മ്പനികൾ ലാഭമുണ്ടാക്കുമ്പോൾ ഓഹരിയുടമകൾക്ക് ലാഭവീതമായി ചെറിയൊരു ഭാഗം മാത്രമേ നൽകാറുള്ളു. ലാഭത്തിന്റെ നല്ലൊരു പങ്കും കമ്പനിയുടെ ഭാവിയിലെ വളർച്ചയ്ക്കായി കരുതിയിവയ്ക്കാറാണു പതിവ്. ഉത്പാദന ശേഷി ഉയർത്താനോ മറ്റു കമ്പനികളെ ഏറ്റെടുക്കാനോ ഒക്കെ ആ തുക വിനിയോഗിക്കാറുണ്ട്. 

ടിസിഎസിന്റെ ബൈ-ബാക്ക്

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്) 2017 ഫെബ്രവരി 20നാണ് 16,000 കോടി രൂപയുടെ ബൈ ബാക്ക് പ്രഖ്യാപിച്ചത്. 

ഓഹരിയൊന്നിന് 2,850 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. മൊത്തം ഓഹരി മൂലധനത്തിന്റെ 2.85ശതമാനം അഥവാ 5.61 കോടി ഓഹരികള്‍ മടക്കിവാങ്ങാനാണ് പദ്ധതി. ടെന്‍ഡര്‍ പ്രക്രിയയിലൂടെയാണ് ബൈ ബാക്ക്.

അമേരിക്കയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഐടി കമ്പനികളുടെ ഡോളര്‍ വരുമാനം കുറയാന്‍ ഇടയുണ്ട്. ഈ സാഹചര്യത്തില്‍ ബൈ ബാക്കില്‍ പങ്കെടുത്ത് ഓഹരി വിറ്റൊഴിയുന്നതാണ് അഭികാമ്യം.

എന്നാൽ, മോശം വിപണിസാഹചര്യങ്ങളിൽ മൂലധനച്ചെലവായി ആ തുക വിനിയോഗിക്കാതെ പണമായി തന്നെ സൂക്ഷിക്കും. ആ തുകയിൽ നിന്ന് അതുകൊണ്ടുതന്നെ കാര്യമായ റിട്ടേൺ ലഭിക്കുകയുമില്ല. സ്വാഭാവികയമായും ഓഹരിയുടമകളുടെ നിക്ഷേപത്തിന്മേലുള്ള ഈട് കുറയുകയും ചെയ്യും. അത് ഓഹരിവിലയിൽ പലപ്പോഴും ‘നെഗറ്റീവ്’ ഫലം ഉളവാക്കും. 

അത്തരം സാഹചര്യങ്ങളിൽ, കമ്പനിയുടെ നീക്കിയിരുപ്പു തുക ഉപയോഗിച്ച് ഓഹരിയുടമകൾക്ക് കൂടുതൽ ലാഭവീതം നൽകാനോ ‘ബൈ-ബാക്ക് ഓഫറി’ലൂടെ ഓഹരികൾ മടക്കിവാങ്ങാനോ ഡയറക്ടർ ബോർഡ് തീരുമാനിക്കാം. ഇന്ത്യയിലെ നികുതി നിയമങ്ങൾ വച്ച്, ലാഭവീതം നൽകുന്നതിനെക്കാൾ ഗുണകരം ബൈ-ബാക്കിലൂടെ ഓഹരികൾ മടക്കിവാങ്ങുന്നതാണ്. ലാഭവീതം നൽകുമ്പോൾ കമ്പനികൾ 20 ശതമാനത്തിനു മേലെ ലാഭവീത വിതരണ നികുതി നൽകണം. ഓഹരിയുടമകളാകട്ടെ, മൊത്തം ലാഭവീതം 10 ലക്ഷത്തിനു മേലെയാണെങ്കിൽ 10 ശതമാനം നികുതി അടയ്ക്കേണ്ടതുണ്ട്. 

ബൈ-ബാക്ക് പ്രിക്രിയ പൂർത്തിയാകുന്നതോടെ മടക്കിവാങ്ങിയ ഓഹരികൾ ഇല്ലാതെയാകും. അതോടെ, കമ്പനിയുടെ ഓഹരി മൂലധനം കുറയും. പ്രതി ഓഹരി ലാഭം (ഇ.പി.എസ്.) ഉയരാൻ അതു സഹായിക്കും. അതോടെ, കമ്പനിയുടെ ഓഹരികൾ വിപണിയിൽ ആകർഷകമായി മാറുകയും ചെയ്യും. അതിനാൽ, മിക്കപ്പോഴും കമ്പനികൾ ബൈ-ബാക്ക് പ്രഖ്യാപിക്കുമ്പോൾ തന്നെ അതിന്റെ ഓഹരിവില കൂടാറാണ് പതിവ്. 

ബൈ-ബാക്ക് രണ്ടുതരത്തിൽ:
രണ്ടുതരത്തിൽ ബൈ-ബാക്ക് നടത്താം. സ്റ്റോക്ക് എക്സ്‌ചേഞ്ചുകളിൽ നിന്ന് കമ്പനികൾ നേരിട്ട് ഓഹരി വാങ്ങുന്നതാണ് ഒരു മാർഗം.  ബൈ-ബാക്ക് പ്രക്രിയയിൽ പ്രഖ്യാപിച്ച പരമാവധി വിലയിലോ അതിൽ താഴെയോ വിലയ്ക്ക് നിശ്ചിത ഓഹരികൾ മടക്കിവാങ്ങുന്നു. പ്രഖ്യാപിച്ച അത്രയും ഓഹരികൾ കമ്പനി വാങ്ങണമെന്നു നിർബന്ധമില്ല.

എന്നാൽ, രണ്ടാമത്തെ മാർഗത്തിൽ, ഇത്ര ഓഹരികൾ, ഇത്ര വിലയ്ക്ക് ഓഹരിയുടമകളിൽ നിന്നു നേരിട്ട് വാങ്ങാമെന്നു വാഗ്ദാനം ചെയ്യുന്നു. താത്പര്യമുള്ള ഓഹരിയുടമകൾക്ക് അവരുടെ ഓഹരികൾ ബൈ-ബാക്കിന് സമർപ്പിക്കാം. ഇതിനു ‘ടെൻഡറിങ്’ എന്നു പറയുന്നു. കുറഞ്ഞ സമയപരിധിയേ രണ്ടാമത്തെ മാർഗത്തിലുണ്ടാവുകയുള്ളു. എന്നാൽ, ആദ്യ മാർഗത്തിൽ ഓഹരി മടക്കിവാങ്ങൽ ഒരു വർഷം വരെ നീളാം. 

വാഗ്ദാനം സ്വീകരിക്കണോ?
ഒരു കമ്പനി ബൈ-ബാക്ക് പ്രഖ്യാപിക്കുമ്പോൾ വാഗ്ദാനം സ്വീകരിച്ച് ഓഹരി മടക്കിനൽകുകയോ അല്ലെങ്കിൽ അതിനു മുമ്പുതന്നെ വിറ്റൊഴിയുകയോ ചെയ്യാം. കമ്പനിയുടെ വരുംകാല വളർച്ചയിൽ വലിയ പ്രതീക്ഷയില്ലെങ്കിൽ മാത്രമേ ഈ മാർഗം സ്വീകരിക്കാവൂ.

എന്നാൽ, മികച്ച ഭാവി വളർച്ചാ സാധ്യതയുണ്ടെങ്കിൽ, ബൈ-ബാക്കിൽ പങ്കെടുക്കാതെ ഓഹരികൾ നിലനിർത്തുകയാണ് വേണ്ടത്. കാരണം, നേരത്തെ സൂചിപ്പിച്ചതുപോലെ ബൈ-ബാക്കിനുശേഷം വിപണിയിലുള്ള ഓഹരികളുടെ എണ്ണം കുറയുകയും അതുവഴി ഓഹരി വില കൂടാനും ഇടയുണ്ട്. 

നികുതി
ഒരു വർഷത്തിലധികമായി കൈവശമുള്ള ഓഹരിയാണ് സ്റ്റോക് എക്സ്‌ചേഞ്ച് വഴി ബൈ-ബാക്കിലൂടെ വിറ്റൊഴിയുന്നതെങ്കിൽ ദീർഘകാല മൂലധന നേട്ട നികുതി നൽകേണ്ടതില്ല. എന്നാൽ, ഓഹരി വാങ്ങിയിട്ട് ഒരു വർഷത്തിനു താഴെയേ ആയിട്ടുള്ളൂവെങ്കിൽ ബൈ-ബാക്കിലൂടെ അതു വിൽക്കുമ്പോൾ ലാഭത്തിന്റെ 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ടനികുതിയായി നൽകേണ്ടതുണ്ട്.

ടെൻഡർ വ്യവസ്ഥയിലാണ് ബൈ-ബാക്ക് എങ്കിൽ ദീർഘകാല മൂലധന നേട്ട നികുതിയുണ്ട്. 10 ശതമാനം അല്ലെങ്കിൽ, ഇൻഡക്സേഷനുശേഷം 20 ശതമാനമാണ് നികുതി. ഒരു വർഷത്തിനുള്ളിലാണ് വില്പനയെങ്കിൽ നിങ്ങളുടെ വരുമാനത്തിനൊപ്പം പെടുത്തി ആദായ നികുതി സ്ലാബിനനുസരിച്ച് നികുതി നൽകണം. അതിനാൽ, നികുതിഘടകവും കൂടി കണക്കിലെടുത്ത ശേഷം മാത്രമേ ബൈ-ബാക്കിൽ ഓഹരി വിൽക്കണമോ എന്നുചിന്തിക്കാവൂ. 

ബൈ-ബാക്ക് പ്രഖ്യാപനത്തിന് ശേഷം നിക്ഷേപം അനുയോജ്യമാണോ?
വിപണിവിലയെക്കാൾ ഉയർന്ന വിലയ്ക്കാവും മിക്കപ്പോഴും ബൈ-ബാക്ക് പ്രഖ്യാപിക്കുക. അതിനാൽ, ബൈ-ബാക്ക് പ്രഖ്യാപനം വരുന്നതോടെ ഓഹരിവില കൂടാറുണ്ട്. ഉയർന്ന ലാഭം പ്രതീക്ഷിച്ച് ഓഹരിക്കമ്പോളത്തിലെ ചൂതാട്ടക്കാർ വൻതോതിൽ ഓഹരി വാങ്ങുന്നതോടെയാണ് ഇത്. പക്ഷേ, അവരും നികുതി നൽകേണ്ടിവരും. നികുതിക്കു ശേഷവും ലാഭമുണ്ടാക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടെങ്കിൽ മാത്രമേ ബൈ-ബാക്കിന് തൊട്ടുമുമ്പായി ഓഹരി വാങ്ങാവൂ. എന്നാൽ, കമ്പനിയുടെ വളർച്ചാ സാധ്യതയിൽ വിശ്വാസമുള്ള, ദീർഘകാല നിക്ഷേപകർക്ക് ബൈ-ബാക്കിന് തൊട്ടുമുമ്പും നിക്ഷേപം പരിഗണിക്കാവുന്നതാണ്. 

(പ്രമുഖ ഫിനാൻഷ്യൽ പ്ലാനറും കൊച്ചി ആസ്ഥാനമായുള്ള ഓൺലൈൻ ഫിനാൻഷ്യൽ പ്ലാനിങ് സ്റ്റാർട്ട് അപ്പായ ‘പ്രോഗ്നോ അഡ്വൈസർ ഡോട്ട് കോമി’ന്റെ സ്ഥാപകനുമാണ് ലേഖകൻ)

ഇ-മെയിൽ: sanjeev@progno.co.in