സ്റ്റോറന്റിന്റെ തിരക്കൊഴിഞ്ഞ മൂലയിലിരുന്ന് നാലു പതിറ്റാണ്ട് കാലത്തെ സിനിമാജീവിതത്തിന്റെ കയ്പും മധുരവും ഇടകലര്‍ന്ന ഓര്‍മകള്‍ പങ്കുവെക്കുന്നതിനിടെ, ഒരു നിമിഷം മൗനിയാകുന്നു കബീര്‍ റാവുത്തര്‍. മുഖം കൈകളിലൂന്നി മുന്നോട്ടു ചാഞ്ഞിരുന്ന് എന്റെ കണ്ണുകളില്‍ ഉറ്റു നോക്കി അദ്ദേഹം പതുക്കെ ചോദിക്കുന്നു: ''നിര്‍ഭാഗ്യവാനായ ഈ സംവിധായകനെ തേടി വരാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് ആരാണ്?''

സ്വപ്നങ്ങളിലെ സിനിമയ്ക്ക് വേണ്ടി കൗമാരവും യൗവനവും നിരുപാധികം സമര്‍പ്പിച്ച്, ഒടുവില്‍ വാണിജ്യ സിനിമയുടെ പുറമ്പോക്കില്‍ ചെന്നൊടുങ്ങാന്‍ വിധിക്കപ്പെട്ട ഒരു കലാകാരന്റെ നൊമ്പരപ്പെടുത്തുന്ന ചോദ്യം. മറുപടി പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എനിക്ക്: ''മുഹമ്മദ് റഫി. റഫി സാഹിബിന്റെ പ്രണയാര്‍ദ്രമായ ഒരു ഗസല്‍ ആണ് താങ്കളുടെ മുന്നില്‍ എന്നെ കൊണ്ടുവന്നെത്തിച്ചത്...''

നിദാ ഫാസ്​ലി എഴുതി മാനസ് മുഖര്‍ജി ഈണമിട്ട ആ ഗാനം 'ലുബ് ന' എന്ന സിനിമയിലേതായിരുന്നു. പ്രിയദര്‍ശനും മണിരത്‌നവുമൊക്കെ വിന്ധ്യനപ്പുറത്തു ചെന്ന് ബോളിവൂഡില്‍ കൊടി നാട്ടുന്നതിനു വര്‍ഷങ്ങള്‍ മുന്‍പ്, കിളിമാനൂര്‍ക്കാരനായ കബീര്‍ റാവുത്തര്‍ എന്ന മലയാളി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഹിന്ദി ചിത്രം. ''മേരി നിഗാഹ് നേ യെ കൈസാ ഖ്വാബ് ദേഖാ ഹേ, സമീന്‍ പേ ചല്‍താ ഹുവാ മെഹ്താബ് ദേഖാ ഹേ....'' ഫാസ് ലിയുടെ കാവ്യഭംഗി തുളുമ്പുന്ന വരികള്‍. നിശാസുന്ദരിയെപ്പോലെ ഒഴുകിപ്പോകുന്ന പൗര്‍ണമിച്ചന്ദ്രനു പിന്നാലെ അടങ്ങാത്ത പ്രണയദാഹവുമായി അലഞ്ഞ വികാരജീവിയായ ആ കാമുകന്‍ സത്യത്തില്‍ കബീര്‍ റാവുത്തര്‍ തന്നെയായിരുന്നില്ലേ? ''സിനിമ എന്റെ നിത്യകാമുകിയാണ്. തിരിച്ചടികള്‍ക്കും പരാജയങ്ങള്‍ക്കും ഒന്നും തകര്‍ക്കാന്‍ കഴിയാത്തതാണ് ആ പ്രണയബന്ധം. സിനിമയില്ലാതെ എനിക്കൊരു ജീവിതമില്ല..'' റാവുത്തര്‍ പറയുന്നു.

പ്രത്യേകതകള്‍ പലതുണ്ട് ലുബ്‌നയ്ക്ക്. ഡല്‍ഹിക്കാരനായ നിദാ ഫാസ്​ലി സിനിമയ്ക്ക് ആദ്യം പാട്ടെഴുതിയ പടം. സ്വതന്ത്ര സംഗീത സംവിധായകന്‍ എന്ന നിലയില്‍ മാനസ് മുഖര്‍ജിയുടെ ആദ്യ സിനിമകളില്‍ ഒന്ന്... കച്ചവടസിനിമയുടെ കെണികളില്‍ ചെന്ന് ബോധപൂര്‍വം ഒഴിഞ്ഞുമാറി കാവ്യരചനയില്‍ തന്റേതായ വഴി കണ്ടെത്തിയ ഫാസ്ലി പില്‍ക്കാലത്ത് സിനിമയിലും അല്ലാതെയുമായി മറക്കാനാവാത്ത എത്രയോ ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ചു. !ആഭിജാ (സുര്‍), ഹോഷ് വാലോം കോ ക്യാ ഖബര്‍ (സര്‍ഫ്രോഷ്), തു ഇസ് തരഹ് മേരി യെ സിന്ദഗി മേ ശാമീല്‍ ഹേ (ആപ് തോ ഐസേ ന ഥെ) തുടങ്ങിയ ജനപ്രിയ സിനിമാഗാനങ്ങള്‍; ജഗ്ജിത് സിംഗിന്റെ 'ഇന്‍സൈറ്റ്' പോലുള്ള വിശ്രുത ആല്‍ബങ്ങള്‍, സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ എണ്ണമറ്റ പുരസ്‌കാരങ്ങള്‍...

ATHISAYARAGAMഅത്രത്തോളം ഭാഗ്യവാനായിരുന്നില്ല മാനസ് മുഖര്‍ജി. സലില്‍ ചൗധരിയുടെ വിശ്വസ്തസഹായി എന്ന ലേബലില്‍ നിന്ന് സ്വതന്ത്ര സംഗീത സംവിധായകനിലെക്കുള്ള വളര്‍ച്ച പൂര്‍ത്തിയായി ഏറെക്കഴിയും മുന്‍പ് മാനസ് ലോകത്തോട് വിടവാങ്ങി  പാട്ടുകാരിയായ ഭാര്യ സൊനാലിയെയും പറക്കമുറ്റാത്ത രണ്ടു മക്കളെയും അനാഥരാക്കിക്കൊണ്ട്. പക്ഷേ കാലം അദേഹത്തോട് കനിവ് കാട്ടി. പ്രതിഭാധനരായ മക്കളിലൂടെ അനശ്വരനാകാനായിരുന്നു മാനസ് മുഖര്‍ജിയ്ക്ക് യോഗം; മുഖര്‍ജിയുടെ രണ്ടു മക്കളും ജനപ്രിയസംഗീത ലോകത്ത് പ്രശസ്തര്‍ പ്രത്യേകിച്ച് ഇളയ മകന്‍ ശന്തനു മുഖര്‍ജി. ശന്തനുവിനെ ഷാന്‍ എന്ന് പറഞ്ഞാലേ സംഗീതാസ്വാദകര്‍ അറിയൂ. ഇന്ത്യന്‍ സിനിമയിലെ തിരക്കേറിയ ഗായകരില്‍ ഒരാള്‍. സഹോദരി സാഗരിക അറിയപ്പെടുന്ന ഇന്‍ഡി പോപ് ഗായിക. പാട്ടുകാരനാകാന്‍ മോഹിച്ചു ഒടുവില്‍ രണ്ടാംകിട ചിത്രങ്ങളുടെ സംഗീത സംവിധായകനായി സ്വയം ഒതുങ്ങേണ്ടി വന്ന പിതാവിന്റെ സ്വപ്‌നങ്ങള്‍ മക്കളിലൂടെ പൂവണിയുന്നത് നാം കാണുന്നു. വിധിയുടെ പ്രായശ്ചിത്തമാകാം.
    
തീര്‍ന്നില്ല. യുവനായകന്‍ കന്‍വല്‍ജീത് സിംഗിനും പ്രശസ്തിയിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു ലുബ്‌ന. ബോളിവൂഡില്‍ ഏറെ കാലം തുടര്‍ന്നില്ലെങ്കിലും കന്‍വല്‍ജീത് ടെലിവിഷനിലൂടെ ഗൃഹസദസ്സുകളുടെ പ്രിയതാരമായി. ബുനിയാദിലൂടെ ആയിരുന്നു തുടക്കം. അത് കഴിഞ്ഞു സാസ്, ഫാമിലി നമ്പര്‍ വണ്‍, ദര്‍ദ് തുടങ്ങിയ ഹിറ്റ് സീരിയലുകള്‍. ലണ്ടനില്‍ ജനിച്ചു വളര്‍ന്ന പാക് വംശജയായ സഹീറ ആയിരുന്നു ലുബ്‌നയിലെ നായിക. 

ബോളിവുഡിന്റെ മുഖ്യധാരയിലേക്ക് താന്‍ കൈപിടിച്ചുയര്‍ത്തിയ 'അജ്ഞാത' കലാകാരന്മാര്‍ പ്രശസ്തിയുടെ പടവുകള്‍ കയറുമ്പോള്‍, സിനിമാജീവിതത്തിലെ പ്രതിസന്ധികളുമായി നിരന്തരസമരത്തിലായിരുന്നു കബീര്‍. ''ബോളിവുഡില്‍ നിലനില്‍ക്കാന്‍ എനിക്ക് സഹിക്കേണ്ടി വന്ന യാതനകള്‍ ഓര്‍ക്കുമ്പോള്‍ പ്രിയദര്‍ശനെ കുറിച്ച്  അഭിമാനം തോന്നാറുണ്ട്. തെക്ക് നിന്ന് വരുന്നവരെ എന്നും സംശയത്തോടെയും പുച്ഛത്തോടെയും വീക്ഷിച്ച ചരിത്രമേയുള്ളൂ ഹിന്ദി സിനിമാലോകത്തിന്. ആ പതിവ് തിരുത്തിക്കുറിച്ചത് പ്രിയനും മണിരത്‌നവും എ ആര്‍ റഹ്മാനും ഒക്കെയാണ്. എന്റെ കാലത്ത് അതൊന്നും ചിന്തിക്കാന്‍ പോലും ആവില്ലായിരുന്നു.''

ഹിന്ദി സിനിമാലോകത്തെ ചതിക്കുഴികളെ കുറിച്ച് വിലപ്പെട്ട പാഠങ്ങള്‍ പകര്‍ന്നുതന്ന സിനിമയായിരുന്നു ലുബ്‌ന എന്ന് റാവുത്തര്‍ പറയും. മലയാളികളായ മുഹമ്മദ് ബാപ്പുവും സി പി ബീരാന്‍കോയയും ചേര്‍ന്ന് നിര്‍മിച്ച ആ പടം ചിത്രീകരണം പൂര്‍ത്തിയാക്കിയത് എഴുപതുകളുടെ അവസാനം. വെളിച്ചം കണ്ടത് 1983 ലും. ''പുതിയ സംവിധായകന്‍, പുതിയ നിര്‍മാതാക്കള്‍, താരതമ്യേന തുടക്കക്കാരായ അഭിനേതാക്കള്‍. സ്വാഭാവികമായും പടം വിതരണം ചെയ്യാന്‍ ആരെയും കിട്ടാത്ത അവസ്ഥ വന്നു. ഒരു വര്‍ഷത്തിലേറെക്കാലം നീണ്ട ദുസ്സഹമായ കാത്തിരിപ്പ്. അതിനിടെ ഞങ്ങള്‍ക്ക് ഒരു അബദ്ധം പറ്റി. പൂര്‍ത്തിയായ പടം നാലഞ്ച് സുഹൃത്തുക്കളെ കാണിച്ചു. ബി.ആര്‍ ചോപ്രയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു അവര്‍. പ്രത്യേക സ്‌ക്രീനിങ് കണ്ട ശേഷം സന്തുഷ്ടരായി ഞങ്ങള്‍ക്ക് കൈ തന്നാണ് അവര്‍ തിരിച്ചു പോയത്.''-കബീര്‍ റാവുത്തര്‍ ഓര്‍ക്കുന്നു. 

lubnaകാണിച്ചത് ശുദ്ധമണ്ടത്തരമാണെന്ന് അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ റാവുത്തരും കൂട്ടരും. ഒരാഴ്ച കഴിഞ്ഞു ബി ആര്‍ ചോപ്ര അദേഹത്തിന്റെ പുതിയ പടം അനൗണ്‍സ് ചെയ്യുന്നു നിക്കാഹ്. ''ലുബ് നയുടെ അതേ കഥ തന്നെ ആണ് നിക്കാഹിന്റെയും എന്ന കാര്യം ആദ്യം എന്റെ ശ്രദ്ധയില്‍ പെടുത്തിയത് നടി സഹീറയാണ്.,'' റാവുത്തര്‍ ഓര്‍ക്കുന്നു. ''നിക്കാഹ് തിയറ്ററില്‍ ചെന്ന് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ലുബ്‌നയുടെ പ്രമേയം വള്ളിപുള്ളി വിടാതെ പകര്‍ത്തി വച്ചിരിക്കുന്നു. ബി.ആര്‍ ചോപ്രയുടെ സുഹൃത്തുക്കളെ വിളിച്ചു പ്രിവ്യു കാണിച്ചപ്പോള്‍ ഞങ്ങള്‍ ഓര്‍ത്തിരുന്നില്ല, കഥ അടിച്ചുമാറ്റപ്പെടുമെന്ന്. ഇനി എന്ത് ചെയ്യും? ഒരു കാര്യം ഉറപ്പായിരുന്നു. ബി.ആര്‍ ചോപ്രയെ പോലെ ഒരു അതികായന്‍ താരതമ്യേന തുടക്കക്കാരനായ എന്റെ കഥ മോഷ്ടിച്ചു എന്ന് പറഞ്ഞാല്‍ ബോളിവുഡില്‍ ആരും വിശ്വസിക്കാന്‍ പോകുന്നില്ല..''

എന്നിട്ടും മുംബൈയിലെ പ്രമുഖ പത്രപ്രവര്‍ത്തകരില്‍ ചിലര്‍ ലുബ്‌നയുടെ ശില്‍പികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി എന്നതാണ് അത്ഭുതം. ''ബ്ലിറ്റ്‌സ് വാരികയുടെ ഹിന്ദി പതിപ്പില്‍ അതിന്റെ ചീഫ് എഡിറ്റര്‍ നോട്യാല്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു ലേഖനപരമ്പര തന്നെ എഴുതി. ലുബ്‌നയുടെ മോഷണമാണ് നിക്കാഹ് എന്ന് കാര്യകാരണസഹിതം വിശദീകരിച്ചു കൊണ്ടായിരുന്നു എഴുത്ത്. പക്ഷെ ചോപ്രയോ അദ്ദേഹത്തിന്റെ പങ്കാളികളോ ഒരക്ഷരം മിണ്ടിയില്ല. കുറെ കഴിഞ്ഞപ്പോള്‍ നോട്യാലിനു മടുത്തു. എന്നെ വിളിച്ചു അദ്ദേഹം പറഞ്ഞു: ''ചോപ്ര ബുദ്ധിമാനാണ്. മുന്‍പ് പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുള്ള അയാള്‍ക്കറിയാം പ്രതികരിക്കുന്നത് കാര്യങ്ങള്‍ വഷളാക്കുകയെ ഉള്ളു എന്ന്.....''

നിക്കാഹ് സൂപ്പര്‍ഹിറ്റായി. ഗോള്‍ഡന്‍ ജൂബിലിയും പ്ലാറ്റിനം ജൂബിലിയും കടന്നു നിക്കാഹ് മുന്നേറുമ്പോഴും, ലുബ്‌ന എങ്ങനെ തിയറ്ററില്‍ എത്തിക്കുമെന്നറിയാതെ ഭ്രാന്തു പിടിച്ച അവസ്ഥയിലായിരുന്നു റാവുത്തര്‍!. ഗത്യന്തരമില്ലാതെ നിര്‍മാതാവ് മുഹമ്മദ് ബാപ്പു തന്നെ പടം വിതരണം ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലുബ്‌ന തിയറ്ററില്‍ എത്തുന്നത് അങ്ങനെയാണ്. ആദ്യ ഷോ കണ്ട അനുഭവം ഈ ജന്മം മറക്കില്ല, റാവുത്തര്‍. പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ പിന്‍നിരയില്‍ നിന്ന് ഒരു കമന്റ്. ''യേ തോ നിക്കാഹ് കാ കോപ്പി ഹേ..'' ഏതു സംവിധായകനും കരച്ചില്‍ വന്നു പോകുമായിരുന്ന സന്ദര്‍ഭം.

റഫിയുടെ പുഞ്ചിരി

കുറച്ചു ആഴ്ചകളേ തിയറ്ററുകളില്‍ ഓടിയുള്ളൂവെങ്കിലും നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ലുബ്‌ന എന്ന് റാവുത്തര്‍ ഓര്‍ക്കുന്നു. ''ആ പടവുമായി ബന്ധപ്പെട്ട ഏറ്റവും തിളക്കമാര്‍ന്ന ഓര്‍മ മുഹമ്മദ് റഫിയുടെ മുഖമാണ്. എല്ലാ വേദനകളും നിരാശകളും സൗമ്യമായ ആ പുഞ്ചിരിയില്‍ അലിഞ്ഞ് അപ്രത്യക്ഷമാകുന്ന ഇന്ദ്രജാലം കണ്ടു വിസ്മയിച്ചിട്ടുണ്ട് കബീര്‍ റാവുത്തര്‍. ''മമ്മുക്ക എന്ന് ഞാന്‍ വിളിക്കുന്ന നിര്‍മാതാവ് മുഹമ്മദ് ബാപ്പുവിന്റെയും എന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു റഫി സാഹിബ് ഞങ്ങളുടെ പടത്തില്‍ പാടണം എന്നത്. ഇന്ന് ആ സിനിമയുടെ സ്മരണകളില്‍ നിന്ന് എന്റെ മനസ്സില്‍ അവശേഷിക്കുന്നതും റഫിയുടെ ശബ്ദസൗകുമാര്യം തന്നെ.'' സിനിമയ്ക്ക് വേണ്ടി റഫി റെക്കോര്‍ഡ് ചെയ്ത അവസാന ഗാനങ്ങളില്‍ ഒന്നായിരുന്നു അത്. ലുബ്‌ന റിലീസ് ആകുന്നതിനു മൂന്നു വര്‍ഷം മുന്‍പ് റഫി മരണത്തിനു കീഴടങ്ങി  1980 ജൂലായ് 31ന്.
 
MANVILAKKUKAL POOTHAKALAM

ഫെയ്മസ് സ്റ്റുഡിയോവില്‍ റെക്കോര്‍ഡിങ്ങിനെത്തിയ റഫി സാഹിബിന്റെ രൂപം മറക്കാനാവില്ല. ''അതിനു മുന്‍പ് തന്നെ മാനസ് മുഖര്‍ജി എന്നെ മേരി നിഗാഹ് നേ എന്ന പാട്ട് പാടി കേള്‍പ്പിച്ചിരുന്നു. പക്ഷെ റഫി സാഹിബ് പാടിക്കേട്ടപ്പോള്‍ എന്തോ എവിടെയോ ഒരു പോരായ്മ. മാനസിന്റെ ആലാപനത്തില്‍ കേട്ട ചില സംഗതികള്‍ റഫി സാഹിബിന്റെ പാട്ടില്‍ ഇല്ലാതെ പോയോ എന്ന് സംശയം. മാനസിനെ വിളിച്ചു ഉടന്‍ ഞാന്‍ കാര്യം പറഞ്ഞു. സംഭവം സത്യമാണ്. പക്ഷെ റഫിയോടു ഒരിക്കല്‍ കൂടി പാടാന്‍ പറയാന്‍ മാനസിന് ധൈര്യമില്ല. സംഗീതസംവിധായകന്റെ സ്വാതന്ത്ര്യമാണ് അതെന്നു ഞാന്‍. ഞങ്ങള്‍ തമ്മില്‍ കണ്‍സോളില്‍ വച്ചുള്ള സംവാദം റെക്കോര്‍ഡിംഗ് മുറിയുടെ ചില്ല് ജനാലയിലൂടെ ശ്രദ്ധിച്ച റഫി സാഹിബ് കാര്യം എന്തെന്ന് വിളിച്ചു ചോദിച്ചു. അപ്പോഴും മാനസിന് തുറന്നു പറയാന്‍ മടി. ഒടുവില്‍ ഞാന്‍ തന്നെ വിഷയം അവതരിപ്പിച്ചപ്പോള്‍, ഒരു പൊട്ടിച്ചിരിയായിരുന്നു റഫിയുടെ മറുപടി. ''ഓ ഇതാണോ കാര്യം? എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല?'' റഫിയുടെ ചോദ്യം. മാനസിനെ കൊണ്ട് വീണ്ടും പാട്ട് പാടിച്ചു കേള്‍ക്കുക മാത്രമല്ല, അതിമനോഹരമായി അത് രണ്ടാമതും പാടി റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു, അദ്ദേഹം. അതായിരുന്നു റഫി. ആ ഹൃദയനൈര്‍മല്യം ഹിന്ദി സിനിമാ ലോകത്ത് മറ്റാരിലും കണ്ടിട്ടില്ല..''

വേറെയുമുണ്ടായിരുന്നു ലുബ്‌നയില്‍ ശ്രദ്ധേയ ഗാനങ്ങള്‍. ശാദി മുബാറക് ഹോ എന്ന ഗാനം ലതാജിയും മുബാറക് ബാദ് ബിസ്മില്ലാ എന്ന ഗാനം ആശ ഭോസ്ലെയും പാടി. ഹിന്ദി സിനിമയില്‍ ചുവടുറപ്പിച്ചു തുടങ്ങുകയായിരുന്ന യേശുദാസിനും സ്വന്തം പടത്തില്‍ അവസരം നല്‍കാന്‍ റാവുത്തര്‍ മറന്നില്ല. യൂ ഭീ ഹോതാ ഹേ എന്ന പാട്ടാണ് ദാസ് പാടിയത്. ഗാന രചയിതാക്കളായി നിദാ ഫാസ്​ലിക്ക് പുറമേ റാവുത്തരുടെ സുഹൃത്ത് ഐഷ് കന്‍വാലും ഉണ്ടായിരുന്നു.


അലച്ചിലിന്റെ നാളുകള്‍
  
നിദാ ഫാസ്​ലിക്ക് പാട്ടെഴുതാന്‍ അവസരം നല്‍കിയതിനു പിന്നില്‍ മധുരമായ ഒരു 'പ്രതികാര'കഥ കൂടിയുണ്ട്. സിനിമാ നഗരത്തിലെ അലച്ചിലിന്റെ നാളുകളില്‍ റാവുത്തര്‍ക്ക് അഭയം നല്‍കിയ സുഹൃത്താണ് ഫാസ്​ലി. കയ്യില്‍ നയാപൈസ പോലുമില്ലാതെ മുംബൈയിലെ തെരുവുകളിലൂടെ അലഞ്ഞ കാലം. റെയില്‍വേ പ്ലാട്‌ഫോമിലായിരുന്നു അന്ന് പതിവായി അന്തിയുറക്കം. ആഹാരം പൈപ്പുവെള്ളവും. ദുരിതങ്ങളുടെ ആ കാലത്ത് യാദൃചികമായി പരിചയപ്പെട്ടതാണ് ഫാസ്ലിയെ. സിനിമയില്‍ അവസരം തേടി വന്നതായിരുന്നു ഫാസ്‌ലിയും. ബാന്ദ്ര ഈസ്റ്റിലെ സര്‍ക്കാര്‍ കോളനിയിലെ ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയി താമസം. എന്റെ ഗതികേട് കണ്ട് മനമലിഞ്ഞു ഫാസ്ലി ഒപ്പം താമസിക്കാന്‍ ക്ഷണിക്കുന്നു. ക്ഷണം സ്വീകരിക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല എനിക്ക്.'
പ്രമുഖ കവികള്‍ക്കൊപ്പം 'മുശായിര'കളില്‍ പങ്കെടുക്കാന്‍ പതിവായി ഉത്തരേന്ത്യന്‍ പര്യടനത്തിനു പോകും ഫാസ്​ലി. ''അത്തരമൊരു പര്യടന കാലത്താണ് പനി പിടിച്ചു ഞാന്‍ കിടപ്പിലായത്. വീട്ടില്‍ സഹായത്തിനു മറ്റാരുമില്ല. വിവരമറിഞ്ഞ് എത്തിയ വീട്ടുടമസ്ഥന്‍ മൂടിപ്പുതച്ചു കിടന്ന എന്നെ പൊക്കിയെടുത്തു ആശുപത്രിയില്‍ കൊണ്ടുപോകുന്നു. മരുന്നും മറ്റും വാങ്ങി തന്നതും അദ്ദേഹം തന്നെ. പര്യടനം കഴിഞ്ഞു തിരിച്ചെത്തിയ ഫാസ്​ലി കാര്യമറിഞ്ഞപ്പോള്‍ ചൊടിച്ചു. വീട്ടുടമസ്ഥനെ ഞാന്‍ ചൂഷണം ചെയ്തത് ശരിയായില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എത്ര ആലോചിച്ചിട്ടും എനിക്കതിന്റെ യുക്തി മനസ്സിലായില്ല. വാക്ക്തര്‍ക്കത്തിനൊടുവില്‍ ഫാസ്​ലി എന്നെ നിഷ്‌കരുണം വീട്ടില്‍ നിന്ന് ഇറക്കി വിടുന്നു. ശൂന്യമായ കീശയും മനസ്സുമായി പൊരിവെയിലത്തെക്ക് ഇറങ്ങിയ എന്നെ രക്ഷപ്പെടുത്തിയത് യാദൃചികമായി വന്നു പെട്ട ഒരു സുഹൃത്താണ്. ഉണങ്ങാത്ത ഒരു മുറിവായി അത് ഏറെക്കാലം മനസ്സില്‍ കിടന്നു.''

പിന്നീട് ഫാസ്​ലിയെ കുറിച്ച് ഓര്‍ക്കുന്നത് ലുബ്‌നയുടെ നിര്‍മാണ കാലത്താണ്. പടം തുടങ്ങുമ്പോള്‍ ഒരൊറ്റ ഉപാധിയേ കബീര്‍ റാവുത്തര്‍ നിര്‍മാതാക്കള്‍ക്ക് മുന്നില്‍ വെച്ചുള്ളൂ. ''ഈ പടത്തിനു വേണ്ടി നമ്മള്‍ ആദ്യം അഡ്വാന്‍സ് കൊടുക്കുന്നത് എന്റെ ഒരു പഴയ സുഹൃത്തിനായിരിക്കും. നന്നായി പാട്ടെഴുതാന്‍ കഴിയുന്ന ഒരാള്‍.'' ബാന്ദ്രയിലെ വീട്ടില്‍ തന്നെ കാണാന്‍ എത്തിയ പഴയ 'സഹജീവിയെ' കണ്ടു നിദാ ഫാസ്​ലി ആദ്യം ഒന്നമ്പരന്നു എന്നത് സത്യം. എങ്കിലും പാട്ടെഴുതാനുള്ള ക്ഷണം സസന്തോഷം അദ്ദേഹം സ്വീകരിച്ചു.

വിധിവൈചിത്ര്യങ്ങള്‍ നിറഞ്ഞ ജീവിതകഥയായിരുന്നു ഫാസ്​ലിയുടെത് എന്നോര്‍ക്കുന്നു കബീര്‍ റാവുത്തര്‍. ''ഒരുമിച്ചു താമസിച്ച നാളുകളില്‍ ആ കഥകള്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വിഭജനകാലത്ത് ഉത്തര്‍ പ്രദേശിലെ ഫാസ്ലിയുടെ കുടുംബ വീട് കലാപകാരികള്‍ തീയിട്ടു നശിപ്പിച്ചു. ആ സമയത്ത് നാട്ടില്‍ ഉണ്ടായിരുന്നില്ല ഫാസ്​ലി. തിരിച്ചു ചെന്നപ്പോള്‍ കണ്ടത് വെന്തെരിഞ്ഞ വീടും കുറെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളുമാണ്. നീറുന്ന മനസ്സോടെ മുംബൈയിലേക്ക് വണ്ടി കയറിയ ഫാസ്‌ലി വര്‍ഷങ്ങള്‍ക്കു ശേഷം അറിയുന്നു, മരിച്ചുവെന്നു താന്‍ വിശ്വസിച്ച ഉമ്മയും സഹോദരങ്ങളും പാകിസ്ഥാനില്‍ ജീവിച്ചിരിപ്പുണ്ടെന്ന്. ആ പുനസ്സമാഗമം വികാരനിര്‍ഭരമായിരുന്നു..''

മതതീവ്രവാദത്തിനും ആഗോളീകരണത്തിനും എതിരായുള്ള ശക്തമായ നിലപാടുകളിലൂടെയാണ് സിനിമയ്ക്ക് പുറത്തു ഫാസ്​ലിക്ക് ഇന്ന് കൂടുതല്‍ ഖ്യാതി. ''വല്ലപ്പോഴുമൊക്കെ ഫാസ്ലിയെ ടെലിവിഷനില്‍ കാണുമ്പോള്‍ ആ പഴയ നാളുകള്‍ ഓര്‍മവരും..പിന്നീട് അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടേയില്ല. റഫി സാഹിബ് പാടിയ ആ പാട്ട് കേട്ടിട്ട് തന്നെ കാലം ഏറെയായി..'' റാവുത്തര്‍ പറയുന്നു.

റഫിയുമായി രാവുത്തരുടെ സൗഹൃദം തുടങ്ങുന്നത് ലുബ്‌നയ്ക്കും വര്‍ഷങ്ങള്‍ മുന്‍പാണ് ഇറങ്ങാതെ പോയ ബോംബെ ലോക്കല്‍ ട്രെയിന്‍ എന്ന ചിത്രത്തിന്റെ നിര്‍മാണവേളയില്‍!. ''ഖാദര്‍ എന്നൊരു മലയാളി ആയിരുന്നു ആ പടത്തിന്റെ നിര്‍മാതാവ്. സംവിധാന ചുമതല എന്നെ ഏല്‍പ്പിക്കുമ്പോള്‍ ഒരൊറ്റ ഉപാധിയെ ഉണ്ടായിരുന്നുള്ളൂ അദേഹത്തിന്. പാട്ടുകള്‍ മുഹമ്മദ് റഫി പാടണം. റഫിയുമായി അടുപ്പമുള്ള മമ്മുക്ക (മുഹമ്മദ് ബാപ്പു) വഴി കാര്യം സാധിക്കാം എന്നായിരുന്നു എന്റെ ചിന്ത. മമ്മുക്കയെ ചെന്ന് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: റഫിയെ കൊണ്ട് നമുക്ക് പാടിക്കാം. പക്ഷെ ഒരു ഉറപ്പു വേണം. ആലപ്പുഴക്കാരനായ എന്റെ സുഹൃത്ത് ഇസ്മയിലിനെ സംഗീത സംവിധാന ചുമതല ഏല്‍പ്പിക്കണം. മറ്റൊരു സുഹൃത്തായ ശ്രീകാന്തിനെ ഗാന രചനയും. രണ്ടിനും ഞാന്‍ സമ്മതം മൂളി. ജിതിന്‍ ശ്യാം എന്ന പേരില്‍ ആ പടത്തിന് സംഗീതം പകര്‍ന്നത് ഇസ്മയിലാണ്. റഫി പാടുകയും ചെയ്തു. എന്ത് ചെയ്യാം, പടം പെട്ടിയിലായി.'' മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയില്‍ ഏറെക്കുറെ പൂര്‍ണമായും ചിത്രീകരിച്ച പടം എന്നൊരു പ്രത്യേകത കൂടിയുണ്ട് ബോംബെ ലോക്കല്‍ ട്രെയിനിന്. അന്നതൊരു 'വിപ്ലവ' മായിരുന്നു. 

Kabeer Rawther and Ramachandra Babu

നിഴല്‍ പോലെ നിര്‍ഭാഗ്യം

''ഭാഗ്യദോഷം എന്റെ ജീവിതത്തില്‍ ഉടനീളം നിഴല്‍ പോലെ ഒപ്പമുണ്ടായിരുന്നു. ഇന്ന് അതുമായി പൊരുത്തപ്പെടാന്‍ പഠിച്ചിരിക്കുന്നു ഞാന്‍,'' കബീര്‍ റാവുത്തരുടെ വാക്കുകള്‍. കിളിമാനൂര്‍ ആര്‍ ആര്‍ വി ഹൈസ്‌കൂളിലും തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളെജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ റാവുത്തര്‍ക്ക് കുട്ടിക്കാലത്ത് തുടങ്ങിയതാണ് സിനിമയോടുള്ള അഭിനിവേശം. സിനിമാസ്വപ്നങ്ങള്‍ റാവുത്തരെ 1967ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിക്കുന്നു. പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയിലെ ദീപ്ത സാന്നിധ്യങ്ങളായി മാറിയ പലരും അവിടെ റാവുത്തരുടെ സമകാലീനരായി ഉണ്ടായിരുന്നു: ജോണ്‍ എബ്രഹാമും ശത്രുഘ്‌നന്‍ സിന്ഹയും നസീറുദ്ദിന്‍ ഷായും കെ ജി ജോര്‍ജും രാമചന്ദ്ര ബാബുവും ജയഭാദുരിയും ഡാനിയും നടന്‍ രവിമേനോനും അനില്‍ ധവാനും നവീന്‍ നിശ്ചലും ജി എസ് പണിക്കരും ഉള്‍പ്പെടെ. ''എന്റെ ഡിപ്ലോമ ചിത്രത്തില്‍ രവിമേനോന്‍ ആയിരുന്നു നായകന്‍. എം.ടിയുടെ നിര്‍മാല്യത്തിലെ ഉണ്ണി നമ്പൂതിരിയുടെ റോള്‍ രവിയ്ക്ക് നേടിക്കൊടുത്തത് ആ ഹ്രസ്വ ചിത്രത്തിലെ പ്രകടനമാണ്. വിവരം അറിയിച്ചു കൊണ്ട് നാട്ടില്‍ നിന്ന് കത്ത് വന്നപ്പോള്‍ രവിയ്ക്കുണ്ടായ അങ്കലാപ്പ് ഞാന്‍ മറക്കില്ല. ഹിന്ദി സിനിമയില്‍ ചെറിയ റോളുകളില്‍ മുഖം കാണിച്ചു തുടങ്ങിയിരുന്ന രവിയ്ക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ വലിയ താല്പര്യമില്ല അന്ന്. രവിയുടെ മനസ്സ് മാറ്റി നാട്ടിലേക്ക് വണ്ടി കയറ്റി വിടാന്‍ അന്ന് ഏറെ പ്രയാസപ്പെടേണ്ടിവന്നു....'' നടന്‍ എന്ന നിലയില്‍ സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെട്ടതാണ് രവിയുടെ വളര്‍ച്ചയ്ക്ക് വിഘാതമായാതെന്നു വിശ്വസിക്കുന്നു റാവുത്തര്‍. ''രവിയുടെ ഉള്ളില്‍ നല്ലൊരു ഹാസ്യനടനും ഉണ്ടായിരുന്നു. ആ മുഖം ആരും കാണാതെ പോയി.''
 
സംവിധാനത്തില്‍ ഡിപ്ലോമയുമായി 1970 ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തു വന്ന റാവുത്തര്‍ ഉറ്റ സുഹൃത്തും നടനുമായ അനില്‍ ധവാന്റെ സഹായത്തോടെ ഗംഗ എന്ന ഹിന്ദി പടത്തിന്റെ അസോഷ്യെറ്റ് ആയി സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നു. അനില്‍ ധവാന്‍ അന്ന് ഹിന്ദി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലമാണ്. രെഹ്ന സുല്‍ത്താനോടൊപ്പം അനില്‍ അഭിനയിച്ച 'ചേതന' എന്ന പടം തിയേറ്ററുകളില്‍ തകര്‍ത്തോടുന്നു. ജഗ് ദേവ് ബാംബ്രി ആയിരുന്നു ഗംഗയുടെ സംവിധായകന്‍. സുനില്‍ ദത്തിന്റെ അനിയന്‍ സോംദത്തിനെ നായകനാക്കി അവതരിപ്പിച്ച ആ ചിത്രത്തില്‍ നായികയും ഒരു പുതുമുഖമായിരുന്നു പില്‍ക്കാലത്ത് ഹാജി മസ്താന്റെ ഭാര്യയായി തീര്‍ന്ന സോന.
 
തൊട്ടുപിന്നാലെ ഒരു പടം സ്വതന്ത്രമായി സംവിധാനം ചെയ്യാനുള്ള ഓഫറും റാവുത്തരെ തേടിയെത്തി. 'കോറാ ബദന്‍' എന്ന ആ ചിത്രത്തില്‍ നിര്‍മാതാവ് തന്നെയായിരുന്നു നായകനും ബി.എസ് ഷാദ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ധര്‍മേന്ദ്രയുടെ അര്‍ധസഹോദരനായ വീരേന്ദ്ര. രൂപത്തിലും ഭാവത്തിലും നടപ്പിലുമെല്ലാം ധര്‍മേന്ദ്രയുമായി അസാധാരണമായ സാമ്യം ഉണ്ടായിരുന്ന വീരേന്ദ്ര സിനിമയില്‍ തന്നെക്കാള്‍ കൂടുതല്‍ ശ്രദ്ധേയനായാലോ എന്ന ഭയം കൊണ്ടാകണം, ഷൂട്ടിംഗ് തുടങ്ങും മുന്‍പേ ഷാദ് ഒരു കാര്യം വ്യക്തമാക്കി: അയാളുടെ ക്ലോസപ്പ് ഷോട്ട് ഒന്നും വേണ്ട.
 
മനസ്സില്ലാമനസ്സോടെ സമ്മതം മൂളുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. എന്നിട്ടും ഒരിക്കല്‍ മാത്രം വാഗ്ദാനം ലംഘിക്കേണ്ടി വന്നു റാവുത്തര്‍ക്ക്. സിനിമയില്‍ വീരേന്ദ്രയുടെ ക്ലോസപ്പ് ഷോട്ട് അനിവാര്യമായ ഒരു സിറ്റ്വേഷന്‍. ക്യാമറ അതിനനുസരിച്ച് സെറ്റ് ചെയ്തപ്പോള്‍ നിര്‍മാതാവ് പൊട്ടിത്തെറിച്ചു. ആരുടെ ക്ലോസപ്പ് വേണമെന്ന് നിശ്ചയിക്കേണ്ടത് താനാണെന്ന് സംവിധായകന്‍. അല്ലെന്നു നിര്‍മാതാവ്. ''കയ്യിലുള്ള തിരക്കഥ അദ്ദേഹത്തിന്റെ മുന്നില്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പോകുകയല്ലാതെ വേറെ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. പടം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. പിന്നീട് അത് പുറത്തു വന്നത് നിര്‍മാതാവിന്റെ പേരിലാണ്.''

വീണ്ടും അനിശ്ചിതത്വത്തിന്റെ കാലം. പലരും നാട്ടിലേക്ക് തിരിച്ചു ചെല്ലാന്‍ ഉപദേശിച്ചു. പക്ഷെ ഒരു ഹിന്ദി സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം വാശിയായി റാവുത്തര്‍ക്കുള്ളില്‍ വളരുക തന്നെയായിരുന്നു. ബോളിവൂഡില്‍ ഒരു ദക്ഷിണേന്ത്യന്‍ സംവിധായകന്‍ പോലും 'രക്ഷപ്പെട്ട' ചരിത്രമില്ലെന്ന് അറിയാഞ്ഞിട്ടല്ല. എവിടെയോ ഒരല്‍പം പ്രതീക്ഷ എന്നിട്ടും ബാക്കിനിന്നു. അതിനു തിളക്കമേകിയത് ദൈവദൂതരെ പോലെ വന്നെത്തിയ രണ്ടുപേരാണ്: കെ ജി ജോര്‍ജും മുഹമ്മദ് ബാപ്പുവും.

ബാന്ദ്ര റോഡിലെ ഒരു ഗസ്റ്റ് ഹൗസിലെ നാല് പേര്‍ താമസിക്കുന്ന കുടുസ്സുമുറിയില്‍ പട്ടിണിയും പരിവട്ടവുമായി സിനിമ സ്വപ്നം കണ്ടു കിടന്ന നാളുകളില്‍ റാവുത്തരെ കാണാന്‍ കെ ജി ജോര്‍ജ് എത്തുന്നു. ആദ്യ ചിത്രമായ സ്വപ്നാടനത്തിന്റെ ജോലികളുമായി മുംബൈയിലാണ് അന്ന് ജോര്‍ജ്. ''ഒഴിഞ്ഞ വയറുമായി കൂര്‍ക്കം വലിച്ചുറങ്ങുന്ന എന്നെ ജോര്‍ജ് കുലുക്കിയുണര്‍ത്തുകയായിരുന്നു.'' റാവുത്തര്‍ ഓര്‍ക്കുന്നു. ''മുഖം കഴുകി വാ. പുറത്തൊരാള്‍ കാത്തു നില്‍ക്കുന്നു''  ജോര്‍ജ് പറഞ്ഞു. ചെന്ന് നോക്കിയപ്പോള്‍, അംബാസഡര്‍ കാറിന്റെ ബോണറ്റില്‍ ചാരി തൂവെള്ള സഫാരി സൂട്ടണിഞ്ഞ ഒരാള്‍. മുഹമ്മദ് ബാപ്പു ആയിരുന്നു അത് സ്വപ്നാടനത്തിന്റെ നിര്‍മാതാവ്. ബാപ്പു ഒരു പുതിയ പടം നിര്‍മിക്കുന്നു. ആ പടത്തിന്റെ സംവിധായകനായി ജോര്‍ജ് എന്റെ പേരാണ് നിര്‍ദേശിച്ചതെന്നു പിന്നീടറിഞ്ഞു. ''എന്റെ ഗതികേടിനെ കുറിച്ച് കേട്ടറിഞ്ഞാവണം, യാത്ര പറയുമ്പോള്‍ നൂറു രൂപയുടെ അഞ്ചു പിടയ്ക്കുന്ന നോട്ടുകള്‍ അദ്ദേഹം കീശയില്‍ തിരുകി. അത്രയും വലിയ തുക ഒരുമിച്ചു കണ്ടിട്ട് ഏറെ നാളായിരുന്നു..''

രണ്ടു വര്‍ഷം കഴിഞ്ഞാണ് വീണ്ടും ''മമ്മുക്ക''യെ കാണുന്നത്. അപ്പോഴേക്കും സ്വപ്നാടനം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. ജോര്‍ജിന് ഏറെ അംഗീകാരങ്ങള്‍ നേടിക്കൊടുത്തു ആ ചിത്രം. ബോംബെ ലോക്കല്‍ ട്രെയിന്‍ മുടങ്ങിപ്പോയതിന്റെ ദു:ഖവുമായി അലഞ്ഞു നടന്ന റാവുത്തരെ തന്റെ അടുത്ത ഹിന്ദി പടം സംവിധാനം ചെയ്യാന്‍ ബാപ്പു ക്ഷണിക്കുന്നു. ലുബ്‌നയുടെ കഥ തുടങ്ങുന്നത് അവിടെ നിന്നാണ്. വിതരണക്കാരെ കിട്ടാതെ ലുബ്‌നയുടെ റിലീസ് നീണ്ടതോടെ റാവുത്തരുടെ മുംബൈ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. മറ്റൊരു ഹിന്ദി പടത്തിന്റെ സംവിധാന ചുമതല ഏറ്റെടുക്കേണ്ടിവന്നത് അക്കാലത്താണ്. 'ലബ്ബൈക്' എന്ന ആ പടം ഭക്തിപ്രധാനമായ ഒരു മുസ്ലിം സാമുദായിക കഥയായിരുന്നു. റാസാ മുറാദ്, പഴയകാല നായക നടന്‍ പ്രദീപ് കുമാറിന്റെ മകള്‍ ബീന തുടങ്ങിയവര്‍ അഭിനയിച്ച ഒരു സോദ്ദേശ്യ ചിത്രം. പക്ഷെ റാവുത്തരുടെ കഷ്ടകാലം ഒഴിഞ്ഞിരുന്നില്ല. ''മക്കയുടെയും മദീനയുടെയും ദൃശ്യങ്ങള്‍ ഉള്‌പ്പെടുത്തിയതിന്റെ പേരില്‍ ആ പടത്തിനെതിരെ യാഥാസ്ഥിതികര്‍ രംഗത്ത് വന്നു. ഹൈദരാബാദില്‍ പടത്തിന് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തുക വരെ ചെയ്തു. നിരോധനം നീക്കാനായി ഉന്നതമതപണ്ഡിതരുടെ പിന്തുണ നേടാന്‍ ഒടുവില്‍ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യേണ്ടി വന്നു എനിക്ക്.''

മലയാളത്തിലേക്ക്

തുടര്‍ച്ചയായ തിരിച്ചടികളില്‍ മനം മടുത്ത് 1980 കളുടെ മധ്യത്തില്‍ റാവുത്തര്‍ മുംബൈ വിടുന്നു. പക്ഷെ സിനിമാ മോഹം ഉപേക്ഷിച്ചിരുന്നില്ല. മലയാളത്തില്‍ ഒരു പടം ചെയ്യാന്‍ ഏറ്റവുമധികം പ്രേരണ ചെലുത്തിയത് സുഹൃത്ത് രാമു കാര്യാട്ടാണ്. ജി വിവേകാനന്ദന്റെ 'ബോംബെയില്‍ ഒരു മധുവിധു' എന്ന കഥ സിനിമയാക്കാന്‍ നിര്‍മാതാവ് എന്‍.പി അബു ആലോചിക്കുന്ന കാലം. സംവിധായകനാകാനുള്ള ക്ഷണം സന്തോഷപൂര്‍വമാണ് റാവുത്തര്‍ സ്വീകരിച്ചത്. എന്നാല്‍, പതിവ് പോലെ അവിടെയും ഭാഗ്യം റാവുത്തരെ കയ്യൊഴിഞ്ഞു. ''നിര്‍മാണ ജോലികള്‍ ആരംഭിച്ച ശേഷം ആ പ്രോജക്ടില്‍ നിന്നു പിന്മാറുകയായിരുന്നു ഞാന്‍!. ഓര്‍ക്കാനാഗ്രഹിക്കാത്ത ചില കാരണങ്ങള്‍ ഉണ്ട് ആ തീരുമാനത്തിന് പിന്നില്‍.'' വിസ എന്ന പേരില്‍ പുതിയൊരു പ്രമേയവുമായി മറ്റൊരാളുടെ സംവിധാനത്തിലാണ് പിന്നീട് അത് പുറത്തു വന്നത്.

വീണ്ടും ഒരു അജ്ഞാതവാസം. പക്ഷെ സിനിമയുടെ പ്രലോഭനം അതിജീവിക്കാനാവില്ലായിരുന്നു റാവുത്തര്‍ക്ക്. പറന്നുയരാന്‍, ഭദ്രന്‍ ഒരു രുദ്രന്‍, അമ്പലക്കര പഞ്ചായത്ത് തുടങ്ങി കുറച്ചു ചിത്രങ്ങള്‍ കൂടി. പലതും ഇടയ്ക്ക് വെച്ച് മുടങ്ങി. ചിലത് ചിത്രീകരണം പൂര്‍ത്തിയായിട്ടും വെള്ളിത്തിര കാണാതെ 'മൃതിയടഞ്ഞു.' പുറത്തുവന്ന പടത്തിലാകട്ടെ റാവുത്തരുടെ സംവിധായക പ്രതിഭയുടെ മിന്നലാട്ടം പോലും ഉണ്ടായിരുന്നില്ല. ''എന്റെ സങ്കല്‍പങ്ങളിലെ സിനിമയായിരുന്നില്ല ഒന്നും. നിരവധി ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങി പടം ചെയ്യേണ്ടി വരുമ്പോള്‍, നമ്മുടെ സ്വപ്നങ്ങള്‍ക്കെന്തു പ്രസക്തി?''
 
എങ്കിലും ഒരു കാര്യം തീര്‍ത്തുപറയുന്നു കബീര്‍ റാവുത്തര്‍. ''സിനിമ എനിക്ക് മടുത്തിട്ടില്ല. മടുക്കുകയുമില്ല. അത്രയും തീവ്രമാണ് ഈ പ്രണയ ബന്ധം. കാല്‍ നൂറ്റാണ്ടിനു ശേഷം പുതിയൊരു സിനിമയുമായി തിരിച്ചു വരുമ്പോള്‍, കാലം മാറിപ്പോയത് ഞാന്‍ അറിയുന്നു. ഈ മാറ്റം അനിവാര്യമാണെന്നും...'' അറുപത്തെട്ടു വയസ്സിന്റെ യൗവനമുണ്ട് ആ വാക്കുകളില്‍.
 
''ഇങ്ങനെയും ഒരാള്‍'' സായി കുമാറും പ്രവീണയും മുഖ്യ റോളുകളില്‍ അഭിനയിക്കുന്ന കബീര്‍ റാവുത്തരുടെ പടത്തിന്റെ പേരതാണ്. സംവിധായകനും ചേരില്ലേ ആ വിശേഷണം?

രവി മേനോന്റെ പുസ്തകങ്ങള്‍ വാങ്ങാം