തിരുവനന്തപുരം: സംസ്ഥാനത്തിന് നീതി നല്‍കാത്ത ഒരു കേന്ദ്രബജറ്റാണ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന് ദേശീയതലത്തിലുണ്ടായ സാമ്പത്തിക മരവിപ്പ് മുറിച്ചുകടക്കാനുള്ള ഒരു നടപടിയും കേന്ദ്ര ബജറ്റിലില്ലെന്നും കേരളം മുമ്പാട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ബജറ്റില്‍ പരിഗണന ലഭിച്ചില്ലെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പരിഗണിച്ചില്ല. റബ്ബര്‍ വിലസ്ഥിരത ഉറപ്പാക്കുക, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സഹായം വര്‍ധിപ്പിക്കുക, എയിംസ് തുടങ്ങിയ ആവശ്യങ്ങളും നിരാകരിക്കപ്പെട്ടു. 

നിലവിലുള്ള കേന്ദ്ര പദ്ധതികള്‍ക്ക് നാമമാത്രമായ തുക നീക്കിവെച്ചതൊഴിച്ചാല്‍ പുതിയ കേന്ദ്ര പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വന്‍കിട പദ്ധതികളുടെ പട്ടികയിലും കേരളമില്ല. സ്വഛ് ഭാരത് പോലെ കൊട്ടിഘോഷിച്ച പരിപാടികള്‍ക്ക് കാര്യമായ ഒരു തുകയും നീക്കിവെച്ചിട്ടില്ല. കൃഷി, ഉല്‍പാദനം, സേവനം എന്നീ മേഖലകളെ സഹായിക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക പ്രഖ്യാപനമോ പാക്കേജോ ഈ ബജറ്റില്‍ ഉണ്ടായിട്ടില്ല. ഇതുതന്നെയാണ് ഈ ബജറ്റിന്റെ ഏറ്റവും വലിയ പോരായ്മയെന്നും പിണറായി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

സംസ്ഥാനത്തിന് നീതി നല്‍കാത്ത ഒരു കേന്ദ്രബജറ്റാണ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന് ദേശീയതലത്തിലുണ്ടായ സാമ്പത്തിക മരവിപ്പ് മുറിച്ചുകടക്കാനുള്ള ഒരു നടപടിയും കേന്ദ്ര ബജറ്റിലില്ല. ബജറ്റില്‍ ഉള്‍പ്പെടുത്താനായി പ്രീ-ബജറ്റ് ചര്‍ച്ചാഘട്ടത്തില്‍ കേരളം മുമ്പാട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ബജറ്റില്‍ പരിഗണനയുണ്ടായിട്ടുമില്ല.

നോട്ട് റദ്ദാക്കലും അനുബന്ധ നടപടികളും സംസ്ഥാന സഹകരണമേഖലയെ കടുത്ത വിഷമത്തിലാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ നീക്കാനും സഹകരണബാങ്കുകള്‍ക്ക് ഇതര വാണിജ്യ ബാങ്കുകള്‍ക്കുള്ളതിനു തുല്യമായ സ്വാതന്ത്ര്യം അനുവദിച്ചുനല്‍കാനും വേണ്ട നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാര്‍ മുമ്പോട്ടുവെച്ചിരുന്നു. ഇത് ബജറ്റില്‍ പരിഗണിച്ചില്ല. സഹകരണമേഖലയെ സാധാരണാവസ്ഥയിലേക്കു കൊണ്ടുവരാനും സഹകരണമേഖലയിലെ വായ്പയെ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമരുളാനുമുള്ള നിര്‍ദേശങ്ങളാണ് നിരാകരിക്കപ്പെട്ടത്. നോട്ട് റദ്ദാക്കല്‍ കൊണ്ട് സംഭവിച്ച മരവിപ്പ് പല മേഖലകളിലെയും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തിയിരുന്നു.

MNREGA പദ്ധതിക്ക് നീക്കിവെച്ച തുക കൊണ്ട് നാല്‍പതു ദിവസത്തെ തൊഴില്‍ നല്‍കാന്‍പോലും കഴിയാത്ത നിലയായിരുന്നു. ഇതു മാറ്റാന്‍ MNREGAക്കുള്ള തുക വന്‍തോതില്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍, തൊഴിലുറപ്പു പദ്ധതികള്‍ ഫലപ്രദമാക്കാന്‍ തക്കവിധമുള്ള വര്‍ധന ബജറ്റില്‍ ഇല്ല. തീരെ അപര്യാപ്തമാണ് ഇതിനുള്ള തുക.

സംസ്ഥാനങ്ങളുടെ വായ്പാപരിധി മൊത്തം വരുമാനത്തിന്റെ മൂന്നുശതമാനം മാത്രം എന്ന് ധനകാര്യ ഉത്തരവാദിത്വ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. നോട്ട് റദ്ദാക്കല്‍ നടപടികൊണ്ടുണ്ടായ വൈഷമ്യം കൂടി പരിഹരിച്ച് ഒരു ശതമാനം കണ്ട് വായ്പാപരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും പരിഗണിച്ചില്ല. അടിസ്ഥാനഘടനാ സൗകര്യ മേഖലകളില്‍ കാര്യമായി നിക്ഷേപം ഉയര്‍ത്താനുള്ള നീക്കവുമില്ല. ന്യായയുക്തമായ സഹായവില ഉറപ്പാക്കിക്കൊണ്ടും ഇറക്കുമതിച്ചുങ്കം കൂട്ടിക്കൊണ്ടും റബ്ബര്‍ വിലസ്ഥിരത ഉറപ്പാക്കി റബ്ബര്‍ കര്‍ഷകരെ സഹായിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആ വഴിക്ക് ഒരു നീക്കവും ഉണ്ടായിട്ടില്ല.

കേന്ദ്ര സ്‌പോണ്‍സേഡ് പദ്ധതികള്‍ പ്രകാരമുള്ള സഹായം, സംസ്ഥാന പദ്ധതിക്കുള്ള കേന്ദ്ര സഹായം എന്നിവ വളരെ വൈകിയേ സംസ്ഥാനത്തിനു കിട്ടാറുള്ളു. സംസ്ഥാനം സ്വന്തം ബജറ്റില്‍നിന്നും തുക കണ്ടെത്തി ചെലവാക്കുകയും പിന്നീട് മാത്രം കേന്ദ്രത്തെ സമീപിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഇതു പരിഹരിക്കാന്‍ സമയോചിതമായി സഹായം തരുന്ന സമ്പ്രദായം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതും അനുവദിക്കപ്പെട്ടില്ല. കേന്ദ്ര സഹായ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കാര്യമായ വിഹിതവര്‍ധന കേന്ദ്രത്തില്‍ നിന്നുണ്ടായാലേ പറ്റൂ. കൊച്ചിന്‍ റിഫൈനറി അടക്കമുള്ളവയ്ക്ക് ആവശ്യമായ തോതിലുള്ള വര്‍ധനയില്ല എന്നതു നിര്‍ഭാഗ്യകരമാണ്.

സംസ്ഥാനത്തിനു തരുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. എയിംസ് എന്ന ആ സ്ഥാപനം ഈ ബജറ്റിലും കേരളത്തിനനുവദിച്ചില്ല. ഗുജറാത്തിനെയും ജാര്‍ഖണ്ടിനെയും ഇക്കാര്യത്തില്‍ പരിഗണിച്ചപ്പോള്‍ കേരളത്തെ ഒഴിവാക്കിയത് ഖേദകരമാണ്. സേവനങ്ങളെല്ലാം ആധാര്‍ അധിഷ്ഠിതമാവുമ്പോള്‍ ആധാര്‍ പരിധിയില്‍ വരാത്ത കോടിക്കണക്കിനാളുകള്‍ ക്ഷേമ പദ്ധതികള്‍ക്ക് പുറത്താകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്.

ജിഎസ്ടി വരുമ്പോള്‍ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം പരിഹരിക്കുമെന്നു പറയുന്ന ധനമന്ത്രി ബജറ്റില്‍ അതിനായി പണമൊന്നും നീക്കിവെച്ചിട്ടില്ല. 50,000 കോടിയോളം രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടിവരുമെന്നാണ് ജിഎസ്ടി കൗണ്‍സില്‍ തന്നെ കണക്കാക്കിയത്. ഒരു പൈസ നീക്കിവെച്ചിട്ടില്ല. സാമൂഹ്യക്ഷേമ രംഗങ്ങളില്‍ മുന്നിലാണ് എന്നതിനാല്‍ കേരളം ശിക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ട്. മുന്നിലായ രംഗങ്ങളിലേക്കൊന്നും കേന്ദ്രം പണം തരുന്നില്ല. ആ രംഗത്ത് കേരളത്തിനര്‍ഹതപ്പെട്ട തുക, കേരളം പിന്നില്‍ നില്‍ക്കുന്ന മേഖലകളിലെ വിനിയോഗത്തിനായി അനുവദിക്കുന്നുണ്ടോ, അതുമില്ല!

നിലവിലുള്ള കേന്ദ്ര പദ്ധതികള്‍ക്ക് നാമമാത്രമായ തുക നീക്കിവെച്ചതൊഴിച്ചാല്‍ പുതിയ കേന്ദ്ര പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വന്‍കിട പദ്ധതികളുടെ പട്ടികയിലും കേരളമില്ല. സ്വഛ് ഭാരത് പോലെ കൊട്ടിഘോഷിച്ച പരിപാടികള്‍ക്ക് കാര്യമായ ഒരു തുകയും നീക്കിവെച്ചിട്ടില്ല. ഹരിതകേരളം പോലുള്ള പ്രത്യേക പദ്ധതികളുമായി മുമ്പോട്ടുപോവുന്ന സംസ്ഥാനത്തെ പ്രത്യേകമായി പരിഗണിക്കേണ്ടതായിരുന്നു. അതില്ല എന്നു മാത്രമല്ല, സ്വഛ് ഭാരത് പോലും ഉപേക്ഷിച്ചിരിക്കുന്നു. അധികാരത്തില്‍ വന്ന് നൂറു നാളുകള്‍ക്കകം വിദേശത്തെ ഇന്ത്യന്‍ കള്ളപ്പണം തിരികെ പിടിക്കുമെന്നു പറഞ്ഞവര്‍ ആ വഴിക്ക് ഒന്നും ചെയ്യുന്നില്ല. കര്‍ഷകരാകെ ഭീകരമായ കടബാധ്യതയില്‍ വിഷമിക്കുന്ന ഘട്ടത്തില്‍ ഒരു കടാശ്വാസപദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല.

നോട്ട് റദ്ദാക്കലിനുശേഷമുള്ള ആദ്യത്തെ ബജറ്റാണിത്. കഴിഞ്ഞ മൂന്നുമാസം കൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയാകെ മന്ദഗതിയിലായെന്നും കൃഷി, ഉല്‍പാദനം, സേവനം എന്നീ മേഖലകളെല്ലാം മന്ദഗതിയിലായെന്നും സാമ്പത്തികവളര്‍ച്ച കുറഞ്ഞുവെന്നുമാണ് കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. ഇക്കണോമിക് സര്‍വെയും ഇന്നലെ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനം പോലും വളര്‍ച്ചാക്കുറവ് എടുത്തുകാണിക്കുന്നു. ഈ സാഹചര്യത്തില്‍ വേണം ഇന്ന് അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിനെ വിലയിരുത്താന്‍.

കൃഷി, ഉല്‍പാദനം, സേവനം എന്നീ മേഖലകളെ സഹായിക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക പ്രഖ്യാപനമോ പാക്കേജോ ഈ ബജറ്റില്‍ ഉണ്ടായിട്ടില്ല. ഇതുതന്നെയാണ് ഈ ബജറ്റിന്റെ ഏറ്റവും വലിയ പോരായ്മ. നോട്ട് റദ്ദാക്കല്‍ കള്ളപ്പണം പിടിക്കുന്നതിന് തിരിച്ചടിയായെന്നറിഞ്ഞപ്പോള്‍ കണ്ടെത്തിയ കാഷ് ലെസ് ഇക്കണോമി വാദം ഈ ബജറ്റിലും ഇടംനേടിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക ഇടപാടുകളെ കൂടുതല്‍ കാഷ് ലെസ്സ് ആക്കി മാറ്റുക എന്ന സമീപനം നമ്മുടെ രാജ്യത്തിന്റെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും ജീവിതമാര്‍ഗത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും യാതൊരു ധാരണയും ഇല്ലാത്തവര്‍ സമ്പദ് വ്യവസ്ഥ നിയന്ത്രിക്കുന്നവരായി മാറിയതിന്റെ ഉദാഹരണമാണ്. ഈ സമീപനം ഗ്രാമീണ സമ്പദ്‌മേഖലയെയും കൃഷിയെയും കൂടുതല്‍ പിന്നോട്ടടിക്കുന്നതാവും.