south indian bankകൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് അധിക മൂലധന സമാഹരണം ലക്ഷ്യമിട്ട് നടത്തുന്ന അവകാശ ഓഹരികളുടെ വിൽപ്പന മാർച്ച് 14ന് അവസാനിക്കും.

ഫെബ്രുവരി 28ന് ആരംഭിച്ച ഓഹരി വിൽപ്പനയിൽ ഇതുവരെ ഏതാണ്ട് 45 ശതമാനം ഓഹരികൾക്ക് അപേക്ഷകൾ ലഭിച്ചതായാണ് സൂചന. കൂടുതൽ ഓഹരി ഉടമകളിൽ നിന്നുള്ള അപേക്ഷകൾ അവസാന രണ്ടുദിനങ്ങളിലായായിരിക്കും ലഭിക്കുക. 

നിലവിലുള്ള ഓഹരി ഉടമകൾക്ക് 1:3 അനുപാതത്തിലാണ് അവകാശ ഓഹരി നൽകുന്നത്. അതായത്, മൂന്ന് ഓഹരികൾ കൈവശമുള്ളവർക്ക് ഒരു ഓഹരി വാങ്ങാൻ അവകാശമുണ്ടാവും.

ഒരു രൂപ മുഖവിലയുള്ള ഓഹരികൾ 13 രൂപ പ്രീമിയമടക്കം 14 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. മൊത്തം 630 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി പതിനേഴിനായിരുന്നു അവകാശ ഓഹരി വിൽപ്പനയിൽ പങ്കെടുക്കുന്നതിനുള്ള റെക്കോഡ്‌ തീയതി.