നക്ഷത്രദൂരം - 4My three Ps: passion, patience, perseverance. You have to do this if you've got to be a filmmaker.
- Robert Wise (American film director)


ബാല്യത്തിന്റെ കുതൂഹലതകളാണ് പലപ്പോഴും അഭിരുചികളെ വിത്തെറിഞ്ഞുവളര്‍ത്തുന്നതും വ്യക്തിത്വത്തിന്റെ ഭാഗമാക്കുന്നതും.ഉപോല്‍ബലകമായി ചില മാതൃകകള്‍ കുടുംബത്തില്‍ തന്നെയുണ്ടാകുകയും സഹൃദയത്വം നിറഞ്ഞ പിന്തുണ ലഭിക്കുകയും ചെയ്യുന്നതോടെ വികസ്വരാവസ്ഥയിലുള്ള കലാഭിരുചികള്‍ക്ക് നേര്‍ദിശ നിശ്ചയിക്കപ്പെടും.കമലിന്റെ ഉമ്മ സുലൈഖ കൊടുങ്ങല്ലൂരിലെ പുരാതനമായ പടിയത്ത് കുടുംബത്തിലെ അംഗമായിരുന്നു. പല നാടുകളിലായി പടര്‍ന്നിട്ടുള്ള ശാഖോപശാഖകളില്‍പ്പെട്ടവര്‍ ഒത്തുചേരുമ്പോഴുള്ള അംഗബലം മാത്രം മതി ഇന്നും ആ കുടുംബത്തിന്റെ വ്യാപ്തിയും പ്രാധാന്യവും മനസ്സിലാക്കാന്‍.കുടുംബാംഗങ്ങളില്‍ ചിലര്‍ സിനിമയുടെ പ്രഭാമധ്യത്തില്‍ നിലകൊള്ളുകയും ചെയ്തിരുന്നു.നടന്‍ ബഹദൂറായിരുന്നു കൂട്ടത്തില്‍ പ്രധാനി

സിനിമയുടെ അതിവിദൂരമല്ലാത്ത ശൃംഖലകളിലൊന്ന് കുട്ടിക്കാലത്തുതന്നെ കമലിനെ ചുറ്റിപ്പിണഞ്ഞിരുന്നു.അതിനു പ്രേരകമായ ചങ്ങലക്കണ്ണികളിലൊരാളായിരുന്നു മൊയ്തു പടിയത്ത് കമലിന്റെ അമ്മാവനായ അദ്ദേഹം നോവലിസ്റ്റ് ,സിനിമതിരക്കഥാകാരന്‍ എന്നീ നിലകളിലെല്ലാം പേരെടുത്തിരുന്നു.കുട്ടിക്കുപ്പായം പോലെയുള്ള അന്നത്തെ സൂപ്പര്‍ഹിറ്റുചിത്രങ്ങളില്‍പ്പലതിന്റെയും രചയിതാവ് അദ്ദേഹമായിരുന്നു.ഈ വിജയചിത്രങ്ങളെല്ലാം ചെറുപ്പത്തില്‍ത്തന്നെ കമലിന്റെ മനസ്സില്‍ ഇടം നേടി.കുടുംബത്തിലെ സ്ത്രീകള്‍ നേര്‍ച്ചപോലെ കുട്ടിക്കുപ്പായമടക്കമുള്ള സിനിമകള്‍ കാണുകയും അതിലെ ഡയലോഗുകള്‍ പറയുകയും പാട്ടുകള്‍ പാടുകയും ചെയ്തിരുന്നു.സിനിമാരംഗത്ത് കുടുംബാംഗങ്ങള്‍ പതിപ്പിച്ച പാദമുദ്രകള്‍ മോഹിപ്പിച്ചതുകൊണ്ടാവാം ചെറുപ്പത്തില്‍ത്തന്നെ കമലിന്റെ ഭാവിസങ്കല്‍പ്പങ്ങളിലും അത്തരമൊരഭിനിവേശം രൂപപ്പെട്ടത്.


വഴിത്തിരിവില്‍ ബഹദൂറെന്ന തണല്‍മരംഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കി കോളജില്‍ നിന്നും പുറത്തുവരുമ്പോള്‍ കമലിന് അഭിമുഖീകരിക്കേണ്ടി വന്നത് വിഭിന്നങ്ങളായ രണ്ടുതരം താല്‍പ്പര്യങ്ങളെയാണ്.സിനിമയെന്ന മായികലോകത്തിന്റെ ഭൂമികയായ മദ്രാസിലേക്കു പോകാനുള്ള സ്വന്തം ആഗ്രഹം അതിലൊന്ന് .മറുവശത്ത് റിയാലുകളുടെയും ദിര്‍ഹത്തിന്റെയും ആകര്‍ഷണവലയമൊരുക്കി ഗള്‍ഫ്‌ജോലി തെരഞ്ഞെടുക്കാന്‍ പിതാവ് നല്‍കിയ കര്‍ശനനിര്‍ദ്ദേശം.സിനിമാലോകത്തേക്കുപോകാനുള്ള കമലിന്റെ താല്‍പ്പര്യത്തെ അബ്ദുള്‍ മജീദ് തീവ്രമായി് എതിര്‍ത്തു.മുന്‍പ് അഷ്‌റഫ് പടിയനുമായി ചേര്‍ന്ന് 'ത്രാസം' സിനിമക്കുവേണ്ടി പ്രവര്‍ത്തിച്ചതൊന്നും അദ്ദേഹത്തിനത്ര രസിച്ചിരുന്നില്ല.എത്രയും വേഗം പാസ്‌പോര്‍ട്ടിനപേക്ഷിക്കാനും ഗള്‍ഫില്‍ ജോലിക്കുപോകാനും അദ്ദേഹം ആവശ്യപ്പെട്ടു.കൊടുങ്ങല്ലൂര്‍പ്രദേശം അതിനകംതന്നെ ഗള്‍ഫ്ബൂമിന് അടിപ്പെട്ടുതുടങ്ങിയിരുന്നു.എന്നാല്‍ ഗള്‍ഫ് ജോലിക്കില്ലെന്ന നിലപാടില്‍ കമല്‍ ഉറച്ചുനിന്നു.

'ത്രാസ'ത്തില്‍ മൊട്ടിട്ട സിനിമാമോഹം പൂവണിയാതെ കൊഴിയുന്നതിനെപ്പറ്റി ചിന്തിക്കാന്‍ കമലിന് കഴിയുമായിരുന്നില്ല.'ത്രാസ'മാണെങ്കില്‍ സാമ്പത്തികപ്രതിസന്ധി കാരണം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുന്നു.അതിന്റെ നിര്‍മ്മാതാവും പടിയനാണ്. മദ്രാസില്‍ നടത്തേണ്ട പോസ്റ്റ്്‌പ്രൊഡക്ഷന്‍ ജോലികള്‍ക്ക് പണമില്ല. എഡിറ്റിംഗ് , ഡബ്ബിംഗ് ജോലികളെല്ലാം ബാക്കിയാണ്.സിനിമയോടുള്ള താല്പര്യത്താല്‍ നനഞ്ഞിറങ്ങി;ഇനി കുളിച്ചുകയറിയേ മതിയാകൂ.അതുകൊണ്ടുതന്നെ ഏതുവിധേനയും മദ്രാസിലേക്കുപോകണമെന്ന് കമല്‍ ഉറപ്പിച്ചു.

ആയിടക്കാണ് ബഹദൂര്‍ നാട്ടിലേക്കുവന്നത്.നല്ല അടുപ്പം മുന്‍നിര്‍ത്തി അബ്ദുള്‍മജീദിന് വേണമെങ്കില്‍ ബഹദൂറിനോട് മകനുവേണ്ടി ശുപാര്‍ശ ചെയ്യാമായിരുന്നു.എന്നാല്‍ കമലിന്റെ സിനിമാപ്രവേശത്തെ ആദ്യം മുതല്‍ എതിര്‍ത്തിരുന്ന അദ്ദേഹം അതിന് തയ്യാറായില്ല.അവിടെ സഹായഹസ്തവുമായെത്തിയത് അമ്മാവന്‍ യൂസഫ് പടിയത്താണ്.തികഞ്ഞ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ അദ്ദേഹം നല്ലൊരു കലാസ്‌നേഹിയുമായിരുന്നു.സ്‌കൂള്‍ അധ്യാപകന്‍,ഹോമിയോ ഡോക്ടര്‍ എന്നീ നിലകളിലുള്ള പ്രവര്‍ത്തനങ്ങള്‍...മത്തായി മാഞ്ഞൂരാനെപ്പോലെയുള്ള പ്രമുഖരുമായുള്ള അടുപ്പം...എല്ലാ രംഗത്തും സജീവമായിരുന്ന അദ്ദേഹം വിചാരിച്ചാല്‍ ബഹദൂറിനുമുന്നില്‍ തന്റെ ആഗ്രഹങ്ങള്‍ എത്തിക്കാനാവുമെന്ന് കമല്‍ കരുതി. മാത്രമല്ല , കമലിനോട് യൂസഫെപ്പോഴും ഒരടുപ്പവും വാത്സല്യവും പുലര്‍ത്തുകയും ചെയ്തിരുന്നു.'ത്രാസം' സിനിമയില്‍ കമലിന്റെ പങ്കാളിത്തം എന്തൊക്കെയാണെന്നും അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു.
സഹപാഠിയും അടുത്ത ബന്ധുവുമായ ബഹദൂറിന് അദ്ദേഹം കമലിനെ പരിചയപ്പെടുത്തി.
'എടാ കുഞ്ഞാലു...ഇതെന്റെ പെങ്ങടെ മകനാണ്.അവന് സിനിമയിലൊക്കെ ആഗ്രഹമുണ്ട് .മദ്രാസിലേക്ക് നീയവനെ കൊണ്ടുപോകണമെന്നാണ് പറയുന്നത്'

കമലിനെ അടിമുടി നോക്കി ബഹദൂര്‍ പറഞ്ഞു.
'മജീദിന്റെ മോനല്ലേ... വേണ്ടവേണ്ട ;നീയിങ്ങനെ സിനിമേടെ പേരുംപറഞ്ഞ് ഊരുചുറ്റാനൊന്നും നില്‍ക്കണ്ട.മറ്റെന്തെങ്കിലും പണിനോക്ക്....'

ബഹദൂര്‍ മടങ്ങിപ്പോയെങ്കിലും സിനിമക്കുവേണ്ടി കമലിന്റെ മനസ്സിലുയര്‍ന്ന മന്ത്രണങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചതേയുള്ളൂ. പ്രതീക്ഷയുണര്‍ത്തുന്നതിനുപകരം നിരുത്സാഹപ്പെടുത്തുന്ന മറുപടിയാണ് ബഹദൂറില്‍ നിന്ന് ലഭിച്ചത്.വാസ്തവത്തിലപ്പോള്‍ ബഹദൂറിനോട് കാര്യമായ ദേഷ്യമാണ് കമലിനു തോന്നിയത്.ആ മനസ്സുവായിച്ചിട്ടെന്നപോലെ അമ്മാവന്‍ പറഞ്ഞു.
'നീയത് കാര്യമാക്കണ്ട.കുഞ്ഞാലി എന്തെങ്കിലും തിരക്കിലായിരുന്നിരിക്കാം.എന്തായാലും ഞാനൊരു കത്തുതരാം . നീ മദ്രാസില്‍ ചെന്ന് കാണൂ'

പുത്തന്‍ പ്രതീക്ഷയോടെയാണ് കമല്‍ മദ്രാസിലെത്തിയത്.യൂസഫ് പടിയത്തിന്റെ കത്തുവായിച്ച ശേഷം ബഹദൂര്‍ അല്പനേരം കമലിനെത്തന്നെ നോക്കിയിരുന്നു.
'ഞാനവിടെവച്ചേ പറഞ്ഞതല്ലേ ഇങ്ങോട്ടൊന്നും വരേണ്ട എന്ന്.'

'ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു;എനിക്കു സിനിമ മതിയെന്ന്...ഞാനിവിടെത്തന്നെ നില്‍ക്കാനാ ഉദ്ദേശിക്കുന്നത്.'

'സിനിമ എന്നു പറയുന്നത് ചിലര്‍ക്ക ഭാഗ്യം കൊണ്ടുവരും ചിലര്‍ക്കത് കൊടുക്കുന്നത് സന്തോഷമാവില്ല.നീ സിനിമയില്‍ രക്ഷപ്പെടുമെന്നുറപ്പൊന്നുമില്ല.നീയിപ്പോ ഡയറക്ഷനെന്നു പറഞ്ഞാണ് വന്നിരിക്കുന്നത്...എത്ര ഡയറക്ടര്‍മാരാണെന്നറിയാമോ ഇവിടെ പണിയില്ലാതെ തെക്കുവടക്കുനടക്കുന്നത്.'

'അങ്ങനെ പറഞ്ഞാല്‍ ഐ വി ശശി രക്ഷപ്പെട്ടില്ലേ? ഹരിഹരന്‍ രക്ഷപ്പെട്ടില്ലേ...?'

'അതവരുടെ കഷ്ടപ്പാടും അധ്വാനവും കൊണ്ടാണ്.'

'അതിന് ... കഷ്ടപ്പെടനും അധ്വാനിക്കാനും ഞാനും തയ്യാറാണ്.'

കമലിന്റെ വാക്കുകളില്‍ സിനിമാഭിനിവേശം തിളക്കുന്നത് ബഹദൂര്‍ തിരിച്ചറിഞ്ഞു. ഐ വി ശശിയടക്കം പല പ്രമുഖര്‍ക്കും സിനിമാരംഗത്ത് അടിത്തറയൊരുക്കിയവരിലൊരാളാണ് ബഹദൂറെന്ന മുന്നറിവും കമലിനുണ്ടായിരുന്നു.തെല്ലുമൗനത്തിനുശേഷം ബഹദൂര്‍ ഒരിക്കല്‍ക്കൂടി തന്റെ നിലാപാടാവര്‍ത്തിച്ചു.കൂടാതെ കമലിനെ നാട്ടിലേക്കുതിരിച്ചയക്കാനുള്ള ടിക്കറ്റെടുക്കാനും വൈകുന്നേരം മദ്രാസ് സെന്‍ട്രല്‍ റയില്‍വേസ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകാനും അളിയന്‍ അമീറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.അതിനിടെ ആരോ സന്ദര്‍ശകരെത്തിയതോടെ ബഹദൂര്‍ തിരക്കിലായി.ഉമാലോഡ്ജിലായിരുന്നു കമലിന്റെ താല്‍ക്കാലികതാമസം .അവിടെനിന്നും പെട്ടിയെടുത്ത് മടക്കയാത്രക്കുതയ്യാറായിവരാനെന്ന വ്യാജേന കമല്‍ മെല്ലെ ബഹദൂറിന്റെ താമസസ്ഥലത്തുനിന്ന് പിന്‍വാങ്ങി. പിന്നീട് ബഹദൂറിന്റെ കണ്ണില്‍പ്പെടാതെ മൂന്നു ദിവസങ്ങള്‍...നാലാം ദിവസം ബഹദൂറിന്റെ അടുത്തേക്കു കൂട്ടാന്‍ അമീറെത്തി.തന്റെ ശാസനകള്‍ക്കു മീതെ കമലിന്റെ തീരുമാനം ഉറച്ചുനിന്നതോടെ ബഹദൂര്‍ ഒരു കത്തുതയ്യാറാക്കി .അത് ഐ വി ശശിക്കുള്ളതായിരുന്നു.

1980 മാര്‍ച്ചുമാസം .പ്രശസ്തിയുടെയും ജോലിത്തിരക്കിന്റെയും ഉയരങ്ങളിലാണ് ശശിയപ്പോള്‍.'അവളുടെ രാവുകള'ടക്കമുള്ള സൂപ്പര്‍ഹിറ്റുകള്‍ അതിനകംതന്നെ അദ്ദേഹത്തെ മലയാളത്തിലെ മുന്‍നിരസംവിധായകനാക്കിയിരുന്നു.ഒരേസമയം ഒന്നിലധികം ചിത്രങ്ങളുടെ വിവിധഘട്ടങ്ങളിലെത്തിനില്‍ക്കുന്ന നിര്‍മ്മാണജോലികള്‍.അതിനനുസരിച്ച് ശശിയെ ചുറ്റിപ്പറ്റി അസിസ്റ്റന്റുമാരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്.ബഹദൂറിന്റെ കത്തുമായി കമല്‍ പൂക്കാരന്‍ സ്ട്രീറ്റിലെ ഐ വി ശശിയുടെ താമസസ്ഥലത്തെത്തി.എന്നാല്‍ അദ്ദേഹമപ്പോള്‍ മറ്റേതോ ഷൂട്ടിംഗ്‌ലൊക്കേഷനിലായിരുന്നു.അവളുടെ രാവുകളുടെ പ്രൊഡ്യൂസര്‍ മുരളിമൂവീസിലെ രാമചന്ദ്രന്‍ അവിടെയുണ്ടായിരുന്നു.കത്ത് ശശിയെ ഏല്‍പ്പിക്കാമെന്ന് അദ്ദേഹമേറ്റു.പിറ്റെ ദിവസം വീണ്ടുമെത്തുമ്പോള്‍ ഐ വി ശശി അവിടെയുണ്ടായിരുന്നു.പരിഗണനാപൂര്‍വ്വം പെരുമാറിയ അദ്ദേഹം പന്ത്രണ്ടോളം സംവിധാനസഹായികള്‍ തനിക്കുള്ള വിവരം അറിയിച്ചു. അതേ സമയം തന്നെ അഡയാറിലെ സത്യം സ്റ്റുഡിയോയില്‍ 'അലാവുദ്ദീനും അല്‍ഭുതവിളക്കും' ഷൂട്ടിംഗ് നടക്കുന്നിടത്തേക്ക്് അടുത്ത ദിവസമെത്തിക്കോളാന്‍ പറയുകയും ചെയ്തു.മുട്ടിക്കൊണ്ടിരുന്ന വാതില്‍ പെട്ടെന്നു തുറന്നുകിട്ടിയ സന്തോഷമായിരുന്നു കമലിന്.ആവേശപൂര്‍വ്വം സെറ്റിലെത്തിയ കമലിനെ അസിസ്റ്റന്റുമാരിലൊരാളോടൊപ്പമാക്കിയ ശശി ഷൂട്ടിംഗിന്റെ തിരക്കിലേക്കുപോയി.സെറ്റിലെ പൊതുപ്രവണത അസ്വാസ്ഥ്യം ജനിപ്പിക്കുന്നതാണെന്ന് ആദ്യദിനം തന്നെ കമലിന് വ്യക്തമായി.അസിസ്റ്റന്റ് ഡയറക്ടര്‍മാരെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ജാടക്കാരായിരുന്നു.അവരൊന്നും കമലിനെ പരിഗണിച്ചതേയില്ല.വെറുമൊരു കാഴ്്ചക്കാരനായി മൂന്നുദിവസം കമല്‍ സെറ്റില്‍ തുടര്‍ന്നു.ഔട്ട്‌ഡോര്‍ ഷൂട്ടിംഗിന് കേരളത്തിലേക്ക് പോകുകയാണെന്ന വിവരം തൊട്ടടുത്ത ദിവസം ശശി തന്നെയാണ് കമലിനോട് പറഞ്ഞത്.മദ്രാസില്‍ത്തന്നെ തുടരാനാണ് കമലിന്റെ തീരുമാനമെങ്കില്‍ താന്‍ തിരിച്ചുവന്നതിനുശേഷം തുടങ്ങാനിരിക്കുന്ന സിനിമയില്‍ അവസരം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

ഐ വി ശശി മദ്രാസിലേക്കു തിരിച്ചുവരുന്നതുവരെയുള്ള ഇടവേളക്കാലം.ദിവസങ്ങള്‍ തള്ളിനീക്കുന്നതിനിടയില്‍ പലപ്പോഴും കമല്‍ മദ്രാസില്‍ത്തന്നെയുണ്ടായിരുന്ന ശശിയുടെ ചില അസിസ്റ്റന്റുമാരെ കണ്ടിരുന്നു.അവരെല്ലാം കമലിനെ നിരുത്സാഹപ്പെടുത്താനാണ് തുനിഞ്ഞത്.അതില്‍ നിന്നൊരുകാര്യം പകല്‍ പോലെ വ്യക്തമായി.ഐ വി ശശിക്കൊപ്പം ഇപ്പോള്‍ത്തന്നെ ആവശ്യത്തിലധികം ആളുകളുണ്ട്.പുതുതായി ഒരാള്‍ കൂടി സംഘത്തില്‍ ചേരുന്നത് അവരില്‍ പലരും ഇഷ്ടപ്പെടുന്നില്ല.സംവിധാനപരിശീലനത്തിന്റെ അത്തരം സാഹചര്യത്തോട് കമലിനും പൊരുത്തപ്പെടാനായില്ല.ത്രാസം സിനിമക്കു കഥയെഴുതുകയും അതിന്റെ അസോസിയേറ്റായി പ്രവര്‍ത്തിക്കുകയും ചെയ്തശേഷം വന്നയാളെന്ന നിലയിലുള്ള സഹകരണമനോഭാവമാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ ഐ വി ശശി അനുഭാവപൂര്‍വ്വം പെരുമാറിയിട്ടും അദ്ദേഹത്തിന്റെ സഹായികള്‍ അവഗണനാപരമായ നിലപാടെടുത്തത് കമലിനെ വല്ലാതെ നിരാശനാക്കി.

വീണ്ടും ബഹദൂര്‍ തന്നെയായിരുന്നു ആശ്രയം.പതിവുപോലെയുള്ള ശകാരങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുംശേഷം കമലിനെ അദ്ദേഹം സംവിധായകന്‍ ഹരിഹരന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.കോഴിക്കോട്ടേക്കുള്ള യാത്രക്ക് തയ്യാറെടുക്കുകയായിരുന്നു ഹരിഹരന്‍.ഒരു മാസത്തിനുശേഷം തിരിച്ചുവരുമെന്നും അപ്പോള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.കോടമ്പക്കത്തെ തൊഴില്‍രഹിതദിനങ്ങളായിരുന്നു പിന്നീടുള്ള ഒരു മാസക്കാലം.ഹരിഹരന്‍ മടങ്ങിയെത്തുമ്പോള്‍ ബുദ്ധിമുട്ടുകള്‍ക്കൊരറുതിയുണ്ടാവുമെന്നുതന്നെ കമല്‍ കരുതി. എന്നാല്‍ തിരിച്ചുവന്ന ഹരിഹരനെ കാണാന്‍ പല തവണ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.ആകെ നിരാശനായ കമലിനോട് കോടമ്പക്കത്തു ജീവിക്കാന്‍ മറ്റെന്തെങ്കിലും വഴി നോക്കാമെന്ന് ബഹദൂര്‍ ആശ്വാസവാക്കുകള്‍ പറഞ്ഞു.അതിനിടെയാണ് ഏ ബി രാജ് പുതിയ പടം ചെയ്യുന്ന വിവരം ബഹദൂര്‍ അറിഞ്ഞത്.അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം രാജിനെ കാണാന്‍ കമല്‍ വീട്ടിലെത്തി.പിറ്റേ ദിവസമാണ് പുതിയ ചിത്രത്തിന്റെ പാട്ടുകളുടെ റെക്കോര്‍ഡിംഗ് നിശ്ചയിച്ചിട്ടുള്ളത്.ശ്രീകുമാരന്‍തമ്പി രചിച്ച് ശ്യാം സംഗീതം പകര്‍ന്ന ഗാനങ്ങള്‍.കമലിനോട് റെക്കോര്‍ഡിംഗ് സെന്ററിലേക്ക് വരാന്‍ രാജ് നിര്‍ദ്ദേശിച്ചു.


ഓര്‍മ്മയില്‍ ചില വടക്കന്‍പാട്ടുകള്‍പുനലൂര്‍, റാന്നി,കോന്നി തുടങ്ങിയ സ്ഥലങ്ങളില്‍വച്ചായിരുന്നു എ ബി രാജിന്റെ പടം 'ആനക്കളരി 'ചിത്രീകരിച്ചത്.വിന്‍സെന്റ് ,ഉണ്ണിമേരി തുടങ്ങിയവര്‍ അഭിനേതാക്കള്‍.ആദ്യമായൊരു ചലച്ചിത്രത്തിന് ക്ലാപ്പടിക്കുകയായിരുന്നു കമല്‍.ത്രാസത്തില്‍ സഹസംവിധായകനായിരുന്നെങ്കിലും ക്ലാപ്പൊന്നും അടിക്കേണ്ടതായി വന്നിരുന്നില്ല.'ആനക്കളരി'ക്കുവേണ്ടിയുള്ള കമലിന്റെ ആദ്യത്തെ ക്ലാപ്പ് ഉണ്ണിമേരിയുടെ മുഖത്തേക്കായിരുന്നു.സിനിമയുടെ ബാലപാഠങ്ങളിലേക്കും ഒരു തുടക്കക്കാരന്റെ ആദ്യജോലികളിലേക്കും അങ്ങനെ കമല്‍ കാലുറപ്പിച്ചു.'ആനക്കളരി'യിലെ പാട്ടുകളും മറ്റുചില സീനുകളും ചിത്രീകരിച്ചത് സിനിമയുടെ പറുദീസയെന്ന് അറിയപ്പെട്ടിരുന്ന ഉദയാ സ്റ്റുഡിയോയില്‍ വച്ചാണ്.

''ഉദയായില്‍ ചെല്ലുന്ന രംഗം ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. അവിടത്തെ ആദ്യത്തെ ആകര്‍ഷണമായി എനിക്കുതോന്നിയത് ഗേറ്റിലുള്ള കോഴിയുടെ എംബ്ലമാണ്...ഒരുപാടുസിനിമകളില്‍ കണ്ടതാണത്.പിന്നെ കുഞ്ചാക്കോ എന്ന ഫിലിംമേക്കറെക്കുറിച്ചുള്ള അറിവ് ...സിനിമയെന്നാല്‍ കുറെ മാസ്മരികതകളൊക്കെ ചേര്‍ന്നതാണ്.ഇന്നിപ്പോള്‍ സിനിമയിലില്ലാതെപോകുന്നതും ഇത്തരം മാസ്മരികതകളാണ്.ഇന്നിപ്പോള്‍ പടമെടുക്കുന്നത് ആരാണ് ...? നിര്‍മ്മാതാവിനെക്കുറിച്ച് ആരുമറിഞ്ഞെന്നു വരില്ല.പക്ഷേ അന്നങ്ങനെയായിരുന്നില്ല.ഒരു പ്രൊഡക്ഷന്‍കമ്പനിയെ കേന്ദ്രീകരിച്ചായിരുന്നു സിനിമാനിര്‍മ്മാണം. ഹോളിവുഡിലും ബോളിവുഡിലും മദ്രാസിലുമെല്ലാം അങ്ങനെ തന്നെയായിരുന്നു.' കമല്‍ ഓര്‍ക്കുന്നു.

'ആനക്കളരി'യുടെ ചിത്രീകരണം നടന്നത് ഉദയായുടെ പ്രതാപം ചോര്‍ന്നുതുടങ്ങിയ കാലത്താണ്.ഉദയ സ്വന്തമായി നടത്തിയിരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം അപ്പോഴേക്കും നിലച്ചിരുന്നുവെന്നുതന്നെ പറയാം.അപ്പച്ചന്‍ നവോദയ തുടങ്ങുകയും ചെയ്തു.ശൂന്യമായിക്കിടന്ന ഫ്‌ലോറില്‍ ചില സിനിമകളുടെ പാട്ടുസീനുകള്‍ ചിത്രീകരിച്ചിരുന്നതൊഴിച്ചാല്‍ മറ്റൊന്നും കാര്യമായി നടന്നിരുന്നില്ല.സിനിമാമോഹങ്ങളോടൊപ്പം മനസ്സില്‍ ചേക്കേറിയിരുന്ന സ്വപ്‌നപ്രതീകങ്ങളിലൊന്നായ ഉദയാസ്റ്റുഡിയോയിലെത്തുമ്പോള്‍ കൗതുകകരമായ ഒട്ടേറെ കാര്യങ്ങളാണ് കമലിനെ കാത്തിരുന്നത്.നടീനടന്‍മാരുടെ പേരുകളില്‍ അറിയപ്പെട്ടിരുന്ന കോേട്ടേജുകള്‍ അവയിലൊന്നായിരുന്നു.നസീര്‍ അവിടെയെത്തിയാല്‍ സ്ഥിരം താമസിക്കുന്നത് പ്രേംനസീര്‍ കോട്ടേജ്.അന്നത്തെ പ്രമുഖനായിക രാഗിണിക്കുവേണ്ടിയുള്ളത് രാഗിണി കോട്ടേജ്...ചെറുപ്പം മുതല്‍ ഭാവനകളെ കൊരുത്തുകെട്ടിവലുതാക്കിക്കൊണ്ടിരുന്ന ഒരു ലോകത്തേക്ക് യാഥാര്‍ത്ഥ്യങ്ങളും വന്നുചേരുന്ന കാഴ്ചകളാണ് കമല്‍ അവിടെ കണ്ടത്.ഓര്‍മ്മയിലേക്ക് ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും വര്‍ണ്ണചിത്രങ്ങളും ഓടിയെത്തി.പ്രത്യേകിച്ചും അവശേഷിപ്പുകാഴ്ചകളില്‍പ്പലതും വടക്കന്‍പാട്ടുചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തി.പഴയ കൊട്ടാരങ്ങളുടെ സെറ്റുകളും വാളും പരിചയും മറ്റ് ആയുധങ്ങളും അവിടവിടെ കാണാമായിരുന്നു .പൊന്നാപുരം കോട്ടയും ആരോമലുണ്ണിയും ഉണ്ണിയാര്‍ച്ചയുമൊക്കെ ഒറ്റനിമിഷം കൊണ്ട് മനസ്സില്‍ പ്രത്യക്ഷമായി.

ആനക്കളരിയുടെ പാട്ടു ചിത്രീകരണത്തിന്റെ മൂന്നാം ദിവസം രാവിലെ സ്റ്റുഡിയോയിലെത്തുമ്പോള്‍ പ്രായമുള്ള ഒരപരിചിതനെ കമലവിടെ കണ്ടു.ശാരംഗപാണിയായിരുന്നു അത്.വടക്കന്‍പാട്ടുസിനിമകളുടെ ടൈറ്റിലുകളില്‍ നിറഞ്ഞുനിന്നിരുന്ന ശാരംഗപാണി. സ്റ്റുഡിയോയുടെ അടുത്തുതന്നെയായിരുന്നു അദ്ദേഹത്തിന്റെ വീട്.കുഞ്ചാക്കോയുടെ മരണശേഷം ചലച്ചിത്രരംഗത്ത് അത്ര സജീവമല്ലായിരുന്നെങ്കിലും അദ്ദേഹം മിക്ക ദിവസങ്ങളിലും അവിടെ വന്നിരുന്നു.വടക്കന്‍പാട്ടുചിത്രങ്ങളുടെ നിര്‍മ്മാണഭൂമികയില്‍ ആദ്യമെത്തിയ ദിനങ്ങളുടെയും അവിടെ വച്ചുതന്നെ അത്തരം ചിത്രങ്ങളുടെ കഥാകാരനെ പരിചയപ്പെട്ടതിന്റെയും യാദൃശ്ചികത കമലിന് മറക്കാന്‍ കഴിയില്ല.


ഗ്യാലറിയിലിരുന്നു ഗോളടിക്കുന്നവര്‍നല്ല മഴക്കാലത്താണ് 'ആനക്കളരി'യുടെ ഷൂട്ടിംഗ് നടന്നത്.എ ബി രാജ് ഓരോ ഷോട്ടെടുക്കുമ്പോഴും കമല്‍ ഭാവനയില്‍ മറ്റൊരു സംവിധായകനായി അതേ ഷോട്ട് താനെടുക്കുകയാണെങ്കില്‍ അതെങ്ങനെയായിരിക്കുമെന്നായിരുന്നു ചിന്തിച്ചുകൊണ്ടിരുന്നു.ഇങ്ങനെ തന്നെയായിരിക്കും മറ്റുസഹസംവിധായകരുമെന്ന് കമല്‍ കരുതി.ഒരാഴ്ച കഴിഞ്ഞ് അസോസിയേറ്റ് ഡയറക്ടറോട് ഇക്കാര്യം സൂചിപ്പിച്ചു.പ്രതീക്ഷിക്കാത്ത മറുപടിയാണ് ലഭിച്ചത്.നമ്മളങ്ങനെ ഗ്യാലറിയിലിരുന്ന് ഗോളടിക്കേണ്ട കാര്യമില്ല. കളിക്കാന്‍ കളത്തിലിറങ്ങുമ്പോള്‍ മതി.അതാണതിന്റെ ശരിയായ രീതി എന്ന മുന്നറിയിപ്പായിരുന്നു അത്.പിന്നീട് കമല്‍ സ്വതന്ത്രസംവിധായകനായതിനുശേഷം അദ്ദേഹത്തിന്റെ സഹായികള്‍ പലരും ഇത്തരത്തില്‍ ക്യാമറക്കുപിന്നിലിരുന്ന് സ്വന്തം നിലക്ക് ഭാവനാഷോട്ടുകള്‍ എടുത്തിരുന്നു.അവരില്‍ പ്രധാനിയാിരുന്നു റോഷന്‍ ആന്‍ഡ്രൂസ്.

'തൊണ്ണൂറുശതമാനം അസിസ്റ്റന്റ് ഡയറക്ടേഴ്‌സും ചെയ്യുന്ന കാര്യമാണത്. ഞാന്‍ അസിസ്റ്റന്റായിരുന്നപ്പോള്‍ എന്നെ ഇക്കാര്യത്തിന് അസോസിയേറ്റ് ഡയറക്ടര്‍ ശകാരിച്ചു.നിനക്കു നിന്റെ പണി ചെയ്താല്‍ പോരേ ഗ്യാലറീലിരുന്ന ഗോളടിക്കേണ്ട കാര്യമുണ്ടോ എന്നു ചോദിച്ചു.പക്ഷേ ഞാനതിനെ പോസിറ്റീവായിട്ടാണ് കാണുന്നത്.ഇത്തരത്തില്‍ ഗ്യാലറിയിലിരുന്ന് ഗോളടിച്ചവരണ് പിന്നീട് സംവിധായകരായി മാറിയിട്ടുള്ളത്.ഇതെന്റെ പണിയല്ലെന്നു പറഞ്ഞ് മാറി നിന്നവരെയൊന്നും പിന്നീട് സിനിമാരംഗത്തുകണ്ടിട്ടില്ല.ക്യാമറയുടെ അടുത്തു നിന്ന് ഡയറക്ടര്‍ ഷോട്ടെടുക്കുമ്പോള്‍ അപ്പുറത്തുമാറി നിന്ന് ക്യാമറയില്ലാതെ ഷോട്ടെടുക്കണമെന്നാണ് ഞാനെപ്പോഴും എന്റെ അസിസ്റ്റന്റ്‌സിനോട് പറയാറുള്ളത്.' കമല്‍ പറയുന്നു.

'ആനക്കളരി'ക്കുശേഷം എബി രാജിന്റെ 'കാലം കാത്തുനിന്നില്ല' എന്ന ചിത്രത്തിലും കമല്‍ സംവിധാനസഹായിയായി.ടി കെ ബാലചന്ദ്രനായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്.പ്രേംനസീറിനൊപ്പം പ്രവര്‍ത്തിച്ച ആദ്യചിത്രമായിരുന്നു അത്.നസീര്‍,കെ ആര്‍ വിജയ തുടങ്ങിയവരായിരുന്നു അതിലെ താരങ്ങള്‍.കുറച്ചു ദിവസങ്ങള്‍ മാത്രമേ പ്രേംനസീറിനൊപ്പമുണ്ടായിരുന്നുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ പ്രചോദനവും സ്‌നേഹപൂര്‍വ്വമായ സമീപനവും കമലിനുലഭിച്ചിരുന്നു.'കാലം കാത്തുനിന്നില്ല' പൂര്‍ണ്ണമായും മദ്രാസിലെ ഏ വി എം , കര്‍പ്പഗം സ്റ്റുഡിയോകളില്‍ വച്ചായിരുന്നു ചിത്രീകരിച്ചത്.

അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയിലുള്ള ഇക്കാലയളവിലെ പ്രവര്‍ത്തനങ്ങളെ സ്വയമൊന്നു വിലയിരുത്തിയപ്പോള്‍ അതത്ര ആശാവഹമായി കമലിനുതോന്നിയില്ല.ഏ ബി രാജിനൊപ്പം ജോലിചെയ്യുമ്പോള്‍ പലപ്പോഴും 'ക്രിയേറ്റീവ് ഫീല്‍' കിട്ടിയിരുന്നില്ല.കമലിന്റെ സങ്കല്‍പ്പത്തിലെ സിനിമകളായിരുന്നില്ല അവിടെ നടന്നിരുന്നത്.ത്രാസം സിനിമ കഴിഞ്ഞുവരുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് ക്ലാസ്സിക് സിനിമകളും മറ്റുമാണ്.കോടമ്പക്കത്തിന്റെ ടിപ്പിക്കല്‍ കമേഴ്‌സ്യല്‍ സിനിമകളോട് എന്തെന്നില്ലാത്ത പുശ്ചവും താല്‍പ്പര്യക്കുറവുമുണ്ടായിരുന്നുതാനും.മനസ്സിലുള്ള സിനിമകള്‍ കമലിനെ വേട്ടയാടാന്‍ തുടങ്ങി.


ആര്‍ കെ ലാബും രാമുകാര്യാട്ടുംഅക്കാലത്ത് മദ്രാസില്‍ മലയാളപത്രങ്ങളെത്തുന്നത് വൈകുന്നേരമാണ്.വടപളനി മുരുകന്‍ കോവിലിന്റെ എതിര്‍വശത്തുള്ള കടയില്‍ പത്രം കിട്ടും.വൈകിട്ട് അഞ്ചുമണിയോടെ കമല്‍ പത്രം വാങ്ങാനിറങ്ങും.ആര്‍ കെ ലാബിനടുത്തുകൂടിയാണ് പോകേണ്ടത്.പഴയകാലത്തെ ന്യൂ ഈറാ ലാബായിരുന്നു അത്.മലയാളത്തിലെ ലോബജറ്റ് ചിത്രങ്ങളുടെയും ഉച്ചപ്പടങ്ങളെന്നറിയപ്പെട്ടിരുന്ന അവാര്‍ഡ്ചിത്രങ്ങളുടെയും നിര്‍മ്മാണകേന്ദ്രമായിരുന്നു അന്നത്.

അടൂര്‍ ഭാസിയുടെ ജ്യേഷ്ഠന്‍ ചന്ദ്രാജിയാണ് അന്ന് സ്റ്റുഡിയോയുടെ ചുമതലക്കാരന്‍.കമലിന് 'ത്രാസം' സിനിമയുടെ കാലം മുതല്‍ ചന്ദ്രാജിയെ അറിയാം.'ത്രാസ'ത്തിന്റെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികളെല്ലാം മുടങ്ങിക്കിടക്കുകയാണെങ്കിലും ഷൂട്ടിംഗ് കഴിഞ്ഞ് അത് ഡവലപ്പ് ചെയ്തത് ആര്‍ കെ ലാബില്‍ത്തന്നെയായിരുന്നു.അതിനുശേഷമുള്ള ഇടവേളയിലാണ് കമല്‍ മദ്രാസില്‍ ബഹദൂറിനൊപ്പം താമസം തുടങ്ങിയതും എ ബി രാജിന്റെ അസിസ്റ്റന്റായി സിനിമാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും.ഇതിനിടയിലുള്ള കാലദൈര്‍ഘ്യം കേവലം മാസങ്ങളുടേതുമാത്രമായിരുന്നു എന്നര്‍ത്ഥം. എ ബി രാജിനൊപ്പം വര്‍ക്കുചെയ്യുന്നതിനു മുന്‍പേ തുടങ്ങിയ ശീലമാണ് മലയാളപത്രത്തിനുവേണ്ടി ലാബിനു മുന്നിലൂടെയുള്ള നടത്തം.ആര്‍ കെ ലാബിലെത്തുന്ന പല പ്രമുഖരെയും ചന്ദ്രാജി പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.അത്തരമൊരു പതിവുയാത്രയിലാണ് ചന്ദ്രാജി രാമു കാര്യാട്ടിന് മുന്നില്‍ കമലിനെ പരിചയപ്പെടുത്തിയത്.
'ഇത് കമല്‍...കൊടുങ്ങല്ലൂരുള്ള പയ്യനാണ് . ത്രാസം എന്ന പേരില്‍ ഒരു പടം ചെയ്തിട്ടുണ്ട്. '

രാമു കാര്യാട്ടിന് പടിയനെ മാത്രമല്ല കമലിന്റെ കുടുംബത്തിലെ മിക്ക അംഗങ്ങളെയും അറിയാമായിരുന്നു.അപരിചിതത്വം കുറഞ്ഞതിന്റെ ആത്മവിശ്വാസമായിരുന്നു കമലിന്.രാമു കാര്യാട്ട് ചെയര്‍മാനായ കലാഭാരതിയില്‍ സിനിമ പഠിക്കാന്‍ ചേര്‍ന്നിരുന്ന വിവരവും കൂട്ടത്തില്‍ കമല്‍ പറഞ്ഞു.ആ പ്രതിഭാധനന്റെ ഓരോ വാക്കും നവോര്‍ജ്ജവും ദിശാബോധവും പകരുന്നതാണ്.അതു കൊണ്ടുതന്നെ രാമു കാര്യാട്ടിനോട് തന്നെ അനുഗ്രഹിക്കണമെന്ന് കമല്‍ അപേക്ഷിച്ചു.അദ്ദേഹം തലയില്‍ കൈവച്ച് പറഞ്ഞു.' നീ മണപ്പുറത്തുകാരനല്ലേ ;നന്നായി വരും'.

രാമുകാര്യാട്ടിനെ കണ്ട അതേ നിമിഷം തന്നെ ഒരു പൂര്‍വ്വകാലചിത്രം കമലിന്റെ മനസ്സില്‍ ഓടിയെത്തി.'ചെമ്മീന്‍ 'സിനിമയുടെ ഷൂട്ടിംഗ് ഒരുത്സവാന്തരീക്ഷത്തില്‍ ആലപ്പുഴയും അഴീക്കോടും മറ്റും നടക്കകയാണ്.കമലിനപ്പോള്‍ മൂന്നര വയസ്സു പ്രായം വരും.ബന്ധുവീടായ കരിക്കുളത്തിനടുത്താണ് ഷൂട്ടിംഗ് നടക്കുന്ന മുനക്കല്‍ ബീച്ച്. അക്കാലത്ത് ആ പ്രദേശത്ത് ഫ്രിഡ്ജ് ഉണ്ടായിരുന്ന ഏക വീട് അതായിരുന്നു.കമലിനും മറ്റുകുട്ടികള്‍ക്കും ഫ്രിഡ്ജ്ും അതിലെ തണുത്തവെള്ളവും ഒരതിശയം തന്നെയായിരുന്നു.ഐസ് വെള്ളം കുടിക്കാന്‍ കുട്ടികള്‍ പലപ്പോഴും ജാഥ പോലെയാണ് അവിടേക്ക് പോയിരുന്നത്. കരിക്കുളം കുടുംബാംഗങ്ങള്‍ക്ക് പ്രേംനസീറുമായി ബന്ധുത്വവുമുണ്ട് .അക്കാരണത്താല്‍ത്തന്നെ ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കെത്തുന്ന സിനിമാപ്രമുഖര്‍ പലരും താമസിച്ചിരുന്നത് ആ വീട്ടിലായിരുന്നു.സത്യനും ഷീലയും മധുവുമൊക്കെ അവിടെ താമസിച്ചിരുന്നതായി കമലിപ്പോഴും ഓര്‍ക്കുന്നുണ്ട്.

ഉമ്മയുടെ കൈ പിടിച്ചാണ് കമല്‍ ഷൂട്ടിംഗ് സ്ഥലത്തേക്ക് പോയത്.ഒപ്പം തറവാട്ടിലെ കുട്ടികളും മറ്റു സ്ത്രീകളുമൊക്കെയുണ്ട്.ഷൂട്ടിംഗ് സ്ഥലത്ത് വലിയ ജനക്കൂട്ടം.സത്യനും ഷീലയുമടക്കക്കമുള്ള താരനിരയെ കണ്ട് ജനം അന്തിച്ചുനില്‍ക്കുന്നു.കുട്ടിയായ കമലിന്റെ മനസ്സിലപ്പോള്‍ സത്യനും മറ്റു താരങ്ങളും കൗതുകകേന്ദ്രങ്ങളായിരുന്നില്ല.അതുകൊണ്ടുതന്നെ ആള്‍ക്കാര്‍ക്കിടയിലൂടെ ഊര്‍ന്നുകയറി നോക്കുമ്പോള്‍ കമല്‍ ആദ്യം കണ്ടത് ആജാനുബാഹുവായ ഒരു മനുഷ്യനെയാണ്.വലിയൊരു തൊപ്പി ധരിച്ച് സായിപ്പിനെപ്പോലെയുള്ള വേഷവിധാനത്തില്‍ രാമു കാര്യാട്ട് നില്‍ക്കുന്നു.യൂണിറ്റിലെ തിരക്കു കാരണം സത്യനെയും മറ്റും കമലിന് കാണാനായില്ല.കാണാന്‍ കഴിഞ്ഞ ഏക വിഷ്വല്‍ രാമു കാര്യാട്ടിന്റേതാണ്..യാദൃശ്ചികമായിരുന്നെങ്കിലും ആദ്യം കണ്ട ഷൂട്ടിംഗില്‍ കമല്‍ ആദ്യം കണ്ടത് ഒരു സംവിധായകനെയായിരുന്നു.ആര്‍ കെ ലാബില്‍ വച്ച് രാമു കാര്യാട്ടിനെ കണ്ടപ്പോള്‍ ഇക്കാര്യങ്ങളെല്ലാം കമലിന്റെ മനസ്സില്‍ ഓടിയെത്തി.അന്നൊരുതവണ കൂടി മാത്രമേ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞുള്ളു. അധികം വൈകാതെ രാമു കാര്യാട്ട് അന്തരിച്ചു.