baiju raveendranകൊച്ചി: മലയാളിയുടെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ് സംരംഭത്തിൽ ഫെയ്‌സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് മൂലധന നിക്ഷേപം നടത്തുന്നു. 

കണ്ണൂർ അഴീക്കോട് സ്വദേശി ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എജ്യൂക്കേഷൻ ടെക്‌നോളജി സ്റ്റാർട്ട് അപ്പായ 'ബൈജൂസി'ലാണ് സക്കർബർഗ് ഓഹരി എടുക്കുന്നത്. 'ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ്' എന്ന സംരംഭം വഴിയാണ് സക്കർബർഗ് മൂലധന നിക്ഷേപം നടത്തുക. 

വരും തലമുറകൾക്കായി ലോകത്തെ പ്രാപ്തമാക്കാൻ സഹായിക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി മാർക്ക് സക്കർബർഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേർന്ന് രൂപം നൽകിയതാണ് ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ്. ഇവർ ഏഷ്യയിൽ നടത്തുന്ന ആദ്യ നിക്ഷേപമാണ് ബൈജൂസിലേത്. 

 ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവും മറ്റു നിക്ഷേപകരും ചേർന്ന് ഏതാണ്ട് 330 കോടി രൂപ (അഞ്ച് കോടി ഡോളർ) യുടെ മൂലധന നിക്ഷേപമാണ് ബൈജൂസിൽ നടത്തുന്നത്.

ഇതിൽ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് മാത്രമായി എത്ര തുക നിക്ഷേപിക്കുന്നുവെന്ന് അറിവായിട്ടില്ല. സെക്വയ കാപ്പിറ്റൽ, സോഫിന, ലൈറ്റ്‌ സ്പീഡ് വെഞ്ച്വേഴ്‌സ്, ടൈംസ് ഇന്റർനെറ്റ് എന്നീ നിക്ഷേപക സ്ഥാപനങ്ങളും ഇത്തവണ നിക്ഷേപം നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ വിവിധ നിക്ഷേപകരിൽ നിന്നായി ബൈജൂസ് 510 കോടി രൂപ സമാഹരിച്ചിരുന്നു. 

മൊബൈൽ ആപ്പിന്റെ സഹായത്തോടെ പഠനം എളുപ്പമാക്കുന്ന സംരംഭമാണ് ബൈജൂസ്. തിങ്ക് ആൻഡ് ലേൺ എന്ന കമ്പനിക്ക്‌ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.

ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളാണ് ബൈജൂസ് മൊബൈൽ ആപ്പിലൂടെ പഠിപ്പിക്കുന്നത്. ഇതിനു പുറമെ, പ്രവേശന പരീക്ഷകൾക്കുള്ള പരിശീലനവും നൽകുന്നുണ്ട്. 

സക്കർബർഗുമായുള്ള പങ്കാളിത്തത്തിലൂടെ ബൈജൂസിനെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബൈജൂസ് ക്ലാസസിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ബൈജു രവീന്ദ്രൻ പറഞ്ഞു. പുതുതായി സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് അന്താരാഷ്ട്ര വിപണികളിലേക്കുള്ള സാന്നിധ്യം ഉയർത്തുകയാണ് ലക്ഷ്യം.  

 കുട്ടികൾക്ക് പഠനത്തോട് കൂടുതൽ താത്പര്യം ജനിപ്പിക്കാൻ സഹായിക്കുന്നതാണ് ബൈജൂസെന്ന് ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് മാനേജിങ് ഡയറക്ടർ വിവിയൻ വു പറഞ്ഞു. 

ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെ പ്രതിനിധിയായി അവർ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ ഇടം പിടിക്കും.