ന്യൂഡല്‍ഹി: ഓഹരി വിപണി റെക്കോഡിനരികെ നില്‍ക്കുന്ന സാഹചര്യത്തില്‍ ആറ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിറ്റ് മൂലധന സമാഹരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 

ഓഹരി വിപണിയില്‍ ഇതിനോടകം ലിസ്റ്റ് ചെയ്തിട്ടുള്ള ബാങ്കുകളുടെ ഓഹരികളാണ് ഫോളോ-ഓണ്‍ പബ്ലിക് ഓഫറിലൂടെ (എഫ്.പി.ഒ.) വിറ്റഴിക്കുക. എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് ഉറപ്പാണ്. 

ധനമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. 

പൊതുമേഖലാ ബാങ്കുകള്‍ കടുത്ത മൂലധന പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഓഹരി വില്പനയിലൂടെ ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും കൂടി 1.10 ലക്ഷം കോടി രൂപയുടെ മൂലധനം ആവശ്യമാണ്. ബാസല്‍ മൂന്ന് മാനദണ്ഡ പ്രകാരം 2019-ഓടെ ഈ തുക കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി കേന്ദ്രം 50,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി. 

കൂടുതല്‍ തുക കണ്ടെത്താനാണ് എഫ്.പി.ഒ. മാര്‍ഗത്തില്‍ ഓഹരി വില്പനയെക്കുറിച്ച് ആലോചിക്കുന്നത്. 

ഏതൊക്കെ ബാങ്കുകളാവും ഓഹരി വില്പന നടത്തുകയെന്നോ എത്ര തുക വീതം സമാഹരിക്കുമെന്നോ എപ്പോള്‍ ഓഹരി വില്പന ഉണ്ടാകുമെന്നോ തീരുമാനിച്ചിട്ടില്ല. 

അതേസമയം, 15,000 കോടി രൂപയുടെ മൂലധന സമാഹരണത്തിന് എസ്.ബി.ഐ.യുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.