ലിശ നിരക്ക്‌ വീണ്ടും കുറയുകയാണ്‌. ദീർഘകാല നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക്‌ പല ബാങ്കുകളും ഏഴു ശതമാനത്തിലും താഴെയായി കുറച്ചിരിക്കുന്നു. ഇനിയും കുറയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബാങ്ക്‌ നിക്ഷേപത്തിൽ നിന്നുള്ള പലിശയെ മാത്രം ആശ്രയിച്ചു ജീവിച്ചുവരുന്ന ഒരു വിഭാഗം ആളുകൾക്ക്‌ ഇത്‌ വലിയ തിരിച്ചടിയാണ്‌.

പലരും, മെച്ചപ്പെട്ട നിരക്ക്‌ ഉറപ്പായും ലഭ്യമാകും എന്നു കരുതി സ്റ്റോക്ക്‌ മാർക്കറ്റിലോ ഇതര കമ്പനികളിലോ ഒക്കെ നിക്ഷേപിക്കുന്നു. എന്നാൽ ഇവിടങ്ങളിലെ നഷ്ടസാധ്യത അറിയാതെ പോവുകയോ, ബോധപൂർവം വിസ്മരിക്കുകയോ ചെയ്യുന്നു. അത്തരത്തിലുള്ള അപകടസാധ്യതയില്ലാത്ത, എന്നാൽ അല്പം കൂടി മെച്ചപ്പെട്ട റിട്ടേൺ ലഭ്യമാകുന്ന സീനിയർ സിറ്റിസൺ സേവിങ്‌സ്‌ സ്കീമിനെക്കുറിച്ചറിയുന്നത്‌ ചിലർക്കെങ്കിലും ഉപകാരപ്രദമായേക്കും.

ആർക്കൊക്കെ ചേരാം ?
60 വയസ്സ്‌ കഴിഞ്ഞ വ്യക്തിക്ക്‌, അഥവാ ജോലിയിൽ നിന്ന്‌ വോളന്ററി റിട്ടയർമെന്റ്‌ മുഖേനയോ അല്ലാതെയോ വിരമിച്ച 55 വയസ്സ്‌ കഴിഞ്ഞൊരാൾക്ക്‌ ഈ സ്കീമിൽ പണം നിക്ഷേപിക്കാവുന്നതാണ്‌. 55 വയസ്സ്‌ കഴിഞ്ഞ, എന്നാൽ 60 വയസ്സ്‌ തികയാത്ത ഒരാൾ ഈ സ്കീമിൽ നിക്ഷേപിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത്തരം വ്യക്തികൾ തങ്ങൾക്ക്‌ റിട്ടയർമെന്റ്‌ മുഖേന ലഭിച്ച പണം കൈവശമെത്തി ഒരു മാസത്തിനുള്ളിൽ ഈ സ്കീമിൽ നിക്ഷേപിക്കേണ്ടതുണ്ട്‌.

എന്നാൽ 60 വയസ്സ്‌ കഴിഞ്ഞൊരു വ്യക്തിക്ക്‌ ഇത്തരം സമയപരിധികളില്ല. പട്ടാളത്തിൽ നിന്നു വിരമിച്ച വ്യക്തികൾക്ക്‌ ഇത്തരം പ്രായപരിധികളില്ലാതെ എന്നാൽ ചില നിബന്ധനകൾക്ക്‌ വിധേയമായി ഈ സ്കീമിൽ പങ്കാളികളാകാവുന്നതാണ്‌. എന്നാൽ എൻ.ആർ.ഐ. സ്റ്റാറ്റസിലുള്ളൊരാൾക്ക്‌ ഈ നിക്ഷേപം സാധ്യമല്ല.

പരമാവധി നിക്ഷേപം
ഈ സ്കീമിൽ ഒരാൾക്ക്‌ പരമാവധി നിക്ഷേപിക്കാനാവുക 15 ലക്ഷം രൂപയാണ്‌. 55 വയസ്സ്‌ കഴിഞ്ഞ, എന്നാൽ 60 വയസ്സ്‌ എത്താത്ത ഒരാൾ ഇവിടെ നിക്ഷേപിക്കാനാഗ്രഹിക്കുമ്പോൾ ഇൗ തുക റിട്ടയർമെന്റ്‌ ബെനഫിറ്റ്‌ മുഖാന്തിരം ലഭിച്ച തുകയ്ക്ക്‌ മുകളിലാവാൻ പാടില്ല എന്ന്‌ നിഷ്കർഷിച്ചിട്ടുണ്ട്‌. അതായത്‌ 60 വയസ്സ്‌ കഴിഞ്ഞൊരാൾക്ക്‌ 15 ലക്ഷം രൂപാ വരെ നിക്ഷേപിക്കാമെങ്കിലും, വി.ആർ.എസ്‌. ആയോ റിട്ടയർമെന്റ്‌ മുഖേനയോ 10 ലക്ഷം രൂപാ മാത്രം ആനുകൂല്യമായി ലഭിച്ച 55 നും 60 വയസ്സിനുമിടയിലുള്ള ഒരാൾക്ക്‌ നിക്ഷേപിക്കാവുന്ന പരമാവധി തുക 10 ലക്ഷമാണ്‌.

പലിശ വരുമാനം
നിലവിൽ 8.40 ശതമാനമാണ്‌ പലിശ. ഇത്‌ ത്രൈമാസാടിസ്ഥാനത്തിൽ ലഭ്യമാണ്‌. മാർച്ച്‌ 31, ജൂൺ 30, സപ്‌റ്റംബർ 30, ഡിസംബർ 31 തീയതികളിലാണ്‌ പലിശ ലഭ്യമാകുക. ഈ പലിശ ലഭ്യമാക്കാൻ ഓരോ നിക്ഷേപകനും തങ്ങളുടെ ഓപ്പറേറ്റീവ്‌ അക്കൗണ്ട്‌ (സേവിങ്‌സ്‌ അക്കൗണ്ട്‌) നമ്പർ കൃത്യമായി നൽകിയിരിക്കണം.

എത്ര അക്കൗണ്ടുകൾ
ഈ സ്കീമിൽ എത്ര അക്കൗണ്ടുകൾ വേണമെങ്കിലും ആരംഭിക്കാമെങ്കിലും, എല്ലാ അക്കൗണ്ടുകളിലേയും കൂടി തുക 15 ലക്ഷം കവിയാൻ പാടില്ല.

കാലാവധി: അഞ്ച്‌ വർഷമാണ്‌ നിക്ഷേപത്തിന്റെ കാലാവധി. കാലാവധി പൂർത്തിയാകുന്ന ഘട്ടത്തിൽ മൂന്നു വർഷത്തേക്കു കൂടി ഈ നിക്ഷേപം പുതുക്കാനുള്ള അവസരം നിക്ഷേപകന്‌ ലഭ്യമാണ്‌. ഈ നിക്ഷേപം ഒരു വർഷം എത്തും മുമ്പ്‌ പിൻവലിക്കാനാവില്ല എന്നതും ഇതിന്റെ ഈടിന്മേൽ വായ്പ എടുക്കാനാവില്ല എന്നതും പ്രത്യേകം ഓർക്കണം.

ഒരു വർഷം കഴിഞ്ഞ്‌, എന്നാൽ രണ്ടുവർഷം എത്തും മുമ്പ്‌ പണം പിൻവലിക്കുന്നൊരാൾക്ക്‌ ഡെപ്പോസിറ്റ്‌ തുകയുടെ ഒന്നരശതമാനവും രണ്ടു വർഷത്തിനു ശേഷം ഒരു ശതമാനവും പിഴയായി ചുമത്തും. എന്നാൽ നിക്ഷേപകരുടെ മരണം മൂലമാണ്‌ പണം പിൻവലിക്കേണ്ടി വരികയെങ്കിൽ ഇത്തരം പിഴകളൊന്നും ഈടാക്കില്ല.

നികുതി
ബാങ്കുകളിലെ ഫിക്സഡ്‌ ഡെപ്പോസിറ്റിന്മേൽ എന്നതു പോലെ, പലിശയിനത്തിൽ 10000 രൂപയ്ക്കുമേൽ പ്രതിവർഷം ലഭിക്കുന്ന നിക്ഷേപകനിൽ നിന്നും ടി.ഡി.എസ്‌. കിഴിക്കും. എന്നാൽ ഈ സ്കീമിൽ നിക്ഷേപിക്കുന്ന തുകയ്ക്‌ പരമാവധി 1.5 ലക്ഷം വരെ സെക്‌ഷൻ 80 സി ഇൻകംടാക്സ്‌ ആനുകൂല്യം ലഭ്യമാക്കാവുന്നതാണ്‌.

എവിടെ ലഭിക്കും ?
ബാങ്കുകളിലോ പോസ്റ്റ്‌ ഓഫീസിലോ ഈ നിക്ഷേപം തുടങ്ങാനുള്ള അവസരം ലഭ്യമാണ്‌. പൂരിപ്പിച്ച അപേക്ഷാ ഫോറത്തിനൊപ്പം (ബാങ്കുകളിലും, പോസ്റ്റ്‌ ഓഫീസിലും, നെറ്റിലും ഫോറം ലഭ്യമാണ്‌) ഫോട്ടോ, പാൻകാർഡ്‌, അഡ്രസ്‌ പ്രൂഫ്‌, (കെ.വൈ.സി. രേഖകൾ) വയസ്സ്‌ തെളിയിക്കുന്ന രേഖ എന്നിവ നിക്ഷേപ തുകയോടൊപ്പം ലഭ്യമാക്കണം. 60 വയസ്സിനു താഴെയുള്ള ആളാണെങ്കിൽ (55 വയസ്സ്‌ കഴിഞ്ഞ) റിട്ടയർമെന്റ്‌ ലഭിച്ചതായും റിട്ടയർമെന്റിലൂടെ ലഭിച്ച തുകയും, തസ്തികയും, ജോലിയിലിരുന്ന  കാലാവധിയും വ്യക്തമാക്കുന്ന രേഖ (തൊഴിൽദാതാവിൽ നിന്ന്‌ ലഭിച്ചത്‌) കൂടി ഹാജരാക്കേണ്ടി വരും.

ഈ അക്കൗണ്ടിൽ നോമിനേഷനുള്ള സൗകര്യമുള്ളതിനാൽ അത്‌ പ്രയോജനപ്പെടുത്താൻ മറക്കരുത്‌. ഈ അക്കൗണ്ട്‌ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റാനുള്ള സൗകര്യവും ലഭ്യമാണ്‌. പലിശനിരക്ക്‌ കുറഞ്ഞുവരുന്ന ഈ ഘട്ടത്തിൽ യാതൊരു റിസ്കുമില്ലാതെ 8.4 ശതമാനം പലിശ ലഭിക്കുന്ന ഈ സ്കീം മുതിർന്ന പൗരന്മാർക്ക്‌ ആശ്വാസകരമാവും എന്നതിൽ സംശയമില്ല.

ഇ-മെയിൽ: manojthomask@yahoo.co.uk