south indian bankകൊച്ചി: അധിക മൂലധന സമാഹരണം ലക്ഷ്യമിട്ട് സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്.ഐ.ബി.) നടത്തിയ 631 കോടി രൂപയുടെ അവകാശ ഓഹരി ഇഷ്യു വിജയകരമായി പൂർത്തിയാക്കി. വില്പനയ്ക്ക് വച്ചതിനെക്കാൾ 84 ശതമാനം അധികം ഓഹരികൾക്ക് അപേക്ഷ ലഭിച്ചു.

അപേക്ഷകരിൽ നിന്ന് അർഹരായവർക്ക് ഓഹരികൾ അലോട്ട് ചെയ്ത ശേഷം അവ ബി.എസ്.ഇ.യിലും എൻ.എസ്.ഇ.യിലും വ്യാപാരത്തിനെത്തി.

ബാങ്കിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനായി മാനേജ്‌മെന്റ് എടുത്ത വിവിധ നടപടികൾ ഓഹരിയുടമകൾ വിശ്വാസത്തിലെടുത്തതിന്റെ തെളിവാണ് അവകാശ ഓഹരി വില്പനയുടെ വിജയമെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ വി.ജി. മാത്യു പറഞ്ഞു. 

പുതുതായി ശേഖരിച്ച മൂലധനവും നീക്കിയിരിപ്പും ചേരുമ്പോൾ രണ്ടു വർഷത്തേക്ക് ആവശ്യമായ മൂലധന പര്യാപ്തത ഉറപ്പാക്കാനായിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം ബിസിനസ് വളർച്ച എന്ന ലക്ഷ്യം കൈവരിക്കാൻ ഇതു സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 
    
ഭവന വായ്പ, വാഹന വായ്പ, കാർഷിക വായ്പ, സ്വർണപ്പണയം, വസ്തുക്കളുടെ ഈടിന്മേലുള്ള വായ്പ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കുള്ള വായ്പ തുടങ്ങിയ റീട്ടെയിൽ സാന്നിധ്യം വർധിപ്പിച്ച് മുന്നേറാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബാങ്ക്.

2020 ഓടെ ‘റീട്ടെയിൽ ബാങ്കിങ് പവർഹൗസ്’ ആകുകയാണ് ലക്ഷ്യം. അതിനൊപ്പം, കിട്ടാക്കടത്തിന്റെ തോത് ഗണ്യമായി കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.