തിരുവനന്തപുരം: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് സുപ്രധാന രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പകര്‍പ്പാണ് നേരത്തേ പുറത്തെത്തിയത്. ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും -ധനമന്ത്രി വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ ബജറ്റ് അവതരണത്തിനിടെ ബജറ്റിന്റെ പ്രസക്ത ഭാഗങ്ങളുടെ പകര്‍പ്പുമായി പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിപഷ നേതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമാന്തര ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ബജറ്റിന്റെ തുടര്‍ച്ചയാണ് ഇത്തവണത്തെ ബജറ്റെന്നും അവതരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ധനമന്ത്രി പറഞ്ഞു. മുന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പുവരുത്താന്‍ ഇത്തവണത്തെ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.