2015 ലെ മികച്ച വിദേശസിനിമക്കുള്ള ഓസ്‌കര്‍ അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടത് 81 സിനിമകളാണ്. ഇവയില്‍ അഞ്ചെണ്ണമാണ് അവസാനപ്പട്ടികയില്‍ എത്തിയത്. സണ്‍ ഓഫ് സോള്‍ (Son of Soul-ഹങ്കറി), മുസ്താങ് (Musthang-ഫ്രാന്‍സ്), തീബ് (Theeb ജോര്‍ഡാന്‍), ക്രീഗന്‍ (Krigen / A War-ഡെന്മാര്‍ക്ക്), എംബ്രെയ്‌സ് ഓഫ് ദ സര്‍പ്പെന്റ് (Embrace of the Serpent-കൊളംബിയ) എന്നിവയാണ് ഈ സിനിമകള്‍. ഇവയില്‍ ജേതാവായത് 'സണ്‍ ഓഫ് സോള്‍' ആണ്. ഇന്ത്യയുടെ എന്‍ട്രിയായി എത്തിയ ചൈതന്യ തമാനെയുടെ' ദ കോര്‍ട്ട് ' ആദ്യ റൗണ്ടില്‍ത്തന്നെ നോമിനേഷന്‍ കിട്ടാതെ പുറത്തായിരുന്നു. 

പരോക്ഷമായി ഒരു യുദ്ധവിരുദ്ധ സിനിമയായി പരിഗണിക്കപ്പെടാവുന്ന ' ക്രീഗന്‍ ' (ഒരു യുദ്ധം) സംവിധാനം ചെയ്തിരിക്കുന്നത് തോബിയാസ് ലിന്‍തോ ആണ്. തോബിയാസിന്റെ  മൂന്നാമത്തെ സിനിമയാണിത്. ആര്‍ (R) , എ ഹൈജാക്കിങ് (A Hyjacking ) എന്നിവയാണ് മറ്റ് രണ്ട് സിനിമകള്‍. അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭീകരരെ നേരിടാന്‍ പോയ ഡാനിഷ് സൈനികരുടെ കഥയാണ് 'ക്രീഗന്‍' പറയുന്നത്. യുദ്ധമുന്നണിയിലും ജന്മനാട്ടിലും അവര്‍ക്ക് നേരിടേണ്ടിവന്ന കയ്‌പ്പേറിയ അനുഭവങ്ങള്‍. ഒരു സൈനികന്‍ ഏതെല്ലാം കഠിന പരീക്ഷകളിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് സംവിധായകനു പറയാനുള്ളത്. 

താലിബാനെ തകര്‍ക്കാന്‍ അഫ്്ഗാനിസ്താനിലേക്കു പോയ അമേരിക്കന്‍, ബ്രിട്ടീഷ് സേനയോടൊപ്പമാണ് ഡെന്മാര്‍ക്കുകാരും യുദ്ധമുന്നണിയില്‍ എത്തിയത്. വ്യത്യസ്തമായ കാലാവസ്ഥയും തീര്‍ത്തും അപരിചിതമായ പോരാട്ടഭൂമിയും ഡാനിഷ് സൈന്യത്തിന് യഥാര്‍ഥ വെല്ലുവിളി തന്നെയായിരുന്നു. 2001 ഒക്ടോബര്‍ മുതല്‍ 2014 ഡിസംബര്‍ വരെ ഡന്മാര്‍ക്ക് സേന അഫ്ഗാനിസ്താനിലുണ്ടായിരുന്നു. ഈ കാലത്ത് 43 ഡാനിഷ് സൈനികര്‍ കൊല്ലപ്പെട്ടു. 

a war

മൂന്നാം തവണയും അഫ്ഗാനിസ്താനിലേക്കു പുറപ്പെട്ട ഒരു സൈനിക ഓഫീസറുടെ പരാമര്‍ശമാണ് 'ക്രീഗന്‍' എന്ന സിനിമയെടുക്കാന്‍ തോബിയാസിനെ പ്രേരിപ്പിച്ചത്. യുദ്ധമുന്നണിയില്‍ മരിച്ചുവീഴുന്നതില്‍ തനിക്ക് പേടിയില്ലെന്നും തിരിച്ചു നാട്ടിലെത്തിയാല്‍ യുദ്ധക്കുറ്റവാളി എന്ന പേരില്‍ പ്രോസിക്യൂട്ട് ചെയ്യുമോ എന്നതാണ് തന്റെ ആശങ്കയെന്നും ആ ഓഫീസര്‍ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിപ്പിടിക്കാന്‍ പോരാടുന്ന സൈനികര്‍ നേരിടുന്ന ഈയവസ്ഥ തോബിയാസിന്റെ മനസ്സില്‍ കൊണ്ടു. സൈനികരുടെ മനോവീര്യം ചോര്‍ത്താനേ ശിക്ഷാനടപടി സഹായിക്കൂ. പോരാട്ടവേളയില്‍ തങ്ങളുടെ  കര്‍ത്തവ്യം നിര്‍വഹിക്കാന്‍ സൈനികര്‍ അറച്ചു നിന്നേക്കാനുമിടയുണ്ട്. ഐക്യരാഷ്ട്ര സമാധാന സേനയുടെ ഭാഗമായി കൊസോവയിലും മറ്റും ഡാനിഷ് സൈനികര്‍ നേരത്തേ പോയിട്ടുണ്ട്. അവിടെയൊന്നും യുദ്ധം ചെയ്യേണ്ടിവന്നിട്ടില്ല. യുദ്ധത്തിനായി ഡാനിഷ് സേന ആദ്യം പോയത് ഇറാഖിലേക്കാണ്. പിന്നീട് അഫ്ഗാനിസ്താനിലേക്കും. 

അഫ്ഗാനിസ്താനില്‍ ഒരു കമ്പനിയുടെ കമാന്‍ഡറായി ഡാനിഷ് സൈന്യത്തെ നയിച്ച ക്ലോസ് മൈക്കിള്‍ പെഡേഴ്‌സന്റെ ദുരനുഭവമാണ് 110 മിനിറ്റുള്ള സിനിമയില്‍ അനാവരണം ചെയ്യുന്നത്. തന്റെ ദൗത്യത്തെക്കുറിച്ച് ക്ലോസിന് വ്യക്തമായ ധാരണയുണ്ട്. നാട്ടുകാരെ സഹായിക്കാനാണ് ഡാനിഷ് സൈന്യം ഇവിടെ വന്നിരിക്കുന്നതെന്ന് ക്ലോസ് തന്റെ സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്നുണ്ട്. നാട്ടുകാരോട് നന്നായി പെരുമാറണം. അവരെ ഭീകരരില്‍ നിന്ന് സംരക്ഷിക്കുകയും സഹായിക്കുകയും വേണം. തകര്‍ന്നുപോയ അവരുടെ ജീവിതം സമാധാനാന്തരീക്ഷത്തില്‍ വീണ്ടും കെട്ടിപ്പടുക്കാനും സൈനികര്‍ക്ക് ബാധ്യതയുണ്ട്.  ഉത്തരവാദിത്തബോധത്തോടെയും സ്‌നേഹത്തോടെയുമാണ് ക്ലോസ് സൈനികരോടും നാട്ടുകാരോടും ഇടപെടുന്നത്.

മൈനുകള്‍ പാകിയ മലമ്പ്രദേശത്താണ് സൈനികരുടെ റോന്തു ചുറ്റല്‍. ഒളിയാക്രമണമാണ് ഭീകരരുടെ ശൈലി. പെട്ടെന്നുണ്ടായ ഒരാക്രമണത്തില്‍ ആന്‍ഡേഴ്‌സ് എന്ന സൈനികന് ഗുരുതരമായി പരിക്കേല്‍ക്കുന്നു. അയാളെ യുദ്ധമുന്നണിയില്‍ നിന്നു മാറ്റാന്‍ ഹെലികോപ്റ്റര്‍ എത്തുന്നില്ല. ചികിത്സ കിട്ടാതെ അയാള്‍ ചോരവാര്‍ന്ന് മരിക്കുന്നു. ഇങ്ങനെ റോന്തു ചുറ്റുന്നതില്‍ അര്‍ഥമില്ലെന്ന് സൈനികര്‍ അഭിപ്രായപ്പെടുന്നു. തങ്ങള്‍ മരിച്ചുവീഴുകയല്ലാതെ അതുകൊണ്ട് പ്രയോജനമൊന്നുമില്ല.  സഹപ്രവര്‍ത്തകരുടെ മനോവീര്യമുയര്‍ത്താന്‍ നിത്യേനയുള്ള റോന്തുചുറ്റലിന് ക്ലോസും കൂടെപ്പോകുന്നു. 

ക്ലോസിന് വീട്ടില്‍ ഭാര്യ മരിയയും മൂന്നു മക്കളുമാണുള്ളത്. മറ്റാരും സഹായത്തിനില്ല. വരുന്ന ക്രിസ്മസിന് എന്തായാലും വീട്ടിലെത്തുമെന്ന് അയാള്‍ ഭാര്യയോട് പറയുന്നു. പക്ഷേ, ക്രിസ്മസിനു മുമ്പേ തന്നെ ക്ലോസിന് വീട്ടിലേക്ക് പോകേണ്ടിവരുന്നു. അയാളെ യുദ്ധരംഗത്തുനിന്ന് ഉന്നത സൈനികര്‍ ഒഴിവാക്കുകയായിരുന്നു. കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ച പറ്റി എന്ന കുറ്റം ചുമത്തിയാണ് ക്ലോസിനെ മാറ്റുന്നത്. മേലധികാരികളില്‍ നിന്ന് അംഗീകാരം നേടാതെ ബോംബാക്രമണത്തിന് ഉത്തരവിട്ട് 11 സിവിലിയന്മാരെ കൊന്നു എന്നതായിരുന്നു കുറ്റം. മിലിട്ടറി ക്രിമിനല്‍ കോഡ് ലംഘിച്ചതിന് ക്ലോസിനെ വിചാരണ ചെയ്യുന്നു. ഭീകരാക്രമണത്തില്‍ നിന്ന് സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ താന്‍ സ്വയം എടുത്ത തീരുമാനത്തില്‍ മറ്റാരെയെങ്കിലും പഴിചാരി രക്ഷപ്പെടാന്‍ ക്ലോസിന്റെ മന:സാക്ഷി അനുവദിക്കുന്നില്ല. കുറ്റം തെളിഞ്ഞാല്‍ നാലു വര്‍ഷം ജയില്‍ശിക്ഷ കിട്ടും. അത് നേരിടാന്‍ അയാള്‍ ഒരുക്കമായിരുന്നു. ഭാര്യ മരിയയാണ് തകര്‍ന്നുപോകുന്നത്. മൂന്നു മക്കളെ വളര്‍ത്താന്‍ മരിയ പെടാപ്പാട് പെടുന്നുണ്ട്. പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങള്‍ക്കിടയിലും സഹപ്രവര്‍ത്തകര്‍ ക്ലോസിനെ കൈവിടുന്നില്ല. അവരുടെ മൊഴികള്‍ ക്ലോസിന് കരുത്തുറ്റ പിന്തുണയായി മാറുന്നു. ശിക്ഷിക്കാന്‍ കാരണമൊന്നും കാണാനാവാതെ മൂന്നംഗ ജൂറിമാര്‍ അയാളെ കുറ്റവിമുക്തനാക്കുന്നു. 

യുദ്ധാവസ്ഥയെ രാഷ്ട്രീയതലത്തിലല്ല, മാനുഷിക തലത്തില്‍ കാണാനാണ് താനീ സിനിമയില്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ തോബിയാസ് പറയുന്നു. അഫ്ഗാനിസ്താനിലെ യുദ്ധം മാത്രമല്ല തന്റെ വിഷയം. എവിടെയും ഇത് ബാധകമാണ്. ലോകത്തെവിടെയെല്ലാം സംഘര്‍ഷമുണ്ടോ അവിടെയെല്ലാം ക്ലോസുമാര്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകും. സംഘര്‍ഷകാലത്തും അതുകഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുമ്പോഴും സൈനികര്‍ക്ക് നഷ്ടമാകുന്നത് സ്വസ്ഥമായ കുടുംബജീവിതമാണ്. അതുകൊണ്ടാണ് സിനിമക്ക് ' ഒരു യുദ്ധം ' എന്നു പേരിട്ടത്. യുദ്ധം ചെയ്യുന്നതുപോലെ എളുപ്പമല്ല യുദ്ധമുന്നണിയില്‍ തീരുമാനമെടുക്കുന്നത്. അവിടെ പിഴവ് പറ്റാം. ശത്രുവിനും സൈനിക നിയമങ്ങള്‍ക്കുമിടയില്‍ സൈനികരുടെ ജീവിതം ഞാണിന്മേല്‍ കളിയാണെന്ന് സംവിധായകന്‍ പറഞ്ഞുവെക്കുന്നു. 

ക്ലോസ് എന്ന സൈനിക കമാന്‍ഡറുടെ ഔദ്യോഗിക , കുടുംബ ജീവിതങ്ങളെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ടാണ് തോബിയാസ് കഥ പറയുന്നത്. രണ്ടും സമാന്തരമായി മുന്നോട്ടു കൊണ്ടുപോകുന്നു. രണ്ടിടത്തും സംഘര്‍ഷമുണ്ട്. മൂന്നു ചെറിയ മക്കളെ നിയന്ത്രിച്ച് കുടുംബത്തെ നയിക്കാന്‍ ക്ലോസിന്റെ ഭാര്യയ്ക്കാവുന്നില്ല. അയാളെ കാത്തിരിക്കുകയാണ് ആ കുടുംബം. ക്ലോസിനാവട്ടെ , രണ്ടിടത്തുനിന്നും സമ്മര്‍ദമാണ്. എങ്കിലും സമചിത്തതയോടെയാണ് അയാള്‍ കാര്യങ്ങളെ നേരിടുന്നത്. ബോംബാക്രമണത്തില്‍ മരിച്ച 11 അഫ്ഗാന്‍കാരില്‍ ഏറെയും കുട്ടികളാണ്. സഹപ്രവര്‍ത്തകരുടെ ജീവിതങ്ങള്‍ക്കു പകരമായി , മന: പൂര്‍വമല്ലെങ്കിലും അയാള്‍ നിരപരാധികളായ കുറെ അഫ്ഗാന്‍കാരെ കുരുതി കൊടുക്കുകയായിരുന്നു. താലിബാന്റെ കടുത്ത ആക്രമണം ചെറുക്കാനാവാതെ വന്നപ്പോഴാണ് അങ്ങനെയൊരു ഉത്തരവ് ക്ലോസിന് നല്‍കേണ്ടിവരുന്നത്. പക്ഷേ, ബോംബ് വീണത് ജനവാസ കേന്ദ്രത്തിലായിരുന്നു. 

താത്വിക ചര്‍ച്ചകളോ ഗഹനമായ ചിന്തകളോ ഒന്നും ഈ സിനിമയില്‍ കടന്നുവരുന്നില്ല. യുദ്ധത്തിന് ഇരയാക്കപ്പെടുന്നവരുടെ നിസ്സഹായതയിലേക്ക് കണ്ണോടിച്ച് യുദ്ധത്തിനെതിരെ സംസാരിക്കാനാണ് സിനിമ ശ്രദ്ധിക്കുന്നത്. പരിചിതമല്ലാത്ത സംഘര്‍ഷഭൂമിയില്‍ എത്തിപ്പെടുന്ന വിദേശ സൈനികരും പരസ്പരം പോരടിക്കുന്നവര്‍ക്കിടയില്‍ പെട്ടുപോകുന്ന തദ്ദേശീയരും ഒരുപോലെ യുദ്ധത്തിന്റെ ഇരകളാണെന്ന്  ഈ സിനിമ പറയുന്നു. നമ്മുടെ അതിര്‍ത്തി കാക്കാനോ നമ്മുടെ കുടുംബങ്ങളെ സംരക്ഷിക്കാനോ ജനാധിപത്യം കെട്ടിപ്പടുക്കാനോ അല്ല ഈ സൈനികരെ ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്ക് വിടുന്നതെന്ന് സംവിധായകന്‍ അരിശം കൊള്ളുന്നു. എന്തിനാണ് തങ്ങള്‍ യുദ്ധമുന്നണിയിലേക്ക് പോകുന്നതെന്ന് പല ഡാനിഷ് സൈനികര്‍ക്കും അറിയില്ലെന്നാണ്  അദ്ദേഹത്തിന്റെ വാദം. എങ്കിലും, അവര്‍ ഒരു കാര്യം തന്നോട് പറഞ്ഞു. പത്തു കൊല്ലത്തെ സേവനത്തിനുശേഷം തങ്ങളെല്ലാം മനുഷ്യരായി എന്ന്-തോബിയാസ് പറയുന്നു. 

ആവശ്യമായ കുടിവെള്ളം തന്നാല്‍ താലിബാന്‍കാര്‍ പാകിയിട്ട മൈനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുമോ എന്ന് ഡാനിഷ് സൈനികര്‍ ചോദിക്കുമ്പോള്‍ ഒരു അഫ്ഗാന്‍കാരന്‍ പറയുന്നത് ' ഞങ്ങള്‍ക്ക് വേണ്ടത് സമാധാനമാണ് ' എന്നാണ്. ഒരു സമാധാനകാലത്തെയാണ് ഈ സിനിമ സ്വപ്‌നം കാണുന്നത്. ആരും പരസ്പരം പോരാടി മരിക്കാത്ത സമാധാനകാലം. രാത്രി കിടക്കുമ്പോള്‍  മകള്‍ ക്ലോസിനോട് ചോദിക്കുന്നത് ' അച്ഛന്‍ കുട്ടികളെ കൊന്നു എന്നു പറയുന്നത് സത്യമാണോ ' എന്നാണ്. സ്‌നേഹമുള്ള തന്റെ അച്ഛന്‍ അങ്ങനെ ചെയ്യുമെന്ന് അവള്‍ക്ക് ഊഹിക്കാനാവില്ല. ആ ചോദ്യത്തിനു മുന്നില്‍ ക്ലോസ് നിശ്ശബ്ദനാവുകയാണ്. 

യന്ത്രത്തോക്കുകള്‍ക്കും മൈനുകള്‍ക്കും ബോംബുകള്‍ക്കുമിടയില്‍ ഓരോ നിമിഷവും കഴിച്ചുകൂട്ടേണ്ടിവരുന്ന അഫ്ഗാന്‍ ജനതയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് ' ക്രീഗന്‍ '. ഒരു അഫ്ഗാന്‍ കുടുംബത്തെ മാത്രമേ ഈ സിനിമയില്‍ അവതരിപ്പിക്കുന്നുള്ളുവെങ്കിലും അവര്‍ പ്രതിനിധാനം ചെയ്യുന്നത് ഒരു ജനതയെയാണ്. താലിബാന്റെ ഭീഷണിയില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു രാത്രി തങ്ങള്‍ക്ക് സൈനികക്യാമ്പില്‍ അഭയം തരണമെന്നു യാചിച്ച് ആ കുടുംബം എത്തുന്നുണ്ട്. അച്ഛനുമമ്മയും രണ്ട് മക്കളുമടങ്ങുന്നതാണ് ആ കുടുംബം. താലിബാന്‍ അയാളുടെ പിറകെയുണ്ട്. തങ്ങളോടൊപ്പം പോരാളിയായി അയാളും വരണമെന്നതാണ് അവരുടെ ആവശ്യം. ' ഈ രാത്രി നിങ്ങള്‍ വീട്ടിലേക്കു പോകൂ , നാളെ രാവിലെ ഞങ്ങള്‍ വന്ന് താലിബാനെ തുരത്തിക്കോളാം ' എന്നു പറഞ്ഞിട്ടും അഫ്ഗാന്‍കാരന്‍ പോകാന്‍ മടിക്കുന്നു. കുട്ടികളെയെങ്കിലും ക്യാമ്പില്‍ നിര്‍ത്തണമെന്ന അയാളുടെ അപേക്ഷയും സൈന്യം നിരസിക്കുന്നു. തനിക്കും മൂന്നു കുട്ടികളുണ്ട് എന്ന് സൈനിക കമാന്‍ഡര്‍ പറയുമ്പോള്‍ അഫ്ഗാന്‍കാരന്‍ ചോദിക്കുന്നത് ' അവര്‍ സുരക്ഷിതമായ സ്ഥലത്തല്ലേ കഴിയുന്നത് ' എന്നാണ്. പിറ്റേന്ന് സൈന്യം അയാളുടെ വീട്ടിലെത്തുമ്പോള്‍ എല്ലാവരുടെയും മൃതദേഹങ്ങളേ അവിടെയുണ്ടായിരുന്നുള്ളു. 

അഫ്ഗാനിസ്താനിലെ ഡാനിഷ് സൈനികരുടെ സാന്നിധ്യം വിഷയമാക്കി രണ്ട് പ്രധാന ഡോക്യുമെന്ററികള്‍ ' ക്രീഗനൂ ' മുമ്പേ ഇറങ്ങിയിട്ടുണ്ട്. 2010 ല്‍ പുറത്തുവന്ന 'അര്‍മാഡില്ലോ' ആണ് ആദ്യത്തേത്. 'സൈനികഹൃദയങ്ങളിലേക്കുള്ള സഞ്ചാരം' എന്ന വിശേഷണത്തോടെ ഇറങ്ങിയ ഈ ഡോക്യുമെന്ററി അക്കൊല്ലം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ 'ഗ്രാന്റ് പ്രീ' ബഹുമതി നേടിയിട്ടുണ്ട്. മറ്റൊരു ഡോക്യുമെന്ററി ' മൈ വാര്‍ ' ആണ്. 2014 ലാണ് ഇത് പ്രദര്‍ശനത്തിനെത്തിയത്. 

 tsureshbabumbi@gmail.com