stock upനിഫ്റ്റിയിൽ 8,892 നിലവാരത്തിലെ സപ്പോർട്ട് നിലനിർത്തുന്നപക്ഷം 9,129 എന്ന ലക്ഷ്യത്തിലേക്കുള്ള നീക്കമാണ്‌ കഴിഞ്ഞയാഴ്ച പ്രതിക്ഷിച്ചിരുന്നത്. ഈ ലക്ഷ്യത്തിനു തൊട്ടടുത്തുവരെ കഴിഞ്ഞ ചൊവ്വാഴ്ച എത്തി.

വ്യാഴാഴ്ച ഈ ലക്ഷ്യം നേടുകയും ആ നിലവാരത്തിനു മുകളിലേക്ക് ക്ലോസ് ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച 9,218 നിലവാരം വരെ എത്തിയ നിഫ്റ്റി ക്ലോസ് ചെയ്തത് 9,160-ലായിരുന്നു. കഴിഞ്ഞവർഷം മാർച്ചിൽ രേഖപ്പെടുത്തിയ 9,119 എന്ന റെക്കോർഡാണ് കഴിഞ്ഞയാഴ്ച ഭേദിക്കപ്പെട്ടത്.  

വിദേശനിക്ഷേപകർ വൻതോതിൽ വാങ്ങാൻ എത്തിയതായിരുന്നു നിഫ്റ്റിയെ റെക്കോർഡ് തലങ്ങളിലേക്ക് ഉയർത്തിയതിന്‌ കാരണമായത്. ഇതൊക്കെയാണെങ്കിൽക്കൂടി ചുരുക്കം പ്രധാന ഓഹരികളിലാണ് ഇപ്പോഴും വർധന പ്രകടമാവുന്നത് എന്നത് ശ്രദ്ധിക്കേണ്ട ഘടകമാണ്. 

നിഫ്റ്റിയുടെ പ്രതീക്ഷിക്കുന്ന അടുത്ത ലക്ഷ്യം 9,417 നിലവാരമാണ്. ഈ നിലവാരത്തിലേക്കുള്ള നീക്കത്തിന് അത്രതന്നെ സാധ്യത 8,990-ലേക്ക് ഒരു തിരുത്തലിനും കൂടിയുണ്ട് എന്നത് ഓർക്കുക. അടുത്ത വ്യാപാര ദിനങ്ങളിൽ താഴ്ന്ന നിലവാരത്തിൽ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട സപ്പോർട്ട് 9,121 നിലവാരത്തിലേതാണ്. ഈ സപ്പോർട്ട് ക്ലോസിങ് അടിസ്ഥാനത്തിൽ നിലനിർത്താൻ ആവുന്നുണ്ടെങ്കിൽ യാത്ര മുന്നോട്ടുതന്നെ തുടരും. മുകളിലേക്ക് ആദ്യം ഇനി ഭേദിക്കപ്പെടേണ്ടത് 9,219 നിലവാരമാണ്. 

മുന്നോട്ടുള്ള യാത്രയിൽ പ്രതീക്ഷിക്കേണ്ട ഏറ്റവും വലിയ പ്രശ്നം ഇടപാടുകാരുടെ അതിരുകടന്ന ആത്മവിശ്വാസമാണ്. പല തലങ്ങളിലും അതു നാമ്പിട്ടു തുടങ്ങിയിട്ടുമുണ്ട്. ബഹുഭൂരിപക്ഷം ഇടപാടുകാരും ചിന്തിക്കുന്നത് ഒരേ ദിശയിലേക്കായാൽ ആ നിമിഷം മുതൽ എതിർ ദിശയിലേക്ക് നീങ്ങുക എന്നത് വിപണിയുടെ എന്നത്തേയും സ്വഭാവമാണ്. യഥാർത്ഥ നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കുന്നതും ഇതു തന്നെയാവും. നിഫ്റ്റിക്ക് താഴ്ന്ന നിലവാരത്തിൽ പ്രധാനമായ സപ്പോർട്ട് 8,904-ലാണുള്ളത്. ഈ നിലവാരം വരെയുള്ള ഏതൊരു നീക്കവും ആരോഗ്യകരമായിരിക്കും. 

മുൻ ആഴ്ചകളിൽ നിർദ്ദേശിച്ച ഓഹരികളിലേക്ക്: 
ഭെൽ: മുൻ ആഴ്ചകളിൽ 146 നിലവാരത്തിൽ നിക്ഷേപത്തിനു നിർദ്ദേശിച്ച ഈ ഓഹരി കഴിഞ്ഞയാഴ്ച 171.75 രൂപ വരെയെത്തിയിരുന്നു. ആഴ്ച അവസാനം ക്ലോസ് ചെയ്യുമ്പോൾ 169 നിലവാരത്തിലായിരുന്നു. സ്റ്റോപ് ലോസ് പരിധി 157-ലേക്ക് ഉയർത്തിക്കൊണ്ടുവരാം. ലക്ഷ്യം 179 രൂപയിലേക്ക് നിലനിർത്താം. 

ടാറ്റ മോട്ടോഴസ് ഡി.വി.ആർ.: 276 നിലവാരത്തിൽ നിക്ഷേപത്തിനു നിർദ്ദേശിച്ച ഈ ഓഹരിയുടേ ടാർജറ്റ് നൽകിയിരുന്നത് 300 രൂപയായിരുന്നു. കഴിഞ്ഞയാഴ്ച 294 രൂപ വരെ ഈ ഓഹരി എത്തിയിരുന്നു. സ്റ്റോപ് ലോസ് നിലവാരം 277.90 നിലവാരത്തിലേക്ക് ഉയർത്തി പൊസിഷൻ നിലനിർത്താം. 

ആക്‌സിസ് ബാങ്ക്: 500 രൂപ നിലവാരത്തിലാണ് ഈ ഓഹരിയിൽ നിക്ഷേപം നിർദ്ദേശിച്ചിരുന്നത്. കഴിഞ്ഞ വാരം 525 രൂപ വരെ വില വർധന രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച 517 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. സ്റ്റോപ് ലോസ് 509 നിലവാരത്തിലേക്ക് ഉയർത്തി പൊസിഷൻ നിലനിർത്തുക. ടാർജറ്റ് 576 രൂപ. 

ബി.പി.സി.എൽ.: 623 രൂപ നിലവാരത്തിലാണ് 660 രൂപ ടാർജറ്റിലേക്ക് ഈ ഓഹരി നിർദ്ദേശിച്ചത്. കഴിഞ്ഞയാഴ്ച 650 രൂപ നിലവാരം വരെയെത്തി. സ്റ്റോപ് ലോസ് പരിധി 611-ൽ നിന്നും 620 രൂപ നിലവാരത്തിലേക്ക് ഉയർത്തി പൊസിഷൻ നിലനിർത്തുക. 

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഓഹരി നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയം)
ഇ-മെയിൽ: jaideep.menon@gmail.com