namita thaperമിതാ താപ്പറിന് വയസ്സ് 39. പുണെ ആസ്ഥാനമായ എംക്യൂർ ഫാർമസ്യൂട്ടിക്കൽസ് എന്ന മരുന്നു കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറും. പക്ഷേ, ചാർട്ടേർഡ് അക്കൗണ്ടന്റായ നമിതയെ വ്യത്യസ്തയാക്കുന്നത് ഇതൊന്നുമല്ല. 

പതിനൊന്നിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ സംരംഭകത്വഗുണം വളർത്തിയെടുക്കുന്നതിനാണ് തന്റെ സമയത്തിന്റെ നല്ലൊരു പങ്കും അവർ ചെലവഴിക്കുന്നത്. അതിനായി ‘യങ് എൻട്രപ്രണേഴ്‌സ് അക്കാദമി (യേ!)’ എന്ന പേരിൽ ഒരു സ്ഥാപനവും നടത്തുന്നു.

സംരംഭങ്ങൾ കെട്ടിപ്പടുക്കാനുള്ള ആത്മവിശ്വാസം കുട്ടികളിൽ വളർത്തുന്ന ഇവർ ബിസിനസ് ആശയങ്ങൾ വികസിപ്പിക്കാനും ബിസിനസ് പ്ലാൻ തയ്യാറാക്കാനും കുട്ടികളെ സഹായിക്കുന്നു. മാർക്കറ്റ് റിസർച്ച് നടത്താനുള്ള മാർഗനിർദ്ദേശവുമുണ്ട്.

കൂടാതെ, നിക്ഷേപകരെ കണ്ടെത്താനും കമ്പനികൾ കെട്ടിപ്പടുക്കാനും ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനുമൊക്കെ അവരുടെ പിന്തുണയുണ്ട്. നമിതയുടെ അക്കാദമിയിലെ കുട്ടികൾ സ്റ്റാർട്ട്അപ്പ് രംഗത്ത് ഒട്ടേറെ ബഹുമതികൾ വാരിക്കൂട്ടിയിട്ടുണ്ട്.

അമേരിക്കയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഫുക്വ സ്കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് എം.ബി.എ. പൂർത്തിയാക്കിയ നമിത ഗ്ലാക്സോ, അബോട്ട് എന്നീ ആഗോള ഫാർമ കമ്പനികളിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്.

2006-ൽ പിതാവും എംക്യൂർ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമയുമായ സതീഷ് മേത്തയുടെ വിളി വന്നതോടെ അവർ നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പിന്നീട്, പിതാവിനെ ബിസിനസ്സിൽ സഹായിച്ച അവർ പത്തു വർഷം കൊണ്ട് കമ്പനിയുടെ വിറ്റുവരവ് 500 കോടി രൂപയിൽ നിന്ന് 4,500 കോടി രൂപയായി ഉയർത്തി.