1841. ന്യൂയോര്‍ക്കിലെ സരട്ടോഗ. സോളമന്‍ നോര്‍ത്തപ്പ് എന്ന വയലിന്‍ വാദകന്റെ ജീവിതഗതി മാറുന്നത് ഇവിടെ വെച്ചാണ്. ഹാമില്‍ട്ടണ്‍, ബ്രൗണ്‍ എന്നീ വെള്ളക്കാരുടെ മോഹനവാഗ്ദാനമാണ് സോളമനെ ചതിച്ചത്. ഭാര്യ എലൈസയും രണ്ടു മക്കളുമൊത്ത് സന്തുഷ്ടജീവിതം നയിക്കുകയായിരുന്നു അയാള്‍. അതിനിടയ്ക്കാണ് അയാള്‍ ചതിയില്‍ വീഴുന്നത്.

ഒരു സര്‍ക്കസ് കമ്പനിയില്‍ വയലിനിസ്റ്റിന്റെ ഒഴിവുണ്ടെന്നു പറഞ്ഞാണ് സോളമനെ വാഷിങ്ടണിലേക്ക് ക്ഷണിക്കുന്നത്. ഒരു ദിവസം ഒരു ഡോളര്‍ കൂലി. രാത്രി ഷോയുണ്ടെങ്കില്‍ മൂന്നു ഡോളര്‍ വേറെ. പക്ഷേ, സോളമന്‍ സര്‍ക്കസ് കമ്പനിയിലല്ല എത്തിയത്. അടിമകളെ വിലക്കെടുക്കുന്ന ഒരാള്‍ക്ക് ഹാമില്‍ട്ടണും ബ്രൗണും സോളമനെ വില്‍ക്കുകയായിരുന്നു. ഇരുട്ടുമുറിയില്‍ ചങ്ങലയില്‍ കിടക്കുന്ന സോളമനെയാണ് പിന്നീട് നമ്മള്‍ കാണുന്നത്. താന്‍ സ്വതന്ത്ര മനുഷ്യനാണെന്ന സോളമന്റെ വിലാപം ആ ഇരുട്ടുമുറിയില്‍ ആരും കേള്‍ക്കാതെ അമര്‍ന്നുപോയി. ജോര്‍ജിയയില്‍ നിന്ന് ഓടിപ്പോന്ന അടിമയായി സോളമന്‍ മുദ്രകുത്തപ്പെട്ടു. അയാളുടെ സ്വന്തം പേര്‍ വിസ്മൃതിയിലാണ്ടു. പകരം, പുതിയൊരു പേര്‍ ചാര്‍ത്തി നല്‍കി.പ്ലൂറ്റ്.

12 വര്‍ഷമാണ് പ്ലൂറ്റ് എന്ന പേരുംപേറി സോളമന്‍ നോര്‍ത്തപ്പ് ദുരിതജീവിതം നയിച്ചത്. കലാകാരനെന്നല്ല, ഒരു മനുഷ്യനായിപ്പോലും അയാള്‍ക്ക് അംഗീകാരം കിട്ടിയില്ല. ഭാര്യയെയും മക്കളെയും അയാളില്‍ നിന്നകറ്റി. ഒരു കന്നുകാലിയുടെ ജീവിതമാണ് അയാള്‍ 12 വര്‍ഷം ജീവിച്ചുതീര്‍ത്തത്. രോഷവും വേദനയുമടക്കി, തന്റെ സംഗീതോപകരണത്തെ മറന്ന്, പുറംലോകത്തെ മാറ്റങ്ങളറിയാതെ കടന്നുപോയ 12 വര്‍ഷങ്ങള്‍. ഇരുളില്‍ നിന്ന് വീണ്ടും വെളിച്ചത്തിലേക്ക് വരുന്ന സോളമന്‍ നോര്‍ത്തപ്പിന്റെ ജീവിതരേഖയാണ് റ്റ്വല്‍വ് ഇയേഴ്‌സ് എ സ്ലെയ്‌വ് എന്ന ഹോളിവുഡ് സിനിമ.

കറുത്ത വര്‍ഗക്കാരനായ ബ്രിട്ടീഷ് സംവിധായകന്‍ സ്റ്റീവ് മക്വീനിന് അടിമജീവിതം പുസ്തകത്തില്‍ നിന്ന് വായിച്ചെടുക്കേണ്ട അദ്ഭുതകഥകളല്ല. ഓര്‍മ വെച്ച നാള്‍ മുതല്‍ അദ്ദേഹം കേട്ടുതുടങ്ങിയതാണ് തന്റെ മുന്‍തലമുറയുടെ നരകജീവിതം. നെഞ്ചിലും മുതുകിലും ഒരു ഭാരം പോലെ അതെപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ട്. കരിമ്പിന്‍ തോട്ടങ്ങളിലും പരുത്തിപ്പാടങ്ങളിലും ആരുമറിയാതെ ചത്തൊടുങ്ങിയ ആയിരക്കണക്കിനു മനുഷ്യര്‍. അവരെക്കുറിച്ച് സിനിമയെടുക്കണമെന്ന് ആഗ്രഹിച്ചിട്ട് കാലമേറെയായി. ഒരിക്കല്‍ ഭാര്യയാണ് ചോദിച്ചത് എന്തുകൊണ്ട് യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കി ഈ സിനിമയെടുത്തുകൂടാ എന്ന്. ഭാര്യ തന്നെയാണ് സോളമന്‍ നോര്‍ത്തപ്പ് എന്ന മുന്‍ അടിമ എഴുതിയ ആത്മകഥ തിരഞ്ഞുപിടിച്ചത്. 1853ല്‍ പ്രസിദ്ധീകരിച്ച 'റ്റ്വല്‍വ് ഇയേഴ്‌സ് എ സ്ലെയ്‌വ് ' എന്ന പുസ്തകത്തിന്റെ ഇതിഹാസ മാനമാണ് തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചതെന്ന് സ്റ്റീവ് മക്വീന്‍ പറയുന്നു. അടിമസമ്പ്രദായത്തിന്റെ വിശദാംശങ്ങള്‍, അതിജീവനത്തിനായുള്ള മനുഷ്യന്റെ തളരാത്ത പോരാട്ടം, കടുത്ത ജീവിതസാഹചര്യങ്ങളിലും കൈവിടാത്ത മാനവികത-ഇതെല്ലാമുണ്ട് സോളമന്റെ അനുഭവസാക്ഷ്യത്തില്‍.

കര്‍ഷകനും വയലിനിസ്റ്റുമായ സോളമന്‍ 32ാമത്തെ വയസ്സിലാണ് അടിമച്ചന്തയിലേക്ക് വലിച്ചിഴക്കപ്പെട്ടത്. സരട്ടോഗ പട്ടണത്തിലായിരുന്നു അയാളും കുടുംബവും. വിമോചിതനാക്കപ്പെട്ട അടിമയായിരുന്നു സോളമന്റെ പിതാവ്. അടിമ സമ്പ്രദായം നിലനിന്നിരുന്ന വാഷിങ്ടണിലേക്കാണ് സോളമനെ രണ്ടുപേര്‍ സൂത്രത്തില്‍ കൊണ്ടുപോയത്. 1853 ജനവരി മൂന്നിനാണ് അദ്ദേഹം സ്വതന്ത്രനായത്. അപ്പോഴേക്കും യാതനാജീവിതം 12 വര്‍ഷം പിന്നിട്ടിരുന്നു. തന്റെ അനുഭവം പുറംലോകത്തെത്തിക്കുകയാണ് സോളമന്‍ ആദ്യം ചെയ്തത്. വിമോചിതനായ കൊല്ലം തന്നെ പുസ്തകം പ്രസിദ്ധീകരിച്ചു. അടിമസമ്പ്രദായത്തിനെതിരെ പ്രചരണം നടത്താനാണ് സോളമന്‍ തന്റെ ശിഷ്ടജീവിതം മാറ്റിവെച്ചത്. 1864 ല്‍ 55ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു. തൊട്ടടുത്ത വര്‍ഷം അമേരിക്കയില്‍ എബ്രഹാം ലിങ്കണ്‍ അടിമസമ്പ്രദായം എന്നെന്നേക്കുമായി നിരോധിച്ചു.


നാല്പത്തിനാലുകാരനായ സ്റ്റീവ് മക്വീനിന്റെ മൂന്നാമത്തെ ഫീച്ചര്‍ സിനിമയാണ് 'റ്റ്വല്‍വ് ഇയേഴ്‌സ് എ സ്ലെയ്‌വ് '. 2008 ല്‍ ഇറങ്ങിയ 'ഹംഗര്‍' സ്റ്റീവിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. 'ഹംഗറും' യഥാര്‍ഥ സംഭവത്തെ ആശ്രയിച്ചുള്ള ചിത്രമായിരുന്നു. വടക്കന്‍ അയര്‍ലന്‍ഡിലെ ബല്‍ഫാസ്റ്റിലുള്ള മാസെ ജയിലില്‍ ഗാന്ധിയന്‍ മാതൃകയില്‍ 66 ദിവസം ഉപവാസം കിടന്ന് രക്തസാക്ഷിയായ ബോബി സാന്‍ഡ്‌സിന്റെ ഇതിഹാസ ജീവിതമാണ് 'ഹംഗര്‍' പകര്‍ത്തിയത്. ഐറിഷ് റിപ്പബ്ലൂക്കന്‍ ആര്‍മി നേതാവായിരുന്നു ബോബി സാന്‍ഡ്‌സ്.

1981ല്‍ 27ാം വയസ്സിലാണ് അദ്ദേഹം രാഷ്ട്രീയത്തടവുകാര്‍ക്കുള്ള അവകാശങ്ങള്‍ക്കുവേണ്ടി ശരീരത്തെ സമരായുധമാക്കി പൊരുതി വീരമൃത്യു വരിച്ചത്. 'ഷെയിം' എന്ന രണ്ടാമത്തെ സിനിമയും ശ്രദ്ധിക്കപ്പെട്ടു. ലൈംഗികാസക്തിയുള്ള ബ്രാന്‍ഡന്‍ എന്ന അഡ്വര്‍ടൈസിങ് എക്‌സിക്യുട്ടീവിന്റെ ജീവിതമാണ് ഇതിലെ പ്രതിപാദ്യം. 2013ല്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് 'റ്റ്വല്‍വ് ഇയേഴ്‌സ് എ സ്ലെയ്‌വി' നാണ് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരനാണ് സ്റ്റീവ് മക്വീന്‍. ഓസ്‌കറിന് തിളക്കം കൂടുന്നത് 'റ്റ്വല്‍വ് ഇയേഴ്‌സ് എ സ്ലെയ്‌വ്' പോലുള്ള സാമൂഹികചിത്രങ്ങള്‍ ആദരിക്കപ്പെടുമ്പോഴാണ്.

വളരെ വൈകാരികമായാണ് സംവിധായകന്‍ ഇതിവൃത്തത്തെ സമീപിക്കുന്നത്. വലിയൊരു ജനത അനുഭവിച്ച യാതനയെ അതിന്റെ എല്ലാ കാഠിന്യത്തോടെയും ചിത്രീകരിക്കുന്നു അദ്ദേഹം. അടിമയുടെ പുറത്ത് പുളഞ്ഞുവീഴുന്ന ഓരോ ചാട്ടവാറടിയുടെയും ശബ്ദം നമ്മളെ ഞെട്ടിക്കുന്നു. ആ ഞെട്ടലില്‍ പ്രാകൃതമായ ഒരു ഭൂതകാലത്തിലേക്കാണ് നമ്മള്‍ ചെന്നുവീഴുന്നത്. ചോരയും കണ്ണീരും വീണ കരിമ്പിന്‍തോട്ടങ്ങളും പരുത്തിപ്പാടങ്ങളും എല്ലാറ്റിനും മൂകസാക്ഷിയായി നില്‍ക്കുന്നു. ആത്മാഭിമാനം വെടിയാതെ പൊരുതിനില്‍ക്കുന്ന സോളമന്‍ നോര്‍ത്തപ്പിന്റെ എതിര്‍പ്പിന്റെ സ്വരംമാത്രം ഇടയ്ക്ക് നമുക്ക് കേള്‍ക്കാം.

ലൂയിസിയാനയിലെ കരിമ്പിന്‍തോട്ടത്തില്‍ പണിക്കെത്തിയ അടിമകളുടെ ദീനാവസ്ഥയില്‍നിന്നാണ് സിനിമ തുടങ്ങുന്നത്. കൂട്ടത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന സോളമന്‍ നോര്‍ത്തപ്പിന്റെ അനുഭവങ്ങളിലേക്കാണ് കഥ സഞ്ചരിക്കുന്നത്. ഭാര്യയും മക്കളുമായി കഴിഞ്ഞിരുന്ന കാലം. മെച്ചപ്പെട്ട ഒരു ജീവിതം കാംക്ഷിച്ചാണ് അയാള്‍ സര്‍ക്കസ് കമ്പനിയില്‍ ചേരാന്‍ പോകുന്നത്. അതൊരു ചതിയായിരുന്നു. അത് തിരിച്ചറിയുമ്പോഴേക്കും സോളമന് സ്വന്തം പേരുപോലും നഷ്ടപ്പെട്ടിരുന്നു. പ്ലൂറ്റ് എന്ന അപരനാമത്തിലായി അവിടുന്നങ്ങോട്ട് അയാളുടെ ജീവിതം. എഴുത്തും വായനയും അറിയാമെന്ന വെളിപ്പെടുത്തല്‍ പോലും അപകടമായിരുന്നു.

ഭാര്യയെയും മക്കളെയും കണ്ണെത്താദൂരത്തെ ഏതോ അടിമപ്പാളയത്തിലേക്ക് മാറ്റിയിരുന്നു. എന്നെങ്കിലും ഏതെങ്കിലും രക്ഷകന്‍ വരുന്നതും കാത്ത് അയാളിരുന്നു. അപ്പോഴും, അനീതിയോട് പൊരുതാനുള്ള ശേഷി അയാള്‍ ആര്‍ക്കും അടിയറ വെച്ചില്ല. മനസ്സിലെ സംഗീതവും അയാളെ ജീവിക്കാന്‍ പ്രേരിപ്പിച്ചു.

അടിമക്കച്ചവടം പാപമല്ലെന്നായിരുന്നു വെള്ളക്കാരുടെ വാദം. അടിമകള്‍ അവര്‍ക്ക് സ്വകാര്യ സ്വത്ത് പോലെയായിരുന്നു. ആ സ്വകാര്യസ്വത്ത് അവര്‍ക്ക് എന്തും ചെയ്യാം. തല്ലാം, കൊല്ലാം, ലൈംഗികദാഹം തീര്‍ക്കാം, കൂടുതല്‍ തുക കിട്ടിയാല്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കാം. എങ്കിലും, ആ നരാധമന്മാര്‍ക്കിടയിലും ഒറ്റപ്പെട്ട നല്ല മനുഷ്യരുണ്ടായിരുന്നു. കാലവും നിയമവും മാറുന്നുണ്ടെന്ന് മനസ്സിലാക്കിയവര്‍. കറുത്തവനും മനുഷ്യനാണെന്ന അവരുടെ തിരിച്ചറിവില്‍ നിന്നാണ് സോളമന്‍ നോര്‍ത്തപ്പിന്റെ മോചനം സാധ്യമാകുന്നത്.

സോളമന്‍ നോര്‍ത്തപ്പ് കഴിഞ്ഞാല്‍ നമ്മുടെ ശ്രദ്ധനേടുന്ന മറ്റൊരു പ്രധാന കഥാപാത്രം പാറ്റ്‌സി എന്ന യുവതിയാണ്. അടിമക്കച്ചവടക്കാരുടെ ലൈംഗിക അരാജകത്വത്തിന്റെ ഇരയാണവള്‍. കഠിനമായി ജോലിയെടുക്കാനും കാമം തീര്‍ക്കാനും യജമാനപത്‌നിയുടെ കോപാഗ്‌നി ഏറ്റുവാങ്ങാനും വിധിക്കപ്പെട്ടവള്‍. ഏതൊരു ആണിനേക്കാളും പരുത്തി പറിച്ചെടുക്കുന്നുണ്ടവള്‍. എന്നിട്ടും, ദേഹം വൃത്തിയാക്കാന്‍ ഒരു കഷണം സോപ്പുപോലും അവള്‍ക്ക് കിട്ടുന്നില്ല. മറ്റൊരു തോട്ടമുടമയുടെ ഭാര്യയില്‍ നിന്ന് സോപ്പ് വാങ്ങാന്‍ പോയ കുറ്റത്തിനാണ് അവള്‍ ശിക്ഷിക്കപ്പെടുന്നത്. നഗ്‌നദേഹത്ത് ചാട്ടവാറടിയേറ്റ് അവള്‍ ബോധമറ്റുവീഴുമ്പോള്‍ ക്യാമറാഫ്രെയിമില്‍ വെളുത്ത ആ സോപ്പുകഷണം നമുക്ക് കാണാം.

അടിമക്കച്ചവടവുമായി ബന്ധപ്പെട്ട് കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട രണ്ട് സമീപകാല സിനിമകളാണ് 'അമിസ്റ്റഡ് ' (എൗഹീറമല), 'ലിങ്കണ്‍' എന്നിവ. രണ്ടിന്റെയും സംവിധായകന്‍ പ്രശസ്തനായ സ്റ്റീവന്‍ സ്പില്‍ബര്‍ഗാണ്. ലാ അമിസ്റ്റഡ് എന്ന കപ്പലില്‍ ക്യൂബയിലെ അടിമച്ചന്തയിലേക്ക് വില്‍ക്കാന്‍ കൊണ്ടുപോകുന്ന ആഫ്രിക്കക്കാര്‍ കലാപമുണ്ടാക്കുന്നതും തുടര്‍ന്നുള്ള അവരുടെ മോചനവുമാണ് 1997ല്‍ ഇറങ്ങിയ 'അമിസ്റ്റഡി'ന്റെ ഇതിവൃത്തം. അടിമസമ്പ്രദായം അവസാനിപ്പിച്ചതിന്റെ പേരില്‍ വെടിയേറ്റു മരിച്ച അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ജീവിതമാണ് 'ലിങ്കണ്‍' (2012) എന്ന ചിത്രത്തിന്റെ പ്രമേയം.


tsureshbabumbi@gmail.com