പാലക്കാട്: പിരിച്ചുവിടൽ വാർത്തകൾ െഎ.ടി.രംഗത്ത് ഭീഷണിയുയർത്തുമ്പോൾ കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗം വൻകുതിപ്പിലേക്ക്. നവീന ആശയങ്ങൾ മുന്നോട്ടുവെയ്ക്കുന്നവർക്ക്  രണ്ടുലക്ഷം രൂപയുടെ ഫണ്ട് നൽകിക്കൊണ്ട് ഈ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ തുടക്കമിട്ടിരിക്കുന്നത്. അംഗീകരിക്കപ്പെടുന്ന ആശയങ്ങൾ നടപ്പാക്കുന്നതിന് അടുത്തഘട്ടത്തിൽ 10 ലക്ഷം രൂപവരെ ഫണ്ട് നൽകും.

ആശയങ്ങളാണ് എല്ലാരംഗത്തും കുതിപ്പിന് കാരണമാകുന്നത് എന്ന തിരിച്ചറിവിൽ ആശയങ്ങൾക്ക് മാത്രമായി രണ്ടുകോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞമാസം നടത്തിയ ആശയദിനത്തിൽ അവതരിപ്പിച്ച 190 ആശയങ്ങളിൽ 20 എണ്ണത്തിന് അംഗീകാരം ലഭിച്ചു. 

സ്റ്റാർട്ടപ്പ് മിഷനുമായി കോർത്തിണക്കിയ കേരളത്തിലെ 193 കോളേജുകളിൽനിന്നും മറ്റുസ്ഥാപനങ്ങളിൽനിന്നുമുള്ളവരാണ് ആശയങ്ങൾ അവതരിപ്പിച്ചത്. അംഗീകരിക്കപ്പെട്ട 20 എണ്ണത്തിൽ അവസാനഘട്ടത്തിലേക്ക് നാലെണ്ണം തിരഞ്ഞെടുത്തിട്ടുണ്ട്. 

ദൈനംദിനജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്ന മേഖലകളിലാണ് കൂടുതൽ ആശയങ്ങൾ അവതരിപ്പിക്കപ്പെട്ടത് എന്നത് പ്രതീക്ഷനൽകുന്നു. പാൽ നഷ്ടപ്പെടാതെ റബ്ബർടാപ്പിങ് ചെയ്യുന്നതിനുള്ള സംവിധാനം ഇതിലൊന്നാണ്. 
    
കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗത്തിന്റെ കുതിപ്പ് തിരിച്ചറിഞ്ഞ് വൻകിട കമ്പനികളും സഹകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബി.പി.സി.എല്ലുമായി ധാരണപത്രം ഒപ്പുവെച്ചു. സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചുകൊണ്ട് യു.എൻ. ഇന്നവേഷൻ ലാബും വരുന്നുണ്ട്. ഏഷ്യയിൽ തയ്‌വാൻ കഴിഞ്ഞാൽ ഇത്തരമൊരു സംരംഭത്തിന് യു.എൻ. ധാരണപത്രം ഒപ്പുവെച്ചിരിക്കുന്നത് കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്നാണ്. 

ആശയവേട്ടയ്ക്കായി അടുത്തമാസംമുതൽ സംസ്ഥാനവ്യാപകമായി പരിപാടികൾ സംഘടിപ്പിക്കും. കേരള സർക്കാർ പങ്കാളിയായിനിന്നുകൊണ്ട് സ്വകാര്യകമ്പനികളുമായി ചേർന്ന് 25 കോടിയുടെ മൂലധനം സ്വരൂപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. 

തുടക്കത്തിൽ സേവനമേഖലയിൽ മാത്രമായിരുന്നു സ്റ്റാർട്ടപ്പുകളെങ്കിൽ ഇന്ന് എല്ലാ മേഖലയിലേക്കും വളർന്നുകഴിഞ്ഞു. മേക്ക് ഇൻ ഇന്ത്യയിൽ യുദ്ധോപകരണങ്ങൾ ഇന്ത്യയിൽതന്നെ നിർമിക്കാൻ കേന്ദ്രം പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തിൽ ആ മേഖലയടക്കം ലക്ഷ്യമിട്ടാണ് സ്റ്റാർട്ടപ്പ് രംഗം നീങ്ങുന്നത്. 

സ്റ്റാർട്ടപ്പ് മിഷന്റെ 2016 റിപ്പോർട്ടിൽ സോഫ്റ്റ്‌വേർ/ഐ.ടി. രംഗത്ത് 63.3 ശതമാനമാണ് വളർച്ചകാണിച്ചിരിക്കുന്നത്. ഹാർഡ്‌വേർ 15.6, ഹെൽത്ത്‌കെയർ 8.9, അഗ്രിക്കൾച്ചർ 5.9, ബയോടെക്‌നോളജി 2.8, സർവീസ് രംഗം 7.8, മറ്റുരംഗങ്ങൾ 29.1 ശതമാനം എന്നിങ്ങനെയായിരുന്നു വളർച്ച. 

ഇലക്‌ട്രോണിക് മേഖലയിലും ഹെൽത്ത്‌കെയർ രംഗത്തും അഗ്രിക്കൾച്ചർ രംഗത്തും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന് സ്റ്റാർട്ടപ്പ് മിഷന്റെ ബിസിനസ് ഡെവലപ്‌മെന്റ മാനേജർ അശോക് കുര്യൻ പറഞ്ഞു. ഈ വർഷത്തെ റിപ്പോർട്ട് ജൂണിൽ പുറത്തുവരും.