ഈ കളി തുടങ്ങുന്നത് അങ്ങ് പത്തനാപുരത്താണ്. ഇത് വെറും ഒരു കളിയല്ല. ഒരു ഫുട്ബോൾ പ്രേമിയുടെ ജീവിത കഥ കൂടിയാണ്. ചുമട്ടു തൊഴിലാളിയായ അച്ഛൻ പണിയെടുത്ത് കൊണ്ടു വരുന്നത് കൊണ്ടുള്ള ജീവിതം. പല ദിവസങ്ങളിലും പട്ടിണി. വിശപ്പിനെ മറക്കാൻ അവന് കൂട്ടായി ഫുട്ബോൾ. ഗ്രൗണ്ടിൽ വലനിറയ്ക്കുമ്പോഴും വയർനിറയാതെ നിന്നു. കണികളുടെ കൈയടി കിട്ടിയെങ്കിലും നാണയത്തുട്ടുകളുടെ കിലുക്കം ഒരിക്കലും കേട്ടില്ല.   corporate 360അങ്ങനെ തിരുവനന്തപുരം സ്പോർട്സ് ഹോസ്റ്റലിലെത്തി. ബി.കോം. പഠിക്കുമ്പോഴും മുഴുവൻ സമയവും കളിക്കായി മാത്രം. കോളേജ്‌ പഠനം പാതിവഴിയിൽ നിന്നപ്പോഴും കൂട്ടായി ഫുട്ബോൾ മാത്രം. അങ്ങനെ അമ്മൂമ്മ കൊടുത്ത വളയും കൊണ്ട് അവൻ വണ്ടികയറി; ബെംഗളൂരുവിലേക്ക്.  കോർപ്പറേറ്റ് 360 എന്ന സ്റ്റാർട്ട് അപ് കമ്പനിയുടെ തലപ്പത്തിരുന്നുകൊണ്ട് പഴങ്കഥ പറയുമ്പോഴും വരുൺ ചന്ദ്രന്റെ മുഖത്ത് ചിരിയാണ്. പക്ഷേ അതിന് ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ട്. നടക്കാത്ത സ്വപ്നങ്ങളെയോർത്ത് നിരാശയിലേക്ക് കൂപ്പുകുത്തുന്ന പുതുതലമുറയ്ക്കൊരു പാഠപുസ്തകമാണ് വരുണിന്റെ ജീവിതം. നേട്ടങ്ങളിലേക്ക് എത്തിപ്പെടാൻ പട്ടിണിപോലും ഊർജമാകുമെന്ന പാഠം.

ബെംഗളൂരുവാണ് ഈ ചെറുപ്പക്കാരനെ മാറ്റിമറിച്ചത്. കൈയിലൊരു വളയുമായി ഇവിടെയെത്തിയ അവൻ സ്വയം വഴികണ്ടെത്തി. വള വിറ്റ് കിട്ടിയ പൈസ കൊണ്ട് ബി.കോമിനു ചേർന്നു. ഇതിനോടൊപ്പം തന്നെ ജോലികൾക്കായി അലഞ്ഞു. കിട്ടുന്ന ജോലിയിൽ നിന്നെല്ലാം ദിവസങ്ങൾ കഴിയുന്നതിനു മുൻപേ പുറത്താക്കുന്നു. എവിടെയും ഒരേ കാരണം മാത്രം; ഇംഗ്ലീഷ് അറിയില്ല. കൈയിൽ മിച്ചംപിടിച്ച കാശിനു സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിനു ചേർന്നു. പിന്നീട് അങ്ങോട്ട് ബോളിനും ഗോൾ പോസ്റ്റിനും ഇടയിലെന്ന പോലെയായിരുന്നു വരുണിന്റെ ജീവിതം. പക്ഷെ ആ ഗോൾ വരുൺ നേടി. ജീവിതത്തിലെ ഏറ്റവും മികച്ച ഗോൾ. പിന്നീട് അങ്ങോട്ട് പല കമ്പനികളുടെ ജോലികൾ തേടി എത്തി. ഒടുവിൽ കോർപ്പറേറ്റ് 360 എന്ന് സ്റ്റാർട്ടപ്പ് കമ്പനിയുടെ ക്യാപ്റ്റൻ പദവിയും. നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ചു തുടങ്ങുന്ന ഐടി പാർക്കുകളിൽ നിന്നും വ്യത്യസ്തമാണ് കോർപറേറ്റ് 360. വരുൺ സ്വന്തം നാടായ പത്തനാപുരത്താണ് കമ്പനി ആരംഭിച്ചത്. സിംഗപ്പൂർ ആസ്ഥാനമായ കമ്പനിക്ക് അമേരിക്ക, യു.കെ. ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ശാഖകളുണ്ട്. രണ്ടു വർഷംകൊണ്ട് അഞ്ച് രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ച കേരളത്തിൽ നിന്നുള്ള ഡേറ്റാ ടെക്‌നോളജി സ്റ്റാർട്ടപ്പ്.   ലോകത്തുള്ള പല ഐ.ടി കമ്പനികളും കോർപ്പറേറ്റ് 360യുടെ സേവനം ഉപയോഗിക്കുന്നു. കമ്പനികൾക്ക് മികച്ച വ്യാപാരം സമാഹരിച്ചും പ്രവണതകളെയും സാമൂഹ്യചിന്താഗതിയേയും വിലയിരുത്തിയും വിപണന പ്രചാരണം കൃത്യമായി നിർണയിച്ച് നടപ്പാക്കാൻ സഹായകമാകുന്ന ചെലവുകുറഞ്ഞ ഡേറ്റ ആസ് എ സർവീസ് (ഡാസ്) ആപ്ലിക്കേഷനുകളാണ്   പാവപ്പെട്ട വീടുകളിലുള്ള കുട്ടികൾക്ക് പഠന ശേഷം ജോലി ലഭിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനി പത്തനാപുരത്ത് തുടങ്ങിയതെന്ന് വരുൺ പറയുന്നു. കേരളത്തിലുള്ള കോർപറേറ്റ് 360 കോച്ച് വരുണിന്റെ സഹോദരൻ അരുൺ ആണ്. ആരംഭത്തിൽ അഞ്ചുപേരായിരുന്നുവെങ്കിൽ ഇപ്പോൾ 35 പേരാണ് കേരളത്തിൽ വരുണിന്റെ ടീമിലുള്ളത്. അടുത്തതായി തൃശ്ശൂരിൽ കോർപറേറ്റ് 360 തുടങ്ങാനുള്ള പദ്ധതിയുമുണ്ട്.  ഫുട്ബോൾ താരം ഐ.എം. വിജയന്റെ ആരാധകനായ വരുൺ നാട്ടിൽ ഫുട്ബോൾ ക്ലബ്ബിനു രൂപം നൽകിയിട്ടുണ്ട്. ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകാറുമുണ്ട്. വന്നവഴി മറക്കാത്ത വരുൺ ലാഭത്തിന്റെ ഒരുവിഹിതം സാമൂഹിക പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കുന്നു. നാട്ടിലെ എസ്.കെ.വി. എൽ.പി. സ്കൂളിന്റെ ബസ്സും നാട്ടിലെ ആബുലൻസും ഈ നന്മയുടെ ഫലമാണ്. reshmaccbhaskaran@gmail.com