സുമിത്രാ ഭാവെയും സുനില്‍ സുഖ്ധങ്കറും ഒരുമിച്ച് സിനിമ സംവിധാനം ചെയ്തുതുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞു. ബോളിവുഡ്ഡിന്റെ മാസ്മരികതയില്‍ വീഴാത്ത ഈ പുണെ സ്വദേശികള്‍ മറാത്തി സിനിമയിലെ സഫലമായ കൂട്ടുകെട്ടാണ്. 2016 ല്‍ ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്ത 'കാസവ്' എന്ന സിനിമ ചലച്ചിത്രമേളകളില്‍ കാണികളുടെ ആകര്‍ഷണമായി മാറിക്കഴിഞ്ഞു
സംവിധായകരായ സുമിത്രാ ഭാവെയും സുനില്‍ സുഖ്ധങ്കറും മറാത്തി സിനിമയിലെ സഫലമായ കൂട്ടുകെട്ടാണ്. മൂന്നു പതിറ്റാണ്ടിലേറെയായി ഇവര്‍ നല്ല സിനിമയോടൊപ്പമുണ്ട്. 1985 ല്‍ 'ബായ്' എന്ന ഡോക്യു ഫിക്ഷനിലായിരുന്നു തുടക്കം. 1995 ല്‍ ആദ്യത്തെ ഫീച്ചര്‍ സിനിമ ചെയ്തു. ആകെ 14 ഫീച്ചര്‍ സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തു വന്നു. ഹ്രസ്വ ചിത്രങ്ങള്‍ 40. ടെലിഫിലിം അഞ്ച്. സിനിമയിലെത്തുംമുമ്പ് സുമിത്ര സാമൂഹിക പ്രവര്‍ത്തകയായിരുന്നു. 'സ്ത്രീവാണി' എന്ന ഗവേഷണ ഏജന്‍സിയുടെ മേധാവിയായിരുന്നു. ചേരികളിലെ ജീവിതമാണ് രണ്ടാമത്തെ ഡോക്യൂ ഫിക്ഷനായ 'പാനി' യില്‍ പകര്‍ത്തിയത്. ചേരിനിവാസികള്‍ തന്നെ അഭിനേതാക്കളുമായി. ആദ്യത്തെ രണ്ട് ഹ്രസ്വചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡ് ലഭിച്ചതോടെ തങ്ങളുടെ ഉത്തരവാദിത്തം കൂടിയതായി ഈ സംവിധായകര്‍ക്കു തോന്നി. സുമിത്ര മുഴുവന്‍സമയ സിനിമാപ്രവര്ത്തകയായി മാറി. സുനില്‍ ഇടയ്ക്ക് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് സംവിധാനത്തില്‍ ബിരുദമെടുത്തു. തുടര്‍ന്ന് വീണ്ടും സുമിത്രക്കൊപ്പം കൂടി.
നിരക്ഷരരുടെ മാധ്യമം
റിസര്‍ച്ച് പ്രോജക്ടിന്റെ ഭാഗമായാണ് സുമിത്ര ഭാവെ ആദ്യം സിനിമയെടുത്തത്. നിരക്ഷരരായ വനിതകളെ സിനിമയെന്ന മാധ്യമത്തിലൂടെ മാത്രമേ ബോധവത്കരിക്കാനാവൂ എന്ന തിരിച്ചറിവില്‍ നിന്നാണ് സുമിത്ര സംവിധാനരംഗത്തേക്ക് കടന്നത്. 'പാനി' എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിനായി രണ്ടു മാസം ഇവര്‍ ചേരികളില്ത്തന്നെയായിരുന്നു. 'പാനി' തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചില്ല. ചേരികളില്‍ മാത്രമായിരുന്നു പ്രദര്‍ശനം. ഇതിന് വളണ്ടറി ഏജന്‍സികള്‍ സഹായിച്ചു.
സുമിത്രാഭാവെ-സുനില്‍ സുഖ്ധങ്കര്‍ കൂട്ടുകെട്ടിന് സിനിമ വിനോദോപാധിയല്ല. സമൂഹത്തില്‍ ചലനമുണ്ടാക്കാന്‍ ഈ മാധ്യമത്തിനു കഴിയും എന്ന വിശ്വാസക്കാരാണിവര്‍. സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്യണം എന്നാഗ്രഹിക്കുന്ന വിഷയങ്ങളും ഈ സംവിധായകര്‍ ഇതിവൃത്തമാക്കുന്നു. തങ്ങളുടേത് മുഖ്യധാരാ സിനിമയാണെന്നാണ് ഇവര്‍ പറയുന്നത്. പക്ഷേ, കമേഴ്സ്യല്‍ വിജയത്തിനാധാരമായ സ്ഥിരം ചേരുവകളെ ഇവര്‍ തിരസ്കരിക്കുന്നു. 2016 ല്‍ ചലച്ചിത്രമേളകളില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറാന്‍ സുമിത്രാ-സുനില്‍ കൂട്ടുകെട്ടിന്റെ 'കാസവ്' എന്ന സിനിമക്ക് കഴിഞ്ഞു. തിരുവനന്തപുരം iffk യിലും കേരളത്തില്‍ അതിനു ശേഷം കോഴിക്കോട്ടടക്കം നടന്ന പല ചലച്ചിത്രമേളകളിലും കാണികളുടെ ഹൃദയത്തിലേക്ക് കടന്നു ചെന്ന സിനിമയാണ് ' കാസവ് '. കാസവ് എന്ന ശീര്‍ഷകത്തിന്റെ അര്‍ഥം കടലാമ എന്നാണ്. കടലാമയുടെ സ്വഭാവവിശേഷങ്ങളെ മനുഷ്യജീവിതവുമായി കോര്‍ത്തിണക്കിയെടുത്ത ഈ സിനിമ കവിത പോലെ ഹൃദ്യമാണ്.
കടലാമകളുടെ സംരക്ഷക
കടലാമകളുടെ വംശനാശം തടയുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ജാനകി കുല്‍ക്കര്‍ണി എന്ന മധ്യവയസ്കയുടെ ജീവിതത്തിന്റെ ചെറിയൊരു കാലമാണ് ' കാസവി ' ലൂടെ അനാവരണം ചെയ്യുന്നത്. ജാനകി മൗനത്തിലൊളിച്ചുവെച്ച വേദനകളെക്കൂടി സിനിമ അവസാനം പുറത്തേക്ക് കൊണ്ടുവരുന്നുണ്ട്. ജന്തുശാസ്ത്രമോ സമുദ്രശാസ്ത്രമോ പഠിച്ചിട്ടല്ല ജാനകി പ്രകൃതിസ്നേഹികളായ ഒരു കൂട്ടം മനുഷ്യരോടൊപ്പം ആമകളുടെ സംരക്ഷണപ്രവര്‍ത്തനം നടത്തുന്നത്. തന്റെ ചുറ്റിലുമുള്ള മനുഷ്യരോട് ജാനകി കാണിക്കുന്ന സഹജീവി സ്നേഹത്തിന്റെ ഭാഗമാണത്.
അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയിരിക്കുകയാണ് ജാനകി കുല്‍ക്കര്‍ണി. ഒരു കടലോര ഗ്രാമത്തില്‍ വാടകവീട്ടിലാണ് താമസം. കൂട്ടിന് ഡ്രൈവര്‍ യദുവും വേലക്കാരന് ബബ്ല്യയും. കടലാമകളെ സംരക്ഷിക്കുന്ന ദത്താഭാവുവും കൂട്ടരുമാണ് ജാനകിയുടെ ജീവിതത്തെ പ്രസന്നമാക്കുന്നത്. മുട്ടയിടാന്‍ കരയിലേക്ക് വരുന്ന ആമകള്‍ക്ക് ജാനകിയടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ കടലോരത്ത് വലകെട്ടി സൗകര്യമൊരുക്കുന്നു. മുട്ടകള്‍ വിരിയുംവരെ അവര്‍ ജാഗ്രതയോടെ കാവലിരിക്കും. ഇതിനിടെ, പനിപിടിച്ച് അവശനായി റോഡരികില്‍ക്കിടന്ന ഒരു യുവാവിനെ ജാനകി തന്റെ വീട്ടിലെത്തിക്കുന്നു. നൈരാശ്യം ബാധിച്ച യുവാവ്. ജീവിതം ഉപേക്ഷിക്കാന്‍ ശ്രമിച്ചവന്. ഞരമ്പ് മുറിച്ച് ആത്മഹത്യചെയ്യാന്‍ നോക്കി. ആരോ കണ്ടെടുത്ത് ആസ്പത്രിയിലാക്കി. അവിടെ നിന്ന് രക്ഷപ്പെട്ട് അവന് അലക്ഷ്യയാത്ര തുടര്‍ന്നു. ഒടുവില്‍ റോഡരികില്‍ വീണു. ജാനകിയുടെ സ്നേഹശുശ്രൂഷയില്‍ അസുഖം ഭേദമായിട്ടും അവന്റെ നിലപാടില്‍ മാറ്റമൊന്നുമില്ല. കൂട്ടിന് ആരും വേണ്ട എന്ന മട്ട്. ജാനകി തന്റെ രക്ഷാകര്‍ത്താവായി മാറുന്നത് അവനിഷ്ടപ്പെടുന്നില്ല. തന്നെക്കുറിച്ച് ആരോടും ഒന്നും പറയാനും അവന് താല്‍പ്പര്യം കാട്ടുന്നില്ല. അവന്റെ ഡയറി പരിശോധിച്ചപ്പോഴാണ് ജാനകിക്ക് ഒരു നമ്പര്‍ കിട്ടിയത്. ആ നമ്പറില്‍ വിളിച്ചപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് യുവാവിന്റെ രണ്ടാനമ്മ എത്തി. മാനവേന്ദ്രന് എന്ന ആ യുവാവിന്റെ അമ്മ നേരത്തേ മരിച്ചു. അച്ഛനോട് അവന് വലിയ അടുപ്പമില്ല. അപ്പൂപ്പനും അമ്മൂമ്മയുമായിരുന്നു തുണ. അവര്‍ മരിച്ചതോടെ മാനവ് വീടുവിട്ടിറങ്ങിയതാണ്. കൂട്ടുകാരെയും കാമുകിയെയുമെല്ലാം അവന് ഉപേക്ഷിച്ചു. അലക്ഷ്യമായ യാത്രയായിരുന്നു പിന്നെ. അതും മടുത്തപ്പോഴാണ് മരണത്തില്‍ അഭയം തേടാന്‍ ആഗ്രഹിച്ചത്. തന്റെ ജീവിതരഹസ്യങ്ങള്‍ ജാനകി അറിഞ്ഞെന്നു മനസ്സിലാക്കിയ മാനവ് പൊട്ടിത്തെറിക്കുന്നു. പക്ഷേ, ജാനകിയുടെ ആര്‍ദ്രമായ സമീപനം അവനെ ക്രമേണ ശാന്തനാക്കുന്നു. ആരുമില്ലെന്നു കരുതിയ തനിക്ക് ചുറ്റിലും സ്നേഹമുള്ള മനുഷ്യരുണ്ടെന്ന് അവനു ബോധ്യമായി. സമൂഹജീവിയാണ് താനെന്ന് അവന് ബോധ്യം വരുന്നു.
നന്മ നിറഞ്ഞ കഥാപാത്രങ്ങള്‍
കഥാപാത്രങ്ങളുടെ ജീവിത പശ്ചാത്തലം ചുഴിഞ്ഞു നോക്കുന്നില്ല ഈ സിനിമ. വേണമെങ്കില്‍ മാനവിന്റെയും ജാനകിയുടെയും അനാഥ ബാലനായ പര്ശുവിന്റെയും ഭൂതകാലത്തേക്ക് ക്യാമറക്ക് കടന്നുചെല്ലാമായിരുന്നു. അങ്ങനെ വ്യക്തിദു:ഖങ്ങളെ പൊലിപ്പിച്ചിരുന്നെങ്കില്‍ സിനിമയുടെ ഇപ്പോഴത്തെ ഒതുക്കം നഷ്ടപ്പെടുമായിരുന്നു. ഓരോ മനുഷ്യനും ഓരോ കര്മമുണ്ടെന്ന് 'കാസവി' ന്റെ സംവിധായകര്‍ വിശ്വസിക്കുന്നു. ആ കര്‍മം അനുഷ്ഠിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ഈ സിനിമയില്‍ നമ്മള് കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെല്ലാം നന്മ പ്രസരിപ്പിക്കുന്നവരാണ്. സ്വന്തം നഷ്ടങ്ങളിലേക്കോ വേദനകളിലേക്കോ ഒതുങ്ങിക്കൂടി സമൂഹത്തില്‍ നിന്ന് അകന്നുനില്‍ക്കുകയല്ല അവര്‍. പരപ്രേരണയില്ലാതെ എല്ലാവരും സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ്. (അടുക്കളപ്പണിക്കാരനായ ബബ്ല്യ പുറത്തെത്തിയാല്‍ നാടകസംവിധായകനാണ്. അയാളുടെ പ്രധാന കര്‍മമണ്ഡലം നാടകമാണ്). മാനവ് മാത്രമാണ് സ്വന്തം തോടിനുള്ളിലേക്ക് വലിയാന്‍ ശ്രമിക്കുന്നത്. പക്ഷേ, ഒടുവില്‍ അവനും തന്റെ വഴി തിരിച്ചറിയുന്നു.
മാനവിന്റെ ജീവിതകഥ പോലെ നിഗൂഢമാണ് ജാനകി കുല്‍ക്കര്‍ണിയുടെയും പശ്ചാത്തലം. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ മാത്രമേ നമ്മള് അവരെ അറിയുന്നുള്ളു. കരയില്‍ വന്ന് മുട്ടകളിട്ട് അവ വിരിയാന്‍ കാത്തിരിക്കാതെ തിരിച്ചുപോകുന്ന കടലാമയുടെ കണ്ണില്‍ എപ്പോഴും ഒരു തുള്ളി കണ്ണീര് വറ്റാതെ കിടക്കുമെന്ന് ജാനകി ഒരിക്കല്‍ പറയുന്നുണ്ട്. സ്വന്തം മക്കളെ തിരിച്ചറിയാനാവാതെ പോകുന്ന ഒരമ്മയുടെ കണ്ണുനീരാണത്. കടലില്‍ കാണുന്ന ഓരോ കുഞ്ഞും തന്റേതാണെന്ന് തള്ളയാമ കരുതുന്നു. വിവാഹമോചനത്തിന്റെ വക്കിലെത്തി നില്ക്കുന്ന തന്റെ ജീവിതത്തോടാണ് കടലാമയുടെ കണ്ണീരിനെ ജാനകി താരതമ്യപ്പെടുത്തുന്നത്. പതിനാറുകാരനായ മകന്റെ അസാന്നിധ്യം ജാനകിയുടെ മനസ്സിലെ വറ്റാത്ത വേദനയാണ്. അകല്‍ച്ച കാട്ടുന്ന ഭര്‍ത്താവുമൊത്തുള്ള അമേരിക്കയിലെ ജീവിതം ജാനകിക്ക് മടുത്തിരുന്നു. ഡല്‍ഹിക്ക് തിരിച്ചുപോന്ന താന്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് മാനവിനോട് ജാനകി ഏറ്റുപറയുന്നു. ഒരു സൈക്യാട്രിസ്റ്റ് ആണ് തന്നെ രക്ഷിച്ചത്. 'നിങ്ങളുടെ പുറത്തൊരു ലോകമുണ്ട്, അവിടേക്ക് ശ്രദ്ധിക്കൂ' എന്ന് ജാനകിയെ ഉപദേശിച്ചത് സൈക്യാട്രിസ്റ്റാണ്. ആ ഉപദേശം ജാനകിയെ പ്രതീക്ഷയുടെ ലോകത്തെത്തിച്ചു. ദത്താഭാവു എന്ന വയോധികനുമൊത്ത് ആമസംരക്ഷണത്തിനിറങ്ങുന്നത് അങ്ങനെയാണ്. ഏതെങ്കിലും ആശയത്തോട്, മനുഷ്യരോട് ഇഷ്ടം തോന്നിയാല്‍ ജീവിതം നിങ്ങള്‍ തിരിച്ചുപിടിച്ചു എന്നാണ് ജാനകി കുല്‍ക്കര്‍ണിയിലൂടെ, മാനവിലൂടെ, ദത്താഭാവുവിലൂടെ സംവിധായകര്‍ പറയാന്‍ ശ്രമിക്കുന്നത്. തന്നെ രക്ഷിക്കുകയും സഹായിക്കുകയും കലവറയില്ലാതെ സ്നേഹിക്കുകയും ചെയ്യുന്ന സ്ത്രീയെ ഒരനുകൂല സാഹചര്യം കിട്ടിയാല്‍ കിടപ്പറയിലേക്ക് ക്ഷണിക്കുക എന്നതാണ് ഇന്ത്യന്‍ സിനിമയിലെ പുരുഷന്റെ സ്ഥിരം രീതി. അവിടെയും ഈ സിനിമ വ്യത്യസ്തമാകുന്നു. മാനവിനോടുള്ള ജാനകിയുടെ സ്നേഹം ഒരമ്മയുടേതാണെന്ന് വളരെ കൃത്യമായി ബോധ്യപ്പെടുത്താന്‍ സംവിധായകര്‍ക്ക് കഴിയുന്നു. മാനവിനും ആ തിരിച്ചറിവുണ്ട്. തുടക്കത്തില്‍, ഇരുവരും തമ്മിലുണ്ടാകുന്ന വഴക്കും പിണക്കവും ഒതുക്കത്തോടെയാണ് സംവിധായകര്‍ കാണിക്കുന്നത്. അഭിനയത്തിലെയും അവതരണത്തിലെയും സ്വാഭാവികത കൊണ്ടാണ് ഈ ഒതുക്കം കൈവരുന്നത്. ശാസിച്ചോ കുറ്റപ്പെടുത്തിയോ മാനവിനെ തന്റെ വഴിക്ക് കൊണ്ടുവരാന്‍ ജാനകി ശ്രമിക്കുന്നതേയില്ല. വിഷാദരോഗത്തെ മറികടന്ന ജാനകിക്ക് അതേ അവസ്ഥയിലുള്ള മാനവിനെ മനസ്സിലാക്കാനാവും. അതുകൊണ്ടാണ് അവര്‍ മാനവിനെ അവന്റെ എല്ലാ പെരുമാറ്റദൂഷ്യങ്ങളോടെയും അംഗീകരിച്ച് അവന്റേതായ വഴിക്ക് വിടാന്‍ നോക്കുന്നത്. മക്കളെയോര്‍ത്ത് കണ്ണീര് തൂവുന്ന സ്നേഹമയിയായ കടലാമയുടെ ജന്മമാണ് ജാനകിയുടേതും. മുട്ട വിരിഞ്ഞു പുറത്തുവരുന്ന ആമക്കുഞ്ഞുങ്ങള്‍ ശങ്കയില്ലാതെ കടലിന്റെ ആഴങ്ങളിലേക്ക് തുഴഞ്ഞുപോകുന്ന ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്. ആ കാഴ്ച നോക്കി ആഹ്ളാദിക്കുകയാണ് മാനവേന്ദ്രനും പര്ശുവും.
കടല്‍, കടലാമ എന്നീ പ്രതീകങ്ങളെ കഥാപാത്രങ്ങളുമായും അവരുടെ മാനസിക വ്യാപാരങ്ങളുമായും കൂട്ടിയിണക്കുന്നതില്‍ സംവിധായകര്‍ കാട്ടുന്ന മിടുക്ക് ശ്ലാഘനീയമാണ്. കടല്‍ ഈ സിനിമയില്‍ ഒരു കഥാപാത്രം പോലെ സജീവ സാന്നിധ്യമാണ്. നൈരാശ്യത്തിന്റെ ലോകത്തുനിന്ന് പ്രതീക്ഷയുടെ ശാന്തമായ അവസ്ഥയിലേക്കുള്ള മാനവിന്റെ പരിണാമത്തിന് കടലാണ് സാക്ഷിയാകുന്നത്. സുമിത്ര-സുനില്‍ കൂട്ടുകെട്ടിന്റെ മറ്റു സിനിമകളിലെപ്പോലെ സമൂഹത്തെ ചലിപ്പിക്കുന്ന ഒരു സന്ദേശം 'കാസവി' ലും നമുക്ക് വായിച്ചെടുക്കാനാവും.
ജീവിതമില്ലാത്ത ബോളിവുഡ് സിനിമ
വര്‍ണപ്പകിട്ടുള്ള അയഥാര്‍ഥ ലോകത്താണ് ബോളിവുഡ് സിനിമ വേറുറപ്പിച്ചിരിക്കുന്നതെന്ന് സുമിത്ര ഭാവെയും സുനില്‍ സുഖ്ധങ്കറും അഭിപ്രായപ്പെടുന്നു. ഭൂരിഭാഗം ബോളിവുഡ് സിനിമകളും ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നില്ല. ബോളിവുഡ് സംവിധായകര്‍ സാമൂഹികമാറ്റം ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് നിലവിലുള്ള അസമത്വാവസ്ഥ തുടരാനാണ് താല്‍പ്പര്യം. എങ്കിലേ അവര്‍ക്ക് സ്വപ്നങ്ങള്‍ വില്‍ക്കാനാവൂ. മറാത്തിയിലെടുക്കുന്ന തങ്ങളുടെ സിനിമകള്‍ക്ക് സാംസ്കാരികമായ അടിത്തറയുണ്ടെന്ന് സുമിത്രയും സുനിലും അഭിമാനത്തോടെ അവകാശപ്പെടുന്നു. സ്വപ്നലോകത്തുനിന്ന് വിഭിന്നമായി യഥാര്‍ഥ ജീവിതത്തിലേക്ക് തിരിച്ചുവെച്ച വ്യത്യസ്തമായ സിനിമ കാണാന്‍ മറാത്ത പ്രേക്ഷകരെ പഠിപ്പിക്കുകയാണ് ഈ സംവിധായകര്‍. മൂന്നു പതിറ്റാണ്ടായി ഈ ശ്രമം തുടരുകയാണ്. മഹാരാഷ്ട്രയില്‍ തങ്ങളുടേതായ പ്രേക്ഷകരെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു തന്നെയാണ് ഇരുവരുടെയും വിശ്വാസം. അതുപോലെ, രാജ്യത്തും പുറത്തും ഇവരുടെ സിനിമകള്‍ക്ക് വലിയൊരു പ്രേക്ഷകസമൂഹമുണ്ട്.
മൂന്നു പതിറ്റാണ്ട്, 14 സിനിമ
സുമിത്ര ഭാവെ-സുനില്‍ സുഖ്ധങ്കര്‍ കൂട്ടുകെട്ടിന്റെ ആദ്യത്തെ ഡോക്യു ഫിക്ഷന്‍ പുറത്തുവന്നത് 1985 ലാണ്. പേര് ' ബായ് '. സാമൂഹിക ക്ഷേമം വിഷയമാക്കിയ മികച്ച ചിത്രത്തിനുള്ള അക്കൊല്ലത്തെ ദേശീയ അവാര്‍ഡ് ' ബായി ' ക്കായിരുന്നു. 87 ല്‍ ' പാനി ' എന്ന ഡോക്യു ഫിക്ഷനും ദേശീയ അവാര്‍ഡ് കിട്ടി. ആദ്യഫീച്ചര്‍ സിനിമക്ക് പിന്നെയും എട്ടു വര്‍ഷമെടുത്തു. 1995 ലിറങ്ങിയ 'ദോഘി' എന്ന ആദ്യ ഫീച്ചര്‍ സിനിമ സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത മികച്ച സിനിമക്കുള്ള ദേശീയ പുരസ്കാരം നേടി. മഹാരാഷ്ട്രയുടെ ഗ്രാമീണ പശ്ചാത്തലത്തില്‍ രൂപംകൊണ്ട ഈ സിനിമ ഗൗരി എന്ന യുവതിയുടെ നിറമില്ലാത്ത ജീവിതമാണ് കാണിച്ചുതരുന്നത്. വിവാഹത്തിനു തൊട്ടുമുമ്പ് വരനും ബന്ധുക്കളും വാഹനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് ഗ്രാമത്തിന്റെ ദുശ്ശകുനമായി മാറിയ ഗൗരി കുടുംബത്തിന്റെ കടം വീട്ടാന്‍ മുംബൈയിലെ ചുവന്ന തെരുവിലെത്തുകയും സഹോദരിയുടെ വിവാഹദിവസം അവിചാരിതമായി ഒരു പുതുജീവിതത്തിലേക്ക് കടക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം. ഒരു സാമൂഹിക പ്രവര്‍ത്തകന്റെ കരുത്തുറ്റ കൈകളിലാണ് സുമിത്ര ഭാവെ ഗൗരിയെ ഏല്പിക്കുന്നത്. വിവരാവകാശ നിയമത്തെക്കുറിച്ച് ബോധവാനാകുന്ന ആത്മാഭിമാനിയായ ഒരു ബസ് കണ്ടക്ടറുടെ വിജയകരമായ പോരാട്ടത്തിന്റെ കഥയാണ് 'ഏക് കപ്പ് ചായ്'. വഴിതെറ്റിപ്പോകുന്ന ഒരു സംഘം വിദ്യാര്‍ഥികളെ സ്നേഹത്തിലൂടെ നല്ല പാതയിലേക്ക് നയിക്കുന്ന ഒരധ്യാപകനാണ് ' ദഹവി ഫാ ' (പത്താം തരം എഫ്) എന്ന സിനിമയിലെ പ്രധാന കഥാപാത്രം. 2002 ലെ മികച്ച മറാത്തി സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് ' ദഹവി ഫാ ' ക്കായിരുന്നു. 2003 ല്‍ മികച്ച മറാത്തി സിനിമക്കുള്ള ദേശീയ അവാര്‍ഡ് പാവങ്ങളെ സേവിക്കാനിറങ്ങുന്ന ഒരു ഡോക്ടറുടെ കഥ ആവിഷ്കരിച്ച ' വാസ്തു പുരുഷ് ' കരസ്ഥമാക്കി. 2005 ല്‍ മികച്ച പരിസ്ഥിതി സംരക്ഷണ സിനിമക്കുള്ള ദേശീയ അവാര്‍ഡ് ' ദേവ്റായ് ' നേടി. മറവിരോഗം ബാധിച്ച ഒരു വയോധികനെ കേന്ദ്രീകരിച്ച് സംവിധാനം ചെയ്ത 'അസ്തു' 2014 ല്‍ മികച്ച തിരക്കഥക്കുള്ള ദേശീയ അവാര്‍ഡിനും അര്‍ഹമായി. ബദ്ധ, ഹ ഭാരത് മസാ, സംഹിത എന്നിവയും സുമിത്ര - സുനില്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന മികച്ച സിനിമകളാണ്.