പാലക്കാട്: ഐ.ടി. മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിനെക്കുറിച്ചുള്ള ആശങ്കയകറ്റാൻ  സ്റ്റാർട്ടപ്പുകൾക്ക് കഴിയുമെന്ന് വിലയിരുത്തൽ. 
ഏഴ് ഐ.ടി. കമ്പനികളിൽനിന്നായി 5,60,000 ജീവനക്കാരെ ഈവർഷം പിരിച്ചുവിടുമെന്ന റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സ്വന്തമായി കാലുറപ്പിക്കണമെന്ന ആഗ്രഹം ഈ മേഖലയിൽ ഉയരുന്നത്. 

സ്റ്റാൻഡ് അപ്പ് ഇന്ത്യ, സ്റ്റാർട്ട് ഇന്ത്യ എന്ന കേന്ദ്രപദ്ധതിയും സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ്പ് നയവും ഫലപ്രദമായി നടപ്പാക്കിയാൽ ഈ രംഗത്തുണ്ടായ പ്രതിസന്ധികൾ മറികടക്കാൻ കഴിയുമെന്ന് ടെക്‌നോപാർക്ക് സി.എഫ്.ഒ.യും ടെക്‌നോപാർക്ക് ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ മുൻ മാനേജിങ് ഡയറക്ടറുമായ ഡോ. കെ.സി. ചന്ദ്രശേഖരൻ നായർ പറഞ്ഞു.

സീനിയർ തലത്തിലുള്ള എൻജിനീയർമാരെ പിരിച്ചുവിട്ട് പുതുമുഖങ്ങളെ നിയമിക്കുക എന്ന നയമാണ് കമ്പനികൾ സ്വീകരിക്കുന്നത്. ഇത്തരത്തിൽ ജോലിയിൽ പ്രവേശിച്ചാലും ആഗോളാടിസ്ഥാനത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടലിലേക്ക് നയിക്കും. 
അതിനാലാണ് ഐ.ടി. മേഖലയിലുള്ളവരുടെ ഭാവി സ്റ്റാർട്ടപ്പുകളിലാണ് കൂടുതലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നത്.  

വലിയ കമ്പനികൾ വേഗത്തിൽ ഓട്ടോമേഷനിലേക്ക് കൂടുതലായി കടക്കുന്നതും മേഖലയിൽ കനത്ത തൊഴിൽനഷ്ടത്തിനിടയാക്കുന്നു. ഇത് പിരിച്ചുവിടലിനുപുറമെ തൊഴിലവസരങ്ങൾ വൻതോതിൽ കുറയാനും ഇടയാക്കുന്നു. ഓട്ടോമേഷനിലേക്ക് കടക്കുന്ന കമ്പനികളിൽ പ്രാഥമികജോലികളുടെ 30 ശതമാനമെങ്കിലും യന്ത്രങ്ങൾ നിർവഹിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. തുടർപ്രവർത്തനങ്ങൾക്കടക്കം മനുഷ്യവിഭവശേഷി കുറച്ച് യന്ത്രവത്കരണത്തിലേക്ക് പോകുമ്പോൾ വൻതോതിൽ തൊഴിലവസരങ്ങൾ ഇല്ലാതാകും. 
 
ഓട്ടോമേഷൻ നടപ്പാവുകയും അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ മണ്ണിന്റെ മക്കൾ വാദം കൂടുതൽ ശക്തമാകുകയും ചെയ്യുമ്പോൾ വരുംവർഷങ്ങളിൽ പിരിച്ചുവിടപ്പെടുന്നവരുടെ എണ്ണം 10 ശതമാനം കവിയാനാണ് സാധ്യത.