start up groupപ്രതിമാസം 3400 രൂപമാത്രം ശമ്പളം വാങ്ങുന്നവർ തങ്ങൾ ജോലിയെടുക്കുന്ന സ്ഥാപനത്തിലുംവലിയ കമ്പനിയുടെ ഉടമകളാകുന്നത് സ്വപ്നം കണ്ടാലോ... പ്രതിസന്ധികൾമാത്രം മുന്നിലുണ്ടായിരുന്ന കാലത്തും സ്വപ്നം കാണുകയും അത് സ്വന്തമാക്കുകയും ചെയ്ത യുവാക്കളാണ് ഇൻഫിനിറ്റ് ഓപ്പൺ സോഴ്‌സ് സൊലൂഷൻസ് (ഐ.ഒ.എസ്.എസ്.) എന്ന കമ്പനിയുടെ ഊർജം. 

കെ.വി. അബ്ദുൾ ഗഫൂർ, എം. പവനൻ, അമീൻ ഇസ്‌ലാഹി, കെ.എസ്. അശോക്, പി. അബ്ദുൾ മജീദ് എന്നിവരാണ് ഐ.ഒ.എസ്.എസിന്റെ ഡയറക്ടർമാർ. പഠനംകഴിഞ്ഞ് കോഴിക്കോട്ടെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിചെയ്യുന്ന കാലത്താണ് സ്വന്തം കമ്പനി എന്ന സ്വപ്നം യുവാക്കളെ പിടികൂടുന്നത്.

ഐ.ടി. മേഖലയെ കടുത്ത സാമ്പത്തികമാന്ദ്യം അലട്ടിയ നാളുകൾ, സോഫ്റ്റ്‌വെയർ മേഖലയിലെ തൊഴിലില്ലായ്മ, കമ്പനി തുടങ്ങാൻ മൂലധനം കണ്ടെത്താൻ വഴിയില്ല. എന്നിട്ടും അന്വേഷണങ്ങൾ മുടക്കിയില്ല. അങ്ങനെയാണ് എൻ.ഐ.ടി. കാമ്പസിലെ ബിസിനസ്സ് ഇൻക്യുബേറ്ററിനെക്കുറിച്ചറിയുന്നത്. ഇൻക്യുബേറ്ററിൽ മൂലധനമൊന്നുമില്ലാതെ 2009 ജനവരിയിൽ ഐ.ഒ.എസ്.എസ്. പ്രവർത്തനം തുടങ്ങി. 

ആദ്യവർഷങ്ങളിൽ ഒന്നു കുഴങ്ങിയെങ്കിലും പിന്നെ ബിസിനസ്സ് പിടിച്ചു. ഇപ്പോൾ 80-ഓളം ജീവനക്കാരുണ്ട്. 60-ഓളം രാജ്യങ്ങളിൽനിന്നായി 2000-ത്തോളം സ്ഥിരം ഉപഭോക്താക്കൾ. ഈ വർഷം പുതിയ ഓഫീസ് ദുബായിയിൽ തുടങ്ങും. പ്രതിവർഷം 10 കോടിയിലധികം വാർഷികവരുമാനവും കമ്പനി നേടുന്നു. ഓൺലൈൻ മാർക്കറ്റിങ് സാധ്യതകൾ പരീക്ഷിച്ചതാണ് തങ്ങളെ വിജയത്തിലേക്ക് നയിച്ചതെന്ന് ഗഫൂറും സുഹൃത്തുക്കളും പറയുന്നു.  

ടാക്സി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ, സി.ആർ.എം. സോഫ്റ്റ്‌വെയർ, അഫിലിയേറ്റഡ് മാർക്കറ്റിങ് സോഫ്റ്റ്‌വെയർ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങൾ. ഒപ്പം മൊബൈൽ - വെബ് ആപ്ലിക്കേഷൻ, ഡോമെയ്ൻ സർവീസ്, ഇ - കോമേഴ്‌സ്, വെബ്‌സൈറ്റ് ഡിസൈൻ, കൂട്ട എസ്.എം.എസ്. സർവീസ്, പെയ്‌മെന്റ് ഗേറ്റ്‌വെയ്‌സ് തുടങ്ങി നിരവധി സേവനങ്ങളും കമ്പനി നൽകുന്നുണ്ട്. 

സ്വപ്നം കണ്ടുകൊണ്ടേയിരിക്കുക, ഏറ്റവും പുതിയ സാധ്യതകൾ തിരിച്ചറിയുകയും ഉപയോഗിക്കുകയും ചെയ്യുക.. വിജയത്തിലേക്കുള്ള ചുവടുകൾ വളരെ ചെറുതാണെന്ന് യുവാക്കൾ പറയുന്നു.