നിഫ്റ്റിയുടെ നീക്കത്തിന് ആകാംക്ഷാഭരിതമായ ചില മാനങ്ങളാണ് ഇപ്പോൾ കാണപ്പെടുന്നത്. ഇതിൽ പ്രധാനം 9,000-ത്തിനടുത്തുള്ള സപ്പോർട്ടും 9,220-ത്തിനടുത്തുള്ള റെസിസ്റ്റൻസുമാണ്. ഏറ്റവും വലിയ സാധ്യത, വരുംദിനങ്ങളിൽ ഈ റേഞ്ചിനകത്തു നിന്നുകൊണ്ടുതന്നെ ഈ മാസത്തിന്റെയും ഈ സാമ്പത്തിക വർഷത്തിന്റെ തന്നെയും അവസാനത്തെ സെറ്റിൽമെന്റിനു സാക്ഷ്യം വഹിക്കാനാണ്.

നീക്കങ്ങൾ പ്രധാനമായും മിഡ് ക്യാപ് ഓഹരികളിലേക്ക് തിരിയാനുള്ള സാധ്യതയാണ് കൂടുതൽ. നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അടുത്ത സപ്പോർട്ട് ക്ലോസിങ് അടിസ്ഥാനത്തിൽ നിലനിർത്തേണ്ടത് 9,075-ലേതാണ്. ഇതിനു താഴേക്കുള്ള ക്ലോസിങ് തൊട്ടടുത്ത സപ്പോർട്ടായ 9,000-ത്തിന്റെ ബലം പരിശോധിക്കുന്നതിൽ കലാശിക്കും. 

ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ കുറച്ചുകൂടി ശക്തമായ തിരുത്തലിനു വിപണി വിധേയമാവും. അത് ഒരുപക്ഷേ നിഫ്റ്റിയെ 8,880-8815 നിലവാരങ്ങളിലേക്കുവരെ എത്തിച്ചേക്കാം.  മുന്നോട്ടുള്ള നീക്കത്തിന് ആദ്യം വേണ്ടത് 9,133 നിലവാരത്തിനു മുകളിലേക്കുള്ള ക്ലോസിങ് ആണ്. പിന്നീട്, ശ്രദ്ധിക്കേണ്ടത് 9,220-9,240 നിലവാരവും.

ഇനി കഴിഞ്ഞ ആഴ്ചകളിൽ നിർദേശിച്ച ഒാഹരികളിലേക്ക്:
ഭെൽ: മുൻ ആഴ്ചകളിൽ 146 നിലവാരത്തിൽ നിക്ഷേപത്തിനു നിർദേശിച്ച ഈ ഓഹരി കഴിഞ്ഞയാഴ്ച 172 രൂപ വരെ എത്തിയിരുന്നു. സ്റ്റോപ് ലോസ് പരിധി 157-ൽ നിന്നും 164.65-ലേക്ക് ഉയർത്തിക്കൊണ്ടുവരാം. ലക്ഷ്യം 179 ലേക്ക് നിലനിർത്താം. ആക്‌സിസ് ബാങ്ക്: തിങ്കളാഴ്ച 509-ന് താഴെ ക്ലോസ് ചെയ്തതിനാൽ സ്റ്റോപ് ലോസ് ആയതായി കണക്കാക്കുന്നു.

ടാറ്റ മോട്ടോഴ്‌സ് ഡി.വി.ആർ.: കഴിഞ്ഞ ബുധനാഴ്ച ഈ ഓഹരി ക്ലോസ് ചെയ്തത് 277.45 നിലവാരത്തിലായിരുന്നു. ഈ കോൾ സ്റ്റോപ് ലോസ് ആയതായി കണക്കാക്കുന്നു. 

ബി.പി.സി.എൽ: കഴിഞ്ഞ വ്യാഴാഴ്ച ഈ ഓഹരി 660 എന്ന ലക്ഷ്യം വളരെ കൃത്യതയോടെ നേടി. ഈ ഓഹരി ലാഭമെടുത്ത് വിറ്റൊഴിഞ്ഞതായി കണക്കാക്കുന്നു. 

ഈ ആഴ്ചത്തെ ഓഹരികൾ
ഡിവീസ് ലാബ്: ഇപ്പോൾ 623 രൂപ നിലവാരത്തിലുള്ള ഈ ഓഹരി 611 രൂപയിൽ ക്ലോസിങ് അടിസ്ഥാനത്തിൽ സ്റ്റോപ് ലോസ് നൽകി നിക്ഷേപത്തിനു പരിഗണിക്കാവുന്നതാണ്. 670 രൂപ നിലവാരത്തിലേക്ക് ടാർജറ്റ് നൽകാം. എച്ച്.ഡി.എഫ്.സി. ബാങ്ക്:  ഈ ഓഹരിയിൽ 1422 രൂപ നിലവാരത്തിനടുത്തു നിക്ഷേപം പരിഗണിക്കാം. 1401 നിലവാരത്തിൽ സ്റ്റോപ് ലോസ് നിശ്ചയിക്കുക. നൽകാവുന്ന ടാർജറ്റ് 1609 രൂപ. 

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഓഹരി നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയം)

ഇ-മെയിൽ: jaideep.menon@gmail.com