handicraftകരകൗശലമേഖലയിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ആശ്വാസമായി പുതിയ പദ്ധതി. അസിസ്റ്റൻസ്‌ സ്കീം ഫോർ ഹാൻഡിക്രാഫ്‌റ്റ്‌ ആർട്ടിസാൻസ്‌ (ആഷ) എന്ന പദ്ധതിയാണ്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്‌. 2016 ആഗസ്ത്‌ 20 മുതലാണ്‌ ഇതുപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുക. കരകൗശലമേഖലയിൽ സ്വന്തം സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ ഇത്‌പ്രകാരമുള്ള ആനുകൂല്യം ഉപയോഗപ്പെടുത്താം.

നിലവിൽ ഉണ്ടായിരുന്ന കരകൗശല പ്രോത്സാഹനപദ്ധതികൾ സംയോജിപ്പിച്ചുകൊണ്ടാണ്‌ ‘ആഷ’യ്ക്ക്‌ രൂപം നൽകിയിരിക്കുന്നത്‌. ജില്ലാ വ്യവസായകേന്ദ്രങ്ങൾ വഴിയാണ്‌ പദ്ധതി നടപ്പാക്കുക. ദാരിദ്ര്യരേഖയ്ക്ക്‌ മുകളിൽ ഉള്ളവർക്കും ആനുകൂല്യം ലഭിക്കും എന്നതാണ്‌ ഈ സ്കീമിന്റെ പ്രത്യേകത. കരകൗശലമേഖലയിൽ നൂതന സംരംഭങ്ങൾ വളർത്തിയെടുക്കുകെയന്നതാണ്‌ ലക്ഷ്യം. ആയതിന്‌ ഒറ്റത്തവണ സാമ്പത്തികസഹായം നൽകാനാണ്‌ പദ്ധതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

അർഹത
1. സംസ്ഥാനത്ത്‌ കരകൗശലമേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരായിരിക്കണം. ജില്ലാ വ്യവസായകേന്ദ്രത്തിൽനിന്നും എൻട്രപ്രണർ മെമ്മോറാണ്ടം ഭാഗം II, അല്ലെങ്കിൽ ഉദ്യോഗ്‌ ആധാർ രജിസ്‌ട്രേഷൻ എടുത്തിരിക്കണം.
2. സംരംഭം തുടങ്ങി ആറുമാസത്തിനുള്ളിൽ നിശ്ചിത ഫോറത്തിൽ അപേക്ഷിക്കണം.
3. പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ ബാധകമല്ല.
4. കരകൗശലത്തൊഴിലാളി (Artisan) ആയിരിക്കണം സംരംഭകൻ. കേന്ദ്രസർക്കാറിന്റെ ഹാൻഡിക്രാഫ്‌റ്റ്‌ ഡെവലപ്പ്‌മെന്റ്‌ കമ്മിഷണർ, കേരളത്തിലെ കരകൗശലമേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളായ സുരഭി, സംസ്ഥാന ബാംബൂ കോർപ്പറേഷൻ (കെഎസ്‌ബിസി), കേരള ആർട്ടിസാൻ ഡെവലപ്പ്‌മെന്റ്‌ കോർപ്പറേഷൻ (കാഡ്‌കോ), കേരള കരകൗശല വികസന കോർപ്പറേഷൻ (എച്ച്‌ഡിസികെ), കെൽപാം എന്നീ ഏജൻസികൾ അംഗീകരിച്ച കരകൗശല തൊഴിലാളി ആയിരിക്കണമെന്നാണ്‌ ഇതിന്റെ നിർവചനം.
5. ബാങ്ക്‌വായ്പയെടുക്കാതെ സ്വന്തംനിലയിൽ നിക്ഷേപം നടത്തുന്നവർക്കും ആനുകൂല്യം ലഭിക്കും.

പദ്ധതി ആനുകൂല്യം
1. കരകൗശല സംരംഭം ആരംഭിക്കുന്നതിന്‌ വേണ്ടിവരുന്ന സ്ഥിര നിക്ഷേപത്തിന്റെ 40 ശതമാനം പരമാവധി രണ്ട്‌ലക്ഷം രൂപവരെ ഗ്രാന്റ്‌ നൽകുന്നു.
2. വനിതകൾ, പട്ടികജാതി/വർഗ സംരംഭകർ, യുവാക്കൾ എന്നീ പ്രത്യേക വിഭാഗങ്ങൾ ആരംഭിക്കുന്ന കരകൗശല സംരംഭങ്ങളുെട സ്ഥിരനിക്ഷേപത്തിന്റെ 50 ശതമാനം (പരമാവധി മൂന്ന്‌ ലക്ഷം രൂപ)വരെ ഗ്രാന്റ്‌ നൽകുന്നു.
വർക്ക്‌ ഷെഡ്ഡുകൾ നിർമിക്കുക, മെഷിനറികളും ഉപകരണങ്ങളും സമ്പാദിക്കുക, ഇലക്‌ട്രിഫിക്കേഷൻ നടത്തുക, ടെക്‌നോളജി, ഡിസൈൻ എന്നിവ സമ്പാദിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക്‌വരുന്ന നിക്ഷേപമാണ്‌ ഗ്രാന്റിന്‌ പരിഗണിക്കുക. പ്രവർത്തനമൂലധന നിക്ഷേപത്തിന്‌ ഗ്രാന്റ്‌ ലഭിക്കില്ല. വനിത, പട്ടികജാതി/വർഗ സംരംഭങ്ങൾക്ക്‌ കുറഞ്ഞത്‌ 50 ശതമാനം ഓഹരിയുണ്ടെങ്കിൽ ആനുകൂല്യത്തിന്‌ അർഹത ലഭിക്കും. 45 വയസ്സിന്‌ താഴെയുള്ളവരെ യുവാക്കളായി കണക്കാക്കും. വേറെ ഏതെങ്കിലും സർക്കാർപദ്ധതി പ്രകാരം സംരംഭത്തിന്‌ ഗ്രാന്റ്‌ ലഭിച്ചിട്ടുണ്ടെങ്കിൽ, പ്രസ്തുത തുക കഴിച്ച്‌ ബാക്കിവരുന്ന അർഹമായ തുക ഈ പദ്ധതി പ്രകാരം വാങ്ങാവുന്നതാണ്‌ എന്ന സൗകര്യവും ഉണ്ട്‌.


അപേക്ഷയിലെ നടപടികൾ
നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം കേന്ദ്ര ഹാൻഡിക്രാഫ്‌റ്റ്‌ ഡെവലപ്പ്‌മെന്റ്‌ കമ്മീഷണർ, സുരഭി, കെഎസ്‌ബിസി, കാഡ്‌കോ, എച്ച്‌ഡിസികെ, കെൽപാം തുടങ്ങിയ ഏജൻസികളിലെ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക്‌ അതത്‌ ഏജൻസികൾ വഴിയും, അല്ലാത്തവർക്ക്‌ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഹാൻഡിക്രാഫ്‌റ്റ്‌ മാനേജർ വഴിയും അപേക്ഷ സമർപ്പിക്കാം. യാതൊരു ഫീസും നൽകേണ്ടതില്ല.

സ്ഥിര നിക്ഷേപം നടത്തി എന്ന്‌ തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഉദാ. വർക്ക്‌ ഷെഡ്ഡിന്റെ പ്ലാൻ, വിലനിർണയ സർട്ടിഫിക്കറ്റ്‌, മെഷിനറികളുടെ ഇൻവോയ്‌സ്‌, ക്യാഷ്‌ രസീത്‌ മുതലായവ. അപേക്ഷ പരിശോധിച്ച്‌ കൃത്യത ബോധ്യപ്പെട്ട ശേഷം അത്‌ ജില്ലാതല പ്രോജക്ട്‌ അപ്രൈസൽ കമ്മിറ്റിക്ക്‌ വയ്ക്കുന്നു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരാണ്‌ ഇതിന്റെ ചെയർമാൻ.

ലീഡ്‌ ബാങ്ക്‌ ജില്ലാ മാനേജർ, അസിസ്റ്റന്റ്‌ ഡയറക്ടർ (ഹാൻഡിക്രാഫ്‌റ്റ്‌), ജില്ലാ വ്യവസായകേന്ദ്രം മാനേജർ(ഹാൻഡിക്രാഫ്‌റ്റ്‌) എന്നിവർ അംഗങ്ങളാണ്‌. ഈ കമ്മിറ്റിയാണ്‌ അപേക്ഷ അനുവദിക്കുന്നത്‌. ഗ്രാന്റ്‌ തുക സ്ഥാപനത്തിന്റെ ബാങ്ക്‌ അക്കൗണ്ടിലേയ്ക്ക്‌ നൽകുന്നു. പൂർത്തിയാക്കിയ അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ പാസ്സാക്കിയിരിക്കണം. ജില്ലാതല പ്രോജക്ട്‌ അപ്രൈസൽ കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക്‌, വ്യവസായ-വാണിജ്യ ഡയറക്ടർക്ക്‌ നിശ്ചിത ഫോറത്തിൽ അപ്പീൽ നൽകാവുന്നതാണ്‌. ഗ്രാന്റ്‌ കൈപ്പറ്റിക്കഴിഞ്ഞാൽ തുടർച്ചയായി അഞ്ച്‌ വർഷം സ്ഥാപനം പ്രവർത്തിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്‌.

സ്വന്തം നിലയിൽ ഒരു സംരംഭം എന്ന കരകൗശല തൊഴിലാളിയുടെ സ്വപ്നം സാക്ഷാത്‌കരിക്കുകയാണ്‌ ഈ സാമ്പത്തിക സഹായത്തിലൂടെ. കേരളത്തിലെ കരകൗശല ഉല്പന്നങ്ങൾക്ക്‌ ഇന്ത്യയ്ക്കകത്തും വിദേശത്തും വൻ സാധ്യതകളാണ്‌ ഉള്ളത്‌. മെച്ചപ്പെട്ട സാങ്കേതിക വിദ്യയും, ആധുനിക മെഷിനറി സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ഈ രംഗത്തെ അവസരങ്ങൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ്‌ സംരംഭകർ നടത്തേണ്ടത്‌.

(പാലക്കാട്‌ ജില്ലാ വ്യവസായ കേന്ദ്രം മാനേജരാണ്‌ ലേഖകൻ)
ഇ-മെയിൽ: chandrants666@gmail.com