനഗാനങ്ങളിലും റഫിയുടെ ശബ്ദസാന്നിധ്യമുണ്ടാവണം എന്ന് യഷ് ജോഹർ തീരുമാനിച്ചതും ആ സ്നേഹബന്ധത്തിന്റെ പേരിലാകാം.  കിഷോർ കുമാറിനൊപ്പം ‘ദോസ്താന’യിൽ  റഫി പാടിയ ‘സലാമത്ത് രഹേ ദോസ്താന’എന്ന ഗാനം സൗഹൃദത്തിന്റെ ഉദാത്തമായ മുദ്രാഗീതമായി വാഴ്ത്തപ്പെടുന്നു ഇന്ന്. അതേ യഷ് ജോഹറിന്റെ മകൻ കരൺ ജോഹറിന്റെ ‘ഏ ദിൽ ഹേ മുശ്കിൽ’ എന്ന പുതിയചിത്രത്തിലാണ് റഫി എന്ന ഗായകൻ ഇതിനു മുമ്പൊന്നുമില്ലാത്തവിധം അപഹസിക്കപ്പെട്ടത് എന്നതാണ് ക്രൂരമായ വിരോധാഭാസം. അനുഷ്കാ ശർമയും രൺബീർ കപൂറും മുഖ്യറോളുകളിൽ അഭിനയിച്ച സിനിമയിലെ ഒരു രംഗത്ത് നായിക നായകനോട് തമാശയായി പറയുന്നു: ‘റഫി ഗാത്തേ കം, രോത്തേ സ്യാദാ ഥേ’ (റഫി കുറച്ചേ പാടാറുള്ളു, ഏറെയും കരച്ചിലാണ്). റഫിയെ ഹൃദയത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ലക്ഷക്കണക്കിന് ആരാധകരുടെ ഇടനെഞ്ചിലാണ് ആ വാക്കുകൾ ചെന്നു തറച്ചത്;  മകൻ ഷാഹിദ് റഫിയും പ്രശസ്ത ഗായകൻ സോനു നിഗമും സംഗീത സംവിധായകൻ ബപ്പി ലാഹിരിയും തൊട്ട് കോഴിക്കോട്ടെ റേഡിയോ കോയ വരെയുള്ളവരുടെ. ''സ്വന്തം അച്ഛനെ ചീത്ത വിളിച്ചാൽ വെറുതെ കൈയും കെട്ടി നിൽക്കുമോ ആരെങ്കിലും? അത്തരക്കാർക്കേ ഇതിനെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയൂ.'' റഫിയുടെ കടുത്ത ആരാധകരിൽ ഒരാളായ സോനുവിന്റെ വാക്കുകൾ. ''സിനിമയുടെ കഥാഗതിയെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന സംഭാഷണമല്ല അത്. ആ വാചകം ഒഴിവാക്കിയാൽപ്പോലും കഥയ്ക്ക് ഒരുചുക്കും സംഭവിക്കില്ലായിരുന്നു...'' 

കരൺ ജോഹറിന്റെ സിനിമയുടെ ശീർഷകംപോലും ആറുപതിറ്റാണ്ടു പഴക്കമുള്ള റഫിയുടെ ഒരു സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പല്ലവിയിൽനിന്ന് കടമെടുത്തതാണെന്ന് ഓർക്കുക: സി.ഐ. ഡി. (1956) യിലെ ‘ഏ ദിൽ ഹേ മുശ്കിൽ  ജീനാ യഹാം, സരാ ഹട്‌കേ സരാ ബച് കേ യഹ് ഹൈ ബംബയ്  മേരി ജാൻ.’ സിനിമയിൽ ജോണി വാക്കർ പാടി അഭിനയിച്ച ആ ഗാനത്തെ അനശ്വരമാക്കിയത് മജ്‌രൂഹ്   സുൽത്താൻപുരിയുടെ കുറിക്കുകൊള്ളുന്ന വരികളും ഒ.പി. നയ്യാറിന്റെ മനംമയക്കുന്ന സംഗീതവും മാത്രമല്ല കഥാപാത്രത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള റഫിയുടെ  ആലാപനംകൂടിയാണ്. കഥാ സന്ദർഭവും കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളും പാട്ടിനൊത്ത് ചുണ്ടനക്കുന്ന  നടന്റെ വ്യക്തിത്വവും ഇത്ര അനായാസം ആലാപനത്തിൽ ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടുള്ള മറ്റേതു  ഗായകനുണ്ട് ഇന്ത്യൻ സിനിമയിൽ? ''ഞാൻ കണ്ട ഏറ്റവും മികച്ച ഗായകൻ മാത്രമല്ല, ഏറ്റവും സർഗധനനായ നടൻ കൂടിയാണ് മുഹമ്മദ് റഫി'' എന്ന് ഗാനരചയിതാവ് മജ്‌രൂഹ്   സുൽത്താൻപുരി പറഞ്ഞത് വെറുതെയല്ല. ആഹ്ലാദം, വിഷാദം, വിരഹം, പ്രണയം, വാത്സല്യം, പ്രതീക്ഷ, കാരുണ്യം, ഭക്തി, ദർശനം, ക്രോധം, ഹാസ്യം തുടങ്ങി പാട്ടുകളിൽ റഫി ആവിഷ്കരിക്കാത്ത ഭാവങ്ങൾ അപൂർവം. 

വിമർശനംതെറ്റല്ല. അധിക്ഷേപമായി അത് താരംതാഴുമ്പോഴാണ് പ്രശ്നം. കരൺ ജോഹർ പരിഹാസപൂർവം വിശേഷിപ്പിച്ചപോലെ വെറുമൊരു പാട്ടുകാരൻ മാത്രമായിരുന്നില്ല റഫി. ഒരു കാലഘട്ടത്തിന്റെ ഹൃദയത്തുടിപ്പായിരുന്നു.  മതദേശഭാഷാതിർത്തികൾക്ക് അതീതമായി  ഒരു ജനതയെ സ്നേഹത്തിന്റെ പൊൻനൂലിനാൽ ബന്ധിപ്പിച്ചുനിർത്തിയ ഗന്ധർവ നാദത്തിന്റെ ഉടമ. സ്വന്തം ഗാനങ്ങളിലൂടെ  തലമുറകളെ ആനന്ദിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും തഴുകിയുറക്കുകയും ചെയ്ത ഒരു മഹാകലാകാരനെ വെറുമൊരു തേങ്ങിക്കരച്ചിലുകാരനായി തരം താഴ്ത്തുമ്പോൾ അത് ചരിത്രത്തോടുള്ള അവഹേളനമാകുന്നു; സംസ്കാരത്തോടും. ദൂരെയെങ്ങോ റഫിയുടെ ആത്മാവ് വേദനയോടെ ‘ഭാഭി’യിലെ ഈ ഗാനം മൂളുന്നുണ്ടാകുമോ? ‘ചൽ ഉഡ് ജാ രേ പഞ്ചി, കേ അബ് യേ ദേശ് ഹുവാ ബേഗാനാ, കദം ഹുവേ ദിൻ ഉസ് ഡാലി കേ, ജിസ് പർ തേരാ ബസേരാ ഥാ...’ (പറന്നകന്നുകൊള്ളൂ പക്ഷീ, നിന്റെ ദേശം അന്യരുടെതായിക്കഴിഞ്ഞു, മരച്ചില്ലയിലെ നിന്റെ ആവാസകാലം അവസാനിച്ചിരിക്കുന്നു, ഇനി പറന്നുപോകൂ...)