nanmaകൊച്ചി : ഇന്‍ഫോപാര്‍ക്ക് അടിസ്ഥാനവികസനത്തിന് ഈസ്റ്റേണ്‍ ഗ്രൂപ്പ് കമ്പനിക്ക് കീഴിലുള്ള നന്മയുമായി കൊച്ചി ആസ്ഥാനമായുള്ള കാസ്പിയന്‍ ടെക്പാര്‍ക്‌സ് ഇന്ത്യാ ധാരണാപത്രം ഒപ്പുവെച്ചു. ഇന്‍ഫോപാര്‍ക്ക് പ്രധാന കവാടത്തോട് ചേര്‍ന്നുള്ള 2.2 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 5.5 ലക്ഷം ചതുരശ്രഅടി പ്രത്യേക സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടാത്ത കെട്ടിട വികസനമാണ് ഇപ്പോള്‍ കരാറിലായിരിക്കുന്നത്. 
 
അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 3500 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാസ്പിയന്‍ ടെക്പാര്‍ക്‌സ് എം.ഡി തോമസ് ചാക്കോ മുക്കാടന്‍ പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് 12 നിലകളുള്ള ഈ മന്ദിരം. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരുടെ വാണിജ്യാവശ്യങ്ങള്‍ക്കായി ആദ്യ രണ്ടു നിലകള്‍ പൂര്‍ണമായും മാറ്റി വെയ്ക്കുമെന്നും തോമസ് ചാക്കോ മുക്കാടന്‍ പറഞ്ഞു. 
 
കാസ്പിയനുമായി കൈകോര്‍ക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് നന്മ മാനേജിംഗ് ഡയറക്ടര്‍ അഷീന്‍ പാണക്കാട് പറഞ്ഞു. കേരളത്തിലെ ഐ.ടി ഐ.ടി ഇതര മേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഈ പദ്ധതി സഹായകരമാകുമെന്നും ഇന്‍ഫോപാര്‍ക്കിന്റെ വളര്‍ച്ചയില്‍ ഇതൊരു നാഴികക്കല്ലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.