നിങ്ങളുടെ ഇപിഎഫ് നിക്ഷേപത്തിന് കൂടുതല്‍ റിട്ടേണ്‍ ലഭിക്കാനുള്ള സാഹചര്യമൊരുങ്ങുന്നു.

ബാങ്ക് പലിശ തുടരെതുടരെ കുറയുന്ന പശ്ചാത്തലത്തില്‍ നിക്ഷേപത്തില്‍ വൈവിധ്യവത്കരണം സാധ്യമാക്കി നേട്ടം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 

സര്‍ക്കാര്‍ സെക്യൂരിറ്റികളിലും എഎ+ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലും പണംമുടക്കുന്ന ഫണ്ടുകളില്‍ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. 

കൂടുതല്‍ നേട്ടം ലഭിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കുന്നതിന് തയ്യാറായിക്കഴിഞ്ഞതായി ഇപിഎഫ്ഒ അധ്യക്ഷന്‍ വി.പി ജോയി വ്യക്തമാക്കി. 

ഇതിനായി പ്രതിവര്‍ഷ ഓഹരി നിക്ഷേപം(ഇടിഎഫ്) 10 ശതമാനത്തില്‍നിന്ന് 15 ശതമാനമായി ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ അനുമതിയോടെ നടപ്പ് സാമ്പത്തിക വര്‍ഷം 22,000 കോടി രൂപയാണ് ഇടിഎഫില്‍ നിക്ഷേപിക്കുക. 

ഭാവിയില്‍ ഓഹരി അധിഷ്ടിത നിക്ഷേപ പദ്ധതികളില്‍ നിക്ഷേപവിഹിതം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 23,000 കോടി രൂപയാണ് ഇടിഎഫില്‍ നിക്ഷേപിച്ചത്. 12 ശതമാനമാണ് ഇതില്‍നിന്ന് ലഭിച്ച വാര്‍ഷിക ആദായം. 

സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സംസ്ഥാനങ്ങള്‍ക്കുള്ള വായ്പകള്‍ എന്നിങ്ങനെയുള്ള പദ്ധതികളിലൂടെ എട്ട് ശതമാനത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാമെന്നാണ് ഇപിഎഫ്ഒയുടെ കണക്കുകൂട്ടല്‍. 

നിലവില്‍ 10 ലക്ഷം കോടി രൂപയാണ് ഇപിഎഫ്ഒയുടെ ആസ്തി.