I`m deeply fixated on my childhood. Some impressions are extremely vivid, light, smell, and all. There are moments when I can wander through my childhood`s landscape, through rooms long ago, remember how they were furnished, where the pictures hung on the walls, the way the light fell. It`s like a film-little scraps of a film, which I set running and which I can reconstruct to the last detail-except their smell.
(Bergman)


നാട്ടുവഴിയോരത്തെ പൂമരഛായയില്‍


ജന്മനാടെന്നാല്‍ കമലിന് നിരവധി ബാല്യസ്മൃതികളുടെ വര്‍ണ്ണക്കൂട്ടൊഴിച്ചു തയ്യാറാക്കിയ ഭൂമിശാസ്ത്രമാണ് .മനസ്സില്‍ നിറനിലാവു പൊഴിക്കുന്ന ഓര്‍മകള്‍ മാത്രമല്ല,മുറിപ്പാടുകളവശേഷിപ്പിക്കുന്നവയും അക്കൂട്ടത്തിലുണ്ട്്. വ്യക്തിത്വവികാസത്തിന്റെ പടവുകളിലും ചലച്ചിത്രകലാപ്രവര്‍ത്തനങ്ങളിലും ബാല്യം തീവ്രവികാരമായി പലവട്ടം സാന്നിധ്യമറിയിച്ചതും അതുകൊണ്ടുതന്നെയാണ്. മിത്തുകളും മീസാന്‍കല്ലുകളും നാടോടിസംസ്‌കാരവുമെല്ലാം കമലിന് ജന്‍മനാട് പകര്‍ന്നു നല്‍കിയ ലക്ഷണമൊത്ത ഫ്രയിമുകളായിരുന്നു. കൊടുങ്ങല്ലൂര്‍ മതിലകത്തെ മക്കാര്‍ഹാജിയുടെ കൊച്ചുമകന്‍,അബ്ദുള്‍ മജീദിന്റെയും സുലൈഖയുടെയും മകന്‍ എന്നീ നിലകളില്‍ കമലിന് ഒരു മുസലീം ഫ്യൂഡല്‍തറവാട്ടിലെ സമൃദ്ധമായ കുട്ടിക്കാലത്തിന്റെ തിരക്കഥയുടെ പിന്‍ബലവുമുണ്ടായിരുന്നു.


കേരളത്തിലെ മുക്കും മൂലയും നഗരവല്‍ക്കരണത്തിന്റെ തച്ചുപണികള്‍ സ്വമേധയാ ഏറ്റെടുത്തുതുടങ്ങിയിട്ട് കാലം കുറേയായി. മതിലകവും അത്തരമൊരു ആപേക്ഷികമാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ 1962 കാലയളവില്‍ നാട്ടുസൗന്ദര്യങ്ങളെല്ലാം ആരോപിക്കാവുന്ന ഗ്രാമമായിരുന്നു മതിലകം.നാട്ടുവഴിയോരത്തെ പൂമരഛായയും മുസ്ലീംപള്ളിയും കമല്‍ പഠിച്ച സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളും തൊട്ടെതിര്‍വശത്തെ ഔവര്‍ ലേഡിഫാത്തിമ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളും മതിലകത്തെ സജീവമാക്കി. പള്ളിയുടെ നേരെ മുന്നിലുള്ള പഴയപടിപ്പുരയോടു കൂടിയ തറവാടായിരുന്നു കമലിന്റേത്.വീടിനുമുകളില്‍ തട്ടിന്‍പുറത്ത് പഠിക്കാനിരിക്കുമ്പോള്‍ പഴയരീതിയിലുള്ള കിളിവാതില്‍ തുറന്നാല്‍ കാണുന്നത് പള്ളിപ്പറമ്പിലെ കബറും മീസാന്‍കല്ലുകളുമാണ്.വീടിന്റെ അതിരവസാനിക്കുന്നിടത്തു നിന്നും മതിലകം അങ്ങാടി തുടങ്ങുന്നു.അങ്ങാടിയിലെ നല്ലൊരുശതമാനം കടകളും മതിലകത്തെ മക്കാര്‍ഹാജിയുടേതായിരുന്നു.അങ്ങാടിയുടെ മുന്നില്‍ത്തന്നെ പോലീസ് സ്‌റ്റേഷനുണ്ട്.എന്നാല്‍ വിരോധാഭാസം പോലെ റൗഡികളുടെ വലിയൊരുസംഘമായിരുന്നു അങ്ങാടിയും പരിസരവും വാണുപോന്നിരുന്നത്.ബാല്യത്തില്‍ ഒരുപക്ഷേ കമല്‍ ഏറ്റവുമധികം വെറുത്തതും ഭയന്നതും അങ്ങാടിയിലേക്കു പോകുന്നതാണ്.എണ്ണപ്പെട്ട റൗഡിമാരുടെ സാന്നിധ്യം തന്നെയായിരുന്നു അതിനുകാരണം.

ഗേള്‍സ്‌ഹൈസ്‌കൂള്‍ കഴിഞ്ഞാല്‍ തൊട്ടരികില്‍ ക്രിസ്ത്യന്‍ ചര്‍ച്ചും സിമത്തേരിയുമാണുള്ളത്.പള്ളിയുടെ സമീപം വലിയൊരു റെയിന്‍ ട്രീ നാടിന്റെ മുഴുവന്‍ മുഖഛായയെന്നപോലെ പരന്നുകിടക്കുന്നു.അതിന്റെ വിശാലമായ വേരുകളില്‍ മിക്കപ്പോഴും നാട്ടുകാരായ ചെറുപ്പക്കാര്‍ വന്നിരിക്കുന്നുണ്ടാകും.മരത്തിനപ്പുറം പള്ളിവളവെന്നൊരു കൊച്ചങ്ങാടിയാണുള്ളത്.അവിടെ താമസമാക്കിയിട്ടുള്ളവരിലധികവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണ്.പള്ളിവളവിലൊരു വായനശാലയും യങ്ങ്‌മെന്‍സ്‌ക്ലബ്ബുമുണ്ട്.ഇത്രയുമൊക്കെ ഒത്തുചേരുമ്പോള്‍ മതിലകം ആരുടെ കണ്ണിലുമൊരു കൊച്ചുസുന്ദരിയായിരുന്നു.


ദാവീദേട്ടനൊരുക്കിയ നാടകപ്പരവതാനി
പ്രസരിപ്പാര്‍ന്ന കുട്ടികളുടെ ആരവങ്ങള്‍ കൊണ്ട്് സജീവമായിരുന്ന നല്ലൊരു കളിക്കളമായിരുന്നു സെന്റ്‌ജോസഫ്‌സ് സ്‌കൂളിനുണ്ടായിരുന്നത്.ആ കളിക്കളത്തോടും പള്ളിവളവിലെ വായനശാലയോടും ഇഴചേര്‍ന്നു ജീവിക്കുന്ന കഥാപാത്രമാണ് ദാവീദ്.ഏറെ പ്രത്യേകതകളുള്ള സവിശേഷവ്യക്തിത്വം.പറയത്തക്ക ജോലികളൊന്നുമില്ലാത്ത അയാള്‍ക്ക് സ്വന്തം ഭൂമിയില്‍ നിന്നുള്ള ആദായമായിരുന്നു മുഖ്യവരുമാനം.എല്ലാത്തരം ഗയിംസിനെക്കുറിച്ചും അസാമാന്യമായ ധാരണയുള്ള ഊര്‍ജ്ജസ്വലനായ മനുഷ്യന്‍..അയാള്‍ക്ക് വോളിബോള്‍ ,ക്രിക്കറ്റ്,ഫുടിബോള്‍ എന്നിവയിലെല്ലാം പ്രത്യേക കമ്പം തന്നെയാണുണ്ടായിരുന്നത്.എല്ലാ വൈകുന്നേരങ്ങളിലും സ്‌കൂള്‍ വിടുമ്പോഴേക്കും ഷോര്‍ട്‌സും ബനിയനും ധരിച്ച് അഞ്ചാറു ബോളുകളും വാങ്ങി അയാള്‍ ഗ്രൗണ്ടിലേക്കെത്തും.രാവിലെ മുതല്‍ പറമ്പിലൊക്കെ കാര്യങ്ങള്‍ നോക്കി നടത്തിയതിനുശേഷമാണ് മുടക്കം കൂടാതെ നാലുമണിയാകുമ്പൊഴേക്കമുള്ള ഈ വരവ്. .

'കുട്ടികളോടൊപ്പം കളികളിലൊക്കെ ചേരുന്നത് ദാവീദേട്ടന് ഒരു ഹരമായിരുന്നു.നാടകങ്ങളില്‍ അഭിനയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരുഹോബി..പള്ളിപ്പെരുന്നാളിനൊക്കെ കലാസമിതികളുടെ നാടകങ്ങള്‍ക്കൊപ്പം അമച്വര്‍ നാടകങ്ങളും ഉണ്ടാകുന്നത് പതിവാണ്..അതിന്റെയെല്ലാം മുന്‍പന്തിയില്‍ ദാവീദേട്ടനുണ്ടാകും;ഒപ്പം ഞങ്ങള്‍ സ്‌കൂള്‍ പിള്ളേരും.. '
കലാഭിരുചികളിലേക്കുള്ള വഴിമാറ്റങ്ങള്‍ക്കു ചെറുപ്പത്തില്‍ത്തന്നെ തുടക്കമിടാന്‍ അറിഞ്ഞോ അറിയാതെയോ നിമിത്തമായ വ്യക്തിയാണ് കമലിനെ സംബന്ധിച്ചിടത്തോളം ദാവീദ്

അക്കാലത്ത് കമല്‍ നാടകങ്ങളും ചെറുകഥകളും എഴുതിത്തുടങ്ങിയിരുന്നു.ചിലപ്പോള്‍ മറ്റാരെങ്കിലും എഴുതിയതോ പ്രസിദ്ധീകരിച്ചതോ ആയ നാടകങ്ങള്‍ അവതരണത്തിനുവേണ്ടി കമലും കൂട്ടരും കണ്ടെത്തും .സകൂള്‍ മത്സരങ്ങളെ ലക്ഷ്യമിടുന്ന അത്തരം നാടകങ്ങള്‍ മിക്കപ്പോഴും അവര്‍ക്ക് കണ്ടെത്തിക്കൊടുത്തിരുന്നത് ദാവീദായിരുന്നു.. നാടകറിഹേഴ്‌സല്‍ പ്ലാന്‍ ചെയ്തുകഴിഞ്ഞാല്‍പ്പിന്നെ സമ്പൂര്‍ണ്ണ മേല്‍നോട്ടവും. അയാള്‍ തന്നെ ഏറ്റെടുക്കും.

'അവിടെ ആളൊരു രക്ഷാധികാരിയാണ്..ആള്‍ ഇന്‍ ആള്‍...റിഹേഴ്‌സലിനിടക്ക് നീയിങ്ങനെയാണോടാ അഭിനയിക്കുന്നത് എന്നൊക്കെചോദിച്ച് അഭിനയിച്ചു കാണിക്കും.തെറ്റുണ്ടെങ്കില്‍ തിരുത്തും.ദാവീദേട്ടന്‍ വന്നു കഴിഞ്ഞാല്‍പ്പിന്നെ അന്നത്തെ വൈകുന്നേരം കുശാലാണ്.പൊറോട്ട ഇറച്ചി ,ചായ ,വട എല്ലാം പുള്ളിയുെട വക ഫ്രീയാണ്.അതൊരവകാശം പോലെയാണ് ദാവീദേട്ടന്‍ കാണുന്നത്.നാടകം അരങ്ങിലെത്തുംവരെ ഇത്തരം സഹായങ്ങളുണ്ടാകും.'

്അക്കാലത്ത് നാടകങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട വെല്ലുവിളി കോസ്റ്റിയൂമിന്റെ പരിമിതിയും ലഭ്യതക്കുറവുമാണ്.പോലീസിന്റെയും പള്ളീലച്ചന്റെയുമെല്ലാം വേഷം സര്‍വ്വസാധാണമായി വേണ്ടിവരും.അവ അത്ര പെട്ടെന്ന് കിട്ടണമെന്നില്ല.എന്നാല്‍ എല്ലാവരെയും സമാധാനിപ്പിച്ച് ദാവീദ് എവിടെ നിന്നെങ്കിലും കോസ്റ്റിയൂംസ് സംഘടിപ്പിച്ചുകൊണ്ടുവരും.പലപ്പോഴുമത് യഥാര്‍ത്ഥ പോലീസുകാരുടെ ഉടുപ്പും തൊപ്പിയുമായിരുന്നു.ക്രിസ്ത്യന്‍ പുരാണ നാടകങ്ങള്‍ കളിക്കുമ്പോള്‍ വേഷം പരമപ്രധാനമാണ്.'ലണ്ടന്‍ കൊട്ടാരത്തിലെ അദ്ഭുതരഹസ്യങ്ങളി'ല്‍ നിന്നെടുത്ത നാടകം കളിച്ചപ്പോഴും സായിപ്പിന്റെ കോട്ടും സൂട്ടുമൊക്കെ ദാവീദ് ഒരു മായാജാലക്കാരനെപ്പോലെ സംഘടിപ്പിച്ചുകൊണ്ടുവന്നു.എന്തിന് ;മേക്കപ്പ്മാനുണ്ടാവുമെങ്കിലും താടിയും തലമുടിയുമൊക്കെ ഒട്ടിച്ചു കൊടുക്കാനും വേഷങ്ങളണിയിക്കാനും മുന്നിട്ടിറങ്ങുന്നത് മിക്കപ്പോഴും അയാള്‍ തന്നെയായിരുന്നു.

ഏതുതരക്കാരുമായും ചങ്ങാത്തം കൂടാനുള്ള കഴിവും സ്‌പോര്‍ട്‌സിനോടുള്ള ആഭിമുഖ്യവും നാടകപ്രവര്‍ത്തനങ്ങളും മാത്രമായിരുന്നില്ല ,അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്‌നഹിക്കുന്ന സഹൃദയത്വവും ദാവീദിനുണ്ടായിരുന്നു.ഗ്രൗണ്ടില്‍ പന്തുകളി കഴിഞ്ഞാല്‍ ആറരമണിയോടെ വായനശാലയിലെത്തും.അവിടെ എല്ലാ ചുമതലകളുമുള്ള ലൈബ്രേറിയനും അയാള്‍ തന്നെ.ഉച്ചക്ക് രണ്ടിന് ലൈബ്രറി തുറന്നാല്‍ പിന്നെ നാലുമണി വരെ അവിടെ ഇരിക്കുക.അതിനുശേഷം ഗ്രൗണ്ടിലെത്തുക.കളി കഴിഞ്ഞ് വീണ്ടും ലൈബ്രറിയിലേക്ക്...ഇതായിരുന്നു പതിവ്. പോകുന്നതിനുമുന്‍പ് കുട്ടികള്‍ക്കെല്ലാം ചായവാങ്ങിക്കൊടുക്കാനും അയാള്‍ മറക്കാറില്ല.

'ഞാന്‍ പറഞ്ഞില്ലേ .ദിവസമൊരു നൂറുറുപ്പികയെങ്കിലും ചെലവാക്കും. ലൈബ്രറീല്‍ വന്നാലോ...ഈ പുസ്തകം വായിക്കെടാ എന്നൊക്കെ പറഞ്ഞ് ഓരോരോ പുസ്തകങ്ങള്‍ തെരഞ്ഞെടുത്തുതരും.... വൈക്കം മുഹമ്മദ് ബഷീറിന്റെയും എസ് കെയുടെയുമൊക്കെ പുസ്തകങ്ങള്‍ ഇങ്ങനെ തന്നത് ദാവൂദേട്ടനാ.എന്റെയൊരു ക്യാരക്ടര്‍ മോള്‍ഡ് ചെയ്യാനൊക്കെ ഈ ദാവീദേട്ടന്‍ കാരണക്കാരനായിട്ടുണ്ട്.' കമല്‍ ഓര്‍ക്കുന്നു..

വര്‍ഷങ്ങള്‍ നിരവധി പിന്നിട്ടെങ്കിലും പ്രായത്തിനും കാലത്തിനും അതീതമായി ഇന്നും വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ദാവീദ് എത്തിക്കൊണ്ടിരിക്കുന്നു.. അമ്പതോളം വര്‍ഷങ്ങളായിത്തുടരുന്ന പതിവിന് യാതൊരു മാറ്റവുമില്ലെന്നോര്‍ക്കുമ്പോള്‍ കമല്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.
'എന്റെ ഫാദറിന്റെ കൂടെ പഠിക്കുകയും കളിക്കുകയുമൊക്കെ ചെയ്ത ആളാണ്.എന്റെ കൂടെയും കളിച്ചുനടന്നു.ഞാനാലോചിക്കാറുണ്ട് ;എന്റെ മകന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ അവനോടൊപ്പവും ദാവീദേട്ടനിപ്പോള്‍ കൂട്ടുചേര്‍ന്നിരുന്നേനെ .മക്കളുടെയും കൊച്ചുമക്കളുടെയും പ്രായമുളളവരുമായി ഒത്തുചേരാന്‍ വലിയ സന്തോഷമാണ് അദ്ദേഹത്തിന്.'


കൂട്ടുകെട്ടുകളുടെ പ്രതിഭാകൗമാരം.കമലിന്റെ നാടകപ്രവര്‍ത്തനങ്ങള്‍ക്ക് തിരശ്ശീല ഉയരുന്നത് സ്‌കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴാണ്.ആദ്യഘട്ടത്തിലെ അവികസിത നാടകസങ്കല്‍പ്പങ്ങള്‍ക്ക് പത്താം ക്ലാസിലെത്തുമ്പൊഴേക്കും കൂടുതല്‍ വ്യക്തതയും മിഴിവും കൈവന്നു.സ്വാഭാവികമായും കൂട്ടുകാരുടെ കൊണ്ടുകൊടുക്കലുകള്‍ക്ക് അതില്‍ ഗണ്യമായ പങ്കുണ്ടായിരുന്നു്.

'ഹൈസ്‌കൂളെത്തിയപ്പോഴേക്കും ഞങ്ങളായിരുന്നു സ്‌കൂള്‍നാടകത്തിന്റെ പ്രധാനപ്പെട്ട ആള്‍ക്കാര്‍.ഞാന്‍ രണ്ടുവര്‍ഷം സാഹിത്യസമാജം സെക്രട്ടറിയായിരുന്നു.സ്‌കൂള്‍ ലീഡര്‍ മറ്റൊരു സുഹൃത്ത്.കയ്യെഴുത്തുമാസികയും കുറെ കലാപ്രവര്‍ത്തനങ്ങളുമൊക്കെ അന്നു നടന്നിരുന്നു.ഞങ്ങളുടെ സ്‌കൂളിന് നേരെ എതിര്‍വശത്ത് വലിയ കോമ്പൗണ്ട് മതിലുള്ള, കന്യാസ്ത്രീകള്‍ നടത്തുന്ന പെണ്‍കുട്ടികളുടെ സ്‌കൂളാണല്ലോ ഉള്ളത്...അവിടുത്തെ പെണ്‍കുട്ടികളെയൊന്നും അങ്ങനെ കാണാന്‍ പറ്റിയിരുന്നില്ല.അവരെ കാണുക എന്നതായിരുന്നു ഞങ്ങളുടെ അന്നത്തെ ഏറ്റവും വലിയ ആഗ്രഹം .ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയെന്ന നിലക്ക് എനിക്കും സ്‌കൂള്‍ ലീഡര്‍,സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ക്യാപ്ടന്‍ എന്നിവര്‍ക്കും അവിടെ പോകാം.അങ്ങനെ പോയി തിരിച്ചുവരുമ്പോഴൊക്കെ നല്ല പെണ്‍പിള്ളേരെ കണ്ടെന്നൊക്കെപ്പറഞ്ഞ് ഞങ്ങള്‍ ഷൈന്‍ ചെയ്യും.'കൗമാരകാലത്തെ ഭാവനക്കും സ്വപ്‌നത്തിനും ഒരായിരം ചിറകുകളുണ്ടായിരുന്നുവെന്ന് കമല്‍ ഓര്‍ക്കുന്നു.

പെണ്‍കുട്ടികളുടെ സ്‌കൂളിലും നാടകം പരിശീലിപ്പിക്കാന്‍ നിയുക്തനാകുന്നത് ദാവീദ് തന്നെയായിരുന്നു.കമലിനെയാണ് ദാവീദ് മിക്കപ്പോഴും സഹായത്തിന് കൂട്ടുക.രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ഒന്നാകുന്ന അനുഭവം.ശ്രദ്ധ പിടിച്ചുപറ്റാന്‍ ലഭിച്ച അവസരം കമല്‍ നഷ്ടപ്പെടുത്തിയില്ല.

പ്രതിഭാങ്കുരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിചരിക്കപ്പെടേണ്ട കാലമാണ് സ്‌കൂള്‍വിദ്യാഭ്യാസത്തിന്റേത്.പ്രോത്സാഹനവും ദിശാസൂചകങ്ങളും മുറതെറ്റാതെ ലഭിക്കുകയും താല്‍പ്പര്യപൂര്‍വ്വം അതിനെ പിന്തുടരുകയും ചെയ്താല്‍ ഒരു കലാകാരന് വളക്കൂറുള്ള ആദ്യത്തെ മണ്ണും ബാല്യകൗമാരങ്ങളിലെ അനുഭവക്കൂട്ടുകളാണ്.കല ജീവിതം തന്നെ എന്ന മൊഴിവഴക്കത്തില്‍ നിന്നും പലപ്പോഴും കല കലക്ക് വേണ്ടിയെന്നും ജീവിതം ജീവിതത്തിനു വേണ്ടിയെന്നുമെന്ന തുടര്‍നിരീക്ഷണത്തിലേക്കു വഴിമാറാന്‍ പലരെയും പ്രേരിപ്പിക്കുന്ന ഘടകം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ്.അപ്രകാരം കലയെ ത്യജിച്ച് ജീവിതത്തിലേക്ക് വഴിമാറ്റം നടത്തിയ കൗമാരകാലപ്രതിഭകളെ ഓര്‍മ്മകള്‍ക്കിടയില്‍ നിന്ന് തെരഞ്ഞുപിടിക്കാന്‍ കമലിനിപ്പോഴും ആവേശമാണ്.ഒരു പക്ഷേ അവരിലധികം പേരും സ്‌കൂള്‍കാലഘട്ടത്തിലാണ് കലാപ്രവര്‍ത്തനങ്ങള്‍ക്ക് തുണയേകിയത്. ജയിംസ്,ബഷീര്‍ തൃപ്പയിക്കുളം,സുലൈമാന്‍ കാക്കശ്ശരി തുടങ്ങിയ നാടകക്കമ്പക്കാരായ സുഹൃത്തുക്കള്‍ അക്കൂട്ടത്തില്‍പ്പെടും.കമലിനൊപ്പം ഇവര്‍ മൂവരും ചേര്‍ന്നാണ് സ്റ്റേജില്‍ അവതരിപ്പിക്കാനുള്ള നാടകങ്ങളെപ്പറ്റി അവധിദിവസങ്ങളില്‍ ചിന്തിച്ചതും എഴുതിയതും. പ്രൊഫഷണല്‍ നാടകവേദികളില്‍ പിന്നീടും സജീവമായിരുന്ന ബഷീറും മറ്റും വിധിവഴികളിലെവിടെയോ വച്ച് പ്രവാസജീവിതത്തിലേക്ക് ചേക്കേറി.നാള്‍വഴിപ്പട്ടികകളില്‍ കഠിനാദ്ധ്വാനം ചെയ്ത് ജീവിതമൊന്നു പച്ച പിടിച്ചതോടെ ചിലര്‍ നാട്ടില്‍ തിരിച്ചെത്തി.ജയിംസും ബഷീറുമെല്ലാം ഇപ്പോഴും സമയം കിട്ടുമ്പോള്‍ കമലിനെ വിളിക്കാറുണ്ട്;ബാല്യകാലസുഹൃത്തിന്റെ കലാപ്രവര്‍ത്തനങ്ങളോടും പുത്തന്‍ പ്രൊജക്ടുകളോടുമുള്ള അനുഭാവം പ്രകടിപ്പിക്കുവാന്‍.

കമലിന്റെ പിതാവ് അബ്ദുള്‍ മജീദ്‌

സ്‌കൂള്‍ പഠനം കഴിഞ്ഞ് കോളജിലേക്കെത്തുമ്പോള്‍ അക്കാലത്തെ പല സുഹൃത്തുക്കളെയും വേര്‍പിരിയുന്നത് സ്വാഭാവികമാണ് . അതുതന്നെ കമലിനും സംഭവിച്ചു.എങ്കിലും ഈ കൊഴിഞ്ഞുപോക്കിനിടയില്‍ അപൂര്‍വ്വം ചില സൗഹൃദങ്ങള്‍ നിലനിന്നു.അതിലൊരാളാണ് അന്നും ഇന്നും പ്രചോദനമായ ആസ്പിന്‍ അഷ്‌റഫ് എന്നറിയപ്പെടുന്ന അഷ്‌റഫ്.സെന്റ് ജോസഫ് സ്‌കൂളില്‍ യുവജനോത്സവത്തിനു മത്സരിക്കാന്‍ ചിത്രലേഖ എന്ന നാടകം എഴുതിക്കൊടുത്തത് അഷ്‌റഫായിരുന്നു.നാടകം സമ്മാനം നോടുകയും ജില്ലാതലമത്സരത്തിലേക്ക തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.കമലിന് ഒരു ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്നു അഷ്‌റഫ്. .സിനിമക്കപ്പുറമുള്ള ചിന്തകളെ പരോക്ഷമായിട്ടാണെങ്കില്‍ക്കൂടി അദ്ദേഹം ഉദ്ദീപിപ്പിച്ചിരുന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ കമല്‍ പഠിക്കുന്ന കാലത്താണ് അഷ്‌റഫ് ഗള്‍ഫില്‍ പോകുന്നത്.ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലായിരുന്നു ജോലി.സര്‍വ്വേ ജോലികളുടെ ഭാഗമായി അദ്ദേഹത്തിന് ധാരാളം യാത്രകള്‍ വേണ്ടിവന്നു.അന്ന് ഒമാന്‍ ഇത്രത്തോളം വികസിച്ചിട്ടില്ല.റോഡിന്റെയും മറ്റു ഗതാതഗസംവിധാനങ്ങളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടന്നുവരുന്നു.ഒമാന്റെ പ്രാന്തപ്രദേശങ്ങളില്‍ച്ചെന്ന് ആഴ്ചകളോളം ടെന്റ് കെട്ടി താമസിച്ചുവേണം പലപ്പോഴും സര്‍വ്വേ ജോലികള്‍ നടത്താന്‍.അതുകൊണ്ടുതന്നെ ഗള്‍ഫ് രാജ്യത്തെ പല വിഭാഗം ജനങ്ങളെയും പ്രാദേശിക ജീവിതരീതിയെയും പറ്റി കണ്ടറിവുകള്‍ അദ്ദേഹത്തിന് അനവധിയായിരുന്നു.താന്‍ കണ്ട ജീവിതത്തെപ്പറ്റി മനോഹരമായ ഭാഷയില്‍ അദ്ദേഹം കത്തുകളെഴുതി കമലിനയച്ചു.യാത്രാവിവരണങ്ങളെപ്പോലെ ഹൃദയഹാരിയായ അവ സൂക്ഷിച്ചുവക്കാത്തതില്‍ പിന്നീട് പലപ്പോഴും കമലിന് കുണ്ഠിതം തോന്നിയിട്ടുണ്ട്.മനോഹരമായ ഒരു പുസ്തകമാക്കത്തക്ക വിധം സുദീര്‍ഘങ്ങളായിരുന്നു അവ. കമല്‍ സിനിമാജീവിതം ലക്ഷ്യമിട്ട് മദ്രാസില്‍ താമസിക്കുന്ന കാലത്തും ഈ കത്തിടപാട് തുടര്‍ന്നു.മറുപടിയായി മദിരാശിജീവിതത്തിന്റെ ഋതുഭേദങ്ങള്‍ കമലും വിശദമായി എഴുതി അയക്കും .അറബിക്കഥ പോലെ കൗതുകകരമായിരുന്നു കമലിനെ സംബന്ധിച്ചിടത്തോളം അഷ്‌റഫ് പകര്‍ന്ന ജീവിതാനുഭവങ്ങളോരോന്നും.കത്തെഴുത്ത് കാലാന്തരത്തില്‍ നിലച്ചെങ്കിലും ഇന്നും ഊഷ്മളമായ ബന്ധമാണ് ഇരുവരും കാത്തുസൂക്ഷിക്കുന്നത്.ഇടക്ക് കമലിനും ശ്രീനിവാസനും സിദ്ദിഖിനുമൊപ്പം സിനിമാവിതരണക്കമ്പനിയിലും അഷ്‌റഫ് പങ്കാളിയായി.പള്ളിപ്പെരുന്നാളിനെഴുന്നെള്ളിയ നീറോ ചക്രവര്‍ത്തിപെരുന്നാളാഘോഷങ്ങളുടെ തയ്യാറെടുപ്പിലായിരുന്നു മതിലകം ലാറ്റിന്‍പള്ളി.ആഘോഷാന്തരീക്ഷം കൊഴുപ്പിക്കാന്‍ സ്‌കൂള്‍കുട്ടികളുടെ വക നാടകം കൂടി വക്കുന്നത് നന്നായിരിക്കുമെന്ന് വികാരിയച്ചനു തോന്നി.പള്ളിവക സ്‌കൂളിലെ കുട്ടികളെക്കൊണ്ടു ബൈബിള്‍ നാടകം കളിപ്പിക്കാന്‍ ചുമതലപ്പെടുത്തിയത് ദാവീദിനെയാണ്.പ്രൊഫഷണല്‍ നാടകസംഘത്തിന്റെ നാടകം വേറെയുണ്ട്. അതു തുടങ്ങുന്നതിനു മുന്നോടിയായി ഒന്നൊന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകമാണ് വേണ്ടത്.അവതരണത്തിനു ചെലവാകുന്ന തുക പള്ളിയില്‍ നിന്നു ലഭിക്കും.നാടകം ഏതായിരിക്കണമെന്നു നിശ്ചയിച്ചതും ദാവീദായിരുന്നു.'ഏംപറര്‍ നീറോ' കേന്ദ്രപാത്രമാകുന്ന നാടകം.

'എംപറര്‍ നീറോ' കൂട്ടായ്മയുടെ സൃഷ്ടിയായിരുന്നു .പൗരാണികവിഷയത്തിലുള്ള സംശയങ്ങള്‍ തീര്‍ക്കുന്നതും രചനാപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും ദാവീദാണ്.കമല്‍,ജയിംസ്,സുലൈമാന്‍കാക്കശ്ശേരി,ബഷീര്‍ തൃപ്പയിക്കുളം എന്നിവര്‍ സംഘം ചേര്‍ന്നിരുന്നാണ് നാടകമെഴുത്ത്് .ക്രിസ്തുവിനെതിരുനില്‍ക്കുന്ന നീറോ ചക്രവര്‍ത്തിയുടെ കഥയാണത്.സുലൈമാന്‍ കാക്കശ്ശേരി നീറോയുടെ വേഷമിടുന്നു.ആദ്യം നീറോ ചക്രവര്‍ത്തിക്കൊപ്പം നില്‍ക്കുമെങ്കിലും പിന്നീട് ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു തിരിയുന്ന സാവൂള്‍ എന്ന ഭടനായി അഭിനയിക്കുന്നത് കമലാണ്.പൗലോശ്ലീഹയായി മാറുന്ന സാവൂളിന്റെ തലവെട്ടി നീറോയുടെ ദര്‍ബാറില്‍ മേശപ്പുറത്തുവക്കും.ആ തല ചക്രവര്‍ത്തിയോട് സംസാരിക്കും. ഇപ്രകാരം ക്ഷോഭാത്മകമായ രംഗങ്ങള്‍ പലതും നാടകത്തിലുണ്ടായിരുന്നു.തല സംസാരിക്കുന്ന രംഗത്തിനുവേണ്ടി ഒരു മേശ തന്നെ പ്രത്യേകമായുണ്ടാക്കി.മധ്യഭാഗം മുറിച്ചുനീക്കിയ തളിക മേശമേല്‍ വച്ചിട്ട് കമല്‍ അതിലൂടെ തല പുറത്തിട്ടിരിക്കണം.ഇത്തരത്തില്‍ ആശയവും ആര്‍ട്ട് ഡയറക്ഷനും നിര്‍വ്വഹിച്ചത് ദാവീദാണ്.

കമലിന്റെ മാതാവ് സുലീഖ മജീദ്‌


മകന്‍ നാടകം കളിച്ചുനടക്കുന്നതിനോട് അബ്ദുള്‍മജീദിന് തീരെ യോജിപ്പുണ്ടായിരുന്നില്ല.അതിന് വ്യക്തമായ കാരണങ്ങളും ഉണ്ടായിരുന്നു.ഇപ്രകാരമുള്ള സംഘം ചേരലുകളും പ്രവര്‍ത്തനങ്ങളും മതിലകത്തെ റൗഡികളുമായി സഹവാസത്തിന് വഴി വച്ചേക്കുമെന്ന ആശങ്കയായിരുന്നു അതില്‍ പ്രധാനം.കമല്‍ പൊതുവെ പഠനത്തില്‍ മിടുക്കനായിരുന്നു.പോരെങ്കില്‍ അന്ന് പത്താം തരത്തിലാണ് പഠിക്കുന്നത്.നാടകപ്രവര്‍ത്തനങ്ങള്‍ പഠനത്തെ ബാധിക്കുമെന്ന് പിതാവ് വിശ്വസിച്ചു.അതുകൊണ്ടുതന്നെ പള്ളിപ്പെരുന്നാളിനുള്ള നാടകത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും കമല്‍ വിലക്കപ്പെട്ടു.തലേ ദിവസത്തെ ഡ്രസ് റിഹേഴ്‌സലിന് പോകാന്‍ കമലിന് അനുവാദം കിട്ടിയില്ല.ഏറ്റുപോയ നാടകത്തില്‍ നിന്ന് പ്രധാനവേഷം കെട്ടേണ്ടവരിലൊരാള്‍ അവസാനനിമിഷം പിന്‍മാറുന്നുവെന്നറിഞ്ഞതോടെ മധ്യസ്ഥശ്രമങ്ങളുമായി ദാവീദ് രാവിലെതന്നെ വീട്ടിലെത്തി.'പള്ളിക്കാര്‍ നടത്തുന്ന നാടകമാണ്.പകരത്തിനൊരാളെ ഏര്‍പ്പാടാക്കാന്‍ സമയമില്ല.എങ്ങനെയെങ്കിലും സമ്മതിക്കണം.'എന്നെല്ലാം അയാള്‍ പറഞ്ഞുനോക്കി. പക്ഷേ ദാവീദിന്റെ വാക്കുകള്‍ അബ്ദുള്‍ മജീദിന്റെ തീരുമാനത്തെ ഉലച്ചില്ല.


മിനിറ്റുകളും മണിക്കൂറുകളും കൊഴിഞ്ഞുകൊണ്ടിരിക്കുന്നു.നാഴികമണിയുടെ ഓരോ മുഴക്കവും കമലെന്ന പതിനഞ്ചുകാരന്റെ നാഡിമിടിപ്പുകള്‍ കൂട്ടി.വൈകുന്നേരത്തോടെ സാവൂളായി വേഷം കെട്ടാനാകില്ലെന്നും 'എംപറര്‍ നീറോ' മുടങ്ങുമെന്നും കമലിന് ഉറപ്പായി. പെരുന്നാളാഘോഷത്തിനു കാത്തിരിക്കുന്നവര്‍,മറ്റ് അഭിനേതാക്കള്‍,ദാവീദ്...ആലോചിക്കുമ്പോള്‍ കുറ്റബോധവും നിസ്സഹായതയും കണ്ണില്‍ ഇരുട്ടു പടര്‍ത്തുന്ന അവസ്ഥ.ബാപ്പ ഉമ്മറത്തുതന്നെ ഇരിക്കുന്നുണ്ട്.ഒളിച്ചുകടക്കാമെന്നുവച്ചാല്‍ അതിനും കഴിയില്ല.ഇനി ഏക ആശ്രയം ഉമ്മയാണ്.ഏറ്റുപോയനാടകം മുടങ്ങാതെ നോക്കേണ്ട ബാധ്യതയെപ്പറ്റി ഉമ്മയെ ബോധ്യപ്പെടുത്താന്‍ കമല്‍ ശ്രമിച്ചു.മകന്‍ നാടകത്തിനു പോകുന്നതില്‍ സുലൈഖക്ക് വിരോധമൊന്നുമില്ല.എങ്ങനെയെങ്കിലും ബാപ്പയെ അനുനയിപ്പിച്ചോളാമെന്നും തല്‍ക്കാലം കണ്ണുവെട്ടിച്ചു പുറത്തു കടക്കാനും ഉമ്മ പറഞ്ഞു.

രാത്രിഭക്ഷണം കഴിച്ച ശേഷം തലവേദനയുണ്ടെന്ന വ്യാജേന കമല്‍ ഉറങ്ങാന്‍ മുറിയിലേക്ക് പോകുന്നതായി അഭിനയിച്ചു.കമലിന്റെ തലവേദന ബാപ്പ.യുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉമ്മ ആവുംവിധം സഹായിക്കുകയും ചെയ്തു.എട്ടുമണിക്കെങ്കിലും മേക്കപ്പിനെത്തണം.ഒന്‍പതുമുതല്‍ ഒന്നര മണിക്കൂറാണ് നാടകം.അതു കഴിഞ്ഞാല്‍ പ്രൊഫഷണല്‍ സംഘത്തിന്റെ നാടകം വെളുക്കും വരെ തുടരും..പിന്നെ ഒന്നും ആലോചിച്ചില്ല.പിതാവിന്റെ കണ്ണൊന്നു പാളിയപ്പോള്‍ പുറത്തിറങ്ങി പടിപ്പുരയോടുചേര്‍ന്ന മതിലിന്റെ ഓരത്തുള്ള പേരമരത്തിലൂടെ ഊര്‍ന്ന് പള്ളിപ്പറമ്പിലേക്ക് ഓട്ടം തുടങ്ങി.വീട്ടില്‍ നിന്ന് പ്രതിഷേധവും ശിക്ഷാനടപടിയും ഉണ്ടാകുന്നെങ്കില്‍ ഉണ്ടാകട്ടെ ;അതെപ്പറ്റി തിരിച്ചു ചെല്ലുമ്പോള്‍ ആലോചിക്കാം എന്നുമാത്രമാണ് കമലപ്പോള്‍ ഓര്‍ത്തത്.
കമലിന്റെ മുത്തച്ഛന്‍ മക്കാര്‍ ഹാജി

മേക്കപ്പിടുമ്പൊഴേക്കും ദാവീദ് അനൗണ്‍സ്‌മെന്റ് തുടങ്ങി.ആദ്യരംഗത്തില്‍ത്തന്നെ സാവൂള്‍ എന്ന പട്ടാളക്കാരനായി കമല്‍ എത്തണം.അവിടവിടെയായി പലകഥാപാത്രങ്ങളെയും കെട്ടിയിട്ടിട്ടുണ്ട്.ഇവര്‍ക്കുനേരെ ചാട്ടവാറടികള്‍ ഉതിര്‍ത്തുകൊണ്ട് സാവൂള്‍ പറയണം ഈ ക്രിസ്ത്യാനികളെ മുഴുവന്‍ ഞാന്‍ ചുട്ടുചാമ്പലാക്കുമെന്ന് .കമല്‍ ചാട്ടവാര്‍ വീശി ഡയലോഗ് പറഞ്ഞതും കാണികള്‍ക്കിടയില്‍ നിന്നും മദ്യലഹരി തലക്കുപിടിച്ച ഒരാള്‍ ചാടി എഴുന്നേറ്റു.

'ആരാടാ ഇവിടെ ക്രിസ്ത്യാനികളെ ചുടാന്‍.നീയാണോടാ... മക്കാര്‍ഹാജിയുടെ പേരക്കിടാവാണോടാ...'
ഇങ്ങനെ ആക്രോശിച്ചുകൊണ്ട് അയാള്‍ നിലത്തുനിന്നും മണ്ണുകോരിയെറിഞ്ഞു.ഇതെല്ലാം കണ്ടുകൊണ്ട് ബാപ്പ പിന്നില്‍ നില്‍ക്കുന്നുണ്ടെന്ന് കമലപ്പോഴറിഞ്ഞില്ല.ഗ്രീന്‍ റൂമില്‍പ്പോയി കണ്ണും മുഖവും കഴുമ്പോള്‍ നാടകത്തെ നാടകമായിത്തന്നെ കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് വികാരിയച്ചന്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ടായിരുന്നു.അച്ചനിടപെട്ട് രംഗം ശാന്തമാക്കിയതോടെ നാടകം വിണ്ടും തുടങ്ങി.അന്നൊരൊറ്റ രാത്രി കൊണ്ട് കമല്‍ നാട്ടില്‍ ഫേമസായി എന്നതാണ് രസകരമായ സത്യം.

പ്രൊഫഷണല്‍ നാടകം തുടങ്ങിയതിനുശേഷം പഴയപടി പേരമരത്തില്‍ത്തൂങ്ങി കമല്‍ തിരിച്ച് വീടിന്റെ മതില്‍ ചാടിക്കടന്നു.അപ്പോഴേക്കും രാത്രി നന്നായി വൈകിയിരുന്നു.മുറിക്കുമുന്നില്‍ എത്തിയപ്പോള്‍ കമല്‍ ഞെട്ടിപ്പോയി.അവിടെ ബാപ്പ കസാലയിട്ട് കാത്തിരിക്കുന്നു.

'കണ്ണില്‍ മണ്ണുവീണിട്ട് കുഴപ്പമൊന്നും പറ്റിയില്ലല്ലോ ..?ഞാനവിടെ ഉണ്ടായിരുന്നു'
എന്തുപറയണമെന്നറിയാതെ നിന്ന കമലിനോട് ബാപ്പ തുടര്‍ന്നു.
'നീ ചാടിപ്പോകുമെന്നെനിക്കറിയാമായിരുന്നു.അതുകൊാണ് ഞാന്‍ വന്നത്.പോയതു പോയി .ഞാനതിനു വഴക്കൊന്നും പറയാന്‍ പോകുന്നില്ല. എന്തായാലും നീ ഇതോടെ നിര്‍ത്തിയേക്കണം പത്താം ക്ലാസ്സാണ് .പരീക്ഷ വരികയാണ് .'

ബാപ്പയുടെ സ്വഭാവം അങ്ങനെയാണ്.ഇനി അതെച്ചൊല്ലി അദ്ദേഹം വഴക്കൊന്നും പറയില്ലെന്നുറപ്പ്്.;പക്ഷേ ഇനി ആവര്‍ത്തിക്കരുതെന്നു മാത്രം.കമലുമപ്പോള്‍ ബാപ്പക്കു വാക്കുകൊടുത്തു;പരീക്ഷയില്‍ ശ്രദ്ധിക്കാമെന്നും നാടകങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാമെന്നും.


കാക്കോത്തിക്കാവിലേക്കുപറന്ന അപ്പൂപ്പന്‍താടികള്‍
'ബാല്യത്തിലെ ഇത്തരം ഓര്‍മകള്‍ സത്യത്തിലെനിക്ക് സമ്പാദ്യങ്ങള്‍ തന്നെയാണ്.നാടകത്തിലഭിനയിക്കുന്നതിനൊക്കെ വീട്ടില്‍ കുറച്ച് വിലക്കുകളുണ്ടായിരുന്നെങ്കിലും സംഭവബഹുലമായ ബാല്യമായിരുന്നു എന്റേത്.പറമ്പില്‍ നിറയെ മരങ്ങള്‍ ,ഊഞ്ഞാല്‍ ... കുട്ടിക്കാലത്തെ ഏറ്റവും നല്ല ഓര്‍മ്മകളിലൊന്ന് പറമ്പിലാകെ പാറിപ്പറക്കുന്ന തുമ്പികളാണ്.ഓരോ സീസണിലും ഓരോ തരം ഓര്‍മകള്‍...'കമല്‍ പറയുന്നു.

ഓരോ സിനിമ ചിത്രീകരിക്കുമ്പോഴും ബാല്യത്തിന്റെ നിരവധി ഫ്രയിമുകള്‍ കമലിന്റെ മനസ്സിലേക്കോടിയെത്താറുണ്ട്.കഥാഗതിക്കും പാത്രസമ്പുഷ്ടിക്കുമിണങ്ങുന്ന അത്തരം സന്ദര്‍ഭങ്ങളെ ഏറ്റവും വൈഭവത്തോടെ ചിത്രീകരിക്കാന്‍ ഈ സംവിധായകനു കഴിഞ്ഞതും ബാല്യകൗമാരങ്ങളിലെ ഊഷ്മളാനുഭവങ്ങള്‍ നിത്യവിസ്മയമെന്നവണ്ണം കാത്തുസൂക്ഷിച്ചതുകൊണ്ടാണ്.എല്ലാരീതിയിലുും സമൃദ്ധമായ ബാല്യം ആസ്വദിച്ച ഒരാളെന്ന നിലക്ക് സിനിമയിലേക്ക് സ്വന്തം കുട്ടിക്കാലത്തിന്റെ തന്നെ പ്രതിഫലനങ്ങള്‍ കൊണ്ടുവരികയായിരുന്നു അദ്ദേഹം. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളുടെ ചിത്രീകരണം തന്നെ പരിശോധിക്കാം.പാറിപ്പറക്കുന്ന അപ്പൂപ്പന്‍താടികള്‍ ഓണക്കാലം കഴിയുമ്പോള്‍ കമലിന്റെ വിശാലമായ പറമ്പിലെ നിത്യകാഴ്ചകളിലൊന്നാണ്.അവ കൈക്കലാക്കി കൊണ്ടുനടക്കുന്നത് അക്കാലത്തെ പ്രധാനവിനോദവുമായിരുന്നു.പൂമ്പാറ്റകള്‍ക്കും പൂത്തുമ്പികള്‍ക്കുമൊപ്പം പാറിനടക്കുന്ന അപ്പൂപ്പന്‍ താടികള്‍ക്ക് ഈയ്യാംപാറ്റകളെപ്പോലെ അല്‍പ്പായുസ്സാണുള്ളത്.ഈയൊരു അനുഭവം കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളുടെ ചിത്രീകരണസമയത്ത് ഏറെ സഹായകമായി.നവംബറിലാണ് സിനിമ ചിത്രീകരിച്ചത്;അതിന്റെ ഡിസ്‌കഷന്‍ നടന്നത് ഓണക്കാലത്തും.ഓണം കഴിഞ്ഞാല്‍ അ്പ്പൂപ്പന്‍താടികളുടെ സീസണാണ്.ഷൂട്ടിംഗ് തുടങ്ങുന്ന നവംബറില്‍ അതുണ്ടാകാനിടയില്ല.നിര്‍മ്മാതാവായ ഫാസില്‍,അദദേഹത്തിന്റെ അസിസ്റ്റന്റുമാരായ സിദ്ദിഖ്-ലാല്‍, കഥാകൃത്ത് മധുമുട്ടം എന്നിവരൊക്കെയുള്ള ഡിസ്‌കഷന്‍ സമയത്ത് അപ്പൂപ്പന്‍ താടികള്‍ ശേഖരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കമല്‍ ഓര്‍മ്മപ്പെടുത്തി

അങ്ങനെയാണ് ആര്‍ട്ട് വിഭാഗത്തിലെ പ്രവര്‍ത്തകര്‍ അപ്പൂപ്പന്‍താടി ശേഖരിക്കാനിറങ്ങിയത്.പലര്‍ക്കും അപ്പൂപ്പന്‍താടികള്‍ എവിടെനിന്നാണ്ടാകുന്നതെന്നുപോലും അറിയില്ല.കമല്‍ അപ്പൂപ്പന്‍താടിയുണ്ടാകുന്ന ചെടി കമല്‍തന്നെയാണവര്‍ക്ക് കാട്ടിക്കൊടുത്തത്.പിന്നീടവര്‍ പല സ്ഥലത്തും തേടിനടന്ന് ഷൂട്ടിംഗിനാവശ്യമായ അപ്പൂപ്പന്‍താടികള്‍ വലിയ കാര്‍ട്ടണ്‍ബോക്‌സില്‍ ശേഖരിച്ചു.ഷൂട്ടിംഗ് സമയത്ത് വിത്തിളകാതെ സൂക്ഷിച്ചെടുത്താണ് അപ്പൂപ്പന്‍താടികള്‍ ഉപയോഗിച്ചത്.ചിത്രം പൂര്‍ത്തിയായപ്പോള്‍ മനസ്സില്‍ തെളിഞ്ഞുനിന്നിരുന്ന ബാല്യകാലത്തിലെ അപ്പൂപ്പന്‍താടികള്‍ തന്നെയാണ് ഫ്രയിമുകളിലും പറന്നു കളിക്കുന്നതെന്ന് കമലിനു തോന്നി.


കുട്ടികള്‍ നേരിടുന്ന പരാശ്രയത്വഭീഷണികളെ സാമാന്യവത്കരിച്ച 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളെ'പ്പോലെ ഒട്ടനവധി സിനിമകള്‍ക്ക് കാമ്പും കരുത്തുമായത്.ഇത്തരം ജീവസ്സുറ്റ ഓര്‍മ്മകളാണ്.തെരുവുബാല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന നന്മനിറഞ്ഞ സന്ദേശവുമായി 'ഉണ്ണികളെ ഒരു കഥ പറയാം', യുവത്വം മതിമറന്നാസ്വദിക്കുമ്പോഴും ശൈശവത്തോടുള്ള അനുകമ്പയാല്‍ മൂന്നു ചെറുപ്പക്കാര്‍ കിങ്ങിണിക്കു വാല്‍സല്യം പകരുന്ന 'തൂവല്‍സ്പര്‍ശം', മാതാപിതാക്കളുടെ അകല്‍ച്ചക്കും വിവാഹമോചനശ്രമങ്ങള്‍ക്കുമിടയില്‍ അന്യമാകുന്ന തണലിനുവേണ്ടി ബാലമനസ്സ് തേടുന്ന സൗഹൃദത്തിന്റെ 'പൂക്കാലം വരവായി',ബാല്യകാലാഭിലാഷങ്ങള്‍ നേടിയെടുക്കാന്‍ ശങ്കര്‍ദാസിനെ വാശിയോടെ വലുതാക്കുന്ന 'അഴകിയ രാവണന്‍'... ഈ കഥാപാത്രങ്ങളും സിനിമകളും വിളിച്ചോതുന്ന ലളിതസത്യം ബാല്യകൗമാരാനുഭവങ്ങളും ജന്‍മനാടും കമല്‍ എന്ന സംവിധായകന്റൈ , എഴുത്തുകാരന്റെ കലാഭിരുചികളില്‍ ചെലുത്തിയ സ്വാധീനം എത്രത്തോളമാണെന്നാണ്.

കലാപ്രവര്‍ത്തനങ്ങളുമായി ഇഴുകിച്ചേരാനാകുന്ന പ്രത്യേകകഥാപാത്രങ്ങളും അനുകൂലസാഹചര്യങ്ങളുമുള്ള നാടായിരുന്നു കമല്‍ സംബന്ധിച്ചിടത്തോളം മതിലകം.പള്ളിയുട തെക്കന്‍ഭാഗത്ത് റൗഡികളും റിബലുകളുമുള്ള അങ്ങാടി ; മറുവശത്ത് കലാകാരന്‍മാരുടെ കേന്ദ്രവും ലൈബ്രറിയും കളിക്കളവും. അങ്ങാടിയില്‍ നിന്ന് മനസ് തിരിക്കാനാണ് വടക്കന്‍ ഭാഗത്തെ കൂട്ടായ്മയിലേക്ക് കമല്‍ ചായ്‌വ് പ്രകടിപ്പിച്ചതെങ്കിലും അതു തന്നെയായിരുന്ന ഒരു കലാകാരന് വളരാനും സ്വയം തിരിച്ചറിയാനും ലഭിച്ച നാട്ടുപച്ചയും നവോര്‍ജ്ജവും.

(തുടരും)